Malayalam Article

അവയവദാനത്തിലെ ജീവനും ജീവിതവും

അവയവദാനം ശ്രേഷ്ഠമായ ഒന്ന് തന്നെയാണ്. ചീഞ്ഞഴുകി പോകേണ്ട മനുഷ്യ ശരീരത്തിലെ അവയവങ്ങൾ മറ്റൊരു ജീവന് ഉതകുന്നതാണെങ്കിൽ ആർക്കും ചെയ്യാവുന്ന ഒരു നല്ല മനസ്സ്.ശരീരത്തിലെ പല അവയവങ്ങളും – വൃക്ക, കരള്‍, ശ്വാസകോശം,ഹൃദയം, ചെറുകുടല്‍, ആഗ്നേയഗ്രന്ഥി (പാന്‍ക്രിയാസ്‌)- തുടങ്ങിയവ വിവിധ തരത്തിലുള്ള രോഗങ്ങളാല്‍ കേട്‌ സംഭവിക്കാന്‍ സാധ്യതയുള്ളതാണ്‌. ഇതില്‍ മിക്ക അവയവങ്ങളും ശരീരത്തിലെ സുപ്രധാനമായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനാല്‍ തക്ക സമയത്ത്‌ ചികിത്സിച്ചില്ലെങ്കില്‍ മരണകാരണം ആയിത്തീരാവുന്നതാണ്‌. ഈ സാഹചര്യത്തില്‍ അവയവം മാറ്റി വയ്‌ക്കല്‍ ആണ്‌ പലപ്പോഴും സാധ്യമായ ഒരേ ഒരു വഴി.

അത്തരത്തിൽ മാറ്റി വയ്‌ക്കാന്‍ സാധ്യയമായ അവയവങ്ങളാണ് വൃക്ക കരള്‍ ഹൃദയം ശ്വാസകോശം സാഹചര്യങ്ങള്‍ക്കനുകൂലമായി മാറ്റി വയ്‌ക്കാന്‍ സാധ്യമായ മറ്റു അവയവങ്ങള്‍ കണ്ണുകള്‍ (കോര്‍ണ്ണിയ എന്ന നേത്രപടലം) ത്വക്ക്‌ പാന്‍ക്രിയാസ്‌ ചെറുകുടല്‍ ഗര്‍ഭപാത്രം കൈപ്പത്തി ചില അസ്‌ഥികള്‍ രകക്കുഴലുകള്‍ ചെവിക്കുള്ളിലെ അസ്‌ഥികള്‍ തരുണാസ്‌ഥി ഇത്തരത്തിൽ 23-ഓളം അവയവങ്ങൾ ദാനം ചെയ്യാൻ സാധിക്കും. അവയവങ്ങൾ ലഭിക്കാനായി എന്ത് ചെയ്യണം? അവയവ മാറ്റിവയ്‌ക്കല്‍ ചികിത്സാരീതി ഇന്നു നേരിടുന്ന ഏറ്റവും വലിയ കടമ്പ അവയവങ്ങളുടെ ലഭ്യത കുറവാണ്. വൃക്ക, കരള്‍ പോലുള്ള അവയവങ്ങള്‍ ജീവിച്ചിരിക്കുന്ന ആള്‍ക്കാര്‍ക്ക്‌ ദാനം ചെയ്യാമെങ്കിലും, മറ്റു പല അവയവങ്ങള്‍ – ഹൃദയം, ശ്വാസകോശം, പാന്‍ക്രിയാസ്‌, കണ്ണ്‌ തുടങ്ങിയവ മരണാനന്തര അവയവദാനത്തിലൂടെ മാത്രമേ ലഭ്യമാവുകയുള്ളൂ.

