അവകാശികൾ... - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

അവകാശികൾ…

വർഷങ്ങൾക്ക് ശേഷം വീണ്ടും ആ വീട്ടിലേക്കുള്ള തിരിച്ചു വരവ് അവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല .

അല്ലെങ്കിൽ ആഗ്രഹിച്ചിരുന്നില്ലെന്നു പറയുന്നതാവും ശരി

ടാക്സി കാറിലിരിക്കുമ്പോൾ അവൻ ഒന്നുകൂടെ എണ്ണി നോക്കി ” തുമ്പി ജനിക്കുമ്പോൾ താൻ നാലിൽ പഠിക്കുന്നു …കഴിഞ്ഞ മാസം ചന്ദ്രമ്മാമയെ കണ്ടപ്പോൾ പറഞ്ഞു അവൾക്ക് പത്തൊൻപത് തികഞ്ഞത് കൊണ്ടാണ് കല്യാണം നടത്തുന്നത് ….

താൻ പോകുമ്പോൾ അവൾ മൂന്ന് കഴിഞ്ഞു ,,അന്ന് തനിക്ക് വോട്ട് ചെയ്യാനുള്ള കടലാസ്സുമായി ബാലേട്ടനും .ചന്ദ്രമ്മാമയും ഒക്കെ വന്നിരുന്നു
മാമ പറഞ്ഞ കണക്കു വെച്ച് നോക്കുമ്പോൾ തനിക്ക് ഇരുപത്തെട്ടു വയസായോ ..? ”

യാത്രക്കാരൻ കേറിയത്‌ മുതൽ സ്വയം പിറുപിറുക്കുന്നത് കേട്ട ഡ്രൈവർ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

എയർപോർട്ടിൽ നിന്നാണ് വരുന്നതെങ്കിലും യാത്രക്കാരന്റെ രൂപത്തിലും പെരുമാറ്റത്തിലുമുള്ള വൈരുദ്ധ്യം കൂലി കിട്ടുമോ എന്ന ചെറിയൊരു ഭയമുണ്ടാക്കി

ചന്ദ്രമ്മാമ കുറിച്ച് കൊടുത്ത നമ്പറിൽ വിളിക്കാൻ വരുന്ന സമയത്ത് ആദ്യമായി ഒരു ഫോൺ വാങ്ങി .

വഴിയറിയാതെ അല്ല സ്വന്തം വീട്ടിലേക്ക്, എങ്കിലും മുബൈയിൽ ചന്ദ്രമ്മാമയും ,അച്ഛനും ,ഏട്ടനും ,വല്യച്ചനും കൂടെ ഉപേക്ഷിച്ച് പോന്ന കുടുംബത്തിന്റെ ശാപത്തോട് വീട്ടുകാർ എങ്ങനെ പ്രതികരിക്കും എന്ന പേടിയായിരുന്നു
“വടക്കഞ്ചേരി….എത്തിയോ …?”

അവൻ സ്വയം അത്ഭുതപ്പെട്ടു . നെടുമ്പാശ്ശേരിയിൽ നിന്നും കേറിയിട്ട് കഷ്ടി മൂന്നു മണിക്കൂർ ആവുന്നതെയുള്ളൂ ,പോരാത്തതിന് കുതിരാനിലെ ബ്ലോക്കും …എന്നിട്ടും ….

അല്ലെങ്കിൽ വീട്ടിലേക്കുള്ള കാലങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ്‌ യാത്രയുടെ സുഖം വർദ്ധിപ്പിച്ചിരുന്നു. ഒന്നുകൂടി കണ്ണടയ്ക്കാൻ ഉള്ള സമയമുണ്ട് കണിമംഗലത്ത് എത്താൻ .

ഇന്ന് ഏപ്രിൽ മൂന്നാണ് …നെന്മാറ വേല ഇതിനിടയ്ക്ക് എപ്പോഴോ ആണല്ലോ നടക്കുക ….എന്നാണെന്ന് കൃത്യമായി ഓർമ കിട്ടുന്നില്ല .

കഴിയുമെങ്കിൽ ഇന്നെന്നെ വീടെത്തി ഫ്രഷ്‌ ആയി ആരെയെങ്കിലും കൂട്ടി നെല്ലിക്കുളങ്ങരയിൽ വന്നു തൊഴണം .

ഫോണെടുത്ത് ചുക്കി ചുളിഞ്ഞ കടലാസ്സ് കഷ്ണമെടുത്തു അക്കങ്ങൾ കൃത്യമായി ഫോണിൽ അടിച്ചു , നല്ല ഫോൺ വാങ്ങാനുള്ള കാശുണ്ടായിരുന്നു പക്ഷെ അതിന്റെ ആവശ്യം ഇതുവരെ അനുഭവപ്പെട്ടിട്ടില്ല അതുകൊണ്ട് വേണ്ടെന്നു വെച്ചു

ചെറിയ ടിഫ്ഫെൻ ബോക്സ്‌ ന്റെ ആത്രയുള്ള ഫോണുകളിൽ ആൺ പിള്ളാരും പെൺ പിള്ളാരും കൊഞ്ചികുഴയുന്നതും,ഫോട്ടോ എടുപ്പും ,പിന്നെ ഏതു നേരവും നോക്കിയിരിക്കുന്നതും ,അടുത്ത റൂമിലെ പിള്ളാർ ഗെയിം കളിക്കുന്നതും അവൻ കണ്ടിട്ടുണ്ട് പക്ഷെ അങ്ങനെയൊന്ന് അവനാവശ്യമില്ലായിരുന്നു

മറു വശത്ത്‌ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടപ്പോൾ അവനൽപം പേടി തോന്നി ,ഇനി എന്തായാലും മയങ്ങണ്ട എന്ന് മനസ്സിലുറപ്പിച്ചു ….

നീണ്ട റിംഗ് നു ശേഷം മറുവശത്ത്‌ സ്ത്രീ ശബ്ദം കേട്ടപ്പോൾ അവനൊന്നു ഞെട്ടി

“ഹലോ …ആരാണ് …?”

“ചന്ദ്രമ്മാമയുണ്ടോ ..?” അവൻ പതുക്കെ ചോദിച്ചു

“അച്ഛൻ കുളിക്കുകയാ ….ഇതാര …?”

