Malayalam Article

അച്ഛൻ

“ആ ബന്ധം നമുക്ക് വേണ്ട ഗീതേ.. നമുക്കത് ശരിയാവില്ല”

“എന്തെ ഏട്ടാ.. എന്താ പറ്റിയത്?? ഇത്രയൊക്കെ ആയിട്ടെന്തെ ഇപ്പൊ ഇങ്ങനെ പറയാൻ?”
അകത്തെ റൂമിൽ നിന്നും കാറിന്റെ ശബ്ദം കേട്ടപ്പോൾ സ്വാതി വേഗം ഉമ്മറത്തെ വാതിലിനടുത്തെത്തി മാമന്റെ വാക്കുകൾക്ക് കാതോർത്തു. സ്വാതിയുടെ അച്ഛൻ ഒന്നും മിണ്ടാതെ ചാരുകസേരയിൽ ഇരുന്നു. മാമൻ സ്വാതിയുടെ അമ്മയുടെ അടുത്തെത്തി പറഞ്ഞു.

“ഞങ്ങൾ പയ്യന്റെ വീടെത്തിയില്ല. അപ്പോഴേക്കും അത് വേണ്ടാന്ന് തീരുമാനിച്ചു ഇങ്ങോട്ട് തിരിച്ചു വന്നു”
സ്വാതിയും അമ്മയും മുഖാമുഖം നോക്കി.
“എന്താ ഏട്ടാ ഈ പറയുന്നത്. കുട്ടികൾക്ക് ആശ കൊടുത്തിട്ട് ഇപ്പൊ ഇങ്ങനെയൊക്കെ പറഞ്ഞാൽ എങ്ങനാ. നമ്മൾ വാക്ക് കൊടുത്തതല്ലേ അവൾക്ക് അഭിയെ വിവാഹം ചെയ്തു കൊടുക്കാമെന്ന്.”

“അതെ ഗീതേ.. എങ്കിലും നമ്മൾ നമ്മുടെ കുടുംബമഹിമ നോക്കേണ്ടേ? അവരുടെ പശ്ചാത്തലവും നോക്കേണ്ടേ? പയ്യൻ നല്ലവനാണെന്ന് വെച്ച് എല്ലാം തികഞ്ഞവർ ആവണമെന്നില്ലല്ലോ.”
“എന്നിട്ടിപ്പോ എന്താ നിങ്ങൾ തികയാത്തതായി കണ്ടത്. അതുപറ. ഞങ്ങൾകൂടി കേൾക്കട്ടെ.”
മാമനും അച്ഛനും കണ്ണുടക്കി.
അച്ഛൻ പറഞ്ഞു.

ഞങ്ങൾ അവിടെത്തിയപ്പോൾ പയ്യന്റെ വീട് അറിയാൻ വേണ്ടി ഒരു പാടത്ത് ജോലി ചെയ്യുന്ന ഒരാളോട് ചോദിച്ചു.
“അതേയ് ഇവിടെ മേലയിൽ അഭിയുടെ വീടെവിടെയാണ്. ഞങ്ങൾക്ക് ഇവിടെ പരിചയമില്ലാത്തവരാണെ. വഴി അറിയില്ല, ഒന്ന് പറഞ്ഞുതന്നാൽ ഉപകാരമാകും”
പാടത്ത് ജോലി ചെയ്തിരുന്ന ആൾ തലയിൽ കെട്ടിയ തോർത്തുമുണ്ട് ഊരിയെടുത്തു മുഖം തുടച്ചു ചളിയിലൂടെ കാൽ ഏന്തിവെച്ചു കാറിന്റെ അടുത്തേക്ക് വന്നു.

“അഭി എന്റെ മകനാണ്. മേലയിൽ രവിയാണ് ഞാൻ. എന്തെ കാര്യം? ആരാണെന്നു മനസ്സിലായില്ലല്ലോ?”
കാറിൽ ഉണ്ടായിരുന്നവർ പരസ്പരം നോക്കി.
കാറിന്റെ ഉള്ളിൽ നിന്നും സ്വാതിയുടെ അച്ഛൻ പറഞ്ഞു.
“അതേയ്.. മേലയിൽ അഭിയല്ലാട്ടോ. തേറയിൽ അഭിയാണ്. ഞങ്ങൾക്ക് വീട്ടുപേര് തെറ്റിയതാണ്. ക്ഷമിക്കണം.”
അവർ യാത്ര പറഞ്ഞു കാർ തിരിച്ചുവിട്ടു.

