Malayalam Article

അലക്സാൻഡറുടെ ശവകുടീരം.

ഏതാനും ദിവസം മുൻപാണ് ഈജിപ്തിലെ അലക്സാൻഡ്രിയയിൽനിന്നും ഇരുപതു ടണ്ണിലേറെ ഭാരമുള്ള കറുത്ത ഗ്രാനൈറ്റ് കൊണ്ട് നിർമിച്ച ഒരു ശവപ്പെട്ടി കണ്ടു കിട്ടിയത്. കിട്ടിയപ്പോൾ തന്നെ അത് 2300 വര്ഷം മുൻപ് മരണപ്പെട്ട അലക്സാൻഡർ ചക്രവർത്തിയുടെ മൃതദേഹം അടക്കം ചെയ്യപ്പെട്ട ശവപ്പെട്ടിയാണെന്ന അഭ്യൂഹങ്ങൾ പരന്നു. രണ്ടു ദിവസം മുൻപ് ആ ശവപ്പെട്ടി തുറന്നു പരിശോധിച്ചപ്പോൾ അതിനുള്ളിൽ അലസ്ക്സാൻഡറുടെ ഭൗതിക അവശിഷ്ടമല്ല ഉള്ളെതെന്ന നിഗമനത്തിൽ പുരാവസ്തു വിദഗ്ധർ എത്തി. അതിനുള്ളിലുള്ളത് അലക്സാൻഡറുടെ കാലത്തിനു ശേഷം ഈജിപ്റ്റ് ഭരിച്ച ഗ്രീക്കോ-ഈജിപ്ഷ്യൻ ഭരണവ്യവസ്ഥയിലെ ഏതോ പ്രമുഖരുടേതാണെന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്.