വൃക്കമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ കൂടുതലും നടക്കുന്നത് ജീവനുള്ള ദാതാക്കളില്‍ നിന്നാണ്‌. വൃക്കമാറ്റിവയ്‌ക്കലിനായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണവും, നടക്കുന്ന ശസ്ത്രക്രിയയുടെ എണ്ണവും തമ്മിലുള്ള അന്തരവും വലുതാണ്‌. ഈ പശ്‌ചാത്തലത്തിലാണ്‌ മരണാനന്തര അവയവദാനത്തിനുള്ള പ്രാധാന്യം മനസിലാക്കേണ്ടത്. നമ്മുടെ ഈ കൊച്ചു കേരളത്തില്‍ തന്നെ വൃക്ക മാറ്റിവയ്‌ക്കലിനായി അനേകായിരങ്ങള്‍ കാത്തിരിക്കുമ്പോള്‍, നടക്കുന്നത്‌ പ്രതിവര്‍ഷം ശരാശരി 500 ശസ്ത്രക്രിയ മാത്രം. ദാതാവിനെ ലഭിക്കാതെയും, ചികിത്സയ്‌ക്കു പണമില്ലാതെയും മരണത്തിനു കീഴടങ്ങുന്നവരും അനേകം.

പാശ്‌ചാത്യരാജ്യങ്ങളില്‍ അമേരിക്ക പോലുള്ള അവയവ മാറ്റി വയ്‌ക്കല്‍ ചികിത്സാശാഖ വികസിച്ച പല രാജ്യങ്ങളിലും ബഹുഭൂരിപക്ഷം അവയവമാറ്റിവയ്‌ക്കലും നടക്കുന്നത്‌ മരണാനന്തരദാനത്തിലൂടെയാണ്‌. ഓരോ രാജ്യത്തും അവയവമാറ്റിവയ്‌ക്കലും മരണാനന്തരദാനവും സംബന്ധിച്ച്‌ നിയമങ്ങള്‍ നിലവിലുണ്ട്‌. മരണാനന്തരം അവയവദാനം ആർക്കൊക്കെ? ശിശുക്കള്‍ മുതല്‍ വൃദ്ധരായവര്‍ വരെ ഏതൊരു വ്യക്‌തിക്കും പ്രായഭേദമെന്യേ അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്‌. സാംക്രമിക രോഗങ്ങള്‍, കാന്‍സര്‍ മുതലായവ മൂലം മരണമടയുന്നവരുടെ അവയവങ്ങള്‍ മാറ്റിവയ്‌ക്കാന്‍ തിരഞ്ഞെടുക്കപ്പെടാറില്ല. ഇന്നത്തെ കാലഘട്ടത്തില്‍ വളരെ അധികം ആള്‍ക്കാരെ ബാധിച്ചിരിക്കുന്നത് ജീവിതശൈലി രോഗങ്ങളാണ്‌. ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക്‌

എല്ലാ അവയവവും ദാനം ചെയ്യാന്‍ സാധ്യമായില്ല എങ്കിലും ദാനം ചെയ്യാന്‍ സാധ്യമായ പല അവയവങ്ങളും ഉണ്ട്‌. പ്രമേഹവും രക്‌താതിമര്‍ദ്ദവും ഉള്ളവരുടെ വൃക്കകള്‍, ഹൃദയം മുതലായവ ദാനം ചെയ്യാന്‍ യോജിച്ചതായിരിക്കില്ല. എന്നാലും കരള്‍, ശ്വാസകോശം മുതലായവ ആരോഗ്യമുള്ളവയാണെങ്കില്‍ മാറ്റിവയ്‌ക്കലിനായി ഉപയോഗപ്പെടുത്താവുന്നതാണ്‌. അവയവദാനം സാധ്യമാകുന്ന സാഹചര്യമുണ്ടായാല്‍ ഏതൊക്കെ അവയവം പ്രയോജനപ്പെടുത്താമെന്ന്‌ അതുമായി ബന്ധപ്പെട്ട ഡോക്‌ടര്‍മാരുടെ സംഘം തീരുമാനിക്കുന്നതാണ്‌. മരണാനന്തര അവയവദാനം മരണാനന്തര അവയവദാനത്തെക്കുറിച്ച്‌ സാധാരണക്കാരന്‌ അപൂര്‍ണ്ണമായ അറിവേ ഉണ്ടാവുകയുള്ളൂ. ഒരാളുടെ ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തന സജ്‌ജമായിരിക്കണമെങ്കില്‍ അതിലൂടെയുള്ള രക്‌തയോട്ടം നടന്നുകൊണ്ടിരിക്കണം.

