‘അച്ഛനാണോടീ നിനക്ക് ഗര്‍ഭമുണ്ടാക്കിയത്…! പ്രസവമുറിയില്‍ ഇതൊക്കെ ഉണ്ടാകുമത്രേ! - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

‘അച്ഛനാണോടീ നിനക്ക് ഗര്‍ഭമുണ്ടാക്കിയത്…! പ്രസവമുറിയില്‍ ഇതൊക്കെ ഉണ്ടാകുമത്രേ!

ഗര്‍ഭിണികളായ സ്ത്രീകള്‍ പ്രസവ മുറിയില്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം പുലഭ്യം കേട്ട് പ്രസവിക്കേണ്ടി വരുന്ന നിസഹായരായ സ്ത്രീകള്‍  എന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ നിരവധി പേര്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരുന്നു. ഒപ്പം ഇത്തരത്തില്‍ ആരോപിക്കപ്പെടുന്നത് പോലെ പ്രസവമുറികളില്‍ മാനസിക പീഡനങ്ങള്‍ നടക്കുന്നുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ തന്നെ അതെന്തുകൊണ്ട് എന്നു ചോദിച്ചവരും ഉണ്ട്. അതുകൊണ്ട് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, നഴ്‌സിങ് അസിസ്റ്റന്റ്സ്, സ്വീപ്പേഴ്സ്, റിട്ട. നഴ്‌സസ് എന്നിവരില്‍ ചിലരുമായും അഴിമുഖം സംസാരിച്ചിരുന്നു. അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും ഇവിടെ നല്‍കുന്നു. ഇതില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്തതിനാല്‍ അത് ഒഴിവാക്കിയിട്ടുണ്ട്.

ലേബര്‍ റൂമില്‍ താന്‍ സാക്ഷ്യം വഹിച്ച മാനസിക പീഡനങ്ങളുടെ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി; “ഞങ്ങള്‍ക്കൊരു മാസം ലേബര്‍ റൂം പോസ്റ്റിങ് ഉണ്ടായിരുന്നു. ഒരിക്കല്‍ സെപ്റ്റിക് ലേബര്‍ റൂമിലായിരുന്നു ഡ്യൂട്ടി. സെപ്റ്റിക് കേസുകള്‍ മാത്രമേ അവിടെ ഡെലിവറി നടക്കാറുള്ളൂ. ഒരു ദിവസം രാത്രി 13 വയസ്സുള്ള ഒരു കുട്ടിയെ അവിടെ കൊണ്ടുവന്നിരിക്കുകയാണ്. മുകള്‍ നിലയിലെ സാധാരണ ഡെലിവറി റൂമില്‍ നിന്ന് എന്തുകൊണ്ടാണ് ഇവിടേക്ക് കൊണ്ടുവന്നതെന്ന് ഞങ്ങള്‍ ചോദിക്കുന്നുണ്ട്. പക്ഷെ ആരും ഒന്നും പറഞ്ഞിരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോഴാണ് ആ കുട്ടി പീഡിയാട്രിക് കാഷ്വാലിറ്റിയിലാണ് വന്നതെന്ന് അധ്യാപകര്‍ പറഞ്ഞത്. ആ കുട്ടിക്ക് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ഇതുവരെ അറിയില്ലായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് അറിയാമായിരുന്നെന്ന് തോന്നുന്നു. പക്ഷെ അവര്‍ അത് പുറത്ത് കാണിച്ചിരുന്നില്ല. കുട്ടി ഇടക്കിടെ വയറുവേദനയ്ക്ക് മരുന്ന് കഴിക്കുന്നുമുണ്ടായിരുന്നു. പീഡിയാട്രിക് കാഷ്വാലിറ്റിയിലെത്തി നോക്കിയപ്പോഴാണ് ആ കുട്ടിക്ക് ഡെലിവറി അടുത്തിരിക്കുന്നത് മനസ്സിലായത്. അങ്ങനെയാണ് ലേബര്‍റൂമിലേക്ക് എത്തിക്കുന്നത്. ഈ കുട്ടിയെ കൊണ്ടുവരുന്ന സമയത്തും ഡെലിവറി എടുക്കുന്ന സമയത്തുമെല്ലാം അവിടെയുണ്ടായിരുന്ന നഴ്‌സുമാരെല്ലാം ഓരോ കമന്റ് പാസ്സാക്കുന്നുണ്ട്. പക്ഷെ ഡോക്ടര്‍ നല്ല രീതിയിലായിരുന്നു ആ കുട്ടിയോട് പെരുമാറിയിരുന്നത്. ഡെലിവറി കഴിഞ്ഞ്, ഞങ്ങള്‍ അങ്ങോട്ട് ചെന്ന് ഇതെങ്ങനെ സംഭവിച്ചതാണ് എന്ന് അന്വേഷിക്കുമ്പോഴാണ് അതറിയില്ല, അച്ഛനാണ് ഉത്തരവാദി എന്നാണ് വിചാരിക്കുന്നത് എന്ന് അവിടെയുള്ള ജീവനക്കാര്‍ പറയുന്നത്.

