Malayalam Article

ആ സഹോദരന്റെ മോശം കണ്ണുകൾ തന്റെ മേൽ പതിച്ചപ്പോൾ “എനിക്കിനി ജീവിക്കണ്ട അച്ഛാ” എന്ന് അച്ഛനോട്‌ പറഞ്ഞപ്പോൾ കിട്ടിയ മറുപടി!

അരനാഴികനേരം പോലും പിരിഞ്ഞിരിക്കാൻ കഴിയാത്ത സ്നേഹകൂട്ടിൽ നിന്നും എന്നെ തനിച്ചാക്കി എന്റെ അച്ഛൻ പടിയിറങ്ങിയിട്ട് ഇന്നേക്ക് രണ്ട് വർഷങ്ങൾ തികയുന്നു. കാലം വളരെ വേഗത്തിൽ പോകുന്നുണ്ട്. അച്ഛനില്ല എന്ന സത്യത്തോട് പൊരുത്തപ്പെടാൻ എനിക്ക് കുറച്ചു കാലംകൂടി വേണ്ടിവരും.ഞാനായിരുന്നു അച്ഛന്റെ ലോകം. എന്റെ കളി ചിരിയും കലപിലകളും പാദസരത്തിന്റെ കിലുക്കവുമില്ലാത്ത ഒരു ലോകത്ത് അച്ഛനൊരിക്കലും കഴിയാനാവില്ല.

അച്ഛന്റെ വാക്കുകളിൽ പറയാം “ജീവിതത്തിന്റെ പകുതി കഴിഞ്ഞപ്പോൾ ഒരു ഇടവമാസ കാർത്തിക നാളിൽ തല നിറയെ ചുരുണ്ട മുടിയും ചുവന്ന ചുണ്ടും ദേഹമാകെ പിങ്ക് നിറത്തിൽ ഒരു വെള്ള തുണിയിൽ പൊതിഞ്ഞു മൂന്നരകിലോ ഭാരവുമായി ഒരു സുന്ദരികൊച്ച് അവൾ എനിക്ക് തന്ന പേരാണ് അച്ഛൻ.”സംസാരിച്ചു തുടങ്ങിയപ്പോൾ ആദ്യമായി അച്ഛാ എന്നാണ് വിളിച്ചത്. ഞാൻ വളരുന്നതിനനുസരിച്ച് എന്റെ വികൃതികളും വളർന്നുകൊണ്ടിരുന്നു. ഓരോ പ്രായത്തിൽ ഓരോന്നായി. എന്റെ പുറകേ ഓടി അച്ഛന്റെ കുടവയറും ശരീരഭാരവുമൊക്കെ കുറഞ്ഞു.അച്ഛൻ വളരെ കർക്കശകാരൻ ആയിരുന്നു.

എന്റെ 17-ാം വയസിൽ സഹോദരന്റെ പരിവേഷത്തിലെത്തിയ ഒരുവന്റെ മോശം കണ്ണുകൾ എന്റെ മേൽ പതിച്ചപ്പോഴാണ് അച്ഛൻ എത്ര ശക്തനാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.ആളുകൾ അവർക്ക് ഇഷ്ടമുള്ള രീതിയിൽ കഥകൾ മെനഞ്ഞപ്പോൾ കേട്ട് തളർന്നു “എനിക്കിനി ജീവിക്കണ്ട അച്ഛാ !” എന്ന് പറഞ്ഞ 17 കാരിയെ നോഞ്ചോട് ചേർത്ത് പിടിച്ച് അച്ഛൻ പറഞ്ഞ വാക്കുകളിൽ നിന്നാണ് കരുത്തുറ്റ ഒരു പെൺകുട്ടിയുടെ യാത്ര ആരംഭിക്കുന്നത്.

ഏതൊരാളും തകർന്ന് പോയേക്കാവുന്ന സാഹചര്യങ്ങളിൽ നിന്നും വാനോളം ഉയരത്തിൽ സ്വപ്നങ്ങൾ കാണാനും കൈയെത്തി പിടിക്കാനും തുടങ്ങി. മികച്ച വിദ്യാഭ്യാസം നേടി, ജോലി നേടി, സ്വന്തം കാലിൽ സ്വയംപര്യാപ്തയായി ഉറച്ച ചുവടുകളോടെ ബിസിനസ് തുടങ്ങി, സ്വപ്നങ്ങൾ ഒരോന്നായി കീഴടക്കി. എന്നിലൂടെ നൂറുകണക്കിന് ആളുകൾ ജീവിക്കുന്നതുകൂടി കണ്ടപ്പോൾ “വിജയം “എന്ന് എഴുതി ഞാൻ അടിവരയിട്ടു. അപ്പോഴും എന്നേക്കാൾ ഉയർന്ന വിജയം കരസ്ഥമാക്കിയത് അച്ഛൻതന്നെയായിരുന്നു. അർജുനന് കൃഷ്ണൻ എന്നപോലെ ഒരു തേരാളിയായി അച്ഛൻ ഇന്നും എനിക്കൊപ്പമുണ്ട്.

