Malayalam Article

ഇരയുടെ വ്യക്തിത്വം ബലാൽക്കാരം ചെയ്യപ്പെടുന്നവൾ അതാസ്വദിച്ചിരുന്നുവത്രെ.

ഇരയുടെ വ്യക്തിത്വം

കോടതിയിൽ കൂട്ടച്ചിരിയുയർന്നു…
പുതിയ കണ്ടെത്തൽ…
ബലാൽക്കാരം ചെയ്യപ്പെടുന്നവൾ അതാസ്വദിച്ചിരുന്നുവത്രെ…

വിജയത്തിനു വേണ്ടി പുരുഷൻ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവ്.
ആക്രമണം ആസ്വാദനമാകുമാ? നീതി തേടി വരുമ്പോൾ നന്മയും, തിന്മയും തുലനം ചെയ്യുന്ന,വിവരവും, വിദ്യഭ്യാസവുമുണ്ടെന്ന് ധരിക്കുന്നവരിൽ നിന്നുപോലും അനുഭവിക്കേണ്ടിവരുന്ന അപമാന ഭാരം…അവനിലും സ്ത്രീയെ വിലകുറച്ചു കാണുന്ന ഒരു മനസ്സുണ്ടെന്ന് തിരിച്ചറിയപ്പെടുന്നു…

നിസ്സഹായയായി, പ്രതികരണശേഷിയില്ലാതെ, ദയയാചിച്ച്, ഭയചകിതയായി വല്ലാത്തൊരു മാനസിക സമ്മർദ്ദത്തിനടിമപ്പെട്ട് രക്ഷാമാർഗ്ഗമില്ലാതെ നിൽക്കുന്ന ഒരാളുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുന്ന പരിഹാസച്ചിരികൾക്കറിയില്ല, അതിനു പുറകിലുള്ള വേദന.പതിയിരുന്നു കൂപ്പുകൈകളോടെ യാചിക്കുന്നവളുടെ മനസ്സും, ശരീരവും ആസ്വാദനത്തിന് തയ്യാറെടുക്കുകയാണോ, അതൊ അപമാനിക്കപ്പെടാൻ പോകുന്ന ആത്മാഭിമാനത്തെ ചവിട്ടിത്തേക്കപ്പെടുന്ന നിമിഷമോർത്ത് വേദനയാൽ പിടയുകയാണോ? ഇതെല്ലാം ചിന്തിക്കപ്പെടാത്തതെന്താണ്?താൻ സ്നേഹിക്കപ്പെടുന്നവനു വേണ്ടിയുള്ള സമർപ്പണമല്ല അവിടെ നടക്കുന്നതെന്നും, സ്വമസ്സും, ശരീരവും ചേരുന്നിടത്തു മാത്രമാണവൾ സംതൃപ്തയാവുക എന്നതും എന്തുകൊണ്ട് തിരിച്ചറിയപ്പെടാതെ പോകുന്നു?

ആർക്കാണവളെ മനസ്സിലാക്കാൻ കഴിയുക?
ശരീരത്തേക്കാൾ മനസ്സാണ് ആദ്യമവൾ ആഗ്രഹിക്കുന്നത്. പുരുഷന് നിമിഷ നേരത്തെ ആഗ്രഹത്തിന് ഏതൊരു ശരീരവും തൃപ്തി നൽകുമെന്നിരിക്കെ,ഒരു സ്ത്രീയ്ക്ക്, അവളാഗ്രഹിക്കുന്ന പുരുഷനോടൊപ്പമുള്ള നിമിഷങ്ങൾ മാത്രമാണ് സന്തോഷം നൽകുക… ശരീരത്തോടൊപ്പം അവളുടെ പ്രണയം നിറഞ്ഞ മനസ്സുകൂടി അതിൽ ലയിക്കുമ്പോഴേ ആ ബന്ധത്തിന് പൂർണതയുണ്ടാകൂ… ഇവിടെയാണ് സ്ത്രീയും.പുരുഷനും തമ്മിലുള്ള സൃഷ്ടി വൈഭവത്തിന്റെ അന്തരം..