രക്‌തയോട്ടം നിലച്ച അവസ്‌ഥയില്‍ പുറത്തെടുക്കുന്ന അവയവങ്ങള്‍ പ്രയോജനരഹിതമാവാനാണ്‌ സാധ്യത. കണ്ണുകള്‍, ഹൃദയവാല്‍വുകള്‍ തുടങ്ങിയ അവയവങ്ങള്‍ മരണശേഷവും പരിമിതമായ മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കം ചെയ്ത് ഉപയോഗിക്കാവുന്നതാണ്‌. നേത്രദാനം വീടുകളില്‍ വച്ചു മരണം സംഭവിക്കുന്നവര്‍ക്ക്‌ പോലും സാധ്യമാണ്‌. അതു വഴി രണ്ട്‌ പേരുടെ എങ്കിലും ജീവിതത്തിലേക്ക്‌ വെളിച്ചം പകരാന്‍ സാധിക്കുന്നതുമാണ്‌. പക്ഷെ ആന്തരിക അവയവങ്ങള്‍ മാറ്റി വയ്‌ക്കണം എങ്കില്‍ ജീവനോടുള്ള അവസ്‌ഥയില്‍ ദാതാവില്‍ നിന്നും അവ നീക്കം ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ്‌ മസ്‌തിഷ്‌കമരണം എന്ന ആശയം തന്നെ പ്രചാരത്തിലായത്‌. വിവിധ കാരണങ്ങളാല്‍ (പരുക്ക്‌, രക്‌തസ്രാവം, ചില മസ്‌തിഷ്‌ക ട്യൂമര്‍) മസ്‌തിഷ്‌കത്തിന്‌ ഏല്‍ക്കുന്ന ഏറ്റവും ഗുരുതരമായ രോഗാവസ്‌ഥയാണ്‌ മസ്‌തിഷ്‌കമരണം. ‘കോമ’-യും കടന്നുള്ള അവസ്‌ഥ, അതായത്‌, തിരിച്ചുവരവ്‌ സാധിക്കാത്ത രീതിയില്‍ മസ്‌തിഷ്‌കത്തിന്‌ കേട്‌ സംഭവിച്ച്‌ നിര്‍ജീവമാകുന്ന അവസ്‌ഥയ്‌ക്കാണ്‌ മസ്‌തിഷ്‌കമരണം എന്നു പറയുന്നത്‌.

മസ്‌തിഷ്‌കമരണം സ്‌ഥിരീകരിക്കുന്നതിന്‌ വിവിധ തരത്തിലുള്ള ടെസ്‌റ്റുകള്‍ നിലവിലുണ്ട്‌. മസ്‌തിഷ്‌കമരണം സ്‌ഥിരീകരിച്ചതിനു ശേഷം ഇതു വരെ ആരും ജീവിതത്തിലേക്ക്‌ തിരിച്ചു വന്നിട്ടില്ല. ശരീരത്തിന്റെ മറ്റവയവങ്ങളുടെ പ്രവര്‍ത്തനം യന്ത്രസഹായത്താലും, മരുന്നിന്റെ സഹായത്താലും വളരെ കുറച്ചു ദിവസങ്ങള്‍ കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ അവസ്‌ഥയിലാണ്‌ അവയവദാനം സാധ്യമാകുന്നത്‌. ഹൃദയമിടിപ്പ്‌ നിലച്ച്‌ പൂര്‍ണ്ണമായി മരണം സംഭവിച്ചാല്‍ അവയവദാനം സാധ്യമാവുകയില്ല. മരണശേഷം മറ്റാര്‍ക്കും പ്രയോജനപ്പെടാതെ ജീര്‍ണ്ണിച്ചു പോകുന്ന അവയവങ്ങള്‍ മൂലം ഒരാള്‍ക്ക്‌ തന്നെ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ അവയവദാനത്തിലൂടെ സാധിക്കും. അവയവമാറ്റിവയ്‌ക്കലിന്റെ ചരിത്രം 1954-ലാണ്‌ ലോകത്തില്‍ ആദ്യമായി വിജയകരമായി വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടന്നത്‌. തുടക്കം നാളുകളില്‍ അവയവദാന ശസ്ത്രക്രിയകള്‍ക്ക്‌ നേരിടേണ്ടി വന്ന ഏറ്റവും വലിയ പതിസന്ധി ‘റീജെക്ഷൻ’ എന്ന പ്രതിഭാസമാണ്‌. ദാതാവില്‍ നിന്നും സ്വീകരിച്ച അവയവം, സ്വീകര്‍ത്താവിന്റെ ശരീരം തിരസ്‌ക്കരിക്കുന്ന അവസ്‌ഥയാണിത്‌.

