Malayalam Article

അക്രമരാഷ്ട്രീയവും, കണ്ണില്‍ തീപ്പൊരിയുള്ള യുവത്വവും..!!

ഓരോ അമ്മമാരും പത്തുമാസം തന്‍റെ ഉദരത്തിലേറ്റി വേദനയില്‍കുതിര്‍ന്ന കണ്ണീരിൻ നനവുള്ള ആഹ്ലാദത്തോടെയാണ് ഓരോ കുഞ്ഞിനും ജന്മം നല്‍കുന്നത്. ഒരു ആണായിപ്പിറന്ന തന്‍റെ പൗരുഷത്തിന്‍റെ പ്രതീകമായിട്ടാണ് ഓരോ പിതാവും തന്‍റെ പ്രിയതമ നൊന്തുപ്രസവിച്ച ഓരോ മക്കളേയും കാണുന്നത്. സന്തോഷമോ, സന്താപമോ, കഷ്ട്ടതയോ ദുരിതമോ എന്തുമായിക്കൊള്ളട്ടെ അവര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ തങ്ങളാൽ കഴിയാവുന്ന രീതിയില്‍ വളര്‍ത്തി വലുതാക്കി വേണ്ടുന്ന വിദ്യാഭ്യാസമൊക്കെ നല്‍കി ഒരു നിലയിലേയ്കെത്തിക്കുന്നു.

അതുവരെ കഥ ശുഭം…

“കണ്ണില്‍ തീപ്പോരിയുള്ള യുവത്വ”ത്തെ അന്വേഷിച്ച് നടക്കുന്ന രാഷ്ര്ടീയക്കോമരങ്ങൾ ഏറെയുള്ള നാടാണ്‌ നമ്മുടെ കേരളം. ഇക്കൂട്ടർ നോട്ടമിടുന്നത് മേല്പറഞ്ഞ ചുറ്റുപാടിൽ വളര്‍ന്നുവരുന്ന ഇത്തരം യുവാക്കളെയാണ്. – അവൻ ഒരിക്കലും ഒരു ധനികന്‍റെയൊ അല്ലെങ്കിൽ ഒരു രാഷ്ട്രീയനേതാവിന്‍റെയോ മകനാവില്ല – അവൻ ഒരു സാദാരണക്കാരൻ.. സമൂഹത്തിന്‍റെ തായ്-വേരുകളെ താങ്ങിനിര്‍ത്തുന്ന ഒരു കര്‍ഷകന്‍റെയോ, ഒരു കൂലിപ്പണിക്കാരന്‍റെയോ സന്തതി. നമ്മുടെ സുന്ദരമായ കൊച്ചുകേരളത്തിലെ പല രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ചതുരംഗപ്പലകയിലെ കരുക്കളാവാൻ വിധിക്കപ്പെട്ടവരാണ് ഞാൻ നേരത്തെപറഞ്ഞ “കണ്ണില്‍ തീപ്പൊരിയുള്ള” ഈ യുവത്വം. വീടിനും നാടിനും പ്രയോജനപ്പെടുത്തേണ്ട നവയുഗതലമുറയെ തങ്ങളുടെ ഗൂഡലക്ഷ്യങ്ങള്‍ക്കുവേണ്ടി, തങ്ങളുടെ ഇച്ചാശക്തിക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന വെറും ചട്ടുകങ്ങളാക്കി ഇവർ മാറ്റുന്നു. അതിനായി ഇക്കൂട്ടര്‍ പണവും രാഷ്ട്രീയ സ്വാധീനവും നല്‍കി പ്രലോഭിപ്പിക്കുന്നു. ഇങ്ങനെ വലയില്‍ വീഴ്ത്തപ്പെടുന്ന യുവാക്കളില്‍നിന്നും നാം നേരും നെറിയുമുള്ള രാഷ്ട്രീയം ഒരിക്കലും പ്രതീക്ഷിക്കരുത്. കാരണം, അവര്‍ പ്രലോഭനങ്ങളിൽ വീണ് രാഷ്ട്രീയപ്രവര്‍ത്തനത്തിനു ഇറങ്ങിത്തിരിക്കുന്നവരാണ്. നല്ലൊരു രാഷ്ട്രീയപ്രവര്‍ത്തകൻ തീര്‍ച്ചയായും ഒരു സ്വയംസേവകനായിരിക്കും. അവനു രാഷ്ട്രീയത്തിൽ പ്രവര്‍ത്തിക്കുവാൻ ഇത്തരം പ്രലോഭനങ്ങളുടെയൊന്നുംതന്നെ ആവശ്യമില്ല.