ചിന്തകൾ കാടുകയറുന്നു….
ചിന്തകൾക്കൊണ്ടെന്തു ഫലം?
കാലമെത്ര കഴിഞ്ഞാലും, എല്ലാം അതുപോലെ തന്നെ നിലനിൽക്കുമെന്നതിന്റെ തെളിവാണല്ലോ നീതിപീഠത്തിൽ നിന്നുണ്ടായ ഈ തിരിച്ചറിവ്…. സ്ത്രീകളുടെ മഹത്വങ്ങളെന്നും പാടിപുകഴ്ത്തേണ്ടതായി മാത്രം അധ:പതിച്ചിരിക്കുന്നു… തനിക്കിനി എവിടെയാണ് നീതി?നീറ്റലടങ്ങാത്ത ശരീരത്തേക്കാളുപരിയായി മനസ്സ് വല്ലാതെ നിറിപ്പിടയുന്നു…സ്ത്രീശരീരം അവനവകാശപ്പെട്ടതാണെന്ന് കാലങ്ങളായി ധരിച്ചുവശായിരിക്കുന്നു…. അപ്പോൾ അവൾക്കതിൽ എന്തവകാശമാണുള്ളത്?

ഒരുതരം ആർത്തിയോടെ ദൃഷ്ടിയൂന്നി,
കാമവെറിപൂണ്ട കരങ്ങൾ വാരിപ്പുണരും നേരം അവളുടെ ശരീരത്തിന്റെ അവകാശം അവൾക്കു നഷടമായി കഴിഞ്ഞിരിക്കുന്നു… ഉപയോഗം കഴിഞ്ഞ് വലിച്ചെറിയപ്പെടുന്നതുവരേയ്ക്കും, അതവർക്കു മാത്രം സ്വന്തം.. പ്രജ്ഞ നഷ്ടമായ ആ ശരീരത്ത പിന്നീടവൾക്ക് തിരിച്ചെടുക്കാം… കാരണം ഇനിയുള്ള ഭാരമെല്ലാം അവൾ സ്വയം ചുമക്കേണ്ടതാണ്..

അനുവാദമില്ലാതെ അതിക്രമിച്ച് കടന്നതിലെ നീതി തേടലിൽ,അവിടേയും വിഷം ചീറ്റുന്ന വാക്കുകൾ…. അതൊരു ആസ്വാദനമായിരുന്നെന്ന്….
മനസ്സാഗ്രഹിക്കുന്ന പുരുഷന്റെ സ്പർശനമേ ഒരു സ്ത്രീയിൽ വികാരമുളവാക്കുവെന്നറിയാത്ത പുരുഷഗണങ്ങൾ… എന്തുകൊണ്ട് തിരിച്ചറിയുന്നില്ല,
അല്ലാത്തവരോടവൾക്ക് അറപ്പുമാത്രമെന്ന്…..തന്നിലിഴയുന്ന വിരലുകളെ വൃത്തികെട്ട തേരട്ടയെപോലവൾ വെറുക്കുന്നുവെന്ന്,.. അന്യമായവന്റെ ചുണ്ടിലമരുന്ന ചുംബനങ്ങളവളിൽ ഓക്കാനം മാത്രമാണുളവാക്കുകയെന്ന്… ലഹരിയുടെ ദുർഗന്ധവും.ശരീരത്തിലേൽപ്പിക്കപ്പെടുന്ന ക്ഷതങ്ങളുമാണോ അവളന്നേരം ആസ്വദിക്കുക? ലൈഗിംകതയൊരു ആസ്വാദനമാണ്, അതവളുടേയും അവകാശമാണ്…അല്ലാതെ ഇതൊന്നും അടിച്ചേൽപ്പിക്കപ്പെടേണ്ടതല്ലന്ന സത്യം എന്നാണിനി തിരിച്ചറിയപ്പെടുക….