അതെങ്ങനെ അറിയാം’ എന്ന് ഞങ്ങള്‍ ചോദിക്കുമ്പോള്‍ ‘അങ്ങനെയൊന്നുമില്ല, അച്ഛനായിരിക്കും ഉത്തരവാദി. ഇവര്‍ക്ക് വേറെ പേരൊന്നും പറയാനില്ല’ എന്നായിരുന്നു മറുപടി. ‘നീ പറയടീ’ എന്ന് പറഞ്ഞ് ആ പെണ്‍കുട്ടിയോട് ഗര്‍ഭത്തിനുത്തരവാദിയാരാണെന്ന് അവര്‍ ചോദിക്കുകയാണ്. ആ കുട്ടിയാണെങ്കില്‍ ‘എനിക്കൊന്നും അറിയാന്‍ വയ്യ, എന്നെ ആരും ഒന്നും ചെയ്തിട്ടില്ല’ എന്ന് പറഞ്ഞ് ഒരേ കരച്ചില്‍. ‘ഒന്നും ചെയ്യാത്ത കൊണ്ടാണോ ഇപ്പോ ഒരു കൊച്ച് വന്ന് കെടക്കുന്നത്. ഇപ്പോ നിന്നെ ആശ്രയിച്ച് ഒരു കൊച്ചും കൂടി ആയിരിക്കുകയാണ്’ തുടങ്ങിയ കമന്റുകള്‍ വന്നുകൊണ്ടേയിരുന്നു. കുഞ്ഞിന് പാല് കൊടുക്കാന്‍ പറയുമ്പോള്‍ ആ പെണ്‍കുട്ടി കുഞ്ഞിനെ പിടിക്കുന്നത് കൂടിയില്ല. ‘ഇത്രയൊക്കെ കാണിച്ചിട്ട് അവക്ക് മൊല കൊടുക്കാന്‍ പറ്റുന്നില്ല’ എന്നൊക്കെ പറഞ്ഞ് ഹരാസ്‌മെന്റ് കടുക്കുകയാണ്.

പിറ്റേന്ന് ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ ജീവനക്കാര്‍ക്ക് പറയാന്‍ ഒരു കഥ തയ്യാറായിരുന്നു. അച്ഛനും അങ്കിളുമാണ് ഇതിന് ഉത്തരവാദിയെന്നൊക്കെയുള്ള ഒരു കഥ. ഇതാര് പറഞ്ഞ കഥയാണെന്ന് അത്ഭുതത്തോടെ ചോദിക്കുമ്പോള്‍ ‘കുറേയൊക്കെ അവള് പറഞ്ഞു, കുറേയൊക്കെ ഞങ്ങള്‍ ഉണ്ടാക്കിയതാണ്’ എന്നാണ് പറയുന്നത്. എന്നുമാത്രമല്ല ആ കുട്ടിയെ അവര്‍ ശ്രദ്ധിക്കുന്നു കൂടിയുണ്ടായിരുന്നില്ല. ഒന്നുമില്ലെങ്കില്‍ ഒരു കൊച്ചല്ലേ, അതിനെ റേപ്പ് ചെയ്തതാണോ ഒന്നും ഇവര്‍ക്കാര്‍ക്കും അറിയില്ല. ഞങ്ങളെല്ലാം ആ കുട്ടിയോട് കുറേ സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷെ ആ കുട്ടി ഒന്നും മിണ്ടാതെ മുഴുവന്‍ സമയവും കരച്ചിലായിരുന്നു.