“വന്നിട്ട് ഈ നമ്പറിൽ വിളിക്കാൻ പറഞ്ഞാൽ മതി …… ”

“പേര് പറയണ്ടേ …?.” മറുവശത്തുള്ള ചോദ്യത്തിന് മറുപടി പറയാതെ അവൻ ഫോൺ വെച്ചു. താൻ വന്നത് കയറി ചെല്ലുമ്പോൾ അറിഞ്ഞാൽ മതി എല്ലാവരും . അവൻ വീണ്ടും പുറത്തേക്ക് കണ്ണും നട്ടിരുന്നു

മുടപ്പല്ലൂർ … വണ്ടാഴി …ചിറ്റിലംചേരി … ഓരോ ബോർഡുകളായി അവന്റെ മുന്നിലൂടെ കടന്നു പോയി . ഇനി വളരെ കുറച്ചു നേരം മാത്രം .

ആരാവും ഫോണെടുത്തത് എന്ന ചിന്ത പെട്ടെന്നാണ് അവനുണ്ടായത്

“അമ്മായി ആയിരിക്കുമോ ….അല്ലെങ്കിൽ ……ഇന്ദു …ദൈവമേ ..!

ഇന്ദു അല്ലാതെ മറ്റാരാണ്‌ അവിടെ ഇത്ര ചെറിയ ശബ്ദത്തിൽ ….” അവന്റെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു

“മനു ഏട്ടാ…പ്ലീസ് …ഇവിടെനിന്നും പോയെ പറ്റൂ ….ഇല്ലെങ്കിൽ എനിക്കീ കല്യാണത്തിന് സമ്മതിക്കാൻ സാധിക്കില്യ …”

അവൻ അന്നവസാനമായി അവളെ കാണുമ്പോൾ പറഞ്ഞ വാക്കുകൾ ഓർത്തെടുക്കാൻ ശ്രമിച്ചു . “അത് ഇത് തന്നെ….” എത്രകാലായി അവളെയൊന്ന് ഓർത്തിട്ടുപോലും….

ഈ ജന്മം മറക്കില്ലെന്ന് എത്ര തവണ …നൂറ്…അല്ല ആയിരം ….പതിനായിരം ….എത്ര തവണ വാഗ്ദാനം നല്കിയിരുന്നു .

എന്നിട്ടത് മാത്രം മറന്നു താൻ ….

അല്ല അവൾ പറഞ്ഞതല്ലേ മറക്കാൻ ….

മനു ഏട്ടൻ തന്നെ ഓർക്കരുത് എന്ന് അവസാനം പടിയിറങ്ങി വരുമ്പോൾ നിറഞ്ഞ കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു ….എന്നെ മറക്കണം എന്നന്നേയ്ക്കുമായി

വലിയൊരു കൂട്ട് കുടുംബത്തിൽ ആയിരുന്നു ജനിച്ചത്‌ ദൈവ വിശ്വാസവും അന്ധമായ പ്രമാണങ്ങളും കൊണ്ട് നടന്നിരുന്ന അച്ഛനുൾപ്പെടെ കാരണവൻ മാരുടെ വലിയ നിര

വീടിനുള്ളിൽ മറ്റു കുട്ടികളെ പോലെ തളച്ചിട്ട് വളർത്തിയ കുട്ടികൾക്ക് സ്കൂൾ പോലും വലിയ അത്ഭുതമായിരുന്നു അന്ന് . പറമ്പിനു അപ്പുറത്തെ പിള്ളാർ കളിക്കുന്നത് കാണാൻ വേലിക്ക് അറ്റത്ത്‌ ചെന്ന് നിൽപ്പ് വൈകാതെ അവരുടെ കൂടെയായി

എന്നും വേലി ചാടി കളിക്കാൻ പോക്ക് പതിവാക്കി .. ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്തായിരുന്നു അത് .. കൂടെ കളിക്കാനും സ്കൂളിലും വന്നിരുന്ന കൂട്ടുകാരന് ഇന്ദുനോട് ഇഷ്ട്ടം

ഒരു പതിനാലുകാരന്റെ കളി സ്വഭാവം വിടാത്ത മനസ്സ് ഇന്ദുനോട് അക്കാര്യം പറയാൻ തോന്നിപ്പിച്ചു . മനസ്സ് നിറയെ അവർ രണ്ടുപേരും കൂടെ നടക്കുന്ന ചിത്രമായിരുന്നു സിനിമകളിൽ കണ്ടതുപോലെ

അമ്പലത്തിലും , കുളത്തിന് അരികെയും , സ്കൂളിലും , പാടവരമ്പത്തും അവരുടെ പ്രണയം തളിർക്കുന്ന സ്വപ്നം ആയിരുന്നു അന്നേറെ കണ്ടിരുന്നതും
എന്നും ബന്ധുക്കാര് കുട്ടികളോ ,അയലത്തെ കുട്ടികളോ താഴെയുള്ളവരോ കൊണ്ട് ചുറ്റപ്പെട്ട ഇന്ദുന്റെ അടുത്തേക്ക്‌ ചെന്ന് പറയാൻ തക്കം പാർത്ത് നടക്കുന്നതിനിടയിൽ അന്ന് ഒളിച്ചു കളിക്കിടെ അറിയാതെ എന്നോണം തന്റെ മുറിയിൽ കയറി വന്ന ഇന്ദു

പറയാൻ തുടങ്ങും മുന്നേ അവൾ വാതിലടച്ചു കുറ്റിയിട്ടു തന്നെ കട്ടിലിൽ പിടിച്ചിരുത്തി പറഞ്ഞു “മനു ഏട്ടാ …എനിക്കൊരു കാര്യം പറയാനുണ്ട് …”

“എനിക്കും …”

“എന്താ …”?

“ആദ്യം ഇന്ദു പറ …”

“വേണ്ട ..ഏട്ടൻ പറ …. എന്നിട്ടേ ഞാൻ പറയൂ …”

“കേട്ടാൽ നീ അത്ഭുതപ്പെടും ….. നമ്മടെ ഉണ്ണിയില്ലേ….അവനു നിന്നെ ഇഷ്ട്ടാണ് എന്ന് …പ്രേമം ….ഞെട്ടിയില്ലേ ?”

