അന്ന് അതിൽ ആ ഫോട്ടോ വന്നപ്പോൾ കരഞ്ഞു; എന്നാൽ ഇന്ന് സന്തോഷം തോന്നുന്നു - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

അന്ന് അതിൽ ആ ഫോട്ടോ വന്നപ്പോൾ കരഞ്ഞു; എന്നാൽ ഇന്ന് സന്തോഷം തോന്നുന്നു

പല പെൺകുട്ടികളുടെയും സ്വപ്നങ്ങളിൽ ഒന്നാണ് വനിതയിൽ തന്റെ മുഖം അച്ചടിച്ച് വരണമെന്നുള്ളത്. എന്നാൽ താൻ പോലും അറിയാതെ തന്റെ മുഖം വനിതയിൽ വന്നതിനു ഒരുപാട് പഴി കേട്ട ഒരു പെൺകുട്ടിയായിരുന്നു നടിയും ടെലിവിഷൻ അവതാരികയുമായ അശ്വതി ശ്രീകാന്ത്. അന്ന് അച്ഛന്റെ വരെ വിമർശനങ്ങൾക്ക് ഇരയായ അശ്വതിയെ ഇന്ന് ഏറ്റവും കൂടുതൽ പ്രെമോട്ട് ചെയ്യുന്നത് അച്ഛൻ തന്നെയാണ്. ഇതെല്ലം തുറന്നെഴുതിയിരിക്കുകയാണ് അശ്വതി. അശ്വതിയുടെ കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ,

ഒരു കഥ പറയാം…😊 വർഷങ്ങൾക്ക് മുൻപ് പാലാ അൽഫോൻസാ കോളേജിൽ ബി എ ലിറ്ററേച്ചർ പഠിച്ചിരുന്ന ഒരു പെൺകുട്ടി. അതേ കോളേജിലെ ഫാഷൻ ടെക്നോളജി വിഭാഗം ഒരു ഇന്റർ കോളേജിയേറ്റ് ഫാഷൻ ഷോയ്ക്കു വേണ്ടി അവളെ മോഡലാകാൻ വിളിക്കുന്നു. കോളേജിലെ മറ്റ് സുഹൃത്തുക്കൾക്കൊപ്പം അവളും അതിൽ പങ്കെടുക്കുന്നു. കോട്ടയം മാമൻ മാപ്പിള ഹോളിൽ വച്ച് നടന്ന ആ പരുപാടി, മലയാള മനോരമ കവർ ചെയ്യുകയും വനിത മാഗസിന്റെ അടുത്ത ലക്കത്തിലെ ഫാഷൻ പേജിൽ അവളും കൂട്ടുകാരും ഉൾപ്പെട്ട ചിത്രം അവൾ പോലുമറിയാതെ പ്രസിദ്ധീകരിക്കുകയും ചെയുന്നു… പിന്നെയാണ് ട്വിസ്റ്റ് !! ഗൾഫിലുള്ള അവളുടെ അച്ഛനെ സുഹൃത്തുക്കളിലാരോ ഈ ചിത്രം കാണിക്കുകയും മകൾ മോഡലിംഗ് ചെയ്യുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയുന്നു. സിനിമാ, മോഡലിംഗ് മുതലായ കാര്യങ്ങൾ പെൺകുട്ടികളെ വഴി തെറ്റിക്കും എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അച്ഛൻ, അമ്മയെ വിളിച്ച് കണക്കിന് ശകാരിക്കുന്നു. അതും പോരാഞ്ഞ് കോളേജ് ഹോസ്റ്റലിൽ വിളിച്ചപ്പോൾ ഫോൺ എടുത്ത വാർഡൻ സിസ്റ്ററിനോടും ‘ഇത്തരം തോന്ന്യാസങ്ങൾക്കല്ല എന്റെ മകളെ അവിടെ പഠിപ്പിക്കാൻ വിട്ടതെന്ന്’ വ്യക്തമാക്കുന്നു. ‘നീയറിയാതെ എങ്ങനെ നിന്റെ പടം വന്നു’ ‘മോഡലിംഗ് ആണോന്നു അവര് ചോദിച്ചപ്പോൾ നാണം കേട്ടത് ഞാനല്ലേ‘ തുടങ്ങിയ തുടങ്ങിയ അച്ഛന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ അവൾ മുറിയടച്ച് സങ്കടം തീരുവോളം കരഞ്ഞു. വനിതയിൽ ഒരു ചിത്രം വരികയെന്ന ഏതൊരു പെൺകുട്ടിയുടെയും ടീനേജ് മോഹം സഫലമായതിൽ ഒരു തരി പോലും സന്തോഷിക്കാനാവാതെ, ആ മാഗസിന്റെ ഒരു കോപ്പി പോലും വീട്ടിൽ സൂക്ഷിക്കാതെ അവൾ അച്ചടക്കമുള്ള കുട്ടിയായി.