എന്തിനോവേണ്ടി, ആര്‍ക്കോവേണ്ടി ജീവിതത്തിൽ ഒരിക്കല്‍പ്പോലും കണ്ടിട്ടുപോലും ഇല്ലാത്തവരെപോലും വെട്ടിതുണ്ടംതുണ്ടാമാക്കാന്‍ കെല്‍പ്പുള്ളവരായി ഇവരെമാറ്റിയെടുക്കയാണ് അടുത്ത നടപടി.

സത്യത്തിൽ ഇവരെയും തീവ്രവാദികൾ എന്നല്ലേ വിളിക്കേണ്ടത്. കാരണം കരുണയെന്ന ഭാവം ലവലേശംകാണാത്ത ഇത്തരക്കാരെ, സഹജീവികളെ മുഖത്തുനോക്കി വെട്ടിക്കൊല്ലുന്ന നീചഗണത്തില്‍പ്പെടുന്ന മനുഷ്യത്വം ഇല്ലാത്തവരെ വേറെ എന്തുവിളിക്കാനാണ്.

ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് പിന്നീട് ജീവിതത്തിൽ ഒരിക്കലും മനസമാധാനത്തോടെ കിടന്നുറങ്ങുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കത്തിയും, കഠാരയും വടിവാളുമൊക്കെ തങ്ങളുടെ സന്തതസഹചാരികള്‍ ആവുന്നതോടെ താനും എന്നെങ്കിലും ഇങ്ങനെയൊരു കത്തിക്കോ വടിവാളിനോ തീരുവാനുള്ളതാണ് എന്ന ചിന്ത അവനെ വേട്ടയാടും എന്നുള്ളത്‌ തീര്‍ച്ചയാണ്. അതുകൊണ്ടുതന്നെ പിന്നീടുള്ള ഇവരുടെ ജീവിതം ഇത്തരം കൊലപാതകങ്ങള്‍ക്കുവേണ്ടി ഉഴിഞ്ഞു വയ്ക്കപ്പെട്ടതുപോലെ ആവുന്നു.

പ്രിയ യുവത്വമേ…

നിങ്ങൾ അറിയുന്നുണ്ടോ.. നാളെ നിങ്ങളും ഇതുപോലൊരു കൊലക്കത്തിയ്കിരയായി കഴിഞ്ഞാല്‍ നിങ്ങളുടെ മൃതദേഹം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ കൊടിയടയാളങ്ങളാൽ പൊതിഞ്ഞ്… ചുറ്റും കൂടിനിന്നു നാലു മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെ അടക്കം ചെയ്യപ്പെട്ടുകഴിഞ്ഞാല്‍പ്പിന്നെ ഒരു പാര്‍ട്ടിയും നിങ്ങളെ ഓര്‍ക്കുകപോലും ഇല്ലെന്ന്. അഥവാ ഓര്‍ത്താല്‍തന്നെ അതു നിങ്ങളുടെ രക്തസാക്ഷിദിനം ആചരിക്കുവാൻ വേണ്ടി മാത്രമായിരിക്കുമെന്നും നിങ്ങള്‍ക്കറിയാത്തതാണോ..?? അതോ.. അറിയാമായിരുന്നിട്ടും അറിയില്ലെന്ന് നടിക്കുകയാണോ..?

എന്നാൽ ഒരു കാര്യം ഓര്‍മിക്കുന്നത്‌ നന്നായിരിക്കും…

നിങ്ങളുടെ നഷ്ട്ടത്തിന്‍റെ മുറിവ് ഒരിക്കലും മായാത്തചില ജീവിതങ്ങൾ എന്നും നിങ്ങളെയോര്‍ത്തു കരയുന്നുണ്ടാവും. അത് നിങ്ങളെ സ്നേഹിച്ചിരുന്ന നിങ്ങളുടെ

മാതാപിതാക്കളും നിങ്ങളുടെ സഹോദരങ്ങളും നിങ്ങള്‍മൂലം വിധവയാകേണ്ടിവന്ന നിങ്ങളുടെ ഭാര്യയും അവരിലൂടെ നിങ്ങള്‍ക്ക് ജനിച്ച നിങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളും ആയിരിക്കും. ഒരു സഹജീവിയുടെ ചുടുചോരവാര്‍ന്ന നിങ്ങളുടെ കൊലക്കത്തിക്ക് അവരെ സമാധാനിപ്പിക്കുവാന്‍ കഴിയുമോ. നിങ്ങളുടെ പാര്‍ട്ടിക്കാര്‍ക്കോ അവയുടെ നേതാക്കന്മാര്‍ക്കോ അവരെ സമാധാനിപ്പിക്കുവാൻ കഴിയുമോ..? ഇല്ല…!!