അത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് ചുവക്കുമെന്ന് കരുതിയ മുഖം പെട്ടെന്ന് കനക്കുന്നതു കണ്ടപ്പോൾ പറഞ്ഞത് അബദ്ധായോ എന്ന് തോന്നി ,

“വേണ്ടെങ്കിൽ വേണ്ടെന്ന് ” പറയാൻ തുനിഞ്ഞതാണ് അപ്പോഴേക്കും തന്നോട് കുറച്ചുകൂടെ ചേർന്നിരുന്നു കെട്ടിപ്പുണരുകയായിരുന്നു

അവളുടെ കണ്ണുനീർ തുള്ളികൾ ചുമലിൽ പതിച്ചപ്പോൾ ,എല്ലാം മറന്ന് തന്റെ നെഞ്ചിൽ ചേർന്നിരിക്കുന്ന ആ നിമിഷമൊരിക്കലും അവസാനിക്കരുതെന്നു തോന്നിപ്പോയി . ഉണ്ണിയോട് മനസ്സുകൊണ്ട് മാപ്പ് പറഞ്ഞു അവളെ ഒന്നുകൂടെ ചേർത്തു

അല്പസമയത്തിന് ശേഷം “എനിക്ക് മനു ഏട്ടനെ ആണ് ഇഷ്ട്ടം ..ഇനിയുമത് മനസ്സിലായില്ലേ ….എന്റെ ജീവിതത്തിൽ മറ്റാരും വേണ്ട ….” പടികൾ ഇറങ്ങിപ്പോയ കൊലുസ്സിന്റെ ശബ്ദം കാതിൽ നിന്ന് മറയുമ്പോഴും ശരീരത്തിന് അന്നുവരെയില്ലാത്ത എന്തോ ചൂട് തോന്നി …

പിന്നീട് അവളെ കാണുമ്പോഴെല്ലാം ചേർത്തുപിടിക്കാൻ കൊതിച്ചിരുന്നു …പലപ്പോഴും അമ്മാവന്റെ മകളെന്ന സൌകര്യം ഞങ്ങളുടെ ആ പ്രണയത്തിന്റെ ആഴം കൂട്ടി

എന്നുമുതലാണ് ആ സാന്നിധ്യത്തെ ഭയപ്പെട്ടു തുടങ്ങിയത് ….. അവളെ കാണുമ്പോൾ ഓടിയൊളിച്ചു തുടങ്ങിയത് … അവളെ മാത്രമല്ല പേടിയായിരുന്നു എല്ലാത്തിനെയും ..എല്ലാവരെയും ….

മാറിത്തുടങ്ങിയ ശബ്ദം …നടത്തം ..ഇഷ്ട്ടങ്ങൾ …തിരിച്ചറിവ് ഉള്ളതുകൊണ്ട് മാറ്റങ്ങൾ ആരെയും അറിയിക്കാതിരിക്കാൻ എത്ര പരിശ്രമിച്ചു
എന്നിട്ടും ….അന്ന് ……………

“ആണും പെണ്ണും കെട്ട് ജനിക്കുന്നത് മുജ്ജമ്മ പാപാണ്‌…..” മുത്തശ്ശിയും കണ്ണ് തുടച്ചു കൊണ്ട് എങ്കിലും അമ്മയും അച്ഛൻ പറഞ്ഞതിനോട് അനുകൂലിച്ചു
നാല് ചുവരുകൾക്കുള്ളിലെ ഇരുട്ട് …

കണ്ണാടി ഓടിന്റെ ഇത്തിരി വെട്ടത്തിൽ എന്നും മങ്ങിയ മുഖവുമായി ഇന്ദു കൊണ്ട് തന്നിരുന്ന പുസ്തകങ്ങൾ വായിക്കുമ്പോഴും മനസ്സിലൊരായിരം പ്രണയകവിതകൾ അവൾക്കായി രൂപപ്പെടുന്നത് മുളയിലെ നശിപ്പിച്ചു

മുത്തശ്ശിയുടെ മടിയിൽ കിടന്നു ഒരിക്കൽ കൂടി ഉറങ്ങാൻ …

അച്ഛനോടൊപ്പം ഇരുന്ന് അമ്മ വിളമ്പിയ ചോറുണ്ണാൻ ….

തുമ്പിയും കൊണ്ട് പാടത്തോക്കെ നടക്കാൻ ….

കൂട്ടുകാരുടെ കൂടെ കളിക്കാൻ …

ബന്ധുക്കാരുടെ കൂടെ സംസാരിച്ചിരിക്കാൻ ….

ആരുമില്ലാത്ത നേരത്ത് തന്റെ മാത്രമാക്കി ഇന്ദുവിനെ പ്രണയിക്കാൻ ….

മോഹങ്ങളെല്ലാം മനസ്സിലൊതുക്കി പകൽ വെട്ടവും രാവിന്റെ സൌന്ദര്യവും തനിക്കന്യമാക്കി അച്ഛൻ കൊണ്ട് വന്ന പണിക്കരും പ്രവചിച്ചു

“കുടുംബത്തിലെ ശാപം “.

ഒരു മനുഷ്യനായി അല്ലെങ്കിൽ വീട്ടിലെ പട്ടിക്കും പൂച്ചയ്ക്കും പശൂനും കൊടുക്കുന്ന സ്ഥാനം പോലും പിന്നീട് തനിക്കു തന്നിരുന്നില്ല . ആണും പെണ്ണും അല്ലാത്തവർ മനുഷ്യഗണത്തിൽ പെടില്ലെന്നു വിധിയെഴുതിയതാരാണ് …

ഇന്ദുന്റെ കല്യാണം ഉറപ്പിക്കുന്നു എന്ന് പറഞ്ഞപ്പോൾ താൻ തന്നെയാണ് ജനലിലൂടെ ചോറ് കൊണ്ട് വന്ന് അകത്തു വെച്ച അമ്മയോട് പറഞ്ഞത് ഇവിടെ നിന്നും പോവണം വാതിൽ തുറക്കാൻ

കാര്യം അറിഞ്ഞു എല്ലാവരും എത്തുന്നതിനു മുൻപേ അപമാനം കയ്യൊഴിയാൻ ഏട്ടനും അച്ഛനും കാണിച്ച ഉത്സാഹം തന്നെ അമ്പരപ്പെടുത്തി,

കോലായിൽ നിന്നിറങ്ങുമ്പോൾ തുമ്പിയുടെ നെറ്റിയിലൊരു ഉമ്മ വെക്കുമ്പോൾ അമ്മ അവളെ പിടിച്ചു നീക്കിയത് ഉള്ളിലൊരു തീരാ വേദനയായി ഇപ്പോഴും മനസ്സില് തെളിയുമ്പോൾ പെട്ടെന്ന് കണ്ണ് നിറയ്ക്കാറുണ്ട്

“മനൂ എങ്ങോട്ടാ പോകുന്നെ …തുമ്പിയും വരുന്നു ….”

