Film News

ഈ ഗാനങ്ങള്‍ക്ക് പിന്നില്‍ ഇങ്ങനെ ചില രഹസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?

ആ ഗാനങ്ങള്‍ സ്ക്രീനില്‍ വന്നപ്പോള്‍ നമ്മള്‍ വളരെയധികം ആസ്വദിച്ചു..പക്ഷെ പിന്നണിയില്‍ ഈ ഗാനങ്ങള്‍ ഒരുക്കുന്ന വേളയില്‍ സംഭവിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമായിരുന്നോ?

ചില സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ അണിയറ വിശേഷങ്ങളാണ് ഇവിടെ പങ്ക് വയ്ക്കപ്പെടുന്നത്…

1. അരവിന്ദന്‍ തന്റെ “പോക്കുവെയില്‍” എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കുകയല്ല ചെയ്തത്. മറിച്ച് ഹരിപ്രസാദ് ചൗരസിയയുടെ ഫ്‌ലൂട്ടും രാജീവ് താരാനാഥിന്റെ സരോദും ചേര്‍ന്ന മനോഹരമായ സംഗീതം ആദ്യം റെക്കോര്‍ഡ് ചെയ്ത് അതിന്റെ ഗതിവിഗതികള്‍ക്കനിസരിച്ച് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഒരുക്കുകയായിരുന്നു.പ്രത്യേകിച്ച് സ്‌ക്രിപ്‌റ്റൊന്നുമില്ലാതെ സംഗീതം പോകുന്ന വഴിയിലായിരുന്നു പോക്കുവെയിലിന്റെ ചിത്രീകരണവും..!

2 . ചെമ്മീന്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കാന്‍ രാമു കാര്യാട്ട് സലില്‍ ചൗധരി എന്ന ബംഗാളി സംഗീതസംവിധായകനെ കേരളത്തിലേക്ക് ക്ഷണിച്ചു . ഇവിടെ വന്ന സലില്‍ ചൗധരി വളരെ പോപ്പുലറായ ഒരു മലയാള ചലച്ചിത്രത്തിലെ ഒട്ടും പ്രശസ്തമല്ലാത്ത ഒരു ഗാനം മൂളിയിട്ട് ഇതിന്റെ സംഗീതകാരന്‍ ആരാണെന്ന് അന്വേഷിക്കുകയുണ്ടായി.രാഘവന്‍ മാസ്റ്ററുടെ സിനിമാരംഗത്തെ ആദ്യകാല്‍വയ്പ്പായ ‘കായലരികത്ത്’ ‘എല്ലാരും ചൊല്ലണ്’, ‘കുയിലിനെത്തേടി’ തുടങ്ങിയ ജനപ്രിയഗാനങ്ങള്‍ നിറഞ്ഞ ചിത്രമായ നീലക്കുയിലിലെ ‘ജിഞ്ചക്കന്താരോ’ എന്ന നാടോടി ഗാനമായിരുന്നു ആസ്സാമിയബംഗാളി നാടോടിഗാനങ്ങള്‍ ഓടക്കുഴലില്‍ വായിച്ചു വളര്‍ന്ന ചൗധരിയെ ആകര്‍ഷിച്ച ആ പാട്ട്.

3. ‘പാമ്പുകള്‍ക്ക് മാളമുണ്ട്…’ പാട്ടില്‍ ‘ദുസ്വപ്നം കണ്ടുണര്‍ന്ന ദുശ്ശകുനം ആണു ഞാന്‍’ എന്നായിരുന്നു ആദ്യം. കെ. എസ്. ജോര്‍ജ്ജ് കുറെ വേദികളില്‍ ഇങ്ങനെ പാടുകയും ചെയ്തു. രണ്ടു ‘ദു’ അടുത്തടുത്തു വരുന്ന അരോചകത മാറ്റണമെന്ന നിര്‍ദ്ദേശം വന്നതിനാല്‍ ‘ദുഃഖഭാരം ചുമക്കുന്ന’ എന്നാക്കി മാറ്റി.

4. കാട്ടുതുളസിയിലെ ‘ഗംഗയാറൊഴുകുന്ന നാട്ടില്‍ നിന്നൊരു…..(പി. സുശീല) എന്ന പാട്ട് എഴുതിക്കഴിഞ്ഞപ്പോള്‍ കുഞ്ചാക്കോ (പ്രൊഡ്യൂസര്‍)യ്ക്കും മറ്റും സംശയമായി. നായകന്‍ കല്‍ക്കട്ടയില്‍ നിന്നാണു വരുന്നതെന്ന് കൊളുന്തു നുള്ളി നടക്കുന്ന നായികയ്ക്ക് അറിയാമോ എന്ന്. അതു മാറ്റണമെന്നായി. വയലാറ് നിര്‍ബ്ബന്ധം പിടിച്ചു.

5. ഇടയ്ക്കയും മൃദംഗവും മാത്രം മാറിമാറി ഉപയോഗിച്ചു ചിട്ടപ്പെടുത്തിയ പാട്ടാണ് ‘ചെത്തി മന്ദാരം തുളസി’. വോക്കല്‍ സപ്പോര്‍ട്ടിന് മൃദംഗം. ചരണങ്ങള്‍ക്കിടയ്ക്ക് ഇടയ്ക്ക.തബല വിട്ട് ദേവരാജന്‍ ചെയ്ത ആദ്യ ഉദ്യമം.

