ഇംഗ്ലീഷ് ടീച്ചറും അര(1/2) പാവാടയും

ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് എന്റേത് ആയിരുന്ന ആ പെണ്‍പള്ളിക്കൂടത്തിലെ വിദ്യാര്‍ത്ഥിനികള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നത് ഒരു ഇംഗ്ലീഷ് ടീച്ചറെയാണ്. അങ്ങനെ എല്ലാവരും ഭയപ്പെടാറില്ല; …പിന്നെയോ? പാവാട ധരിച്ചുവരുന്ന വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തില്‍ അരപാവാട അതായത് ഹാഫ്…

ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് എന്റേത് ആയിരുന്ന ആ പെണ്‍പള്ളിക്കൂടത്തിലെ വിദ്യാര്‍ത്ഥിനികള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നത് ഒരു ഇംഗ്ലീഷ് ടീച്ചറെയാണ്.

അങ്ങനെ എല്ലാവരും ഭയപ്പെടാറില്ല;

…പിന്നെയോ?

പാവാട ധരിച്ചുവരുന്ന വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തില്‍ അരപാവാട അതായത് ഹാഫ് സ്‌കേര്‍ട്ട് അണിഞ്ഞ്, ഒരുങ്ങി വരുന്നവര്‍ മാത്രം ഭയപ്പെടണം. അക്കൂട്ടര്‍ പ്രസ്തുത ഇംഗ്ലീഷ്ടീച്ചറെ കണ്ടാല്‍ മാജിക്ക്കാരന്റെ തൊപ്പിയിലെ മുയലിനെപ്പോലെ ആ നിമിഷം അപ്രത്യക്ഷമാവും.

എന്നാല്‍,,, പെട്ടെന്ന് അപ്രത്യക്ഷമാവാന്‍ അവസരം ലഭിക്കാത്തവര്‍ക്കായി കാത്തിരിക്കുന്നത്; അടി, ഇടി, നുള്ള്, ആദിയായ പീഡന പരമ്പരകളുടെ പൊടിപൂരമായിരിക്കും. അങ്ങനെ പെണ്‍പള്ളിക്കൂടത്തിലെ പെണ്‍കുട്ടികള്‍ക്ക് അടികൊള്ളാനുള്ള കാരണമാണ് അക്കാലത്ത് സുലഭമായി മാലോകരായ മഹിളാമണികള്‍ ധരിക്കാറുള്ള അര/പാവാട. ‘ഏത് പെരുമഴക്കാലത്തായാലും കാല്പാദം കവിഞ്ഞൊഴുകുന്ന പാവാടമാത്രം പെണ്‍കുട്ടികള്‍ ഉടുത്താല്‍ മതി’ എന്നാണ് നമ്മുടെ ഇംഗ്ലീഷിന്റെ തീരുമാനം.

ടീച്ചര്‍ പഠിപ്പിക്കുന്ന ക്ലാസ്സിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് എന്നും കഷ്ടകാലമാണ്; അവര്‍ക്ക് ഒളിക്കാനാവില്ലല്ലൊ?

അതുകൊണ്ട് അവര്‍ രണ്ടില്‍ ഒന്ന് ചെയ്യും,

…ഒന്നുകില്‍ കൈയിലും കാലിലും കിട്ടുന്ന അടിയുടെ വേദനകൊണ്ട് പുളഞ്ഞ് ടീച്ചറെ ശപിക്കും,

…അല്ലെങ്കില്‍ അരപാവാട മാറ്റി കാല്‍പാവാട ആക്കും, അതായത് ഹാഫ് സ്‌കേര്‍ട്ട് മാറ്റി കാല്പാദം വരെയുള്ള ഫുള്‍ സ്‌കേര്‍ട്ടാക്കും.

ഇതില്‍ രണ്ടാമത്തെക്കാര്യം പരമ പാവങ്ങളായ അരവയര്‍ ഫുഡും അരവയര്‍ പട്ടിണിയുമായി കഴിയുന്ന കുടുംബത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടികള്‍ക്ക് അപ്രാപ്യമാണ്. അവര്‍ ദിവസേനയെന്നോണം അടികൊണ്ട പാടുകള്‍ അമ്മയെ കാണിച്ച് അമ്മയോടൊപ്പം ആ മകളും കണ്ണിര്‍ വറ്റുന്നതുവരെ കരയും.

ഇപ്പോള്‍ എല്ലാവര്‍ക്കും സംശയം തോന്നും, ഇതേത് ലോകത്താ ഇങ്ങനെയൊരു സംഭവം?