അവസാനത്തെ 5വർഷം അച്ഛന് dementia ആയിരുന്നു. ഞാൻ “Attittude” തുടങ്ങിയ അതേ സമയം അച്ഛന് അസുഖവും ആരംഭിച്ചു. വേഷങ്ങൾ പരസ്പരം വെച്ചുമാറിയപ്പോൾ അവിടെ അച്ഛന്റെ സുവർണ്ണകാലം ആരംഭിക്കുകയായി. അച്ഛന് തീവ്രമായ പരിചരണം ആവശ്യമായി വന്നപ്പോൾ career നും എന്റെ ജീവിതത്തിനും രണ്ടാം സ്ഥാനം കൊടുക്കാൻ എനിക്ക് ഒരു മടിയും തോന്നിയില്ല.

മക്കൾക്ക്‌ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു വാർദ്ധക്യത്തിൽ അവരുടെ അവഗണനയിൽ വേദനിച്ചു കഴിയുന്ന മാതാപിതാക്കൾ ഒരുപാടുണ്ട് നമുക്ക് ചുറ്റും.അച്ഛനെ വാർദ്ധക്യത്തിൽ സംരക്ഷിച്ച മകളെന്ന് ആളുകൾ വാനോളം പ്രശംസിക്കുന്നുണ്ട്. ഞാൻ പറയട്ടെ മാതാപിതാക്കളെ വാർധക്യത്തിൽ സംരക്ഷിക്കുന്നത് മഹത്തായ ഒരു സംസ്കാരമാണ്. ഈ സംസ്കാരത്തിലും മികച്ച വ്യക്തിത്വത്തിലും മകളെ വളർത്തുകയും സകല സൗഭാഗ്യങ്ങളും സ്നേഹപരിലാളനങ്ങളും ഏറ്റുവാങ്ങി അതീവ സന്തോഷവാനായി കാലം കടന്നുപോയ O.P ഗോപാലൻ എന്ന എന്റെ മാത്രം സ്വകാര്യ അഭിമാനമായ എന്റെ അച്ഛൻ ഈ മുഴുവൻ സമൂഹത്തിനും മാതാപിതാക്കൾക്കും ഒരു തിളങ്ങുന്ന മാതൃകയാണ്.

മകൾക്ക് 101 പവന്റെ സ്വർണസമ്പാദ്യമല്ല മറിച്ചു മറ്റാർക്കും തകർക്കാൻ കഴിയാത്ത ആത്മബലവും ആർജവവും ധൈര്യവും
“BOLD & INDEPENDENT”എന്ന tag ആണ് മകൾക്കു അച്ഛന്റെ സമ്പാദ്യം.സ്വർഗകവാടം മലർക്കെ തുറന്നിരിക്കുന്ന ശിവരാത്രി നാളിൽ, ആയിരമായിരം നമ:ശിവായ മന്ത്രങ്ങളുടെ അകമ്പടിയോടെ പ്രിയ മകളുടെ സ്നേഹചുംബനങ്ങൾ ഏറ്റുവാങ്ങി അച്ഛൻ സ്വർഗം പ്രാപിച്ചുവെന്ന് കരുതട്ടെ. ഒരിക്കൽ കൂടി അച്ഛന്റെ “മോളെ”എന്നുള്ള വിളിക്കും സാമീപ്യത്തിനും വേണ്ടി മനസ്സ് വാശി പിടിച്ച് കരയാറുണ്ട്. അച്ഛനെനിക്കെന്നും മധുരോദാരമായ ഒരോർമ്മയാണ്. ആയിരം ദൈവങ്ങൾക്ക് സമമാണ് എനിക്ക് എന്റെ അച്ഛൻ. 😘😘😘😘😘😘

മകൾ, ജിനി ഗോപാൽ

Trending

To Top
Don`t copy text!