Current Affairs

അശ്വതി ഇതാദ്യമായി തുറന്നു പറയുന്നു ഗുൽബർഗയിലെ ആ ഭീകര രാത്രി.

കർണാടകയിൽ ഗുൽബർഗയിലെ നഴ്സിംഗ് കോളേജിൽ റാഗിങ്ങിന് ‌വിധേയയായി മരണത്തിന്റെ വായിൽനിന്നും കഷ്ടിച്ച് ‌രക്ഷപ്പെട്ട അശ്വതിയുടെ അന്നനാളത്തിലെ പൊള്ളലുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ഇപ്പോഴും ദ്രവരൂപത്തിലുള്ള ആഹാരമേ കഴിക്കാനാവുന്നുള്ളൂ. ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും ഛർദ്ദിച്ചുകൊണ്ടിരിക്കും. തുടർചികിത്സക്കായി അശ്വതി കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്രി ഉദരരോഗ വിഭാഗം ബ്ളോക്കിലെത്തി. വീണ്ടും എൻഡോസ്കോപ്പിക്ക് വിധേയയായി. ഇപ്പോൾ സംസാരിക്കാൻ കുഴപ്പമൊന്നുമില്ല…ആ കാളരാത്രി ഗുൽബർഗയിലെ ഹോസ്റ്റൽ മുറിയിൽ സംഭവിച്ചതെന്തായിരുന്നു?റാഗിങ്ങിന്റെ പേരിൽ നടന്ന കൊടുംക്രൂരതകൾ അശ്വതി ഇതാദ്യമായി തുറന്നുപറയുന്നു.

മനുഷ്യകുലത്തിൽ ജനിച്ചവർക്കാർക്കും ഇത്രയും ക്രൂരത കാണിക്കാനാവില്ല അവളോട. മരണം വഴിമാറിയെങ്കിലും നരകയാതന അനുഭവിച്ച് ജീവിക്കുകയാണ് അശ്വതി ഇപ്പോഴും.

കുട്ടിക്കാലം മുതലേ അശ്വതിയുടെ ആഗ്രഹമായിരുന്നു ഭൂമിയിൽ ദൈവത്തിന്റെ മാലാഖയായി മാറണമെന്നത്. നഴ്സിംഗ് ജോലി അവൾക്ക് കുടുംബത്തെ രക്ഷപ്പെടുത്താനുള്ള മാർഗ്ഗം മാത്രമായിരുന്നില്ല. കുട്ടിക്കാലം മുതലേ അശ്വതിക്ക് ആരും കരയുന്നത് കാണാൻ ഇഷ്ടമില്ലായിരുന്നു. പക്ഷെ ഓർമ്മ വയ്ക്കുംമുമ്പേ അവളേയും ചേച്ചിയേയും അമ്മയേയും തനിച്ചാക്കി പടിയറിങ്ങിപ്പോയി അച്ഛൻ. അമ്മ ജാനകി കൂലിപ്പണിയെടുത്താണ് പിന്നീട് അശ്വതിയേയും ചേച്ചി അഞ്ജലിയേയും(എം.കോം. രണ്ടാം വർഷ വിദ്യാർത്ഥി) വളർത്തിയത്.

അമ്മാവന്റെ കുടെ തറവാട്ടിലാണ് ഇവരുടെ താമസം. അച്ഛനില്ലാത്തതിന്റെ കുറവ് അറിയിക്കാതെ രണ്ട് പെൺമക്കളെയും പഠിപ്പിച്ച് ഉയർ‌ന്ന നിലയിലെത്തിക്കാൻ പാടുപെടുകയാണ് അമ്മ. ഗ്രാമീൺ ബാങ്കിൽ നിന്ന് നാലു ലക്ഷം വിദ്യാഭ്യാസ വായ്പയെടുത്ത് ഗുൽബർഗയിലെ അൽഖമാർ നഴ്സിംഗ് കോളേജിൽ ബി.എസ്.സി നഴ്സിംഗ് കോഴ്സിന് അവളെ ചേർക്കുമ്പോൾ വാനോളം പ്രതീക്ഷകളായിരുന്നു ആ അമ്മയുടെ മനസ്സിൽ…