അങ്ങനെയൊരു കാലത്താണ് ഞാന്‍ സ്‌ക്കൂളില്‍ പഠിച്ചത്; കേരളത്തില്‍ തന്നെയുള്ള മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ഒന്നിച്ച് വേറെ വേറെ ക്ലാസ്സുകള്‍ ഉള്ള ‘ഒരു പെണ്‍പള്ളിക്കൂടം’. വര്‍ഷങ്ങള്‍ പിന്നിലേക്ക് ഒന്ന് തിരിങ്ങ് നോക്കുകയാണ്,

…എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പച്ചപാവാട മാത്രം, പിന്നെത്തിരിഞ്ഞൊന്ന് നോക്കിയാല്‍ കാണാം വെള്ള ബ്ലൌസ്. പിന്നെ ചിക്കിചികഞ്ഞൊന്ന് നോക്കിയാല്‍ കാണം, നാലോ അഞ്ചോ സാരിയും രണ്ടോ മൂന്നോ ദാവണിയും. പാവങ്ങളായ മിക്കവാറും പെണ്‍കുട്ടികള്‍ക്ക് ആകെമൊത്തംടോട്ടലായി രണ്ട് പാവാടയും രണ്ട് ബ്ലൌസും ആയിരിക്കും. തട്ടലും മുട്ടലും കീറലുമില്ലാതെ മൂന്ന് വര്‍ഷം അതായത് ‘എട്ട്, ഒന്‍പത്, പത്ത്,’ അത്‌കൊണ്ട് ഒപ്പിക്കണം. എട്ടാം തരത്തില്‍ അഡ്മിറ്റ് ചെയ്യവെ പിതാശ്രി എനിക്കും വാങ്ങിത്തന്നു; കാല്പാദത്തോളം താഴ്ചയുള്ള രണ്ട് പച്ചപാവാടയും, രണ്ട് വെള്ള ബ്ലൌസും.

അന്ന് പാവാടകള്‍ പലവിധമുലകില്‍ സുലഭമായിരുന്നു; ഫുള്‍ സ്‌കേര്‍ട്ട്, ഹാഫ് സ്‌കേര്‍ട്ട്, മിനി സ്‌കേര്‍ട്ട്, മൈക്രോമിനി സ്‌കേര്‍ട്ട്, ആദിയായവക്ക് ഒരു വിലക്കും എവിടെയും ഉണ്ടായിരുന്നില്ല. അവയില്‍ ഏതും അണിഞ്ഞ് എവിടെയും പോകാം. ഒളിഞ്ഞുനോട്ടവും ഒളിക്യാമറയും മൊബൈലും കണ്ടുപിടിക്കാത്ത ആ സുവര്‍ണ്ണകാലത്ത് ബസ്സ്‌യാത്രയില്‍ പോലും ആരും ആരെയും പീഡിപ്പിച്ചിരുന്നില്ല. എന്റെ വിദ്യാലയത്തിലെ പന്ത്രണ്ട് വയസ്സു തികയുന്ന പെണ്‍കൊടിമാരില്‍ പലരും ഹാഫ്‌സ്‌കേര്‍ട്ടില്‍ ആയിരുന്നു. കൌമാരം കടന്നുവരാന്‍ കാലതാമസം നെരിട്ട ആ കാലത്ത്, അവരെല്ലാം കുട്ടികള്‍ ആയിരുന്നു. ഇന്ന് ജനിച്ചനാള്‍ തൊട്ട്, കോമ്പ്‌ലാനും ബൂസ്റ്റും ബേബീ ഫുഡുകളും തീറ്റിച്ച് ബേബികളെ പെട്ടെന്ന് ബേബിയല്ലതാക്കിയശേഷം മട്ടണും ബീഫും കഴിച്ച് പെട്ടെന്ന് യുവതികളായി.

ഇതേത് കാലം എന്ന് ചോദിച്ചാല്‍ ഞാന്‍ പറയില്ല, അമ്മയാണെ സത്യം.

പിന്നെ എന്നും ഞാന്‍ ഫുള്‍സ്‌കേര്‍ട്ടില്‍ ആയിരുന്നു. അതൊരു രഹസ്യമാണ്, അതും ഞാന്‍ പറയില്ല.