6. തഹ്‌സീന്‍ മുഹമ്മദ് : മദന്‍ മോഹന്‍ കോഹ്ലിയുടെ ഗാനങ്ങളില്‍ സിതാര്‍ വായിച്ചിരിക്കുന്നത് ഉസ്താദ് റൈസ് ഖാന്‍ ആണ് (ഉസ്താദ് വിലായത്ത് ഖാന്റെ സഹോദരന്‍).ഒരിക്കല്‍ അവര്‍ തമ്മില്‍ പിണങ്ങി.പിന്നീട് മദന്‍ മോഹന്റെ പാട്ടില്‍ സിതാര്‍ ഉപയോഗിച്ചിട്ടേ ഇല്ല.!

7. ദക്ഷിണാമൂര്‍ത്തിയുടെ പ്രസിദ്ധഗാനമായ ‘ഹൃദയസരസ്സിലെ പ്രണയപുഷ്പമേ’അദ്ദേഹം ഏറ്റവും വേഗം സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങളിലൊന്നാണ്.ഒന്നര മണിക്കൂര്‍ കൊണ്ട്.

8. തിശ്രചതുരശ്രമിശ്രഖണ്ഡതാളഗതികളെല്ലാം വന്നുപോകുന്ന അപൂര്‍വ്വമായ ഗാനമാണ് രവീന്ദ്രന്റെ ആറാം തമ്പുരാനിലെ ‘പാടീ..പുഴയിലേതോ’എന്ന ഗാനം.അത്തരത്തിലൊന്നു ചെയ്യാമോ എന്ന യേശുദാസിന്റെ അഭിപ്രായത്തില്‍ നിന്നാണ് രവീന്ദ്രന്‍ മാഷ് പ്രസ്തുതഗാനം നിര്‍മ്മിച്ചത്.

9. ‘വികാരനൌകയുമായ്’എന്ന അമരത്തിലെ യേശുദാസിന്റെ അവാര്‍ഡ്ഗാനം പാടാന്‍ ആദ്യം ഭരതനും രവീന്ദ്രനും നിശചയിച്ചിരുന്നത് ബാലമുരളീകൃഷ്ണയെ ആയിരുന്നു.ബാലമുരളീകൃഷ്ണ തന്നെയാണ്, ‘ദാസ് പാടേണ്ട പാട്ടാണിത്,ഞാനല്ല ഇതു പാടേണ്ടത്’എന്നു പറഞ്ഞ് തിരിച്ചയച്ചത്.

10. എം.ജി.ശ്രീകുമാറിന്റെ വീട്ടില്‍ വെച്ച്,ഓഡിയോ കാസറ്റിന്റെ ദൈര്‍ഘ്യം നിറയ്ക്കാനായി പാടി റൊക്കോഡ് ചെയ്ത പാട്ടാണ് ചിത്രത്തിലെ ‘സ്വാമിനാഥപരിപാലയാശുമാം’എന്ന എന്ന കീര്‍ത്തനം.അത് പിന്നീട് ക്ലൈമാക്‌സില്‍ ഉപയോഗിക്കാന്‍ തീരുമാനിക്കപ്പെടുകയായിരുന്നു.

11. രണ്ടു വരിയ്ക്കു മാത്രം ഈണം നല്‍കപ്പെട്ട,അതേ ഈണം എല്ലാവരികള്‍ക്കും ആവര്‍ത്തിക്കുന്ന അപൂര്‍വ്വഗാനമാണ് കൈതപ്രത്തിന്റെ ‘എങ്ങനെ ഞാന്‍ ഉറക്കേണ്ടൂ’എന്ന ഗാനം.

12. ‘താമസമെന്തേ വരുവാന്‍ എന്ന പാട്ട് എത്ര തവണ പാടിയിട്ടും ദാസിന് ശരിയായില്ല.അവസാനം കേട്ടുകൊണ്ടിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അരയിലുള്ള കത്തിയെടുത്ത് ‘മര്യാദയ്ക്ക് പാടെടാ,അല്ലെങ്കില്‍ തട്ടിക്കളയും’എന്നു ഭീഷണിപ്പെടുത്തി.പിന്നെയാണ് ദാസ് നന്നായിട്ടു പാടിയത്’എന്നൊരു നുണക്കഥ(അല്ല,ഭാവന:),ഇറക്കിയ മഹാന്‍ സാക്ഷാല്‍ തിക്കുറിശ്ശിയാണ്.അതു സത്യമാണെന്ന് പിന്നീട് പല പാട്ടെഴുത്തുകാര്‍ പോലും വിശ്വസിച്ചു.

ഇതൊക്കെയാണ് നമ്മള്‍ ഇന്നും അടിച്ചു പൊളിച്ചു കേള്‍ക്കുന്ന സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ പിന്നണിയിലെ രഹസ്യം…

Trending

To Top
Don`t copy text!