അവള്‍ക്കെന്താണ് സംഭവിച്ചതെന്ന് പോലും അറിയാത്ത ജീവനക്കാര്‍ ഇതെല്ലാം അവളുടെ തെറ്റാണെന്ന തരത്തിലായിരുന്നു സംസാരിച്ചതും പെരുമാറിയതും. ആ കുട്ടി ഒരു വിധം കഞ്ഞികുടിക്കാന്‍ തയ്യാറായി, അത് കഴിക്കുമ്പോഴും ‘ആ, അപ്പോ ഫുഡ് ഒക്കെ കഴിക്കാനറിയാം. അതിന് വായ് തുറക്കും’ എന്ന് പറഞ്ഞ് അപ്പോള്‍ പോലും അവളെ ടോര്‍ച്ചര്‍ ചെയ്യുകയായിരുന്നു. അന്ന് വല്ലാതെ സങ്കടം തോന്നിയിരുന്നു. സാധാരണ, ലേബര്‍ റൂമില്‍ പിന്നെ ഇതെല്ലാം സ്ഥിരമാണ്. പ്രസവ വേദനകൊണ്ട് കരച്ചില്‍ തുടങ്ങുമ്പഴേ വളരെ വള്‍ഗറായ കമന്റുകളാണ് ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാവുക. ‘നിനക്ക് അവിടെ കിടന്ന് കൊടുക്കാന്‍ പറ്റുമായിരുന്നു, ഇവിടെ വായടച്ച് ഇരുന്നോളണം’, ‘ഇനി അടുത്ത ഒരെണ്ണത്തെ ഉണ്ടാക്കിക്കൊണ്ട് വരരുത്, ഞങ്ങള്‍ക്ക് വെറുതെ ബുദ്ധിമുട്ടുണ്ടാക്കി വയ്ക്കരുത്’ ഇത്തരം കമന്റുകളെല്ലാം കേട്ട് കേട്ട് മടുത്തതാണ്.”

തന്റെ അനുഭവം അഴിമുഖത്തെ അറിയിച്ച പാര്‍വതിയുടെ വാക്കുകള്‍: “എന്റെ ആദ്യ പ്രസവം നടന്നത് ഗവണ്‍മെന്റ് ആശുപത്രിയില്‍ ആയിരുന്നു. എനിക്ക് 22 വയസായി. 21 വയസില്‍ ആയിരുന്നു പ്രസവം. ഗര്‍ഭിണി ആയപ്പോള്‍ തൊട്ടേ പ്രസവത്തെ കുറിച്ച് ടെന്‍ഷന്‍ ആയിരുന്നു. എന്നാലും എന്റെ കുഞ്ഞിന് വേണ്ടി അല്ലേ, എന്ത് വന്നാലും സഹിക്കാം എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു. ഇതിനിടെ 2 എണ്ണം ഒകെ കഴിഞ്ഞ ചേച്ചിമാരുടെ വക പേടിപ്പെടുത്തുന്ന കഥകള്‍ ക്കെ കേട്ടു. നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നിട്ടും ഞന്‍ വീണ്ടും മനസിനെ പറഞ്ഞു പഠിപ്പിച്ചു, എല്ലാം കുഞ്ഞാവക്കു വേണ്ടി എന്ന്.