ബാക്കി കഥ അശ്വതി തന്നെ കേരളകൗമുദിയോട് പറഞ്ഞു: ” കഴിഞ്ഞ ഡിസംബർ ഒന്നിനാണ് ഞങ്ങൾ ഗുൽബർഗയിലെത്തിയത്. അമ്മാവനും അമ്മയും പിന്നെ, അവിടെ അഡ്മിഷൻ ശരിയാക്കിത്തന്ന ഏജന്റ് ബബീഷും ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ ബാംഗ്ളൂരിലെ കോളേജിലാണ് അഡ്മിഷൻ ശരിയാക്കിത്തരാമെന്ന് ഏജന്റ് പറഞ്ഞിരുന്നത്. ഗുൽബർഗയിലെത്തിയപ്പോഴേ അവിടെയാണ് കോളേജെന്ന് മനസ്സിലായുള്ളൂ.

അടുത്ത ദിവസം കാലത്ത് കോളേജിലെത്തി ഫീസടച്ചു. 45,000 രൂപയാണ് കോളേജ് ഫീസ്. 40,000 രൂപ ഏജന്റനുള്ള കമ്മീഷനും നൽകി.ഹോസ്റ്റൽ പത്ത് കിലോമീറ്ററോളം അകലെയാണ്. കോളേജ് ബസ്സിൽ പോയാലും പിന്നേയും കുറേ നടക്കണം. അങ്ങനെയൊരു പ്രദേശമാണത്. പോകുമ്പോൾ പേടിയാകും.

ഞങ്ങളുടെ നാട്ടിലെ തന്നെ സായി നിഹിത എന്നൊരു കുട്ടി കൂടിയുണ്ടായിരുന്നു എന്റെ മുറിയിൽ. ഇതേ ഏജന്റ് തന്നെ അഡ്മിഷൻ ശരിയാക്കികൊടുത്ത കുട്ടിയാണ്. അവൾ രണ്ട് ദിവസം മുമ്പേ എത്തിയതാണ്. മൂന്നു നിലകളിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഞങ്ങൾ മലയാളികുട്ടികൾ. ഞങ്ങളുടെ മുറിക്ക് ഏതാണ്ട് എതിർ വശത്താണ് മൂന്നാം വർഷ വിദ്യാർത്ഥികളായ ലക്ഷ്മിയും ആതിരയും ഹൃദയയും കൃഷ്ണപ്രിയയും.

ആദ്യ ദിവസം തന്നെ ഈ സീനിയർ വിദ്യാർത്ഥികൾ ഞങ്ങളെ രണ്ടുപേരേയും മുറിയിലേക്ക് വിളിപ്പിച്ചു. ഉഗ്രശാസനകൾ പലതും നൽകി. ഇവരെ കാണുമ്പോഴൊക്കെ വിഷ് ‌ചെയ്യണം. ക്ലാസ്സിലെടുക്കുന്ന പാഠങ്ങൾ അന്നന്ന് തന്നെ മനപ്പാഠം പഠിച്ച് ഇവരെ പറഞ്ഞുകേൾപ്പിക്കണം. നഴ്സിംഗ് കോഴ്സിന്റെ ഫൗണ്ടേഷൻ ടെക്സ്റ്റിലെ 27 എത്തിക്സുകൾ രണ്ടു ദിവസത്തിനകം കാണാതെ പറയണം. പാതിരാത്രിയോളം ഭീഷണിപ്പെടുത്തലുകൾ നീണ്ടുപോയി. ഒരേ നില്പിൽ മണിക്കൂറുകളോളം നിന്നപ്പോൾ കാലുകൾ ഇടറാൻ തുടങ്ങിയിരുന്നു. വീണുപോകുമെന്ന് തോന്നി. കണ്ണിൽ ഇരുട്ടുകയറുന്നുണ്ടായിരുന്നു. ലക്ഷ്മിയും ആതിരയും കൃഷ്ണപ്രിയയുമാണ് ഏറ്റവും കൂടുതൽ ഭീഷണി മുഴക്കിയത്. ആദ്യദിവസമായതുകൊണ്ടാണ് ഇങ്ങനെയെന്ന് കരുതി.

