Film News

ഈ കാരണങ്ങള്‍ മതി മെർസൽ സൂപ്പർ ഹിറ്റ് ആകാൻ ;ഇളയദളപതിയും മേര്‍സലും പ്രതീക്ഷകള്‍ തകർക്കില്ല !!

പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ഇളയദളപതി വിജയിയുടെ മേര്‍സല്‍ തിയറ്ററുകളില്‍ തരംഗമാവുന്നു. ആറ്റ്‌ലിയുടെ സംവിധാനത്തില്‍ പിറന്ന സിനിമ പ്രതിസന്ധികള്‍ക്കൊടുവില്‍ ഇന്ന് രാവിലെ ആറ് മണിമുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ദീപാവലി പ്രമാണിച്ച് ആരാധകര്‍ക്ക് വലിയൊരു സമ്മാനമായിട്ടാണ് മേര്‍സല്‍ പിറന്നിരിക്കുന്നത്. മികച്ചൊരു സിനിമ എന്നാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ആദ്യം വന്ന പ്രതികരണം.

ദീപാവലി തമിഴ് സിനിമ പ്രേക്ഷകര്‍ക്ക് മാത്രമല്ല വിജയ് ആരാധകര്‍ക്കെല്ലാം ആഘോഷത്തിന്റേതാണ്. ഭൈരവ എന്ന ചിത്രത്തിന് ശേഷന്‍ വിജയ് നായകനായി എത്തുന്ന മേര്‍സല്‍ തിയറ്ററിലെത്തുന്നത് ദീപാവലി ദിവസമാണ്. പ്രതിബന്ധങ്ങളെ തരണം ചെയ്ത് ചിത്രം അതിന്റെ ആദ്യ പ്രദര്‍ശനം ലോകവ്യാപകമായി 3300 സെന്ററുകളില്‍ ആരംഭിച്ചു കഴിഞ്ഞു.

വിജയ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഈ ചിത്രത്തേക്കുറിച്ച് പ്രതീക്ഷകള്‍ ഏറെയാണ്. ആ പ്രതീക്ഷകള്‍ക്ക് ശക്തി പകരുന്ന ഘടകങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും ഉള്ളത്. പ്രേക്ഷകരെ തിയറ്ററിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട അഞ്ച് ഘടകങ്ങളാണ് ചിത്രത്തിലുള്ളത്.

1 . വിജയ് എന്ന താരം

ഇളയ ദളപതി എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന വിജയ് എന്ന നടന്‍ തന്നെയാണ് മേര്‍സലിന്റെ പ്രധാന ആകര്‍ഷണം. മുന്‍വര്‍ഷങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ വിജയ് ചിത്രങ്ങളെല്ലാം എന്റര്‍ടെയ്‌നര്‍ എന്നതിനപ്പുറം കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ പ്രമേയമാക്കിയവയായിരുന്നു. മേര്‍സലിനെ സംബന്ധിച്ചുള്ള പ്രധാന പ്രത്യേകത വിജയ് മൂന്ന് വേഷത്തിലെത്തുന്നു എന്നത് തന്നെയാണ്.

2 . ആറ്റ്‌ലി എന്ന സംവിധായകന്‍

ശങ്കറിന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് മേര്‍സല്‍. താരപ്പകിട്ടില്ലാതെ എത്തിയ രാജാറാണി എന്ന ആദ്യ ചിത്രം തന്നെ ആറ്റ്‌ലി എന്ന സംവിധായകനെ അടയാളപ്പെടുത്തുന്നതായിരുന്നു. വിജയ് എന്ന നടനേയും താരത്തേയും കൃത്യമായി ഉപയോഗപ്പെടുത്തിയ തെരിയിലൂടെ ആറ്റ്‌ലി എന്ന മാസ് സംവിധായകനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. മേര്‍സലിനേക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതും ഈ ഘടകം തന്നെ.

3 . കെവി വിജയേന്ദ്ര പ്രസാദ് എന്ന രചയിതാവ്

കെവി വിജയേന്ദ്ര പ്രസാദ് എന്ന പേരിനേക്കാള്‍ പ്രേക്ഷകര്‍ക്ക് പരിചയം അദ്ദേഹത്തിന്റെ മകന്‍ രാജമൗലിയെയാണ്. മഗധീര, ബജ്‌റംഗി ഭായ്ജാന്‍, ബാഹുബലി എന്നീ ചിത്രങ്ങളുടെ രചയിതാവ് കൂടെയാണ് ഇദ്ദേഹം. അദ്ദേഹം ആദ്യമായി എഴുതുന്ന തമിഴ് ചിത്രമാണ് മേര്‍സല്‍. വിജയേന്ദ്ര പ്രസാദിന്റെ തൂലിക തന്നെയായിരിക്കും മേര്‍സലിന്റെ പ്രധാന അടിത്തറ.