ലഹരി അവനു മാത്രമുള്ളതെന്ന് കാലങ്ങളായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു.
അപ്പോഴവൾ അവനുവേണ്ടിമാത്രം സൃഷ്ടിക്കപ്പെട്ട, യാതൊരു വികാരവിചാരങ്ങളില്ലാത്ത മാംസപിണ്ഡം മാത്രമാണെന്നാണോ? അവളിലെ വികാരങ്ങളുണർത്താൻ മനസ്സു ചേർത്തുവച്ചൊരു പുരുഷന്റെ സ്പർശനത്തിനെ കഴിയൂ എന്ന് തിരിച്ചറിയപ്പെടാതെ പോകുന്നതെന്താണ്.?

ഇനിയെങ്കിലും അവളും ഒരു വ്യക്തിയെന്ന് തിരിച്ചറിയപ്പെടട്ടെ.. ഏതൊരാളെപ്പോലെയും ചിന്തകളും, സ്വപ്നങ്ങളും, വികാരവിചാരങ്ങളുമുള്ള ഒരു വ്യക്തി..
അവളുടെ ശരീരം അവളുടെ മാത്രം അവകാശമായിരിക്കട്ടെ…. മറ്റുള്ളവരുടെ ആഗ്രഹങ്ങൾ അടിച്ചേൽപ്പിക്കപ്പെടാനുള്ള ഒരു പാഴ്വസ്തുവല്ല അതെന്ന് തിരിച്ചറിയപ്പെടുക തന്നെ വേണം….

ഇതെല്ലാം സംഭവ്യമാണോ?
തന്റെയീ അപമാനംതന്നെ ഉദാഹരണം..
നഷ്ടങ്ങൾ തനിക്കു മാത്രമാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു….
താനെന്ന വ്യക്തിയെവിടെ? തന്റെ വ്യക്തിത്വം നഷ്ടമായിരിക്കുന്നു… താനിനി ഇരയെന്നാണറിയപ്പെടുക…
അതാണവർ തനിക്ക് ചാർത്തി തന്നിരിക്കുന്നത്.. അതുകൊണ്ടാണ് കോടതിയിലേക്ക് നടന്നടുക്കുംനേരം തന്നിലിഴഞ്ഞ കണ്ണുകളും. അശ്ലീല ചുവയുള്ള വാക്കുകളും മൂലം തന്റെ ശിരസ്സു കുനിക്കേണ്ടി വന്നത്….

തെറ്റ് ചെയ്തവർ പുരുഷനെന്ന ലേബലിൽ തലയുയർത്തി നിൽക്കുമ്പോൾ. ചെയ്യാത്ത തെറ്റിന്റെ പേരിൽ താൻ തലകുനിച്ചു നടക്കാൻ വിധിക്കപ്പെടുന്നു… സമൂഹത്തിൽ പരിഹസിക്കപ്പെടേണ്ടവർക്കു പകരം അതേറ്റുവാങ്ങി ഒരു കാഴ്ചവസ്തുവിനേപ്പോലെ മുന്നോട്ട് പോകേണ്ടി വരുന്നു….അപ്പോഴും സമൂഹത്തിന്റെ കണ്ണുകൾ അനുവാദമില്ലാതെ അവളുടെ ശരീരത്തെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കും….
ഇതാണോ നീതി? ഇതാണോ ഇവിടുത്തെ നിയമവ്യവസ്ഥ? ദയയില്ലാത്ത ഈ സമൂഹമാണോ ഇനിയെന്റെ സംരക്ഷകർ?