തടയാന്‍ ഉപയോഗിക്കുന്ന ‘സൈക്ലോസ്‌പോറിൻ ‘ മരുന്നിന്റെ കണ്ടുപിടിത്തമാണ്‌ അവയവദാന ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയത്‌. ഇന്നു സൈക്ലോസ്‌പോറിനേക്കാളും മെച്ചമായ മരുന്നുകള്‍ ലഭ്യമാണ്‌. അവയവദാനചരിത്രത്തിലെ മറ്റു പ്രധാനപ്പെട്ട വര്‍ഷങ്ങളാണ്- 1967 – അമേരിക്കയില്‍ വച്ച്‌ ആദ്യ വിജയകരമായ കരള്‍ മാറ്റ ശസ്ത്രക്രിയ 1967 – സൗത്ത്‌ ആഫ്രിക്കയില്‍ ആദ്യ വിജയകരകായ ഹൃദയമാറ്റ ശസ്ത്രക്രിയ 1983 – കാനഡയില്‍ വിജയകരമായ ശ്വാസകോശമാറ്റ ശസ്ത്രക്രിയ അവയവ മാറ്റിവയ്‌ക്കല്‍ – ഇന്ത്യയിലും കേരളത്തിലും ഇന്ത്യയിലെ ആദ്യ വൃക്കമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടന്നത്‌ 1965-ല്‍ ബോംബേയിലെ കെ.ഇ.എം ആശുപത്രിയിലാണ്‌. ജീവനുള്ള ദാതാവിന്റെ വൃക്ക ആദ്യം മാറ്റിവച്ചത്‌ 1971-ല്‍ സി.എം.സി വെല്ലൂറില്‍ ആണ്‌. വൃക്കമാറ്റിവയ്‌ക്കലിനേക്കാളും സങ്കീര്‍ണ്ണമായ കരള്‍ മാറ്റി വയ്‌ക്കല്‍ നടന്നത്‌ 90-കളിലാണ്‌. അവയവമാറ്റിവയ്‌ക്കലിനായി ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച നിയമമാണ്‌ 1994-ല്‍ നിലവില്‍ വന്ന ട്രാൻസ്‌പ്ലാൻറ്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ്‌ ആക്ട്. 2011-ലാണ്‌ അവസാന ഭേദഗതി നടന്നത്‌. ഇന്ത്യയില്‍ ഇന്നു നടക്കുന്ന അവയവ മാറ്റിവയ്‌ക്കല്‍ ചികിത്സ ഇതിന്റെ നിയമപരിധിയില്‍ വരുന്നതാണ്‌. ഇന്ത്യയിലെ നിയമപ്രകാരം അവയവദാനത്തിനു ഏതു രീതിയിലുള്ള പ്രതിഫലം പറ്റുന്നതും നിരോധിച്ചിട്ടുള്ളതും ശിക്ഷാര്‍ഹവുമാണ്‌.പതുക്കെ മരണാന്തര അവയവദാനവും ഇന്ത്യയില്‍ വ്യാപകമായി തുടങ്ങി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ് (കെഎൻഒഎസ്സ്) വഴിയാണ് ഇന്ന്‌ കേരളത്തിലെ മരണാനന്തര അവയവദാനം നടക്കുന്നത്‌. അവയവം ലഭിക്കാന്‍ സാധ്യതയുള്ള രോഗികളുടെ മുന്‍ഗണനാക്രമം തയ്യാറാക്കി കെഎൻഒഎസ്സ്ന്റെ വെബ്‌സൈറ്റ്‌ വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നിര്‍ദ്ധനരായ അനേകം രോഗികള്‍ക്ക്‌ ചികിത്സ ലഭ്യമാക്കാന്‍ ഇതു വഴി സാധ്യമായിട്ടുണ്ട്‌. മരണാനന്തര അവയവമാറ്റി വയ്‌ക്കലുമായി ബന്ധപ്പെട്ട്‌ അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നമ്മുടെ ഈ കൊച്ചു കേരളത്തിലും നടന്നിട്ടുണ്ട്‌. അവയവദാനപ്രക്രിയ റോഡപകടങ്ങള്‍, മസ്‌തിഷ്‌കസ്രാവം, ചില തരംമസ്‌തിഷ്‌ക റ്റ്യൂമറുകള്‍ എന്നിവ മൂലം മസ്‌തിഷ്‌ക മരണം സംഭവിക്കാം. ഒരു രോഗിക്ക്‌ മരണം സംഭവിച്ചതിന്‌ ശേഷം, രോഗിയുടെ ബന്ധുക്കള്‍ അവയവദാനത്തിന്‌ തയ്യാറാണെങ്കില്‍ ആ വിവരം ചികിത്സിക്കുന്ന ഡോക്‌ടറെ അറിയിക്കേണ്ടതാണ്‌. പല അവസരങ്ങളിലും ബന്ധുക്കള്‍ക്ക്‌ ഇതേപ്പറ്റിയുള്ള അവബോധം ഇല്ലാത്ത പക്ഷം ചികിത്സിക്കുന്ന ഡോക്‌ടര്‍ തന്നെ അവയവദാനത്തിനുള്ള സാധ്യത ബന്ധുക്കളെ അറിയിക്കുന്നു. അവയവദാനം സാധ്യമാവണമെങ്കില്‍ ബന്ധുക്കളുടെ സമ്മതം അനിവാര്യമാണ്‌. പലപ്പോഴും ബന്ധുക്കളുടെ സമ്മതം ഇല്ലാത്തതു കൊണ്ട്‌ അവയവദാനം സാധ്യമാകാതെ വരികയും അമൂല്യമായ അവയവങ്ങള്‍ പാഴായി പോവുകയും ചെയ്യുന്നുണ്ട്‌.