“ഇതിലെന്താ ചേട്ടാ അവരുടെ കുറവ്. അഭിയുടെ അച്ഛൻ പാടത്ത് ജോലി ചെയ്തതാണോ ഇപ്പൊ നിങ്ങൾ കണ്ട കുറവ്?”
“നീയെന്താ ഗീതേ ഞങ്ങളോട് കയർക്കുന്നത്? ഞാനോ നീയോ എന്നതിൽ ഒതുങ്ങുന്നതല്ല നമ്മുടെ കുടുംബം. പാരമ്പര്യമായി നമ്മുടെ തറവാട്ടിലെ കുട്ടികളെ നല്ല കുടുംബത്തിലേക്കാണ് വിവാഹം കഴിപ്പിച്ചിട്ടുള്ളത്. പാടത്തു ജോലി ചെയ്തു ജീവിക്കുന്ന ഒരു കുടുംബത്തിലേക്ക് നമ്മുടെ മോളെ പറഞ്ഞയച്ചാൽ നമ്മുടെ ബന്ധക്കാർ എന്ത് കരുതും?”

സ്വാതിയുടെ ‘അമ്മ ഒന്നും മിണ്ടിയില്ല. അതോടെ സ്വാതിയുടെയും അഭിയുടെയും വിവാഹം അവർ വേണ്ടാന്ന് വെച്ചു. സ്വാതി കരഞ്ഞുകൊണ്ട് അകത്തേക്കോടി. നാല് വർഷത്തെ പ്രണയം ഇന്നത്തോടെ അവസാനിക്കുന്നു.
രണ്ട് ദിവസം കഴിഞ്ഞു സ്വാതി കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങി. തന്റെ സ്കൂട്ടിയിൽ അവൾ അഭിയുടെ വീട് ലക്ഷ്യമാക്കി പോയി. ഒരു എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ അഭിയുടെ വീടിനടുത്തുണ്ടെന്ന് അവൻ അവളോട് പറഞ്ഞിരുന്നു. ആ സ്കൂൾ പലരോടും അന്വേഷിച്ചു കണ്ടെത്തി.

റോഡിലൂടെ നടന്നു വന്നിരുന്ന ഒരു ചേച്ചിയോട് സ്വാതി അഭിയുടെ വീട് ചോദിച്ചു. ആ ചേച്ചി കൃത്യമായി പറഞ്ഞു കൊടുത്തു. സ്വാതി വണ്ടിയെടുത്തു പോയി. എത്തിപ്പെട്ടത് ഒരു പഴയ തറവാട് പോലെയുള്ള വീട്ടിലാണ്. മുറ്റത്ത് മാവും പ്ലാവും എല്ലാം നിറഞ്ഞു പച്ചപിടിച്ചു നിൽക്കുന്നു. അവിടെ എത്തിയപ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി അവൾക്ക്. എങ്ങും കിളികളുടെ നാദവും തണലും പച്ചപ്പും മാത്രം.

വണ്ടിയിൽ നിന്നിറങ്ങി സ്റ്റാന്റ് ഇട്ട് വീടിനടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ വീടിനുള്ളിൽ നിന്ന് ഒരു കാവി മുണ്ടും ഉടുത്തു അഭി ഇറങ്ങി വന്നു.
“അല്ലാ നീയെങ്ങനെ വന്നു? എന്തെ ഇപ്പൊ ഈ സമയത്ത്? അതും തനിച്ച്?”
“അത്..അത്.. ഒരു കാര്യം പറയാൻ വന്നതാ.,”
“എന്ത് കാര്യം? അതും ഇവിടെ വന്നു പറയാൻ മാത്രമുള്ള കാര്യമെന്താ സ്വാതിയെ?”

അഭി ചിരിച്ചോണ്ട് ചോദിച്ചു.
“അഭ്യേട്ടാ.. മിനിഞ്ഞാന്ന് എന്റെ അച്ഛനും മാമനുമൊക്കെ ഇങ്ങോട്ട് വന്നിരുന്നു. നമ്മുടെ വിവാഹക്കാര്യം സംസാരിക്കാൻ. അഭ്യേട്ടനൊരു സർപ്രൈസ് ആയിക്കോട്ടേന്നു വെച്ച് ഞാൻ പറയാതിരുന്നതാ. പക്ഷെ ഇപ്പൊ..”
“ഇവിടാരും വന്നില്ലല്ലോ.. നീയെന്തൊക്കെയാ സ്വാതി ഈ പറയുന്നത്?”
സ്വാതി ഉണ്ടായ സംഭവങ്ങളൊക്കെ പറഞ്ഞു. എല്ലാം കേട്ട് അഭി പറഞ്ഞു.

