Malayalam Article

ആരുകൈയൊഴിഞ്ഞാലും ഞാനുണ്ട് കൂടെ..തളരരുത്

തളർന്ന ശരീരത്തെ ചേർത്ത് നിർത്തി ഒടുവിൽ തനിക്ക് വരണമാല്യം ചാർത്തി ഒപ്പം കൂടിയ ആ ജീവിത സഖിയാണ് ഇന്ന് വിനോദിനെ ഈ ലോകത്ത് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.വിനീതിന്റെ വീട്ടിലെ കഷ്ടപ്പാടുകൾ വിനോദിനെ ഓട്ടോ റിക്ഷാ ഡ്രൈവറാക്കി മാറ്റി അന്ന് പ്രായം 21. ഒരു കൗമാരക്കാരന്റെ മനസ്സിലെ സ്വപ്നങ്ങളുടെ യാഥാർത്ഥ്യങ്ങൾക്കൊടുവിൽ അവളെ കണ്ടു മുട്ടി.തന്റെ പ്രണയംഅവളെ അറിയിച്ചു. പ്രണയത്തിന്റെ ചിറകിൽ അവർ ഒരുമിച്ചു കൂടുകൂട്ടി. കൗമാര പ്രായത്തിന്റെ ചാപല്യങ്ങൾക്കൊന്നും പിടികൊടുക്കാതെ മനസ്സിന്റെ ഒളിച്ചെപ്പിൽ ആരുമറിയാതെ ആ പ്രണയം ഒളിപ്പിച്ചു വച്ചു. പ്രണയത്തിന്റെ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോഴായിരുന്നു ആ ദുരന്തം.അപകടത്തിൽ പൂർണ്ണമായും ശരീരം തളർന്നു പോയ വിനോദ് ആകെ തകർന്നു പോയി.

വിനോദിന് അപകടം പറ്റി എന്നറിഞ്ഞ ഷിജിത ഞെട്ടിത്തരിച്ചുപോയി. എങ്കിലും മനസ്സാന്നിധ്യം കൈവിടാതെ ബന്ധുവായ വിനോദിനെ കാണാൻ വീട്ടുകാർക്കൊപ്പം പോയി. മറ്റുള്ളവർ കാണാതെ മിഴികൾ കൊണ്ട് അവൾ അവനോട് മന്ത്രിച്ചു. ഞാനുണ്ട് കൂടെ, തളരരുത്. വീട്ടുകാർക്കൊപ്പവും അല്ലാതെയും പിന്നീട് നിരവധി തവണ തന്റെ പ്രാണനാഥനെ കാണാൻ അവൾ വന്നു. പേടിക്കേണ്ട, എല്ലാം ശരിയാവും ഞാൻ എന്നും ഒപ്പമുണ്ടാകും എന്നവൾ ഉറപ്പ് കൊടുത്തു. മനസ്സ് തളർത്തിയ ശരീരത്തിന്റെ അവസ്ഥയിൽ വിനോദ് തന്റെ സ്വപ്നങ്ങളെ മറക്കുവാൻ ശ്രമിച്ചു. തനിക്കുണ്ടായ ദുരവസ്ഥയിൽ ഷിജിതയെ ഓർക്കാതിരിക്കാൻ പാഠങ്ങൾ പഠിപ്പിച്ചു. എന്നാൽ അവൾ അവനെ കൂടുതൽ സ്നേഹിച്ചു ഒരുപാടൊരുപാട് സ്നേഹം അവൾ അവന് വാരിക്കോരി നൽകി. ഇതോടെ പാതി മാഞ്ഞുപോയ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകു മുളച്ചു. ഇതിനിടയിൽ ഇരുവരുടെയും പ്രണയം വീട്ടുകാർ അറിഞ്ഞു.തളർന്ന് കിടക്കുന്ന വിനോദിന് തന്റെ മകളെ കൈപിടിച്ചു നൽകാൻ ഷിജിതയുടെ പിതാവ് ഒരുക്കമല്ലായിരുന്നു. ഏതൊരച്ഛനെയും പോലെ മകൾ സന്തോഷത്തോടെ ജീവിക്കാനാണ് അങ്ങനെ ഒരു തീരുമാനമെടുക്കാൻ ആ പിതാവിനെ പ്രേരിപ്പിച്ചത്. കൂടാതെ സുഹൃത്തുക്കളും മറ്റ് ബന്ധുക്കളുമെല്ലാം പല രീതിയിൽ ഈ ബന്ധത്തിൽ നിന്നും ഒഴിവാകാൻ നിർബ്ബന്ധിപ്പിച്ചു.തന്റെ പ്രിയപ്പെട്ടവന് ഇനി താൻ മാത്രമേയുള്ളൂ എന്ന ബോധം അവൾക്കുണ്ടായിരുന്നു. അങ്ങനെ വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ അവൾ വീടു വിട്ടിറങ്ങി.