ബന്ധുക്കള്‍ സമ്മതം നല്‍കി കഴിഞ്ഞാല്‍ ചികിത്സിക്കുന്ന ഡോക്‌ടര്‍ കെഎൻഒഎസ്സ് പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നതാണ്‌. മുന്‍ഗണനാക്രമത്തിലുള്ള അവയവം ലഭിക്കുന്നതിനുള്ള രോഗിയെ തിരഞ്ഞെടുക്കുന്നത്‌ കെഎൻഒഎസ്സ് അധികൃതരാണ്‌. അവയവമാറ്റിവയ്‌ക്കലിനായി തിരഞ്ഞെടുക്കപ്പെടുന്ന രോഗി രജിസ്‌റ്റര്‍ ചെയിട്ടുള്ള ആശുപത്രിയിലെ ചുമതലപ്പെട്ട ഡോക്‌ടര്‍മാര്‍ അവയവമാറ്റിവയ്‌ക്കലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു. അതേ സമയം തന്നെ മസിഷ്‌കമരണം സ്‌ഥിരീകരിക്കുന്നതിനായി സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ഡോക്‌ടര്‍മാരുടെ പാനല്‍ അവയവദാനം നടത്തുന്ന രോഗിയില്‍ വിദഗ്‌ധ പരിശോധനയും ടെസ്‌റ്റുകളും നടത്തി മസിഷ്‌കമരണം സ്‌ഥിരീകരിക്കുകയും ചെയ്യുന്നു. ദാതാവിന്റെ പല അവയവങ്ങളും ഒരു പക്ഷെ എത്തുന്നത്‌ പല ആശുപത്രികളിലായിരിക്കും.