“സ്വാത്യേ… ഈ കാണുന്ന വീടും പറമ്പുമെല്ലാം അന്ന് നിന്റെ അച്ഛനും മാമനും കണ്ട പാടത്തു ചെളിയിൽ കുത്തിമറഞ്ഞു ജോലിചെയ്തു ന്റെ അച്ഛൻ ഉണ്ടാക്കിയതാണ്. എന്റെ പെങ്ങളെ നല്ല അന്തസായി ഒരു ബാധ്യതയുമില്ലാതെ കെട്ടിച്ചു വിട്ടതും ഈ ജോലികൊണ്ടാണ്. എന്നെ പഠിപ്പിച്ചു ഇപ്പൊ നല്ലൊരു ജോലി നേടിത്തന്നതും ഈ അച്ഛൻ തന്നെയാണ്. ആ അച്ഛന്റെ വിയർപ്പിന് ചെളിയുടെ മണമേ ഉള്ളൂ എങ്കിൽ ആ മണമാണ് ഇന്ന് ഞങ്ങളുടെ ജീവൻ നിലനിർത്തുന്നത്.”

“അഭ്യേട്ടാ.. ഞാനെന്താ പറയാ”

“നീയൊന്നും പറയണ്ടാ.. നിന്റെ അച്ഛനും അമ്മയും എന്റെ സ്വഭാവമോ നിലനില്പ്പോ കണ്ടിട്ടാണ് നിന്നെ എനിക്ക് തരാൻ തയ്യാറായതെങ്കിൽ പറഞ്ഞേക്ക് ഇതെല്ലാം ഉണ്ടായതും ഈ പറഞ്ഞ ചെളിയിൽ നിന്നാണെന്ന്. നിനക്കറിയോ ഇന്നുവരെ അച്ഛൻ ഞങ്ങൾക്ക് വിഷമം എന്താണെന്ന് അറിയിച്ചിട്ടില്ല. ചെറുപ്പത്തിൽ എന്റെ കൂട്ടുകാരുടെ അച്ചന്മാർ ഗൾഫിൽ നിന്നൊക്കെ വരുമ്പോ നോക്കിനിന്നിട്ടുണ്ട്. പുതിയ കളിപ്പാട്ടവും മണക്കുന്ന അത്തറും പൂശി ക്ലാസിൽ വരുമ്പോൾ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. അന്നൊക്കെ വീട്ടിൽ വന്നു അച്ഛൻ കേൾക്കാനായി അമ്മയോട് പറയുമായിരുന്നു ഞാൻ “വല്ല ഗൾഫുകാരന്റെ മകനായി ജനിച്ചാൽ മതിയായിരുന്നു”എന്ന്. അങ്ങനെയെങ്കിലും അച്ഛനൊന്നു ഗൾഫിൽ പോയി കൂട്ടുകാരുടെ മുന്നിൽ ഞെളിഞ്ഞു നടക്കാൻ.

അപ്പോഴും അച്ഛൻ ചെയ്തത് ഒന്നും മിണ്ടാതെ ചായ്പ്പിൽ നിന്നും തൂമ്പ എടുത്തു ഇറങ്ങി പോവുകയായിരുന്നു. വളർന്നു മുതിർന്നപ്പോൾ ആ ഗൾഫുകാരന്റെ മക്കൾ സ്വന്തം ചിലവിന് വേണ്ടി ഓരോ ജോലിക്ക് പോയപ്പോഴും എന്റെ അച്ഛൻ ചെയ്തത് ഓരോനാളും എന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഞാനറിയാതെ പൈസ വെക്കുകയായിരുന്നു. ഇന്നുവരെ എന്നെകൊണ്ട് അച്ഛൻ പുറത്തുപോയി ജോലി ചെയ്യാൻ അവസരമുണ്ടാക്കിയിട്ടില്ല. അപ്പോഴൊക്കെ പറഞ്ഞത് “ന്റെ മോൻ എന്നെപോലെ ആവണ്ടാ. നന്നായി പഠിക്ക്.. എന്നിട്ടെന്റെ മോൻ ഗൾഫിൽ പോണം. അത് കണ്ടിട്ടേ അച്ഛൻ മരിക്കൂ എന്ന്”