ഇരട്ടനീതിയാണെവിടേയും ….
പരസ്പര വിശ്വാസത്തിന്റെ പേരിൽ ദാമ്പത്യം കെട്ടിപ്പടുക്കുമ്പോൾ പുരുഷന്റെ വഞ്ചന കുടുംബബന്ധത്തിന്റെയും, കുഞ്ഞുങ്ങളുടേയുംപേരിൽ പൊറുത്തു കൊടുക്കുവാനവൾ നിർബന്ധിതയാക്കപ്പെടുന്നു….
കാരണം പഴമക്കാർ പറഞ്ഞുവച്ചിരിക്കുന്നു.. പുരുഷന് ചെളി കണ്ടാൽ ചവിട്ടാം, വെള്ളം കണ്ടാൽ കഴുകാം എന്ന്…

മറിച്ചാണ് സംഭവിക്കുന്നതെങ്കിലോ?അപ്പോൾ കുടുംബ ബന്ധത്തിന്റെ പേരിൽ പൊറുത്തു കൊടുക്കാൻ ആരും അവനോടാവശ്യപ്പെടില്ല: കുഞ്ഞുങ്ങൾക്കുവേണ്ടി ഒരു തവണ ക്ഷമിക്കണമെന്ന് പറയില്ല..
പകരം അവളെ ഉപേക്ഷിച്ച് മറ്റൊന്നിനെ സ്വീകരിക്കാൻ നിർബന്ധിച്ചുകൊണ്ടിരിക്കും.. ഇനി ഏതെങ്കിലുമൊരു പുരുഷൻ അതിന് തയ്യാറായാൽ അവനെ ഉൾക്കൊള്ളുന്നതിനു പകരം,അവനെ ആണത്തമില്ലാത്തവനെന്നും ‘പെൺകോന്തനെന്നും വിളിച്ച് പരിഹസിക്കും…

എങ്ങനെയാണ് ഒരേ തെറ്റു ചെയ്യുന്ന വ്യക്തികൾക്ക് രണ്ട് നീതിയാകുന്നത്.? തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയല്ലേ എന്ന ചോദ്യത്തിന് ഒരൊറ്റ
ഉത്തരം മാത്രം…. ഒരാൾ പുരുഷനും. മറ്റെയാൾ സ്ത്രീയും എന്നതു തന്നെ….
ഇതാണ് നീതി… ഈ നീതിക്കുവേണ്ടിയാണ് താനിവിടെ നിൽക്കുന്നത്,,, ഇതിലും എത്രയോ ഭേദയിരുന്നു ഒരു ഇരമാത്രമായി ജീവൻ നഷ്ടമാവുക എന്നത്….
ഭയപ്പെടേണ്ടത് ഇനിയുള്ള ജീവിതത്തെ…
പരിഹാസവും. അപമാനവും സഹിക്കവയ്യാതെയുള്ള പച്ചയായ ജീവിതത്തെ….

മാറണം… മാറ്റപ്പെടേണം ഈ ചിന്തകൾ…

അതിനാദ്യം മാറേണ്ടത് ഒരു സംഭവത്തിന്റെ നിജസ്ഥിതിയറിയാതെ, അതിലുൾപ്പെട്ടവരുടെ അവസ്ഥയോ, മാനസിക പിരിമുറുക്കമോ,വേദനയോ മനസ്സിലാക്കാതെ, സംഭവത്തിന്റെ സത്യവും, നീതിയും തിരിച്ചറിയപ്പെടുന്നതിനുംമുൻപേ അഭിപ്രായം പറയുവാനുള്ള അന്വേഷണത്വരതയും, അതൊരു ആസ്വാദനവും.

ആഘോഷവുമാക്കി മാറ്റുന്ന, ഓരോരുത്തരുടേയും ചിന്തകൾക്കനുസൃതമായി ആ വിഷയത്തെ വലിച്ചു കീറി പോസ്റ്റുമോട്ടം നടത്തുകയും ചെയ്യുന്ന മനുഷ്യ മനസ്സിന്റെ നെറികെട്ട, നാണംകെട്ട ചിന്തകളെയുമാണ്…..

( ഒരു ഇരയുടെ ചിന്തകൾ മാത്രം)

(Raziya Maju)

Trending

To Top
Don`t copy text!