നമ്മുടെ ഇംഗ്ലീഷ് ടീച്ചര്‍ എന്നും ക്ലാസ്സില്‍ വരുന്നത് ഒരു ചൂരലോടെ ആയിരിക്കും. ക്ലാസ്സില്‍ വന്ന ഉടനെ ആ വലിയ ഗ്ലാസുള്ള കണ്ണടയിലൂടെ എല്ലാവരെയും ഒന്ന് നോക്കും, തല മുതല്‍ കാല് വരെ…

ഹെഡ് റ്റു ഹീല്‍,

പിന്നെ മുന്‍ബെഞ്ചിലിരിക്കുന്ന കൂട്ടത്തില്‍ കുഞ്ഞിയായ ഹാഫ്‌സ്‌കേര്‍ട്ട് ധാരിണിയെ സെലക്റ്റ് ചെയ്ത് നിര്‍ത്തി ഒരു ചോദ്യം,

‘Name the books written by William Shakespeare?’

ടീച്ചറുടെ നോട്ടവും ചോദ്യവും കേട്ട ആ കുഞ്ഞിപ്പെണ്ണ് പേടിച്ച് വിറച്ച് അതുവരെ പഠിച്ച ഇംഗ്ലീഷുകളേല്ലാം ആ നിമിഷം മറക്കും. അതോടെ ദേഷ്യംകൊണ്ട് വിറച്ച ടീച്ചര്‍ ചൂരലുമായി അവളെ സ്മീപിക്കും. അടിക്കുന്നതിനും ഒരു ക്രമം പാലിക്കുന്നുണ്ട്; ആദ്യം ഇടതുകൈയില്‍ ഒന്ന്, പിന്നെ വലതുകൈയില്‍, പിന്നെ രണ്ടെണ്ണം വീതം ഓരോ കാലില്‍. അങ്ങനെ കാലില്‍ അടിക്കുമ്പോഴായിരിക്കും പറയുന്നത്,

‘മുട്ടോളമുള്ള പാവാടയുടുക്കാന്‍ നിനക്കൊക്കെ നാണമില്ലെ?’

അങ്ങനെ ക്ലാസ്സിലുള്ള ഓരോ അര\പാവാടയും കണ്ടുപിടിച്ച് ചോദ്യംചെയ്ത് അടികൊടുക്കുമ്പോഴേക്കും ഒരു പിരീഡ് എന്നത് അര പിരീഡ് ആയി മാറും. പിന്നെ ചോദ്യങ്ങള്‍ ഓരോതവണയും മാറിക്കൊണ്ടിരിക്കും;

ക്ലാസ്സിന് വെളിയിലൂടെ നടക്കുന്ന അര\പാവാടക്കാരികളെയും ടീച്ചര്‍ വെറുതെ വിടാറില്ല. വഴിയെ പോകുന്ന വിദ്യാര്‍ത്ഥിനികളില്‍ പാവാടയുടെ ഇറക്കം(താഴ്ച) നോക്കി നമ്മുടെ ഇംഗ്ലീഷ് ടീച്ചര്‍ അടിക്കും. അതുകൊണ്ട് പാവാടയുടെ ഇറക്കം കുറഞ്ഞവരെല്ലാം ടീച്ചറുടെ മുന്നിലാവാതിരിക്കാന്‍ പരമാവധി പരിശ്രമിക്കും.

അങ്ങനെയുള്ള ആ സുവര്‍ണ്ണകാലത്ത് ‘ചോദിക്കാനും പറയാനും ആരും ഇല്ലെ?’ എന്ന് പലരും ചോദിക്കും. അക്കാലത്ത് കുട്ടികളെ സഹായിക്കാന്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളെ സഹായിക്കാന്‍ ഒരു കോടതിയും വരാറില്ല. പിന്നെ ഹൈസ്‌ക്കൂളില്‍ വരാന്‍ ഒരു രക്ഷിതാവിനും ധൈര്യം ഉണ്ടായിരുന്നില്ല എന്ന്‌വേണം പറയാന്‍. മറ്റുള്ള അദ്ധ്യാപകരും ഹെഡ്മാസ്റ്ററും ഇംഗ്ലീഷിന്റെ സൈഡാണ്. അവര്‍ പറയും, ‘പാവാടയുടെ ഇറക്കം കുറഞ്ഞതിനല്ലെ ടീച്ചര്‍ അടിക്കുന്നത്. അതുകൊണ്ട് ഈ പെണ്‍കുട്ടികള്‍ക്ക് പാദം മൂടുന്ന പാവാട ധരിച്ചാല്‍ പോരെ?’

എന്നാലും ചിലര്‍ ടീച്ചറെ നേരിട്ട് ചോദ്യം ചെയ്യാറുണ്ട്, ധൈര്യവതികളായ ഉണ്ണിയാര്‍ച്ചയുടെ പരമ്പരയില്‍പ്പെട്ട ചില വിദ്യാര്‍ത്ഥിനികള്‍ മാത്രം. ക്ലാസ്സില്‍നിന്ന് അടികിട്ടി കരയുന്നതിനിടയില്‍ അവര്‍ ചോദിക്കും,

‘മുട്ടോളം താഴ്ചയില്ലാത്ത പാവാടയുടുത്ത് മറ്റു ക്ലാസ്സുകളിലെ കുട്ടികള്‍ വരുന്നുണ്ടല്ലൊ. അവരെയൊന്നും ടീച്ചറെന്താ തല്ലാത്തത്?’