അങ്ങനെ ഇരിക്കുമ്പോള്‍ ആണ് വീട്ടില്‍ വെച്ച് ചെറിയ ഒരു വേദന വന്നു. ആദ്യം ആയതോണ്ട് പ്രസവവേദന ആണോ അല്ലയോ എന്ന് എനിക്ക് അറിയില്ല. ഞാന്‍ അമ്മയോട് പറഞ്ഞു. ഉടനെ ആശുപത്രിയില്‍ പോയി. ഡേറ്റിനു രണ്ട് ആഴച കൂടി ഉണ്ടായിരുന്നു. പക്ഷെ അത് പ്രസവവേദന അല്ലായിരുന്നു. റിസ്‌ക് എടുക്കണ്ട എന്ന് പറഞ്ഞ് ഡോക്ടര്‍ എന്നെ അഡ്മിറ്റ് ചെയ്തു. അന്ന് തന്നെ ഒരു സിസ്റ്റര്‍ പിവി ചെയ്തു. വികസിച്ചിട്ടില്ല എന്നു പറഞ്ഞ് എന്നെ വിട്ടു. ദിവസവും ഒന്നും രണ്ടും പ്രാവശ്യം ഒക്കെ പിവി ചെയ്യല്‍ ആയി… അതോടെ എനിക്ക് വല്ലാത്തൊരു വേദന ആയി. ഇതിപ്പോ ആദ്യം ആയോണ്ട് പ്രസവവേദന ആണോ എന്നുള്ള സംശയം കൊണ്ട് നേഴ്‌സിനോട് പറഞ്ഞാല്‍ അപ്പോള്‍ പിവി ചെയ്യും. പിവി ചെയുമ്പോള്‍ കുറെ വഴക്ക് പറയും. കാലൊന്നു അടുപ്പിച്ചാല്‍, കരഞ്ഞാല്‍ ഒക്കെ വഴക്ക്. പിന്നെ ഞാന്‍ വേദന വന്നാലും മിണ്ടില്ല. അങ്ങിനെ ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം പിവി കഴിഞ്ഞു റൂമില്‍ എത്തിയ എന്റെ water break ആയി. ഉടനെ ലേബര്‍ റൂമില്‍ കേറ്റി. ഡ്രിപ് ഇട്ടു. ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എനിക്ക് വേദന തുടങ്ങി. ഞാന്‍ കരഞ്ഞു തുടങ്ങി. അതോടെ നേഴ്‌സ് പിണങ്ങാന്‍ തുടങ്ങി. നിനക്ക് സിസേറിയാന്‍ മതിയോ, എങ്കില്‍ ഇവിടെ ഇപ്പോള്‍ അനസ്‌തേഷ്യ നല്‍കാന്‍ ഡോക്ടര്‍ ഇല്ല. നിന്നെ വേറെ എങ്ങോട്ടേലും കൊണ്ടുപോകാന്‍ വീട്ടുകാരോട് പറയട്ടെ എന്നു ചോദിച്ചു. അല്ലെങ്കില്‍ മിണ്ടാതിരിക്ക്. ഇതൊന്നും അല്ല വേദന ഇതിലും വലുത് വരുമ്പോള്‍ നീ എന്ത് ചെയ്യും എന്നൊക്കെ അവര്‍ ചോദിച്ചു. അതോടെ എന്റെ എല്ലാ ധൈര്യവും പോയി. ഞാന്‍ കരയാന്‍ തുടങ്ങി. അപ്പോള്‍ അവര്‍ എല്ലാം നിന്നു ചിരിക്കുവായിരുന്നു. എനിക്ക് എല്ലാ ബോധവും നഷ്ടമായി, വേദന കൂടി വന്നു ഞാന്‍ അലമുറ ഇട്ടു.

പുറത്ത് എന്റെ അമ്മ, അമ്മമ്മ തുടങ്ങിയ സ്ത്രീകള്‍ ഉണ്ടായിരുന്നു. രാത്രി ആയതിനാല്‍ ഭര്‍ത്താവിനെ ഒന്നും അങ്ങോട്ട് കേറ്റിയില്ല. എന്നെ ചീത്ത വിളിച്ചു മതിയാകാത്ത അവര്‍ പുറത്തിറങ്ങി എന്റെ അമ്മയെ ചീത്ത വിളി തുടങ്ങി. നിങ്ങള്‍ എന്താ മോള്‍ക്ക് ഒന്നും പറഞ്ഞു കൊടുത്തില്ലേ. ഇതെന്താ സുഖമുള്ള സംഭവം ആണെന്നാണോ മോളു കരുതിയെ? നിങ്ങള്‍ അവളുടെ അമ്മ തന്നെ ആണോ എന്നൊക്കെ പറഞ്ഞു അവര്‍. തിരിച്ചൊന്നും പറയാന്‍ പറ്റില്ലല്ലോ. അവരുടെ കയ്യില്‍ അല്ലേ ഞാനും എന്റെ കുഞ്ഞും. പുറത്തിരിക്കുന്നവരുടെ ടെന്‍ഷന്‍ നാലിരട്ടി ആയി അപ്പോള്‍. നാല് മണിക്കൂര്‍ നീണ്ട തെറിവിളികള്‍ക്കൊടുവില്‍ കോണ്‍ട്രാക്ഷന്‍ 80 ശതമാനമായി. ഡോക്ടര്‍ വന്നു മുക്കാന്‍ പറഞ്ഞു. കുഞ്ഞിന്റെ തല അവരുടെ കൈയില്‍ ആണ്.