നിങ്ങൾ കൊയ്തുകൂട്ടുന്ന ഓരോതലയ്ക്കും വിളവെടുക്കുന്നത് നിങ്ങൾ പ്രതിനിധാനംചെയ്യുന്ന പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവർ മാത്രമാണ്. അതിന്‍റെ ഗുണഭോക്താക്കളും അവര്‍ തന്നെയാണ്. കാരണം, തങ്ങളുടെ രാഷ്ട്രീയ-പ്രതിയോഗികള്‍ കൊല്ലപ്പെടെണ്ടത് അവരുടെ ആവശ്യമാണ്. അതിനവര്‍ നിങ്ങളെ കോഴിപ്പോരിലെ കൊത്തുകോഴികളാക്കുന്നു. ഈ കൊത്തുകോഴികള്‍ ആവുന്ന നിങ്ങൾ നാളത്തെ രക്തസാക്ഷികള്‍ ആണ്. അതിന്‍റെയും നേട്ടം ആര്‍ക്കാണ്..?? ചിന്തിച്ചുനോക്കു..??

സത്യത്തിൽ നിങ്ങളെ രക്തസാക്ഷികൾ എന്നുപോലും വിളിക്കുവാൻ പാടില്ല. കാരണം, രക്തസാക്ഷികള്‍ എന്നുപറഞ്ഞാൽ സ്വന്തംനാടിനുവേണ്ടി, നാടിന്‍റെ നന്മയ്ക്കുവേണ്ടി, ജനസമൂഹത്തിനുവേണ്ടി ജീവത്യാഗം ചെയ്തവരെയാണ്. അവരുടെ പേരുകള്‍ എന്നും ജനങ്ങള്‍ക്ക്‌ പ്രജോദനവും അഭിമാനവുമാണ്. എന്നാല്‍ നിങ്ങളോ.. അധോലോകസംഘങ്ങളെയും ഗുണ്ടാസംഘങ്ങളെയുംപോലെ, ആര്‍ക്കോവേണ്ടി, എന്തിനോവേണ്ടി അന്യോന്യം വെട്ടിചാവുന്നു.. അങ്ങിനെയുള്ളവര്‍ എങ്ങിനെയാണ് രക്തസാക്ഷികള്‍ ആവുന്നത്. അവര്‍ക്ക് ജനങ്ങള്‍ക്കിടയിൽ എന്തുസ്ഥാനമാണ് ഉണ്ടാവുക.

ഇത്തരം പ്രവൃത്തികള്‍ക്ക്‌ ഇറങ്ങിതിരിക്കുംമുന്‍പ് നിങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ടോ. നിങ്ങളുടെ പ്രവൃത്തികള്‍മൂലം ഒന്നുമറിയാത്ത നിങ്ങളുടെ കുടുംബാംഗങ്ങളും വേട്ടയാടപ്പെടും എന്നു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..? ഒരിക്കലും ബന്ധങ്ങള്‍ക്കും സ്വന്തം മാതാപിതാക്കള്‍ക്കും വിലകല്‍പ്പിക്കുന്ന ഒരു വ്യക്തിയും ഇത്തരം ഹീനപ്രവൃത്തികള്‍ക്ക്‌ കൂട്ടുനില്‍ക്കില്ല. എന്നാല്‍ ഇത്തരം പ്രവൃത്തികൾ ചെയ്യുവാൻ നിങ്ങളെ വഴിതിരിച്ചുവിടുന്നവര്‍ക്കു അവരുടേതായഗൂഡലക്ഷ്യങ്ങൾ ഉണ്ട്. അതൊരിക്കലും നിങ്ങള്‍ക്കോ, നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കോ ഗുണമുണ്ടാവുന്ന കാര്യവും ആയിരിക്കില്ല. ആര്‍ക്കോവേണ്ടി നിങ്ങൾ നിങ്ങളുടെ ഭാവിയും, ജീവിതവും ബലികൊടുക്കുന്നു എന്നതല്ലേ യാഥാര്‍ഥ്യം..!

എന്തിനുവേണ്ടി…??