അമ്മയുടെ പിടി മാറ്റി തന്റെ അടുത്തെത്താൻ കഷ്ട്ടപ്പെടുന്ന കുട്ടിയോട് പിന്നെയൊന്നും പറയാൻ കഴിഞ്ഞില്ല . ഒരേ ഗർഭപാത്രത്തിൽ ജനിച്ച അന്യർ എന്ന ബോധം ആദ്യമായി അവിടെ വെച്ച് ഉണ്ടായി

തന്റെ കയ്യിൽ തൂങ്ങി “അതെന്താ ഏട്ടാ …ഇതെന്താ മനൂ … എന്തിനാ മനൂ …മനൂ …” അവൾക്ക് എന്നും സംശയമാണ് …ഒരിക്കലും തീരാത്ത സംശയങ്ങൾ..അതിനു തനിക്കെന്ന പോലെ മറുപടി കൊടുക്കാൻ ആർക്കും കഴിയില്ലായിരുന്നു

“മനൂ തുമ്പിയെ ഒന്നെടുത്തിട്ടു പോ …” അമ്മയും അച്ഛനും സ്ഥിരമായി ഏൽപ്പിക്കുന്ന ജോലി . ഇന്നിപ്പോൾ അവളെ തൊടരുതെന്ന്

“ബാല ….അവനു മുജ്ജന്മ പാപാണ് വെച്ച് ഈ ജന്മത്തിൽ നീ പാപം ചെയ്യാണോ ?” അച്ഛമ്മ മാത്രം തന്നെ സ്നേഹിച്ചിരുന്നുള്ളൂ എന്ന് തോന്നി അപ്പോൾ

“അമ്മ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ …… എത്രകാലം ഇതിനെ നമ്മൾ പോറ്റും എന്നാണ്…. ഇല്ലെങ്കിൽ ഇല്ല പറയാം ,ഇതിപ്പോൾ പുറത്തുള്ളവരോട് എന്ത് പറയും …ഇപ്പൊ തന്നെ ചെക്കനെവിടെ ന്നു പലരും ചോദിച്ചു തൊടങ്ങി …

ഇനിയും എന്നെക്കൊണ്ട് വയ്യ ഓരോ കള്ളങ്ങൾ പറയാൻ …അവൻ നാട് വിട്ടു എന്നണോ ചത്തു എന്നോ പറഞ്ഞോളാം പതിനാറ് ദെവസം പന്തിയൊരുക്കണം എന്നല്ലേയുള്ളൂ …” എന്ത് ക്രൂരനാണ് അച്ഛനെന്നു അപ്പോൾ തോന്നി ,

വാവ് ബലിക്ക് കണ്ടമുത്തനു കോഴിയറുക്കുന്ന ഭീകരനായ അച്ഛൻ ….ബലിക്കല്ലിൽ കണ്ണുനീർ വറ്റിയ തന്റെ മുഖം അച്ഛൻ ആഞ്ഞു വെട്ടുന്നു .

എത്ര തവണ ഈ സ്വപ്നം കണ്ടു ഞെട്ടിയുണർന്നു…….അല്ലെങ്കിൽ ഇടയ്ക്കൊക്കെ ഇപ്പോഴും …………അവന്റെ കണ്ണുകൾ നിറഞ്ഞു .

പെട്ടെന്ന് ഫോണിൽ കാൾ വന്നപ്പോൾ ഓർമകളിൽ നിന്നും ഞെട്ടിയുണർന്നു . അറ്റൻഡ് ചെയ്തു

“മാമേ ഇത് ഞാന മനു ….നാളയല്ലേ കല്യാണം …ഞാൻ വരുന്നുണ്ട് ”

അയാൾക്ക്‌ ആദ്യം ഞെട്ടലായിരുന്നു … മാസങ്ങൾക്ക് മുൻപ് ഡൽഹിയിൽ വെച്ച് അവിചാരിതമായി കണ്ടപ്പോൾ തന്റെ മുന്നിൽ നിന്നും ഒഴിഞ്ഞുമാറാൻ ഏറെ കഷ്ട്ടപ്പെടുന്ന അവനെ താൻ തന്നെ പോയി പരിചയം പുതുക്കുകയായിരുന്നു

ഫൈവ് സ്റ്റാർ ഹോട്ടലിലെ റിസപ്ഷണിസ്റ്റ് ,ഒപ്പം പാചകം കൂടി ഉണ്ടെന്നു അറിഞ്ഞപ്പോൾ അത്ഭുതമായിരുന്നു . മുംബൈയിൽ കൊണ്ട് ചെന്ന് ഉപേക്ഷിച്ചു പോരുമ്പോൾ ആരും കാണാതെ നീട്ടിയ പൈസ പോലും വാങ്ങാൻ കൂട്ടാക്കിയില്ല

ഇന്ദു ജനിച്ച അന്നുമുതൽ അവന്റെ വധു ആവുന്നത് എത്ര സ്വപ്നം കണ്ടിരുന്നു , നല്ല പുരാതനമായ കുടുംബത്തിൽ പുരോഗമന ആശയങ്ങളും ചിന്താഗതിയുമുള്ള ആൺ കുട്ടി ,

തനിക്കെനും കൂട്ടായിരുന്നവൻ
“ഇല്ല മാമേ എനിക്കിതു വേണ്ട …ചത്തു പോയവന് വായിക്കരിയുടെ ആവശ്യമില്ല നിങ്ങളുടെ സന്തോഷം മാത്രമാണ് അത് …ഇനി തമ്മിൽ കാണാതിരിക്കട്ടെ …”

എല്ലാവരും യാത്ര പറഞ്ഞു തുടങ്ങും മുൻപ് അവൻ ഒന്നിനും ചെവി കൊടുക്കാതെ നടന്നു ,പഴകിയ കെട്ടിടങ്ങളുടെ നടുവിലെ വൃത്തിഹീനമായ വഴികളിലൂടെ …എങ്ങോട്ടാണ് പോകേണ്ടത് എന്ന് അവൻ മനസ്സിലുറപ്പിച്ച പോലെ

കണ്ണിൽ നിന്നും മറഞ്ഞപ്പോൾ കാറിൽ കയറി എല്ലാവരും ആശ്വസിക്കാൻ ശ്രമിച്ചപ്പോഴും കർക്കിടകത്തിന് അടിച്ചു തെളിച്ചു അഴുക്ക് മൂദേവിയാക്കി കൊണ്ട് കളഞ്ഞിട്ട് പാതി നിറഞ്ഞ കുളത്തിൽ ചാറ്റൽ മഴയ്ക്കൊപ്പം മുങ്ങി കുളിച്ചു വരുന്ന സംതൃപ്തി തനിക്കു കിട്ടിയില്ല

“മാമേ എന്താ മിണ്ടാതെ ….”

അയാൾ ചിന്തകളിൽ നിന്നും ഉണർന്നു “എവിടെയെത്തിയെട മോനെ …”

“ഞാൻ നെന്മാറ …..അങ്ങോട്ട്‌ വരാൻ പേടിയാവുന്നു ….”