ഉചിതമായ സ്വീകര്‍ത്താക്കളെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ദാതാവിന്റെയും സ്വീകര്‍ത്താക്കളുടെയും ശസ്ത്രക്രിയകൾ ഏകദേശം ഒരേ സമയത്ത്‌ പല ആശുപത്രികളിലും തുടങ്ങുന്നു. ദാതാവില്‍ നിന്നും നീക്കം ചെയ്യുന്ന അവയവങ്ങള്‍ വിദൂരത്തുള്ള ആശുപത്രിയിലേക്കാണ്‌ കൊണ്ട്‌ പോകുന്നതെങ്കില്‍ ശീതീകരിച്ച പ്രത്യേക ലായനിയില്‍ സൂക്ഷിച്ചാണ്‌ കൊണ്ട്‌ പോകുന്നത്‌. ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നുള്ള അവയവദാനം വൃക്ക, കരള്‍ എന്നീ അവയവങ്ങളാണ്‌ പ്രധാനമായും ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നും നീക്കം ചെയ്യാവുന്നത്‌. ആരോഗ്യമുള്ള രണ്ടു വൃക്കകള്‍ ഉള്ള ഒരാള്‍ക്ക്‌ ഒരു വൃക്ക ദാനം ചെയ്യാന്‍ സാധിക്കുന്നതാണ്‌. കരള്‍ ദാനം ചെയ്യുന്നത്‌ അതു പകുത്ത്‌ എടുക്കുന്ന സങ്കീര്‍ണ്ണമായ പ്രക്രിയ വഴിയാണ്‌. നമ്മുടെ നാട്ടില്‍ സാധാരണമായി ബന്ധുക്കള്‍ തമ്മിലുള്ള അവയവമാറ്റമാണ്‌ ഈ വിധത്തില്‍ നടക്കുന്നത്‌.

പക്ഷെ ബന്ധുക്കളുടെ അവയവം ലഭ്യമല്ലാത്ത സാഹചര്യത്തില്‍, രക്‌തബന്ധമില്ലാത്ത ദാതാക്കളുടെ അവയവം സ്വീകരിക്കാവുന്നതാണ്‌. ഈ വിധത്തിലുള്ള അവയവമാറ്റം നടക്കുന്നതിനായി കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്‌. അവയവങ്ങളുടെ ചേര്‍ച്ച പരിശോധിക്കുന്ന ടെസ്‌റ്റുകള്‍ക്ക്‌ ശേഷം, നിയമം അനുശാസിക്കുന്ന പ്രകാരമുള്ള അനേകം രേഖകള്‍ സര്‍ക്കാര്‍ കമ്മിറ്റികളിലേക്ക് സമര്‍പ്പിക്കുകയും അനുവാദം നേടേണ്ടതുമാണ്‌. അവയവദാന സമ്മതപത്രം അവയവദാന സമ്മതപത്രവും ഡോണര്‍ കാര്‍ഡും കെഎൻഒഎസ്സിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവയവദാനത്തെപ്പറ്റി ബോധവാനായ ഒരാള്‍ ഇവ പൂരിപ്പിച്ച് കൈവശം വയ്ക്കുന്നത് അഭികാമ്യമായിരിക്കും. അവയവദാനത്തിന് നിയമപരമായി ഏറ്റവും അനിവാര്യം ബന്ധുക്കളുടെ സമ്മതമാണ്. അവയവദാനത്തെപ്പറ്റി ബോധവല്‍ക്കരണം വ്യാപിക്കുന്നത് വഴി കൂടുതലായി മരണാനന്തര അവയവദാനം നടക്കുമെന്നതില്‍ സംശയമില്ല.

Trending

To Top
Don`t copy text!