അത് കേള്‍ക്കേണ്ട താമസം ഒരടി കാലില്‍ വീഴും പുറകെ ഡയലോഗും,

‘മറ്റുള്ളവരെയെന്തിനാ നിങ്ങള്‍ നോക്കുന്നത്? നിന്റെയൊക്കെ അടുത്ത വീട്ടിലുള്ളവന്‍ കള്ളനാണെന്ന് അറിഞ്ഞാല്‍ നീയും അതുപോലെ കള്ളനായി മാറുമോ?’

അടികൊണ്ടവള്‍ അടികൊണ്ടഭാഗം തടവിക്കൊണ്ട് മനസ്സില്‍ ടീച്ചറെ ശപിച്ച് ഇംഗ്ലീഷിനെ വെറുക്കും.

അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച രാവിലെ സ്‌ക്കൂളിനു മുന്നിലെ വിശാലമായ ഗ്രൌണ്ടില്‍ ധാരാളം പെണ്‍കുട്ടികള്‍ ഒത്തുകൂടിയിരിക്കുന്നു. അവിടെ ഏതോ ഒരു അത്ഭുതക്കാഴ്ച കണ്ട് അവരെല്ലാം നോക്കിയിരിക്കയാണ്. അതെന്താണെന്നറിയാന്‍ പലരും അടുത്ത് പോയി. പോകാത്തവര്‍ വരാന്തയിലൂടെയും ജനാലയിലൂടെയും വാതിലിലൂടെയും എത്തിനോക്കി.

അങ്ങനെ നോക്കിയവരെല്ലാം ഒരു അത്ഭുതക്കാഴ്ച കണ്ടു,,,,,,

സ്‌ക്കൂളിനു മുന്നില്‍ ബസ്സിറങ്ങിയശേഷം നമ്മുടെ ഇംഗ്ലീഷ് ടീച്ചര്‍ മന്ദം മന്ദം നടന്നു വരികയാണ്. അങ്ങനെ നടന്നു വരുന്ന ടീച്ചറുടെ പിന്നിലായി സ്ലോ മോഷനില്‍ നടന്നുവരുന്നു,

…ഒരു പതിനാലുകാരി,

…പച്ചയും വെള്ളയുമാല്ലാത്ത, യൂനിഫോം അണിയാത്ത, വര്‍ണ്ണം വിതറുന്ന നിറങ്ങളണിഞ്ഞ ഒരു വളുത്ത പെണ്‍കുട്ടി,

…അവളുടെ പാവാട കാല്‍മുട്ടിന് മുകളില്‍ അവസാനിച്ചിരിക്കുന്നു,,,

ഇംഗ്ലീഷ് ടീച്ചറെ കണ്ടപ്പോള്‍ വരാന്തയില്‍ നില്‍ക്കുന്ന നമ്മുടെ മലയാളം ചോദിച്ചു,

‘ഇതാരാ? ടീച്ചറുടെ മകളാണോ? അവള്‍ക്ക് ക്ലാസ്സില്ലെ?’

‘ഇവളെന്റെ ഒരേയൊരു മകളാണ്, അവളുടെ സ്‌ക്കൂളിന് ഇന്ന് അവധിയായതുകൊണ്ട് ഞാന്‍ അവളെയും ഒപ്പം കൂട്ടി’

നമ്മള്‍ വിദ്യാര്‍ത്ഥിനികളെല്ലാം ചോദ്യഭാവത്തിലും(?) രൂപത്തിലും(?) ഇംഗ്ലീഷ് ടീച്ചറുടെ മകളെ കേശാദിപാദം നിരീക്ഷിച്ചു. പാവാടയില്ലാത്ത മുട്ടിനു മുകളിലെ ഭാഗം വീണ്ടും വീണ്ടും നോക്കി. പിന്നെ ഓരോ വിദ്യാര്‍ത്ഥിനിയും മനസ്സില്‍ കണക്ക് കൂട്ടാന്‍ തുടങ്ങി,

അവളുടെ കാല്‍മുട്ടിന്റെ മുകളില്‍, കൃത്യമായി എത്ര ഉയരത്തിലായിരിക്കും, പാവാട അവസാനിച്ചിരിക്കുന്നത്?

Leave a Reply