വിനോദിന്റെ ഒരു സഹോദരിയുടെ വീട്ടിലേക്കായിരുന്നു പോയത്. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. 2011 ഡിസംബർ 28 ന് മലപ്പുറം ത്രിപുരാന്തകാ ക്ഷേത്രത്തിൽ വച്ച് വിനോദിന്റെ തളരാത്ത മനസ്സിന് മുന്നിൽ, കുടുംബ ബന്ധങ്ങളുടെ ചരടുകൾ പൊട്ടിച്ചെറിഞ്ഞ് ഷിജി തലതാഴ്‌ത്തി. ഒൻപതു വർഷം നീണ്ട പ്രണയത്തിന് ക്ഷേത്ര നടയിൽ സാഫല്യം. വീൽചെയറിലിരുന്നാണ് വിനോദ് താലി ചാർത്തിയത്. വീൽചെയർ തള്ളി വിനോദിനെ കതിർമണ്ഡപത്തിലേക്ക് കൊണ്ടുവരുമ്പോൾ ഷിജിതയുടെ മുഖത്ത് നിശ്ചയദാർഢ്യമായിരുന്നു, വിധി തളർത്തിയ തന്റെ ‘പ്രാണനെ’ ജീവിതത്തിൽ തളരാനനുവദിക്കാതെ ചേർത്തുനിർത്തുമെന്ന നിശ്ചയദാർഢ്യം.തൃപുരാന്തകാ ക്ഷേത്രത്തിന് മുന്നിൽ അവനും അവളും മിഴികൂപ്പി മനമുരുകി പ്രാർത്ഥിച്ചു നിന്നു. ഒരു ഒൻപതാം ക്ലാസ്സുകാരിയുടെ മനസ്സിലെ പ്രണയത്തിന് എത്രമേൽ ആഴമുണ്ടായിരുന്നു എന്ന് അവനെ പറഞ്ഞറിയിക്കുവാൻ ഇനി ഒരിക്കലും അവൾക്ക് വാചാലയാകേണ്ടി വരില്ല. കാരണം അവൻ തിരിച്ചറിയുകയായിരുന്നു. ഒരിക്കലും പിരിയില്ലാ എന്നും ഒരിക്കലും മറക്കില്ല എന്നും അവൾ അന്ന് പറഞ്ഞത് എത്രത്തോളം ആത്മാർത്ഥമായിട്ടാണ്. ജീവിതത്തിന്റെ ഒറ്റപ്പെടലിലേക്ക് നടന്നടുക്കുകയായിരുന്നു വിനോദിനെ ആ കാണാക്കയത്തിലേക്ക് തള്ളിവിടാതെ ജീവിതത്തിലേക്ക് പിച്ച വച്ചു നടത്തിക്കുകയായിരുന്നു ഷിജിത. പിന്നീട് നടത്തിയ തുടർ ചികിത്സയുടെ ഫലമായി എഴുന്നേറ്റിരിക്കാനും കൈകൾ ചലിപ്പിക്കാനും ആകുന്ന തലത്തിലെത്തി. വിധി ഏൽപ്പിച്ച ക്രൂര ദുഃഖത്തിനിടയിലും തകരാതെ വിനോദിനൊപ്പം ചേർന്നു നിന്നു അവൾ. തന്റെ സമപ്രായക്കാർ ഈ പ്രായത്തിൽ അനുഭവിക്കുന്നതല്ലാം തന്നിൽ നിന്നും ഒരുപാട് ദൂരെയാണ് എന്ന് മനസ്സിലാക്കിയിട്ടും അവൾ കാരുണ്യ വതിയായി സ്വന്തം വീട്ടുകാരെ ധിക്കരിച്ച് തന്റെ പ്രണയത്തിന്റെ പരിശുദ്ധത പൂർണ്ണതയിലെത്തിച്ചു. പാതി തളർന്ന ഒരു ശരീരത്തിന് പുതു ജീവൻ നൽകി.ആഗ്രഹിച്ചതു പോലെയുള്ള ഒരു ജീവിതം നൽകാൻ കഴിഞ്ഞില്ല എന്ന ദുഃഖം മാത്രമേ വിനോദിനിപ്പോൾ ഉള്ളൂ. പിന്നെ ഷിജിതയുടെ വീട്ടുകാർ ഇതുവരെയും വീട്ടിലേക്ക് വരികയോ ഒന്നും ചെയ്യുന്നില്ല എന്ന വിഷമവും. എന്നാൽ ആ വിഷമങ്ങളൊന്നും ഷിജിതയ്ക്കില്ല. വിനോദേട്ടന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. ഇപ്പോഴും ശുഭ പ്രതീക്ഷയിൽ തന്നെയാണ്.ചികിത്സ നടത്തിയാൽ എഴുന്നേറ്റ് നിൽക്കാനാകും. ഒരു പ്രണയ കവിതകളിലും എഴുതി തീർക്കാനാവില്ല ഈ ജീവിത വിജയം. പ്രണയിക്കുവാൻ വേണ്ടി മാത്രം പ്രണയിക്കുകയും പ്രണയിച്ചു തുടങ്ങുമ്പോൾ തന്നെ വേർപിരിയുവാൻ തയ്യാറെടുക്കുകയും ചെയ്യുന്നവർക്കിടയിൽ ഇവർ രണ്ടുപേരും വേറിട്ടു നിൽക്കുന്നു. പ്രണയിക്കുകയാണെങ്കിൽ ഇതാ ഇങ്ങനെ പ്രണയിക്കണം എന്നോർമ്മിപ്പിച്ചുകൊണ്ട്. അവൻ ഇരുന്ന വീൽചെയറിന്റെ പിടിയിൽ അവൾ മുറുകെ പിടിച്ചു പിന്നെ മുന്നോട്ടുരുട്ടി. നിനക്കായ് തോഴാ പുനർ ജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നു ചേരാം.

Trending

To Top
Don`t copy text!