അയാൾ കണ്ണ് തുടച്ചു കൊണ്ട് “നീ വാടാ ….നിന്റെ വീടല്ലേ ..നീയാരെയ പേടിക്കുന്നെ …”

“പടിയടച്ച് പിണ്ഡം വെച്ചവന് എന്ത് ബന്ധു ,എന്ത് വീട് ….ശല്യവും എല്ലാർക്കും എന്നാലും മാമ പറഞ്ഞപ്പോൾ കല്യാണവേഷത്തിൽ ന്റെ തുമ്പിയെ

…..”അവന്റെ ശബ്ദം ഇടറി

“കണിമംഗലത്ത് ഞാൻ നിക്കാം ,,,നീ ധൈര്യായി വാ ….”

അവൻ ഫോൺ കട്ട്‌ ചെയ്ത് ബാഗിലിട്ടു . കണ്ണ് തുടച്ചു.. വഴിയിൽ നിന്നും വാങ്ങിയ വാട്ടർ ബോട്ടിൽ ലെ കുറച്ചു ബാക്കി വന്ന വെള്ളം കൊണ്ട് ഡോറിലെ ഗ്ലാസ്‌ തുറന്നു കാർ നിർത്താൻ പറയാതെ മുഖം കഴുകി .

“അതെ …എത്രയ ചാർജ് ….?”

“ഇറങ്ങിയിട്ട് പറയാം സാർ …..മീറ്റർ നോക്കണം ”

“സാരമില്ലടോ ഒരു നൂറു കിലോമീറ്ററിന്റെ അടുത്തു കാണും ,,താൻ എത്രയായാലും പറഞ്ഞോ … അവിടെയെത്തിയാൽ തനിക്കു വേഗം മടങ്ങാലോ …”

“നാലായിരം ….അല്ല മൂവായിരത്തി അഞ്ഞൂറ് …മതി …”

“വേണ്ട താൻ ഇത് വെച്ചോ …” വാഹനം ഓടിക്കുന്ന അയാൾക്ക്‌ സീറ്റിനു മുകളിലൂടെ ആയിരത്തിന്റെ അഞ്ചു നോട്ടുകൾ നീട്ടി . അയാൾ ഒരു കൈകൊണ്ട് വാങ്ങി …

“സാറേ ഇത് കൂടുതലാണ് …”

“അറിയാം ….എന്റെ സന്തോഷത്തിന്…..ഞാനൊരു നല്ല കാര്യത്തിന് വന്നതാണ് താൻ ഇത്രനേരവും എന്നെ സഹിച്ചില്ലേ …ഇത്തിരി പേടിച്ചില്ലേ വാടക കിട്ടുമോ എന്ന് ”

അയാൾ തല കുനിച്ചു വിളറിയ മുഖത്തോടെ . അത് മറയ്ക്കാൻ എന്നോണം പറഞ്ഞു

“എന്താ ഇത്ര സന്തോഷം ?”

“എന്റെ ഒരേയൊരു അനിയത്തിയുടെ കല്യാണമാണ് …”

“നല്ല കാര്യമാണല്ലോ ….ചെക്കൻ എന്ത് ചെയ്യുന്നു ….സ്ത്രീധനം എന്ത് കൊടുക്കുന്നുണ്ട് ….ഇപ്പോഴൊക്കെ പത്തും അമ്പതും ഇല്ലാതെ കല്യാണം നടക്കില്ല ”

“എനിക്കറിയില്ല , ഞാൻ കുറച്ചു നാളായി പുറത്താണ് ….”

“എന്നാലും വിളിച്ചു പറയില്ലേ ?”

“ഞാൻ ഫോൺ ഉപയോഗിക്കാറില്ല …..”

അയാൾക്ക്‌ ചെറുതായി അത്ഭുതം തോന്നി ” അല്ല അതെന്താ സാർ എവിടെയായിരുന്നു ഇത്ര കാലം …”?

“കുറച്ചു ദൂരെ ……”

“എന്നുവെച്ചാൽ …. ഇഷ്ട്ടമുണ്ടെങ്കിൽ പറഞ്ഞാൽ മതി ….'”

അയാൾ ചെറുതായൊന്നു ചിരിച്ചിട്ട് …”തന്റെ പേരെന്താണ് ?

“മഹേഷ്‌ …..”

“മഹേഷേ ….ഞാൻ പതിനെട്ടു വയസ്സിൽ ഇവിടെ നിന്നും പോയതാണ് , ഇപ്പോഴെനിക്ക്‌ ഇരുപത്തെട്ട് ആയിക്കാണും എന്ന് തോന്നുന്നു ..ഇപ്പോഴാണ് തിരിച്ചു വരുന്നത് ”

“അതെന്താ സാറേ ?”

“താൻ ഈ ശിഖണ്ടിയുടെ കഥ കേട്ടിട്ടുണ്ടോ …..”?

“ആഹ …”

“അതാണ്‌ ഞാൻ അതുകൊണ്ട് എനിക്ക് മനുഷ്യരുടെ കൂടെ ജീവിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞു കൊണ്ട് ചെന്ന് വിട്ടതാണ് വീട്ടുകാർ ”

അയാൾ ആദ്യം ഒന്ന് ഞെട്ടി .ഇത്രനേരം എന്തോ വ്യത്യാസം ഉണ്ടെന്നു തോന്നിയെങ്കിലും ഇതുപോലൊരു വാർത്ത അയാൾ പ്രതീക്ഷിച്ചില്ല

“സാറേ ….അപ്പോൾ ….”

“താൻ എന്തിനാ വിഷമിക്കുന്നേ ,,എനിക്ക് ഇത് ശീലമായി ….”

“അതിനു എന്തിനാണ് ഉപേക്ഷിച്ചത് ..?

“താനൊരു മണ്ടനാണോ …. നിങ്ങളുടെ ലോകത്ത് ആണും പെണ്ണും മാത്രമല്ലേ ഉള്ളൂ …ജിവിതം എന്നാൽ കുടുംബവും കുട്ടികളും മാത്രമല്ലേ …ഇതിലൊന്നും യോഗ്യത തെളിയിക്കാത്തത് കൊണ്ട് കുടുംബത്തിലെ ശാപായിമാറി …കഴിഞ്ഞ ജന്മത്തിൽ ഞാൻ അത്ര വലിയ വൃത്തികെട്ടവൻ ആയിരിക്കും …..”

അതും പറഞ്ഞു അയാൾ പതിവിലും ഉറക്കെ ചിരിച്ചു

“ഇപ്പോൾ എവിടുന്നാണ് വരുന്നത് ?”