ഡിഗ്രി കഴിഞ്ഞപ്പോൾ ജേർണലിസം എന്ന ആഗ്രഹം ഉപേക്ഷിച്ച് അച്ഛനും അമ്മയും പറഞ്ഞത് പോലെ ‘പെൺകുട്ടികൾക്ക് ചേരുന്ന‘ കോഴ്‌സു പഠിക്കാൻ തീരുമാനിച്ചു. അങ്ങനെയാണവൾ MBA ക്കാരിയായത്. അവിചാരിതമായി റേഡിയോ ജോക്കിയാവാൻ അവസരം വന്നപ്പോഴും അച്ഛൻ എന്ത് പറയുമെന്നായിരുന്നു പേടി. പക്ഷേ അവൾക്ക് അവളെ നോക്കാനുള്ള പ്രായമായി, ഇനി ഇഷ്ടമുള്ളത് തെരഞ്ഞെടുത്തോട്ടെ എന്ന് അവളെ പോലും ഞെട്ടിച്ച് അതാ വരുന്നു അച്ഛന്റെ പ്രഖ്യാപനം ! അങ്ങനെ പഠിച്ച രംഗത്താവില്ല തൊഴിലെന്ന ജാതകം ഫലിച്ച പോലെ അവൾ കൊച്ചിയിൽ റേഡിയോ ജോക്കിയാവുന്നു. പിന്നെ ടെലിവിഷൻ അവതാരക…അന്ന് ഇതിനെയെല്ലാം എതിർത്തിരുന്ന അച്ഛനാണ് ഇന്ന് ടെലിവിഷനിൽ അവളെ കാണുമ്പോൾ ഏറ്റവും സന്തോഷിക്കുന്നത്. പുതിയൊരു ഷോ തുടങ്ങുമ്പോൾ അവൾക്ക് വേണ്ടി ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടയിൽ പി ആർ വർക്ക് ചെയ്യുന്നത് പോലും അച്ഛനാണ്. അന്ന് അവൾ അറിയാതെയാണ് വനിതയിൽ ചിത്രം വന്നതെങ്കിൽ ഇതാ ഇപ്പൊൾ അറിഞ്ഞു കൊണ്ട് ചെയ്ത ഫോട്ടോഷൂട്ട്. അതേ ഫാഷൻ പേജിൽ… മകളുടെ ചിത്രം വന്ന ഈ വനിതയുടെ രണ്ടു കോപ്പിയെങ്കിലും അഭിമാനത്തോടെ അച്ഛൻ ഇപ്പോൾ അലമാരയിൽ വച്ചിട്ടുണ്ടാകും.😍 അന്നൊരു സങ്കടം ഉണ്ടായില്ലായിരുന്നെങ്കിൽ ഇന്നിത്ര സന്തോഷവും തോന്നുമായിരുന്നില്ലല്ലോ !! കാലം എത്ര ഭംഗിയായാണ് ഓരോ കണക്കും സൂക്ഷിക്കുന്നത് !!

കടപ്പാട്: Aswathy Sreekanth

 

Join Our WhatsApp Group

Trending

To Top
Don`t copy text!