ചാനൽ ചർച്ചകളിലിരുന്നു നിങ്ങളുടെ നേതാക്കന്മാർ പോര്‍വിളികൾ നടത്തുന്നത് നിങ്ങള്‍ കാണുന്നില്ലേ..? “ഞങ്ങളെ തൊട്ടാല്‍ ഞങ്ങൾ വെട്ടും..” എന്നൊക്കെ അവർ വിളിച്ചുകൂവുന്നത്.. അവര്‍ “ഞങ്ങള്‍” എന്നുദ്ദേശിക്കുന്നത് നിങ്ങളെയാണ്.. ചാവേറുകളാവാന്‍ വിധിക്കപ്പെട്ടു നില്‍ക്കുന്ന നിങ്ങളെ..!! ഈ പോര്‍വിളി നടത്തുന്ന ഒരു നേതാക്കന്മാരുടെയും മക്കളോ, എന്തിനു ബന്ധുക്കള്‍പോലും ഉണ്ടാവില്ല നിങ്ങളുടെ ഗണത്തില്‍പ്പെടുത്താൻ.

ചിന്തിച്ചു നോക്കൂ..!!

രാഷ്ട്രീയം നല്ലതാണ്.. സമൂഹത്തിനു അത് ആവശ്യവും ആണ്.

എന്നാൽ അക്രമരാഷ്ട്രീയം ഒരിക്കലും ഒരു നാടിനും ഗുണം ചെയ്യില്ല. അത് നമ്മുടെ നാടിന്‍റെ ശാപമെന്നെ പറയാൻ പറ്റൂ..

എന്‍റെ നാട്ടിലെ പ്രിയ രാഷ്ട്രീയ നേതാക്കളെ..

നിങ്ങൾ നിസ്വാര്‍ത്ഥമായി വിചാരിച്ചാൽ മാറ്റിയെടുക്കാവുന്നതേയുള്ളൂ ഇന്നത്തെയീ അരുംകൊല രാഷ്ട്രീയം. വളരെ കഴിവുകളുള്ളവരും പ്രഗല്‍ഭരുമായിട്ടുള്ള ഒരുപാടു നേതാക്കന്മാര്‍ നമുക്കുണ്ട്. ഈ നേതാക്കന്മാരെല്ലാം ഒരു മേശയ്ക്കു ചുറ്റുമിരുന്നു കൂടിയാലോചിച്ചാല്‍ തീരുന്നതേയുള്ളൂ ഈ പ്രശ്നങ്ങൾ എന്നു ഞാൻ വിശ്വസിക്കുന്നു.. നമ്മുടെ നടിനെയോര്‍ത്തു, ഭാവി തലമുറയെയോര്‍ത്ത് ഇതിലെല്ലാമുപരി ഈ അക്രമരാഷ്ട്രീയംമൂലം നഷ്ട്ടപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെയോര്‍ത്തു വിലപിക്കുന്ന അനേകം കുടുംബങ്ങല്‍ക്കുവേണ്ടി, ഇനിയും ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍.. പ്രിയനേതാക്കളെ ദയവായി നിങ്ങളെല്ലാവരും കൂടി ഇതിനൊരു പരിഹാരം എന്നന്നേയ്ക്കുമായി കാണണമെന്ന് അപേക്ഷിക്കുന്നു..

ഉപദേശിച്ച് ആരെയെങ്കിലും നന്നാക്കികളയാമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. എന്നാലും ഇന്ത്യ എന്‍റെ രാജ്യമാണ്.. എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരങ്ങളാണ് എന്നു പറയുമ്പോൾ, എന്‍റെ സഹോദരങ്ങളിൽ ചിലർ തെറ്റായവഴികളിലേക്ക്‌

വലിച്ചിഴയ്ക്കപ്പെടുന്നത് കാണുമ്പോള്‍ ഒരു വിഷമം… സുന്ദരമായ എന്‍റെ കൊച്ചുകേരളം അരുംകൊലകളുടെ വാര്‍ത്തകള്‍കേട്ട് ഞെട്ടിയുണരുന്നതു കാണുമ്പോൾ ഉണ്ടാവുന്ന നിരാശയും നിസ്സഹായതയും… ഇതൊക്കെയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍..

എല്ലാം ശുഭപര്യവസായിയായിത്തീരുമെന്ന് ആശിക്കാം..

ആരോഗ്യകരമായ രാഷ്ട്രീയപ്രവര്‍ത്തനം നമ്മുടെ നാടിന്‍റെ മുഖമുദ്രയാവട്ടെയെന്നും… കണ്ണില്‍ തീപ്പൊരിയുള്ള യുവത്വം നാടിന്‍റെ യശസ്സുയര്‍ത്തട്ടെയെന്നുമുള്ള പ്രതീക്ഷകളോടെ നമുക്കു കാത്തിരിക്കാം..

ഒരു നല്ല നാളെക്കായി….!!

Trending

To Top
Don`t copy text!