എന്നാലും ഒരു ചോദ്യം അവശേഷിക്കുന്നു.
എങ്ങിനെയാണ് ബാബിലോണിൽ വച്ച് ദിവംഗതനായ അലക്സാൻഡറുടെ മൃതശരീരം ഈജിപ്തിൽ എത്തുന്നത്. അങ്ങിനെയുള്ള വാദങ്ങൾക്ക് പിന്നിലെ അടിസ്ഥാനം എന്താണ് . പൗരാണിക ചരിത്രത്തിലെ ചില ദുരൂഹതകളിലേക്ക് ചികഞ്ഞു നോക്കിയാലേ അതിനുളള ഉത്തരം ലഭിക്കൂ .
.
ബി സി ഇ 323 ൽ മുപ്പത്തിരണ്ടാം വയസ്സിൽ അലക്സാൻഡർ ബാബിലോണിയയിൽ വച്ച് മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തെപ്പറ്റിത്തന്നെ ദുരൂഹതകൾ ഉണ്ട്. അനുചരന്മാരാൽ വിഷം നൽകിയാണ് അദ്ദേഹത്തിന്റെ മരണം എന്ന ഒരു വാദമുണ്ട്. അമിതമായി മദ്യപിച്ചു മരിച്ചു എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. അമിത മദ്യപാനവും മലേറിയയും യുദ്ധങ്ങളിലുണ്ടായ പരിക്കുകളും കൂടിച്ചേർന്ന അവസ്ഥയിൽ ആരോഗ്യം തകർന്ന് അലക്സാൻഡർ മരണമടഞ്ഞു എന്ന വാദഗതിയാണ് ഇപ്പോൾ പൊതുവെ അംഗീകരിക്കപ്പെടുന്നത്. അന്തരിക്കുമ്പോൾ അലക്സാൻഡർ മൂന്ന് ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സാമ്രാജ്യത്തിന്റെ അധിപനായിരുന്നു. മരണപ്പെടുമ്പോൾ അദ്ദേഹത്തിന് അനന്തരാവകാശികൾ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പത്നി ഗർഭിണിയായിരുന്നു. മരണത്തിനു മുൻപ് പിന്തുടര്ച്ചക്കാരനായി തന്റെ ജനറൽമാരിൽ ആരെയും അദ്ദേഹം നിര്ദേശിച്ചിട്ടും ഉണ്ടായിരുന്നില്ല.. അദ്ദേഹത്തിന്റെ സുഹൃത്തും, പടനായകനുമായ ടോളമി (Ptolomy) മരിക്കുന്നതിന് തൊട്ടുമുൻപ് അനന്തരാവകാശിയെപ്പറ്റി ചോദിച്ചപ്പോൾ ”ഏറ്റവ്വും ശക്തന്” എന്ന അദ്ദേഹം നേർത്ത സ്വരത്തിൽ പറഞ്ഞു എന്നതും പറയപ്പെടുന്നുണ്ട്. അലക്സാൻഡർ തന്റെ മുതിർന്ന പടനായകൻ ക്രെറ്റര്സ് (Craterus) നെ യാണ് നിർദേശിച്ചതെന്നും സൂത്ര ശാലിയായ ടോളമി ഗ്രീക്കിൽ ശബ്ദസാമ്യമുളള ശക്തർ (”Krateroi”) എന്ന പദം ദുരുപയോഗം ചെയ്തതാണെന്നും പറയപ്പെടുന്നു. അലക്സാൻഡറുടെ മരണശേഷം അദ്ദേഹത്തിന്റെ സേനാനായകർ സാമ്രാജ്യം പങ്കിട്ടെടുത്തു. അലക്സാൻഡറുടെ പുത്രൻ (Alexander IV) കാര്യ പ്രാപ്തിയാകുമ്പോൾ ആ കുട്ടിയെ ചക്രവർത്തിയായി വാഴിക്കുന്നതുവരെയായിരുന്നു സേനാനായകരുടെ പ്രതിപുരുഷഭരണം എന്നായിരുന്നു ധാരണ. ബാബിലോണിലെ കരാർ എന്നാണ് ഈ ധാരണ അറിയപ്പെടുന്നത്. ധാരണ പ്രകാരം ടോളമി (Ptolemy) ഈജിപ്തിന്റെ പ്രതിപുരുഷനായി. കാസാൻഡർ (Cassander) ഗ്രീക്ക് പ്രവിശ്യകളുടെയും. സെലൂക്കാസ്‌ (Seleucus I Nicator), ആന്റിഗോണസ് (Antigonus I Monophthalmus), ക്രെറ്റര്സ് ( Craterus) തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖ പ്രതിപുരുഷന്മാർ. മരണശേഷം അലക്സാൻഡറുടെ ഭൗതിക ശരീരം ഒരു വലിയ ശവമഞ്ചത്തിൽ എംബാം ചെയ്തു സൂക്ഷിച്ചു. ഈജിപ്തിലെ സിവ പ്രദേശത്തു തന്റെ ശവകുടീരം പണിയണം എന്നായിരുന്നു അലക്സാൻഡറുടെ അഭിലാഷം ഈജിപ്ഷ്യൻ ദേവനായ അമ്യുണിനെ ആണ് അലക്സാൻഡർ തന്റെ ഇഷ്ടദേവനായി കണ്ടിരുന്നത്. അമ്യുണ് ദേവന്റെ വലിയൊരു ക്ഷേത്രം ഈജിപ്തിലെ സിവ മരുപ്പച്ചയിൽ ഉണ്ടായിരുന്നു. അതായിരുന്നു അലക്സാൻഡറുടെ ആഗ്രഹത്തിന്റെ നിദാനം. പക്ഷെ അലക്‌സാണ്ടറുടെ ആ അഭിലാഷം നിറവേറ്റാൻ അദ്ദേഹത്തിന്റെ മിക്ക പടനായകർക്കും താല്പര്യം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ എംബാം ചെയ്ത ശരീരം സ്വദേശമായ മാസിഡോണിയയിൽ അടക്കം ചെയ്യാൻ തന്നെ അവർ തീരുമാനിച്ചു. വലിയ ഒരു അകമ്പടി സൈന്യത്തോ ടൊപ്പം അലക്സാൻഡറുടെ ഭൗതിക ശരീരം ബാബിലോണിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള മാസിഡോണിലേക്ക് അയക്കകപ്പെട്ടു.