പക്ഷേ, മുക്കിയിട്ട് ശരിയാ കുന്നില്ല. വീണ്ടും തെറി വിളി. ഞാന്‍ അഭിനയിക്കുവാണത്രേ, എളുപ്പം കാര്യം നടത്താന്‍, ഒരു നേഴ്‌സിന്റെ കണ്ടുപിടിത്തം. അവര്‍ അവിടെ കീറി മുറിച്ചു. ആദ്യം മുറിച്ചത് തെറ്റിപ്പോയെന്ന് അവര്‍ പിറുപിറുക്കുന്നത് ഞാന്‍ പാതി ചത്ത അവസ്ഥയിലും കേട്ടു. പിന്നീടും മുറിച്ചു. കുഞ്ഞു വരുന്നില്ല. അവസാനം സിസ്റ്റര്‍ അവനെ വലിച്ചെടുത്തു. ഉടനെ ഒരു കമന്റ്, നീ അല്ല ആ സിസ്റ്റര്‍ ആണ് പ്രസവിച്ചത് എന്ന്. പുറത്തു പോയി പറഞ്ഞു, അവള്‍ അല്ല ഞങ്ങള്‍ ആണ് മുക്കി പ്രസവിച്ചത് എന്ന്. കുഞ്ഞുവാവയെ കണ്ട സന്തോഷത്തില്‍ അവര്‍ പറഞ്ഞതൊക്കെ ഞങ്ങള്‍ മറന്നു. അവര്‍ എന്നോട് പറഞ്ഞത് ഞാന്‍ മാത്രേ ഇങ്ങനെ ബഹളം ഉണ്ടാക്കീട്ടുള്ളു എന്നാണ്. പിന്നീടാണ് എല്ലാരോടും ഇതാണ് പറയുന്നത് എന്ന് മനസിലായത്. എല്ലാവരേം കുറ്റം പറയുന്നില്ല. അന്ന് ആ രാത്രി ഒരമ്മയെ പോലെ എന്റെ അടുത്തു വന്ന് എന്റെ വയറൊക്കെ തിരുമ്മി തന്ന അറ്റന്‍ഡര്‍ ചേച്ചിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു.”

ഇതില്‍ നിന്ന് വ്യത്യസ്തമായ പ്രസവാനുഭവമാണ് എറണാകുളം സ്വദേശി സാന്ദ്രയ്ക്ക് പറയാനുള്ളത്: “ഡെലിവറി സമയത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കുറേ ഞാനും കേട്ടിട്ടുണ്ട്. 2016 മെയ് 25-നായിരുന്നു എന്റെ ആദ്യ പ്രസവം. അപ്പോള്‍ 22 ആയിരുന്നു പ്രായം. കസിന്‍ ചേച്ചിമാരൊക്കെ പറയുന്നത് കേട്ടിട്ട് ശരിക്കും പേടി ആയിരുന്നു. നഴ്‌സ് ചീത്ത് വിളിക്കും, മോശമായിട്ട് പെരുമാറും എന്നൊക്കെ അവര്‍ പറഞ്ഞു. എല്ലാം കേള്‍ക്കാന്‍ തയ്യാറായി ലേബര്‍ റൂമില്‍ ചെന്നു. സന്തോഷംകൊണ്ട് ഞാന്‍ കരഞ്ഞുപോയി. ശരിക്കും മാലഖമാര്‍ തന്നെയായിരുന്നു അവര്‍. 22 വയസ്സുള്ള എന്നെ അവര്‍ കൊച്ചുകുട്ടിയെ കെയര്‍ ചെയ്യും പോലെ അത്ര നന്നായിട്ടാണ് നോക്കിയത്. പ്രസവ വേദനയുമായി വരുന്ന അമ്മമാരോട് മോശമായി ബിഹേവ് ചെയ്യുന്ന എല്ലാ നഴ്‌സുമാരും ഇതുപോലെയൊക്കെ ആയിരുന്നുവെങ്കില്‍ പ്രസവ വേദന ഉണ്ടെങ്കിലും ഒരു സ്ത്രീക്കും മാനസിക വേദന ഉണ്ടാവില്ലായിരുന്നു. ശരിക്കും മാലാഖമാരായ നഴ്‌സുമാരും ഡോക്ടര്‍മാരും ഉണ്ടെന്ന് എനിക്ക് അന്ന് മനസ്സിലായി.”

source: azhimukham

Trending

To Top
Don`t copy text!