Film News

അമ്പതിലധികം തവണ മൊട്ടയടിച്ചു, മെലിയാന്‍ പുളിവെള്ളം; ആ ‘സൈക്കോ’ ആകാന്‍ ശരവണന്‍ ചെലവിട്ടത് 3 വര്‍ഷം

വെള്ളിത്തിരയെ വിറപ്പിച്ച ആ രാക്ഷസന്റെ യഥാർഥ മുഖം ഇതാണ്, ഭീതി വിതച്ച് കോളിവുഡിൽ നിന്ന് കോടികളാണ് രാക്ഷസൻ കൊയ്തത്. സിനിമ കണ്ടിറങ്ങിയവരെല്ലാം ചിത്രത്തിലെ ക്രിസ്റ്റഫർ എന്ന വില്ലനെ കുറിച്ച് അന്വേഷിച്ചിരുന്നു. കാഴ്ചക്കാർ ചങ്കിടിപ്പോടെ നോക്കിക്കണ്ട പ്രതിനായകനെ കുറിച്ചുള്ള വിവരങ്ങൾ ചിത്രം പ്രദർശനത്തിനെത്തിയ ശേഷവും അണിയറപ്രവർത്തകർ രഹസ്യമായിത്തന്നെ സൂക്ഷിച്ചു.

തമിഴ്സിനിമയിൽ ചെറുവേഷങ്ങൾ ചെയ്തുവന്ന ശരവണൻ എന്ന യുവാവാണ് ക്രിസ്റ്റഫർ എന്ന വില്ലന്റെ മുതിർന്ന കാലവും അയാളുടെ അമ്മ മേരി ഫെർണാണ്ടസിന്റെ വേഷവും അവതരിപ്പിച്ചത്.

വർഷങ്ങളായി സിനിമയിൽ അവസരം തേടി നടക്കുന്നു, ചുരുക്കം ചില ചിത്രങ്ങളിൽ ചെറിയ ചില വേഷങ്ങളെല്ലാം അഭിനയിച്ചു. രാക്ഷസനിലേക്കുള്ള ക്ഷണം വലിയ സന്തോഷം നൽകിയെങ്കിലും സംവിധായകൻ ആദ്യം പറഞ്ഞത് സ്ക്രീനിൽ യഥാർഥമുഖം കാണിക്കാൻ കഴിയില്ല എന്നായിരുന്നു. കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടുപോയത്

ക്രൂരത നിറഞ്ഞ സൈക്കോ കില്ലറെ അവതരിപ്പിക്കാൻ മൂന്നുവർഷമാണ് ശരവണൻ ചെലവിട്ടത്. മനോരോഗിയുടെ പെരുമാറ്റ രീതികൾ ശ്രദ്ധയോടെ പഠിച്ചെടുക്കുന്നതായിരുന്നു ആദ്യഘട്ടം, കഥാപാത്രത്തിനുവേണ്ടി മാജിക്ക് വശത്താക്കി, ശരീരം മെലിയിക്കാനായി കഠിനമായ വ്യായാമം നടത്തി.

ക്ഷീണിച്ചതും അവശത തോന്നിപ്പിക്കുകയും ചെയ്യുന്ന രൂപമായിരുന്നു ക്രിസ്റ്റഫറിന് വേണ്ടിയിരുന്നത്. അതിനായി ഭക്ഷണം പാടേ ഉപേക്ഷിക്കേണ്ടിവന്നു, പെട്ടെന്ന് മെലിയാൻ ധാരാളം പുളിവെള്ളം കുടിച്ചു. ശോഷിച്ച ശരീരം ഉയർത്തിക്കാണിച്ചുകൊണ്ടുള്ള ക്ലൈമാക്സ് സംഘട്ടനം ഏറെ പ്രയാസപ്പെട്ടാണ് അഭിനയിച്ചത്.

കഥാപാത്രത്തിനായി അമ്പതിലധികം തവണയാണ് ശരവണൻ തലമൊട്ടയടിച്ചത്. പുലർച്ചെ എഴുന്നേറ്റ് നാലുമണിക്കുറോളം മേക്കപ്പിനായി ഇരുന്നുകൊടുത്തു, മേക്കപ്പ് അലർജിയെന്നോണം കഴുത്തിലും മറ്റും കുമിളകൾ പ്രത്യക്ഷപ്പെട്ടു.

വസ്ത്രധാരണം, നോട്ടം, ശരീര ചലനങ്ങൾ അങ്ങനെ കഥാപാത്രത്തെകുറിച്ചുള്ള കൃത്യമായ അടയാളപ്പെടുത്തലുകൾ തിരക്കഥയിൽ ഉണ്ടായിരുന്നു. വീട്ടിൽ വലിയൊരു കണ്ണാടി സ്ഥാപിച്ച് അതിനുമുന്നിൽ നിന്നാണ് മാജിക്ക് പരിശീലിച്ചത്. സിനിമ കാണുന്നതിനിടെ തിയ്യറ്ററിലിരുന്ന ഒരു പെൺകുട്ടി കഥാപാത്രത്തെ ചൂണ്ടി അവനെ വിടരുതെന്ന് വിളിച്ചുപറഞ്ഞതെല്ലാം വലിയ അംഗീകാരമായാണ് കാണുന്നത്.

Trending

To Top
Don`t copy text!