അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തിരും

രചന: Mansoor Pmna “ചേച്ചീ ഒന്ന് നിന്നേ..” ചേന പറിക്കൽ കഴിഞ്ഞ പാടത്ത് ഒരു ചാക്കിൽ കുറച്ച് പൊട്ടും പൊടിയും മൂന്നാല് ചേനത്തണ്ടും എടുത്ത് മടങ്ങുമ്പോഴാണ് അയൽപക്കത്തെ വാസുവേട്ടന്റെ പ്ലസ്ടു ക്കാരൻ മോന്റെ വിളി……

രചന: Mansoor Pmna

“ചേച്ചീ ഒന്ന് നിന്നേ..” ചേന പറിക്കൽ കഴിഞ്ഞ പാടത്ത് ഒരു ചാക്കിൽ കുറച്ച് പൊട്ടും പൊടിയും മൂന്നാല് ചേനത്തണ്ടും എടുത്ത് മടങ്ങുമ്പോഴാണ് അയൽപക്കത്തെ വാസുവേട്ടന്റെ പ്ലസ്ടു ക്കാരൻ മോന്റെ വിളി… എന്താ ഡാ നിനക്ക് വേണോ… ചാക്കിൽ നിന്ന് കുറച്ചെടുത്ത് രണ്ട് ചേനത്തണ്ടും അവന്റെ നേരെ നീട്ടി… “അയ്യേ… എനിക്കിതൊന്നും വേണ്ട… ഒരു മിനിറ്റ്..” എന്നും പറഞ്ഞ് ചേനത്തണ്ടും വാങ്ങി അവൻ ചിറി കോട്ടിപ്പിടിച്ച് സെൽഫി എടുക്കാൻ തുടങ്ങി… “ചേച്ചി… KFC എന്തിന് Chikkings എന്തിന് ഈ പ്രകൃതിയുടെ വരദാനമായ തുള്ളപ്പോൾ എന്ന് ഒരു ക്യാപ്ഷൻ കൊടുത്ത് ഫെയ്സ് ബുക്കിലിട്ടാലുണ്ടല്ലോ ഒര് അഞ്ഞൂറ് ലൈക്ക് ഉറപ്പാണ്” എന്നും പറഞ്ഞ് അവൻ നടന്നു… നിനക്കിപ്പോൾ ഇത് ലൈക്ക് തെണ്ടാനുള്ള മാർഗ്ഗം…. ഇതുണ്ടെങ്കിൽ മൂന്നാല് ദിവസത്തിന് കറിവെക്കാനുള്ളതായി എന്നും മനസ്സിൽ പറഞ്ഞ് വീട്ടിലേക്ക് നടന്നു…. സകലമാന സാധനങ്ങൾക്കും വില… വിലയില്ലാത്തത് മനുഷ്യന് മാത്രമാണെന്ന് തോന്നുന്നു… കഴിഞ്ഞ മാസം വാങ്ങിയ വിറക് കഴിയാറായി… ഗ്യാസ് കഴിഞ്ഞിട്ട് രണ്ടാഴ്ച്ചയായി…. പറഞ്ഞിട്ട് കാര്യമില്ല… എല്ലാത്തിനും ആ മനുഷ്യൻ ഓട്ടോ ഉന്തിയിട്ട് വേണമല്ലോ… അതിനാണെങ്കിലും ഇപ്പോൾ പഴയ പോലെ ഓട്ടമില്ല… പാർക്കിൽ വെറുതെ തള്ളി ഇരിക്കൽ മാത്രം… സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുസ്സഹമായിരിക്കുന്നു… ഉള്ളവന് പിന്നെയും പിന്നെയും ദൈവം കൊടുത്ത് കൊണ്ടേയിരിക്കുന്നു…. വാസുവേട്ടന്റെ മൂത്ത മോന് ഇന്നലെ രണ്ടാമതൊരു കാറും കൂടി വാങ്ങി എന്ന് ഇന്നലെ മോന് പറയുന്നത് കേട്ടിരുന്നു….

“അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തിരും… നമ്മുടെ ആശ തീരും..” ദൂരെ നിന്ന് കേൾക്കുന്നുണ്ട് പ്രദിയേട്ടന്റെ ഓട്ടോയിലെ പാട്ട്… ഈ മനുഷ്യനോട് പലവട്ടം പറഞ്ഞതാ വീട്ടിലോട്ട് വരുമ്പോൾ ഈ പണ്ടാര പാട്ട് ഇടരുതെന്ന്… ഈ പാട്ടും വെച്ച് ഓട്ടോ വീടിന്റെ മുറ്റത്തേക്ക് കയറ്റിയാൽ അപ്പോൾ കാണാം അയൽവാസി നാണിത്തള്ളയുടെ മുഖത്ത് ഒരു വളിഞ്ഞ ചിരിയും ഒരു ആക്കിയ നോട്ടവും… അവരുടെ പുന്നാര മരുമോള് പുറത്തുണ്ടെങ്കിൽ അതിന്റെ മുഖത്തും കാണും… രണ്ടും ഏത് നേരവും കീരിയും പാമ്പും പോലെയാണ്.. എന്നാലും ഇതിന് രണ്ടും ഭയങ്കര ഒരുമയാ…. എന്താ ഈ മനുഷ്യൻ ഈ നേരത്ത് പോന്നിരിക്കുന്നത്… ഊണിന് വരുന്ന സമയം ആയില്ലല്ലോ… ഉം… നാല് ദിവസത്തെ വിരുന്ന് കഴിഞ്ഞ് ഇന്നലെയാ വന്നത്.. ഇന്നലെ രാത്രിയാണെങ്കിൽ ചെറിയ മോന് ജലദോഷം പിടിച്ച് ഒരു പോള കണ്ണടച്ചില്ല.. നേരം പോലെ ഒന്ന് മിണ്ടാനും പറയാനും കൂടി പറ്റിയില്ല എന്ന് പരാതി പറഞ്ഞിരുന്നു രാവിലെ.. അതിന്റെ ക്ഷീണം തീർക്കാനുള്ള വരവായിരിക്കും… കുട്ടികൾ മൂന്നായി… ഈ കണ്ട നാളും പ്രായവും ആയിട്ടും ഈ മനുഷ്യന്റെ വിചാരം ഇപ്പോഴും പതിനാറാണെന്നാണ്… ചാക്ക് പുറകിലുള്ള ഷെഡ്ഡിൽ വെച്ച് കൈയും കാലും ഒന്ന് കഴുകി അടുക്കളയിൽ കയറി…. “ശ്രീയേ… എടീ ശ്രീയേ..” മുറ്റത്ത് വണ്ടി നിർത്തി ഇറങ്ങിയപ്പോഴേ വിളി തുടങ്ങി… അടുക്കളയിലേക്ക് വന്ന് പിറകിലൂടെ അടക്കം പിടിച്ച് മൂക്ക് കൊണ്ട് പിൻകഴുത്തിൽ ഉരസി…. “ദേ മനുഷ്യ …നിക്ക് ഒരു പാട് പണിയുണ്ട്.. ഒന്നും ഒരുങ്ങിയിട്ടില്ല… കറി ഉണ്ടാക്കട്ടെ…. വിട്…” കുതറി മാറാൻ ശ്രമിച്ചത് വക വെക്കാതെ വീണ്ടും ചേർത്ത് പിടിച്ചു… “ഇന്ന് നീ ഒന്നും ഉണ്ടാക്കേണ്ട… നീ ഡ്രസ്സ് മാറ്റിക്കേ. നമുക്ക് പുറത്ത് പോകാം. ഭക്ഷണവും പുറത്ത് നിന്ന്. സ്കൂളിൽ നിന്ന് കുട്ടികളെയും കൂട്ടാം.എനിക്ക് പാർക്കിലെ ചിട്ടി കിട്ടിയെടീ.നീ ഇങ്ങ് വന്നേ..” രണ്ട് തോളിലും കൈ വെച്ച് പുറകിൽ നിന്ന് തള്ളി റൂമിലെത്തിച്ചു. കട്ടിലിൽ പിടിച്ചിരുത്തി. എന്റെ കാലെടുത്ത് കട്ടിലിൽ വെച്ച്…ഒരുകണ്ണി പൊട്ടിയത് കാരണം നൂല് ഇട്ട് കെട്ടിയ വെള്ളിയുടെ പാദസരം മൂപ്പര് അഴിച്ചെടുത്തു… “ഇതൊന്നും ഇനി വേണ്ട ഡീ…