“ഡൽഹി…. അവിടത്തെ ജനങ്ങൾക്ക് കുറച്ചു വകതിരിവ് ഉള്ളതുകൊണ്ട് ജീവിച്ചുപോകുന്നു …മരിക്കാൻ പേടിയാണ് അതുകൊണ്ട്

“എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപൊലുള്ളോരീജ്ജീവിതം
എന്നുമിതിന്റെ ലഹരിയാലാനന്ദ
തുന്ദിലാമെൻമനം മൂളിപ്പറക്കണം ”

“സാർക്ക് കവിതയൊക്കെ അറിയ്യോ ….”?

“ഉം ..കുറച്ച്…..അന്നതൊരു ഹരമായിരുന്നു ….പിന്നെയത് മറന്നു തുടങ്ങി എങ്കിലും നമ്മുടെ മഹാകവികൾ പറഞ്ഞത് ഇടയ്ക്കിടെ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന സത്യം തന്നെയാണ് ”

“അതെ ….എങ്കിലും ഇതിപ്പോൾ സാറിന്റെ പ്രശ്നമാല്ലാലോ …ക്രോമോസോം ന്റെ വ്യതിയാനം കൊണ്ടല്ലേ …അതിന് ഈ ജന്മമോ മുജ്ജന്മമോ എന്നില്ല …ചില സമയത്ത് ജെനിറ്റിക്കൽ ആയി ഉണ്ടാവുന്നതുമാണ് ….”

“താൻ എത്രവരെ പഠിച്ചു ?”

“ബി എസ് സി ബോട്ടണി ….പഠിച്ചു മുന്നേറാൻ പറ്റില്ല അതുകൊണ്ട് വണ്ടിയോടിച്ചു കുടുംബത്തെ മുന്നെറ്റെണ്ടി വന്നു …. എനിക്ക് ഒരു കാമുകിയുണ്ടായിരുന്നു പണ്ട് …. അവൾ ഇതുപോലെ വലിയ കവിതാ ഭ്രാന്തിയായിരുന്നു ….”അയാൾ പതിയെ ചിരിച്ചു …

“ഹ ഹ …..അവളിപ്പോൾ എവിടെയോ എന്തോ ….അല്ലെ … എന്റെ വീട്ടുകാർക്ക് സയൻസ് അറിയാത്തത് കൊണ്ടാ ?”

“ഉം ….പെണ്ണുങ്ങളുടെ കാര്യമല്ലേ സാറേ …അവരുടെ കാര്യം അവര് തീരുമാനിക്കില്ല ..ചെറിയ മനസ്സാണ് …വീട്ടുകാരുടെ പുറകെ പോകും ഇഷ്ട്ടമില്ലെങ്കിലും ….എന്നാലും നമ്മൾ അത്ഭുതപ്പെടും നമ്മളെ അത്രയോകെക് സ്നേഹിച്ചിട്ട് മറ്റൊരുത്തന്റെ കൂടെ ചിരിച്ചു ജീവിക്കുന്നത് കാണുമ്പോൾ …..പാവങ്ങൾ ..ഉറക്കെയൊന്നു കരയാനും കൂടി പറ്റില്ല …..ചില കൽ പ്രതിമകളെ പോലെ …..”

അയാൾ വെറുതെയൊന്നു ചിരിച്ചു …”മനു ഏട്ടാ …. ഒരുമിച്ചുണ്ടാവണം എന്നും ..അതിൽ കുഞ്ഞുങ്ങളുടെയോ …മറ്റുള്ളതിന്റെയോ ആവശ്യമില്ല …കൂടെ ഉണ്ടായിരുന്നാൽ മതി ….നമുക്ക് എങ്ങോട്ടെങ്കിലും പോകാം …എനിക്ക് മുജ്ജന്മത്തെ പഴിച്ചു തള്ളി കളയാൻ ആവുന്നില്ല ….”
പാവം അവൾ എത്ര സ്നേഹിച്ചു തന്നെ …അവളുടെ ആ പ്രതികരണം കാരണമാണ് എത്ര കുത്തുവാക്ക് കേട്ടിട്ടും വീട് വിട്ടു പോവാൻ തുനിയാത്ത താൻ പോകണം എന്നുറപ്പിച്ചത് ….

“അതെ ഡോ…..പ്രണയം സുഖമാണ് …പക്ഷെ അതും വിധിച്ചിട്ടില്ല ഞങ്ങൾക്ക്….കുട്ടികളെ കാണുമ്പോൾ മനസ്സ് നിറയാറുണ്ട് പക്ഷെ ഭാഗ്യമില്ല ഒരു പൊന്നോമനയെ ലാളിക്കാൻ …. ജോലി തേടി അലയാറുണ്ട്…പരിഹസിച്ചു തിരിച്ചയക്കുമ്പോൾ അവരുടെ മുന്നിലൊരു വിഡ്ഢിച്ചിരി ചിരിക്കുമെങ്കിലും ഉള്ളം നീറുന്നതു ആരറിയും ….”

മനു പെട്ടെന്ന് നിർത്തി ,കണ്ണ് തുടച്ചു ,,പത്തുവർഷത്തെ അനുഭവങ്ങൾ അയാളെ ഒരുപാട് വേദനിപ്പിചെന്നു തോന്നിയപ്പോൾ അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു …..

“സാർക്ക് വിഷമമില്ലെങ്കിൽ ഞാനും കൂടെ വന്നോട്ടെ …. വീട്ടിൽ കയറിയതിനു ശേഷം തിരികെ പോകാം ….”

ഡ്രൈവറുടെ വാക്കുകൾ അയാളെ പെട്ടെന്ന് സന്തോഷിപ്പിച്ചു എങ്കിലും സ്നേഹത്തോടെ നിരസിച്ചു ,

“വേണ്ടന്നെ ..കാലം കുറെ ആയില്ലേ എന്നെ സ്വീകരിക്കും ….”ആ വാക്കുകളില ആത്മവിശ്വാസം പ്രതിഫലിച്ചു ….അയാൾ ബാഗ്‌ തുറന്ന് ഒരു ജ്വെൽ ബോക്സ്‌ എടുത്തു തുറന്ന് അയാൾക്ക്‌ നേരെ നീട്ടി …

“കണ്ടോ …എന്റെ സംബാദ്യത്തിലെ വലിയ പങ്കു കൊണ്ട് വാങ്ങിയതാണ് …എന്റെ തുമ്പിക്ക് …” അയാൾ പെട്ടെന്ന് തിരിഞ്ഞു നോക്കി തിളങ്ങുന്ന മാലയിലേക്ക് …”ഇയാളെ അവർ സ്വീകരിക്കണേ …ഞാൻ തേങ്ങ ഉടച്ചോളാം…”അയാൾ മൌനമായി പ്രാർത്ഥിച്ചു

വഴിയരികിൽ മുടി നരച്ചു തുടങ്ങിയ മദ്ധ്യവയസ്കനെ കണ്ടപ്പോൾ വണ്ടി നിർത്താൻ പറഞ്ഞു …ഡോർ തുറന്ന് കൊടുത്ത് അയാൾക്ക്‌ കയറുവാൻ
“മനൂ …നീ വന്നല്ലോ ..മോനെ …..”