4 . എആര്‍ റഹ്മാന്റെ സംഗീതം

ഒരു തമിഴ് ചിത്രത്തെ സംബന്ധിച്ച് ഗാനങ്ങള്‍ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല, പ്രേത്യേകിച്ച് വിജയ് ചിത്രത്തില്‍. മേര്‍സലിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് എആര്‍ റഹ്മാനാണ്. സിനിമയ്ക്ക് മുമ്പേ യൂടൂബില്‍ എത്തിയ ഈ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞവയാണ്. ആളെപ്പോരാന്‍ തമിഴന്‍, മെര്‍സല്‍ അര്‍സന്‍ എന്നീ ഗാനങ്ങള്‍ തിയറ്ററില്‍ തരംഗമാകും എന്ന കാര്യത്തില്‍ സംശയമില്ല.

5 . വമ്പൻ താര നിര

നായകനായി വിജയ് എത്തുന്ന ചിത്രത്തില്‍ വന്‍ താര നിരയാണ് അണിനിരക്കുന്നത്. വിജയ് മൂന്ന് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിത്യ മേനോന്‍, സാമന്ത, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. നടനും സംവിധായകനുമായ എസ്‌ജെ സൂര്യ വില്ലനായി എത്തുന്നു എന്നതും ശ്രദ്ധേയമാണ്. മഹേഷ് ബാബു ചിത്രം സ്‌പൈഡറില്‍ വില്ലനായി എത്തി എസ്‌ജെ സൂര്യ പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.

പ്രതിസന്ധികള്‍ക്കൊടുവില്‍…

മേര്‍സല്‍ റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിന്നിരുന്നു. സിനിമയില്‍ പക്ഷി മൃഗാദികളെ അനുവാദമില്ലാതെ ഉപയോഗിച്ചു എന്നതിന്റെ പേരിലായിരുന്നു പ്രശ്‌നങ്ങള്‍ തുടര്‍ന്നിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രിയുമായി വിജയ് നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം സെന്‍സറിങ് പൂര്‍ത്തിയാക്കിയ സിനിമ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയായിരുന്നു. ദീപാവലി റിലീസായി ചിത്രം നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തില്‍ നിരവധി അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നു.

പേരിന്റെ പേരിലുണ്ടായ വിലക്കും നടപടികളും മറികടന്ന് ചിത്രമെത്തിയെങ്കിലും അനുവാദമില്ലാതെ പക്ഷി മൃഗാദികളെ ചിത്രീകരണത്തിന് ഉപയോഗിച്ചതിന്റെ പേരില്‍ മൃഗ സംരക്ഷണ വകുപ്പ് ഇടഞ്ഞു. സെന്‍സറിംഗ് പൂര്‍ത്തിയാകാതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്ന പ്രചരിപ്പിച്ചതും വിവാദമായി. ഒടുവില്‍ വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് കണ്ടു. റിലീസിന്റെ തലേദിവസമാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിക്കുന്നത്.

 റിലീസ്

ബിഗ് റിലീസ് സിനിമയായിട്ടാണ് മേര്‍സല്‍ കേരളത്തില്‍ റിലീസ് ചെയ്തിരുന്നത്. 350 തിയറ്ററുകളിലായിരിക്കും ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. മാത്രമല്ല കേരളത്തില്‍ വിജയിയുടെ ആരാധകരുടെ എണ്ണം വളരെ കൂടുതലാണ്. റെക്കോര്‍ഡ് നമ്പറിലുള്ള ഫാന്‍സ് ഷോ ഉണ്ടാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്ന ഈ അഞ്ച് ഘടകങ്ങള്‍ തന്നെയാണ് മേര്‍സലിനെ വിജയ്‌യുടെ കരിയറിലെ ഏറ്റവും വലയി റിലീസാക്കി മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കാന്‍ കാരണം. ലോകവ്യാപകമായി 3300 തിയറ്ററിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തില്‍ 300 തിയറ്ററുകളിലും മലേഷ്യയില്‍ 800 തിയറ്ററുകളിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 175 ഫാന്‍സ് ഷോകളാണ് ചിത്രത്തിനായി ആദ്യ ദിനം ക്രമീകരിച്ചിരിക്കുന്നത്.

ആദ്യദിന കളക്ഷന്‍ എത്രയുണ്ടാകും ?

ദീപാവലിയുടെ അവധിയായതിനാല്‍ സിനിമയ്ക്ക് വലിയ പ്രചാരമാണ് കിട്ടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് റിലീസ് ദിനത്തില്‍ നാല് കോടി എത്തുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

 

Trending

To Top
Don`t copy text!