നമ്മളിന്ന് പുറത്ത് പോകുമ്പോൾ സ്വർണ്ണത്തിന്റെ പാദസരം വാങ്ങുന്നു…” സത്യാണോ…? കുറെ കാലത്തെ ഒരാഗ്രഹമാണ്.ഒരു സ്വർണ്ണപാദസരം.. അയൽപക്കത്തുള്ളവരെല്ലാം സ്വർണ്ണപാദസരവും ഇട്ട് ഇങ്ങനെ പോകുന്നത് കൊതിയോടെ നോക്കി നിൽക്കാറുണ്ട്… ഇത് വരെ ഏട്ടനോട് പറഞ്ഞിട്ടില്ല… എങ്ങനെ പറയാനാ.. അന്നാന്നത്തെ ചിലവ് കഴിച്ച് കൂട്ടാൻ തന്നെ പെടുന്ന പാട്… “അതേയ്… സാധനങ്ങളൊക്കെ കഴിഞ്ഞിരിക്കുന്നു… വിറകില്ല. ഗ്യാസില്ല… എല്ലാം തീർന്ന്.. പൈസ ഉണ്ടാകുമോ… അതൊക്കെ തികയും.. നീ വേഗം ഒരുങ്ങെടീ… ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ തന്ന് കൊണ്ടാണ് പറഞ്ഞത്… എന്നാലും ഒട്ടും പ്രതീക്ഷിക്കാതെ ഇങ്ങനെ… സത്യത്തിൽ നമ്മുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളാണെങ്കിൽ പോലും അങ്ങോട്ട് ആവശ്യപ്പെടാതെ, നമ്മുടെ ആഗ്രഹങ്ങൾ തിരിച്ചറിഞ്ഞ് അപ്രതീക്ഷിതമായി ഴുണ്ടാകുന്ന സുഖമുണ്ടല്ലോ…. അതിന് വലിയ പ്രാധാന്യവുമാണ് ജീവിതത്തിൽ…. പെട്ടെന്ന് ബാത്ത് റൂമിൽ കയറി ഒന്ന് കുളിച്ചെന്ന് വരുത്തി…. ഡ്രസ്സ് മാറ്റുവാൻ തുടങ്ങുമ്പോഴേക്കും… വിളി വന്നു..

“ശ്രീയേ…. കഴിഞ്ഞില്ലേ.. വേഗം വാ…” പെട്ടെന്ന് ഡ്രസ്സ് മാറി പുറത്തിറങ്ങിയപ്പോളുണ്ട് മൂപ്പര് ഹാളിൽ കസേരയിൽ താടിക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്നു.. മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു.. “എന്താ എന്തു പറ്റി?” ഒന്നൂല്ലാ… സ്കൂളിൽ നിന്ന് മോന്റെ ടീച്ചറ് വിളിച്ചിരുന്നു.. അവൻ സ്റ്റപ്പ് ഇറങ്ങി വരുമ്പോൾ ഒന്ന് വീണുവെത്രെ…. ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്… വേഗം ചെല്ലാൻ പറഞ്ഞു.. ……………………………………… മുകളിലത്തെ നിലയിൽ നിന്ന് കോണി ഇറങ്ങി വരുമ്പോൾ വീണതാത്രെ.. മുട്ടിന്റെ ചിരട്ട സ്ഥാനം തെറ്റി.. ഓപ്പറേഷൻ വേണ്ടി വന്നു… റൂമിലേക്ക് മാറ്റി കണ്ണ് തുറന്ന ഉടനെ അവന് മസാല ദോശ വേണമെന്ന് പറഞ്ഞത് കേട്ട് അവിടെ കൂടി നിന്നവരിലെല്ലാം ചിരിയുണർത്തി.. എന്റെ മുഖത്തും വന്നു ഒരു വളിഞ്ഞ ചിരി…. മസാല ദോശയും വാങ്ങി വന്ന് ചേട്ടൻ മോന്റെ അടുത്ത് ഇരുന്നു… അവന്റെ തലമുടിലൂടെ ഇങ്ങനെ തലോടി…. ബെഡ്ഡിലിരുന്ന് ഞാൻ ബാഗിലുണ്ടായിരുന്ന, പാദസരം എടുത്ത് പൊട്ടിയത് ഒരു നൂല് കൊണ്ട് കാലിൽ അണിഞ്ഞു…

“ആഹാ.. ഇത് ഞാൻ ഊരി എറിഞ്ഞിരുന്നതല്ലേ… എപ്പോഴാ നീ എടുത്തേ?…” അത് ഞാൻ നിങ്ങൾ മോൻ വീണു എന്ന് പറഞ്ഞപ്പോഴേ എടുത്തു. എനിക്കറിയാമായിരുന്നു ഇനിയിപ്പോൾ……? “സാരല്യ… ട്ടൊ… സങ്കടായോ നിനക്ക്..”? കീഴ്താടിയിൽ പിടിച്ച് മുഖം ഉയർത്തി കൊണ്ടാണ് ചോദിച്ചത്.. ഏയ് ഇല്ല… ഏട്ടാ… പാർക്കിലെ ചിട്ടി കഴിയാൻ ആയിലേ?… ഇനി പുതിയത് തുടങ്ങുമല്ലോ.. അപ്പോൾ കിട്ടുമ്പോൾ മതി… അല്ലെങ്കിലും ചില ആഗ്രഹങ്ങൾ അത്ര പെട്ടെന്നൊന്നും സാധ്യമാകരുത്… മനസ്സിന്റെ ഒരു കോണിലിട്ട് അങ്ങനെ താലോലിച്ച് ,സ്വപ്നം കണ്ട് അങ്ങനെ കൊണ്ട് നടക്കണം…