 

അലക്സാൻഡറുടെ ജനറൽമാരിൽ പ്രധാനിയും, അപ്പോഴേക്ക് ഈജിപ്തിന്റെ അധിപനുമായ ടോളമിക്ക് പക്ഷെ മറ്റു ചില പദ്ധതികൾ ഉണ്ടായിരുന്നു. അലക്സാൻഡറുടെ ഭൗതിക ശരീരം ഈജിപ്റ്റ്ൽ തന്നെ അടക്കം ചെയ്തശേഷം അലക്സാൻഡറുടെ ശരിക്കുളള പിന്തുടർച്ചാവകാശിയായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു ടോളമിയുടെ ഉദ്ദേശം. ടോളമിയുടെ സൈനികർ സിറിയയിൽ വച് അലക്സാൻഡറുടെ ശവമഞ്ചം തട്ടിയെടുത്തു. അനുഗമിച്ച സൈനികരെ പണം കൊടുത്തു പാട്ടിലാക്കിയാണ് ടോളമി ആ തട്ടിയെടുക്കൽ നടത്തിയത് എന്നും പറയപ്പെടുന്നു. എന്തായാലും അലക്സാൻഡറുടെ ഭൗതിക ശരീരം ഈജിപ്തിലെത്തി. ടോളമി അലക്സാൻഡറുടെ ഭൗതിക ശരീരം മെംഫിസിൽ കുറച്ചുകാലം സൂക്ഷിച്ചശേഷം അലക്സാൻഡ്രിയയിൽ തന്നെ ഒരു ഗംഭീരമായ ശവകുടീരമുണ്ടാക്കി അതിൽ പ്രതിഷ്ഠിച്ചു. ഈജിപ്തിൽ എത്തിയെങ്കിലും സിവ മരുപ്പച്ചയിൽ അന്ത്യ വിശ്രമം കൊള്ളണമെന്ന അലക്സാൻഡറുടെ ആഗ്രഹം അങ്ങിനെ നടക്കാതെ പോയി. നൂറ്റാണ്ടുകൾ നിലനിന്നശേഷം അലക്സാൻഡറുടെ ശവകുടീരം ചരിത്ര രേഖകളിൽ നിന്നും അപ്രത്യക്ഷമായി. ഒരു പ്രകൃതി ദുരന്തത്തിൽ ആ കുടീരം ഭൂമിക്കടിയിൽ അകപ്പെട്ടു എന്നാണ് ഒരു പ്രബല വിശ്വാസം.

സാമ്രാജ്യ വിഭജന സമയത് അലക്സാൻഡറുടെ പിറക്കാനിരിക്കുന്ന കുട്ടിക്ക് ആയിരിക്കണം സാമ്രാജ്യത്തിന്റെ അവകാശം എന്ന ധാരണ ഉണ്ടായിരുന്നു. ജനിച്ചപ്പോൾ ആ കുട്ടിയെ അലക്സാൻഡർ നാലാമൻ എന്ന് നാമകരണവും ചെയ്തു. അലക്സാൻഡർ നാലാമൻ പ്രായപൂർത്തിയാകുന്നതുവരെ അദ്ദേഹത്തിന്റെ സംരക്ഷണം അലക്സാൻഡറുടെ ജനറൽമാരായ ആന്റിപെറ്ററും പുത്രൻ കസാൻഡറും വഹിക്കണം എന്നായിരുന്നു കരാർ. പക്ഷെ ഏതാനും വർഷങ്ങൾക്കകം അലക്സാൻഡറുടെ ജനറൽമാർ തമ്മിൽ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കസാൻഡർ ഗ്രീസിലെ തന്റെ സ്ഥാനം ഉറപ്പിക്കാനായി അലക്സാണ്ടറുടെ ‘അമ്മ ഒളിംപിയാസിനെയും പത്നി റോക്‌സാനയെയും പുത്രൻ അലക്സാൻഡർ നാലാമ നെയും സൂത്രത്തിൽ വകവരുത്തി. അലക്സാൻഡറുടെ മരണത്തിന് പത്രണ്ടു് വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളെയെല്ലാം അദ്ദേഹത്തിന്റെ അനുചരർ വകവരുത്തിയിരുന്നു.

Trending

To Top
Don`t copy text!