അന്ന് ഞാൻ തീരുമാനിച്ചു. നാട്ടിൽ തന്നെ ഒരു ജോലി വാങ്ങിച്ചു അച്ഛന്റെ കൂടെ പാടത്തു ഇടക്കുപോയി സഹായിക്കണം എന്ന്.
അഭിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
ഒരു ദിവസം പോലും എന്റെ അച്ഛൻ ആ കൈകളിൽ തൂമ്പ പിടിക്കാതിരുന്നിട്ടില്ലാ.ആ കൈകളിലെ തഴമ്പാണ് ഇന്നെന്റെ സ്വഭാവവും ഈ നിലനിൽപ്പും ഉണ്ടാക്കിയത്. അതുകൊണ്ട് ഗൾഫുകാരന്റെ ഭാര്യ ആയും സ്പ്രൈ പൂശി വെള്ളമുണ്ടും ഉടുത്തു നടക്കുന്ന അമ്മയപ്പനെ കിട്ടണം എന്നാണ് നിന്റെ മോഹം എങ്കിൽ മോളിപ്പോ തന്നെ പോയേക്. നിന്നിട്ട് സമയം കളയണ്ടാ.

“അതല്ല അഭ്യേട്ടാ.. എനിക്ക് എന്റെ അച്ഛനെ ധിക്കരിക്കാനാവില്ല. ആരെയും. എന്നെ അങ്ങനെയാണ് വളർത്തിയത്, പിന്നെ അഭ്യേട്ടനെ എനിക്കിഷ്ടമാണ്. അത് ഞാൻ മറച്ചു വെച്ചില്ലല്ലോ. പക്ഷെ അന്ന് അഭ്യേട്ടനെ ഞാൻ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ അഭ്യേട്ടന്റെ അച്ഛൻ ജോലിക്ക് പോവാതെ വീട്ടിൽ ഉണ്ടായേനെ. അങ്ങനെയെങ്കിൽ ഇപ്പൊ നമ്മുടെ വിവാഹം ഉറപ്പിച്ചേനേ അഭ്യേട്ട.”

“അതെന്തായാലും നന്നായി സ്വാതി,നമ്മുടെ വിവാഹം കഴിഞ്ഞാണ് ഇതെല്ലാം നീയും നിന്റെ വീട്ടുകാരും കാണുന്നതെങ്കിലോ? അപ്പൊ ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടായേനെ. അതുകൊണ്ട് മോൾ പോയി പറഞ്ഞേക്ക് ഈ മകനും അച്ഛനും ചെളിയിൽ ജീവിക്കുന്നവരാണ്. കിടക്കുമ്പോൾ ചെളിയുടെ മണമേ ഉണ്ടാകൂ. നിനക്കും നിന്റെ വീട്ടുകാർക്കും ചിലപ്പോ ഓക്കാനം വരും. അതുകൊണ്ട് നല്ല അത്തർ പൂശിയും സ്റ്റാൻഡേർഡ് ഡ്രസ്സ് ഇട്ടും ഗൾഫിൽ നല്ലൊരു ജോലിയും ഉള്ള ഒരാളെ അച്ഛനോട് കണ്ടെത്തി തരാൻ പറ.”

സ്വാതിക്ക് മിണ്ടാൻ വാക്കുകൾ ഇല്ലായിരുന്നു. അഭി മുണ്ടു മടക്കികുത്തി ചായ്പ്പിൽ ചെന്ന് ഒരു തൂമ്പ എടുത്തു നടന്നു. ഇടക്ക് തിരിഞ്ഞു നിന്ന് പറഞ്ഞു.
“സ്വാത്യേ.. ഇത് മണ്ണാണ്.. ഒരിക്കലും ചതിക്കില്ല നമ്മുടെ മണ്ണ്. പുറത്തെ മണ്ണ് ഒരു പരിമിതകാലത്തേക്കേ ഉണ്ടാകൂ. ഈ മണ്ണ് എന്നും നമ്മുടെ കൂടെയെ ഉണ്ടാകൂ. മരിച്ചു പോകുമ്പോഴും.”
അപ്പൊ ശരി… ഇന്നെനിക്ക് ലീവാണ്. അതുകൊണ്ട് അച്ഛന്റെ അടുത്തേക്ക് പോകുകയാണ്. വീട്ടിൽ ചെന്ന് അച്ഛൻ കാണിച്ചു തരുന്ന ഒരാളെ വിവാഹം ചെയ്തു സുഖമായി ജീവിക്ക്.

അഭി പുഞ്ചിരിച്ചുകൊണ്ട് തൂമ്പയും തോളിൽ വെച്ച് നടന്നു.

രചന

വിപിൻ‌ദാസ് അയിരൂർ.

Trending

To Top
Don`t copy text!