“മുത്തശ്ശ മനൂ ദെ ….” കൂടെ കയറിയ കൊച്ചു ആൺ കുട്ടിയിലേക്ക്‌ അവൻ അപ്പോഴാണ്‌ നോക്കിയത് ..

“ഇതാര ….”

“ഇന്ദുന്റെ മോനാ …മനു …നിന്റെ പേര് തന്നെയാ ….. നീ പോയപ്പോൾ കല്യാണം വേണ്ടെന്നു വെച്ചതാ …അങ്ങോട്ടേക്ക് വരാൻ പുറപ്പെട്ടതുമാ…പക്ഷെ …..”
“മാമയ്ക്ക് എന്നോട് ദേഷ്യമില്ലേ…..?”

“എന്തിനാ …കുട്ടി …നീയിങ്ങനെ ആയിപ്പോയത്തിനു നീയെങ്ങനെ കാരണാവും..ഇതൊന്നും തീരുമാനിക്കുന്നത് നമ്മളല്ല …. ഈ ഇപ്പോഴും എന്റെ അനന്തിരവൻ തന്നെ …. അവളെ നിനക്ക് കൈ പിടിച്ചു തരാൻ കഴിയാത്ത സങ്കടം മാത്രം ….
മുജ്ജന്മത്തിൽ നീ പാപം ചെയ്തെങ്കിൽ ഈ ജന്മത്തിൽ നിന്നെ വേദനിപ്പിച്ച് ഞാൻ പാപം ചെയ്യില്ല ”

അവൻ ആ കുട്ടിയെ എടുത്ത് മടിയിൽ വെച്ചു. “മാമൻ ഒന്നും കൊണ്ട് വന്നില്ലാലൊ മോന് തരാൻ ….മോനുള്ളത് മാമന് അറിയില്ല …”

“തുമ്പി നിന്നെ കാണാം എന്ന് പറയും ഇടയ്ക്കിടക്ക് ….അന്ന് നിന്നെ കണ്ടത് ഞാൻ ആരോടും പറഞ്ഞിട്ടില്ല ഇവിടെ ..അമ്മയോട് മാത്രം …അമ്മയ്ക്കായിരുന്നു നിന്നെ കാണാൻ ഏറെ മോഹം ..പക്ഷെ മൂന്നു മാസം മുൻപ് ….

അമ്മ എന്നും പറയ്യായിരുന്നു…..”അവൻ പോയതോടെയാണ് വീട്ടിലെ ഐശ്വര്യം പോയതെന്ന് …..” ..എന്നെങ്കിലും നീ വരുമെന്ന പ്രതീക്ഷയായിരുന്നു ….

.നിന്നെ അന്വഷിച്ച് പലതവണ പുറപ്പെടാൻ തുനിഞ്ഞപ്പോഴും ആരും സമ്മതിച്ചില്ല …..ഐശ്വര്യായിരുന്നു നീ ആ വീടിന്റെ അറിയാതെ പോയി എല്ലാരും ….. നീ പറയുന്നത് തെറ്റാണ് മനൂ അന്ധവിശ്വാസങ്ങൾ ചിലപ്പോൾ നല്ലതാണ് എന്ന് …ചിലപ്പോഴല്ല ..ഇപ്പോഴും നല്ലതല്ല …..”

ഡ്രൈവർ ആരും കാണാതെ കണ്ണ് തുടച്ചു ,,,,വണ്ടി സ്ഥലമെത്തിയെന്ന വൃദ്ധന്റെ നിർദേശം വന്നപ്പോൾ ഒതുക്കിയിട്ടു . എല്ലാവരും പുറത്തിറങ്ങി …

ഡ്രൈവെരോട് ചിരിച്ചു തലയാട്ടി യാത്ര പറഞ്ഞു അകത്തേക്ക് കയറിയപ്പോഴും അയാൾ ആരെയോ പ്രതീക്ഷിച്ചു അവിടെ തന്നെ നിന്നു
വലിയൊരു കല്യാണം നടത്തുന്നതിന്റെ തിരക്ക് മുറ്റത്തേക്ക്‌ കയറുമ്പോഴേ അവന് അനുഭവപ്പെട്ടു . പണ്ടൊക്കെ കണ്ടു ശീലിച്ച ചില മുഖങ്ങൾ അവന്റെ മുന്നിലൂടെ അപരിചിത ഭാവത്തിൽ സാധാരണ എത്തുന്ന അഥിതി എന്നോണം കടന്നു പോയി . ചിലർ വെറുതെ നോക്കി ചിരിച്ചു …ചിലർ ശ്രദ്ധിക്കുന്നതെയില്ല ….

“മാമ …എന്നെ ആർക്കും മനസ്സിലായില്ലാ അല്ലെ …?”

പറഞ്ഞു തീരും മുൻപേ പടിക്കൽ നിന്നും അവനെ നോക്കി ഒരു ചെറുപ്പക്കാരൻ കയറി വന്നു , പുറകിലായി നന്നായി മേയ്ക്ക് അപ്പ് ചെയ്ത പെണ്ണും ….

“ഏട്ടൻ…” അവനറിയാതെ വിളിച്ചുപോയി …..

“ഓ …. നീയെപ്പോൾ വന്നു ….” അവൻ വന്നത് ഒട്ടും ഇഷ്ട്ടപ്പെടാത്ത ചോദ്യം പോലെ തോന്നി

“വന്നെ ഉള്ളൂ ….”

പിന്നെ ഒരു അലർച്ച പോലെ തോന്നി “അച്ഛാ ….ഇങ്ങോട്ട് വന്നെ …..”

അത് കേട്ടിട്ട് എന്നോണം അകത്തു നിന്നും എഴുപതിനോട് അടുത്ത ഒരാൾ വന്നു
“എന്താടാ വന്നതും …?”

“അച്ഛാ …ഈ തെണ്ടിയെ വിളിച്ചിരുന്നോ കല്യാണത്തിന്…?

അഥിതിയെ സൂക്ഷിച്ചു നോക്കിയിട്ട് ….”ഇന്ദൂ …ഒന്നിങ്ങോട്ടു വന്നെ …കുഞ്ഞിനെ കൊടുക്കാൻ വേറെ ആരെയും കണ്ടില്ലേ നീ …..