പക്ഷേ, എല്ലാ ദിവസവും ഭീഷണികളും പീഡനങ്ങളും ആവർത്തിച്ചുകൊണ്ടിരുന്നു. വൈകീട്ട് ഭക്ഷണമുണ്ടാക്കാനൊന്നും പറ്റില്ല. ക്ലാസ് ‌വിട്ട് ‌വന്നാലുടൻ ഇവർ‌ വിളിപ്പിക്കും. ചീത്ത വിളികളും ഭീഷണിപ്പെടുത്തലും മണിക്കൂറുകളോളം തുടരും. എന്റെ നിറം കാരണം പരിഹാസപൂർവ്വം കരിയെന്നാണ് ‌വിളിക്കാറ്. കാലുകൾ അകത്തി കൈകൾ രണ്ടും ഉയ‌ർത്തി മണിക്കൂറുകളോളം നിറുത്തിക്കും. കാലുകളിലെ പേശികൾ കോച്ചിവലിഞ്ഞ് സഹിക്കാൻ പറ്റാത്ത വേദനയായിരിക്കും. ചിലപ്പോൾ കൃഷ്ണനും രാധയും പോലെ നിൽക്കാൻ പറയും. സഹിക്കാൻ പറ്റാതായപ്പോൾ ഞങ്ങളുടെ ക്ലാസിലെ ബുഷറ മിസ്സിനോട് ഇതേക്കുറിച്ച് സൂചിപ്പിച്ചു. മിസ് ഇവരോട് ചോദിച്ചെന്ന് തോന്നുന്നു. ആ ദിവസം മുതൽ ഇരട്ടി പീഡനമായിരുന്നു. ഇനി മുതൽ ഏത് മിസ് ചോദിച്ചാലും മിണ്ടിപ്പോകരുതെന്ന ഭീഷണിയും. അന്ന് രാത്രി ഞാൻ അമ്മയെ ഫോൺ ചെയ്ത് ഒരുപാട് കരഞ്ഞു. വന്ന് കൂട്ടിക്കൊണ്ടുപോകാനൊക്കെ പറഞ്ഞു. അമ്മ സമാധാനിപ്പിച്ചു.

ഏപ്രിലിൽ വെക്കേഷൻ തുടങ്ങിയപ്പോൾ ഞങ്ങളെ മാത്രം നാട്ടിൽ പോകാൻ അനുവദിച്ചില്ല. ഈ സീനിയർ ചേച്ചിമാർ നാട്ടിൽ പോകാറില്ല. ഇതിനിടയ്ക്ക് സപ്ളിമെന്ററി പരീക്ഷയെഴുതാൻ നാലാം വർഷ വിദ്യാർത്ഥിനികളുമെത്തിയിരുന്നു. അതോടെ ഞങ്ങളെ പീഡിപ്പിക്കുന്നതിൽ ഇവരും ചേ‌ർന്നു. എവിടെയെങ്കിലും വച്ച് ഇവരിൽ ആരെയെങ്കിലും ഞങ്ങൾ കാണാതെ പോയെങ്കിൽ വിഷ് ചെയ്തില്ലെന്ന് പറഞ്ഞ് അന്ന് ‌രാത്രി മുഴുവൻ കാലകത്തി കൈകൾ ഉയർത്തി നിറുത്തിപ്പിക്കും.

മേയ് ഏഴിനും എട്ടിനും യൂണിവേഴ്സിറ്റി കലോത്സവവും സ്പോർട്സ് ഡേയുമായിരുന്നു. ഞാനും സായിയും പോയില്ല. വയ്യായിരുന്നു. ദൂരെയൊരു കോളേജിൽ വച്ചായിരുന്നു ഈ പരിപാടികൾ.

എട്ടാം തീയതി രാത്രി സ്പോർട്സ് ഡേ കഴിഞ്ഞ് തിരിച്ചെത്തിയ ഈ സീനിയർ ചേച്ചിമാർ ഞങ്ങളെ വിളിപ്പിച്ചു. ലക്ഷ്മിയും ആതിരയും കൃഷ്ണപ്രിയയും മാത്രമല്ല എട്ട് നാലാം വർഷ വിദ്യാർ‌ത്ഥിനികളുമുണ്ടായിരുന്നു. ഞങ്ങൾ കലോത്സവത്തിലും സ്പോർട്സ് ഡേയിലും പങ്കെടുക്കാത്തതെന്തുകൊണ്ടെന്ന് ചോദിച്ചായിരുന്നു അന്ന് പീഡനം തുടങ്ങിയത്. ഇതിനിടെ സായി നാട്ടിൽപോകണമെന്ന് പറഞ്ഞു കരഞ്ഞു. അവളുടെ അമ്മയ്ക്ക് സുഖമില്ലായിരുന്നു. പോകാൻ പറ്റില്ലെന്ന് പറഞ്ഞാണ് അന്ന് ചീത്തവിളിയും പീഡനങ്ങളും.

മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്ന വരാന്തയിൽ ഞങ്ങളെ കൊണ്ടുപോയി നിറുത്തി തവളച്ചാട്ടം ചാടിപ്പിച്ചു. പിന്നെ പുലിയും വേട്ടക്കാരനുമായി അഭിനയിപ്പിച്ചു. കുറേ മണിക്കൂറുകൾ ഇത് തുടർന്നു. പിന്നെ വീണ്ടും കാലകത്തി നിൽക്കൽ.

ഇതൊക്ക കഴിഞ്ഞ് ഞങ്ങളോട് അവർക്കിടയിൽ ഞങ്ങൾക്കിഷ്ടമില്ലാത്തവരും ഇഷ്ടമുള്ളവരും ആരൊക്കെയെന്ന് എഴുതിത്തരാൻ പറഞ്ഞു. ആദ്യം മടിച്ചുനിന്നെങ്കിലും എഴുതിയേ പറ്റൂ എന്ന് നിർബന്ധിച്ചപ്പോൾ ഞാൻ ഇഷ്ടപ്പെടാത്തയാൾ ലക്ഷ്മിയെന്ന് എഴുതിക്കൊടുത്തു. കൃഷ്ണപ്രിയയുടെ പേരാണ് സായി എഴുതിയത്.

ഇത് വായിച്ചതും ലക്ഷ്മി എന്റെ നേരെ ഷൗട്ട് ചെയ്ത് വന്നു. അടിക്കാൻ കൈയുയർത്തി. വെറുതെയല്ലെടീ നിന്റെ അച്ഛൻ പോയത് എന്നൊക്കെ അലറി വിളിച്ചു. അവളുടെ രോഷം പതഞ്ഞുയർന്നപ്പോൾ മറ്റു സീനിയർ ചേച്ചിമാർ ഞങ്ങളോട് റൂമിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. ഞങ്ങൾ പേടിച്ച് വിറച്ച് റൂമിൽ ചെന്നതും പിന്നാലെ ലക്ഷ്മിയും ആതിരയും പാഞ്ഞെത്തി. ഞാൻ കിടക്കയിലിരുന്നതേയുണ്ടായിരുന്നുള്ളൂ.

എന്റെ രണ്ട് കൈയും ആതിരയാണ് പിന്നിൽനിന്ന് പിടിച്ചുവച്ചത്. ഞാൻ കുതറിയെങ്കിലും രക്ഷയില്ലായിരുന്നു. അതിനിടയിൽ കഴുത്തിന് പിടിച്ച് ലക്ഷ്മി വായിലേക്ക് ടോയ്ലെറ്റ് ക്ലീനർ ഒഴിച്ചുകഴിഞ്ഞിരുന്നു. മഞ്ഞ നിറത്തിലുള്ള ഒരു ആസിഡ് ലായനി. ഞാൻ അലറി വിളിച്ചു. ശബ്ദം പുറത്തുവന്നില്ല. തൊണ്ടയും കഴുത്തും അന്നനാളവുമൊക്കെ എരിഞ്ഞു കത്തുകയായിരുന്നു. സായിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടിട്ടാവണം ആരൊക്കെയോ ഓടി വരുന്നുണ്ടായിരുന്നു. പിന്നെ ഓർമ്മ വരുമ്പോൾ ഞാൻ ആശുപത്രിയിലാണ്. രണ്ടാമത്തെ ദിവസം ഈ സീനിയർ ചേച്ചിമാർ സായിയെ ഭീഷണിപ്പെടുത്തി എന്റെ അമ്മയെ ഫോണിൽ വിളിക്കാൻ പറയുന്നുണ്ടായിരുന്നു. വീട്ടിലെ പ്രശ്നം കാരണം ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് പറയണമെന്നായിരുന്നു അവരുടെ ഭീഷണി. എനിക്കൊന്നും സംസാരിക്കാനാവുമായിരുന്നില്ലല്ലോ. ഇടക്കിടെ ബോധം വന്നുംപോയുംകൊണ്ടിരിക്കുന്ന അവസ്ഥ…’.വിതുമ്പലോടെ അശ്വതി പറഞ്ഞു നിർത്തി.

 

Trending

To Top
Don`t copy text!