സദ്യയ്ക്ക് ആണെങ്കിൽ നാളെ വരൂ പുറത്തു ഇലയിടും …ഇവിടം കണ്ട തെണ്ടികൾക്ക്‌ കയറി നിരങ്ങാനുള്ളതല്ല …”

“ഏട്ടാ …ഇതല്പം കൂടുതലാണ് …”തല താഴ്ത്തി കുഞ്ഞിനേയും കൊണ്ട് നില്ക്കുന്ന മനുവിനെ നോക്കി ചന്ദ്രൻ പ്രതികരിച്ചു .

അപ്പോഴേക്കും അമ്പതു കഴിഞ്ഞ സ്ത്രീയും കുറെ പെണ്ണുങ്ങളും കല്യാണ പെണ്ണ് പോലെ അണിഞ്ഞൊരുങ്ങിയ പെണ്കുട്ടിയും വന്നു കൂട്ടത്തിൽ
“മനു ഏട്ടൻ …..” മനുവിന്റെ കയ്യിൽ നിന്നും ഊർന്നിറങ്ങിയ മകനെ എടുക്കുമ്പോൾ അവൾ അറിയാതെ പറഞ്ഞു . അതുകേട്ടപ്പോൾ മണവാട്ടി അത്ഭുതത്തോടെ ചോദിച്ചു

“ചേച്ചി ഇതാണോ എന്റെ ഏട്ടൻ ? ”

“ഇറങ്ങി പോകുന്നുണ്ടോ അശ്രീകരം ….” നാട്ടുകാർ എന്തെന്നറിയാതെ നോക്കി നിൽക്കെ അവൻ ചന്ദ്രൻ താഴെ വെച്ച അവന്റെ ബാഗെടുത്ത് തോളിലിട്ടു ,,,,

വാടിയ മുഖഭാവത്തോടെ തന്നെ ബാഗ് തുറന്ന് ജ്വെൽബോക്സ്‌ കയ്യിലെടുത്ത് മണവാട്ടി നിന്നിരുന്ന വരാന്തയ്ക്കു നേരെ നീങ്ങി
അത്ഭുതത്തോടെ അവനെ നോക്കി നില്ക്കുന്ന പെൺകുട്ടിയോട് “തുംബിയല്ലേ …..?”
ഒന്നും പറയാൻ ആവാതെ കണ്ണുനിറഞ്ഞത്‌ തുടച്ചു അവൾ താഴെയിറങ്ങി അവന്റെ അടുത്തു നിന്നു

“തുമ്പി …എന്നെ കണ്ടിട്ടുണ്ടോ …ഞാന മനു ……” അവളൊന്നും പറയാതെ നിറഞ്ഞ കണ്ണുകളോടെ അവന്റെ ചാരെ കെട്ടിപ്പിടിച്ചു നിന്നു ….”

എവിടെയാ എന്റെ ഏട്ടാ ,,,,,,

ഞാൻ അറിഞ്ഞു തുടങ്ങും മുൻപേ തുമ്പിയെ വിട്ടു പോയില്ലേ ….

ഏട്ടാ ….”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി . അതുകണ്ടവരുടെയും …. അവൻ ആ സമ്മാനം അവൾക്ക് നേരെ നീട്ടി

“മോൾക്ക്‌ ഒരുപാട് സമ്മാനം ഒക്കെ കിട്ടും …ഏട്ടന് തരാൻ ഇതേ ഉള്ളൂ ….”

അവൾ അത് വാങ്ങി കയ്യിൽ മുറുകെ പിടിക്കുംബോഴേക്കും . അച്ഛൻ വന്ന് അവനെ പിടിച്ചു മാറ്റി

“എന്റെ മോൾക്ക്‌ കൊടുക്കാൻ എനിക്കറിയാം …ആരും കയറി വരണ്ട …..”

ആരോടും ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങുമ്പോൾ പത്തുവർഷം മുൻപിലെ പോലെ നിറഞ്ഞു നിന്നത് ഇന്ദുന്റേം തുംബിയുടെയും മാത്രം കണ്ണുകൾ മാത്രമെന്ന് അവൻ ഓർത്തു…

കുറവ് മുത്തശ്ശിയുടെ മാത്രമാണ് ഇത്തവണയും പുറത്താക്കുമ്പോൾ വേണ്ടെന്നു പറയുവാൻ …വെറുപ്പോടെ നിൽക്കുന്ന ഏട്ടന്റെയും അച്ഛന്റെയും …ഇന്ദുവിന്റെ പുറകിലേക്ക് നീങ്ങി നിന്ന അമ്മയുടെയും മുഖത്തേക്ക് ഒന്നുകൂടെ നോക്കി അവൻ നടന്നു

“മോനെ ….ഇവിടെ നീ നിക്കണ്ട എന്റെ വീട്ടിൽ പോകാം ….”

“വേണ്ട മാമേ …ഇങ്ങോട്ട് ഞാൻ വരരുതായിരുന്നു …പിന്നെയെന്തോ വന്നുപോയി …എല്ലാവരെയും എനിക്കത്ര ഇഷ്ട്ടാണ് ….ഇനി ഒരു തിരിച്ചു വരവുണ്ടാകില്ല ….ഞാൻ പോട്ടെ ….”

ആരെയും തിരിഞ്ഞു നോക്കാതെ ആരോടും മിണ്ടാതെ അവൻ നടന്നു , പുറത്തു ആരെയോ കാത്തു അപ്പോഴും ഡ്രൈവർ ഉണ്ടായിരുന്നു ….

“സാറ് വരാതിരുന്നാൽ തിരിച്ചു പോകാൻ നിന്നതാണ് …..”

“വരരുതായിരുന്നു …ഞാൻ ……അവർ ഈ ജന്മം പാപം ചെയ്യാതിരിക്കാൻ ഞാൻ ഇറങ്ങി വന്നു…”

“ഉം …”അയാൾ കയറിയിരുന്നു വണ്ടിയെടുത്തു ….

“നിങ്ങള്ക്ക് എന്നോട് വെറുപ്പ്‌ തോന്നിയില്ലേ ?”

“ഇല്ല ….എനിക്കും ഒരു മകനുണ്ട് സാറേ …. നമ്മുടെ അവസ്ഥ നാളെ എന്തെന്ന് പറയാൻ കഴിയില്ല ….അവനങ്ങനെ സംഭവിച്ചാൽ ഞാൻ ഉപേക്ഷിക്കില്ല ….ദൈവം തരുന്ന പാപം അല്ല ..പുണ്യം ആണ് …..അങ്ങനെയേ കരുതൂ ….”

അയാൾ പതിയെ ചിരിച്ചു …..ജീവിക്കാൻ അവകാശമില്ലാത്തവന്റെ ചിരി….!

-vidhya palakkad

Join Our WhatsApp Group

Trending

To Top
Don`t copy text!