Current Affairs

ഈ തീച്ചൂടിൽ ആനഎഴുന്നള്ളിപ്പ് നടത്തുന്ന സ്വാർത്ഥരായ മനുഷ്യൻ ചിന്തിക്കുന്നുവോ ഇതൊക്കെ? റെജീന നൂർജഹാന്റെ കുറുപ്പ് വൈറൽ ആകുന്നു.

തീവെയിലിന്റെ ദേശമാണ് പാലക്കാട്.‌ ഒപ്പം വിഷുവേലയുടെയും നാട്. ആനപ്രേമം എന്ന സെറിമോണിയൽ പുളകം കൊള്ളലിന്റെ കൂടിയാണ് ഈ ദേശമെന്നും പറയേണ്ടതുണ്ട്. ഈ മൂന്ന് ഘടകങ്ങളും എങ്ങനെ ഒന്നിച്ചു മുന്നോട്ട് പോവും? കൊടുവെയിലത്തെ വിഷുവേലയ്ക്ക്, ആനഎഴുന്നള്ളിപ്പ് സ്വപ്നം കാണുന്നൊരാൾ എന്തൊക്കെയാവും സത്യത്തിൽ പ്രതീക്ഷിക്കുക? ഇന്നലെ വൈകിട്ട് പാലക്കാട് നിന്ന് കണ്ണനൂരിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ ഓർത്തത് മുഴുവൻ ഇക്കാര്യം ആയിരുന്നു. വാഹനം പോയിക്കൊണ്ടിരുന്നത് നല്ല തിരക്കുള്ള, താരതമ്യേന ഇടുങ്ങിയ വഴിയിലായിരുന്നു.‌ നിറയെ വാഹനങ്ങൾ. ആളൊഴുക്ക്. റോഡിന്റെ ഒരു വശത്ത് കൂടെ മൂന്നാലു ആനകൾ. ഒപ്പം കൊട്ടും ബഹളവും പാട്ടും എഴുന്നള്ളിപ്പും. വിഷുവേലയാണ്. സമീപത്തെ മിക്ക ക്ഷേത്രങ്ങളിലും അതിന്റെ ഭാഗമായ ആന എഴുന്നള്ളിപ്പ് നടക്കുന്നു. ഞാൻ യാത്ര ചെയ്യുന്ന റൂട്ടിൽ തന്നെ ചുങ്കമന്ദം, കണ്ണനൂർ, കുഴൽമന്ദം എന്നിവിടങ്ങളിലെല്ലാം വേല എഴുന്നള്ളിപ്പ് നടക്കുകയാണ്. ഈ തീച്ചൂടിൽ, ഈ ബഹളത്തിൽ ഈ വണ്ടികൾക്കിടയിലൂടെ നെറ്റിപ്പട്ടവും ചൂടി പോവുന്നത്, ഏറ്റവും അപകടകാരിയാവാൻ നിമിഷങ്ങൾ മാത്രം വേണ്ട, ഏറ്റവും സെൻസിറ്റീവായ പടുകൂറ്റൻ ശരീരമുള്ള കാട്ടുമൃഗങ്ങളാണ്.

നിരന്തര വേദനകൾ ഏൽപ്പിച്ചുള്ള കഠിന പരിശീലനങ്ങളിലൂടെയാണ്, വാരിക്കുഴികളിൽ അബദ്ധത്തിൽ വീണ ആനകളെ മെരുക്കി എഴുന്നള്ളിപ്പിനുള്ള ഉരുപ്പടി ആക്കിമാറ്റുന്നത്.‌ അവയാണ് ഞാനടക്കം സഞ്ചരിക്കുന്ന ഇടുങ്ങിയ വഴിയിലൂടെ, പൊള്ളിപ്പിടഞ്ഞും തോട്ടി കൊണ്ട് നിയന്ത്രിക്കപ്പെട്ടും നടന്നു പോവുന്നത്.‌ പാലക്കാടൻ പകലിന് ഇപ്പോൾ എല്ലാം ഉണക്കിക്കരിക്കാൻ വെമ്പുന്ന വെയിൽമുനയുടെ മൂർച്ചയാണെന്ന് കൂടി ഓർക്കണം. നട്ടുച്ചയ്ക്ക് ആന എഴുന്നള്ളിപ്പിന് സർക്കാർ വിലക്ക് പ്രഖ്യാപിച്ചത് ഇത്തരം ഘടകങ്ങൾ കൂടി കണക്കിലെടുത്താണ്‌. എന്നിട്ടാണ് ഈ റോഡിൽ ആ ആനകൾ…ഒരൊറ്റ നിമിഷം മതിയാവും അവസ്ഥ മാറാൻ എന്നോർത്തു. ഒരൊറ്റ ആന ഇടഞ്ഞാൽ, ആനയ്ക്ക് ഹിതകരമല്ലാത്ത എന്തേലും സംഭവിച്ചാൽ കഥ മാറും. ഒറ്റ ചവിട്ട് മതി, ഒറ്റ തുമ്പിക്കൈ വീശൽ മതി, ഒറ്റ അലർച്ച പോലും മതി, തിരക്കിട്ട റോഡിലെ ഈ ആനന്ദങ്ങളെ ചോരയിലേക്ക് വിവർത്തനം ചെയ്യാൻ. എന്റേതടക്കമുള്ള വാഹനങ്ങൾ ഇടിഞ്ഞു പൊളിയാൻ. ഞാൻ അടക്കമുള്ള യാത്രക്കാരെ മരണ മുനയിൽ കോർക്കാൻ. എന്നിട്ടും എത്ര നിസ്സംഗതയോടെയാണ് ആളുകൾ സഞ്ചരിക്കുന്നത്? വണ്ടികൾ ഹോൺ മുഴക്കി അരികിലൂടെ ഇഴയുന്നത്? നിയമപാലകർ നടുക്ക് നിന്ന് കൂളായി വിസിലൂതുന്നത്? കാളപ്പോര് നടക്കുന്ന കളത്തിലൂടെ, ചുവന്ന കുപ്പായമിട്ട് അലസമായി, സ്വപ്നത്തിലെന്നോണം നടന്നു പോവുന്ന ഒരാളെ നമ്മൾ വിഡ്ഡി എന്നു വിളിക്കും. എന്നാൽ, സമാനമായ സാഹചര്യത്തിലൂടെ ഇതൊക്കെ എന്ത് എന്ന മട്ടിൽ സഞ്ചരിക്കുന്ന നമ്മളെ നമ്മൾ അങ്ങനെ വിളിക്കുകയേ ഇല്ല. നമ്മൾ നമ്മളെ ആനപ്രേമി എന്നോ ഉൽസവക്കമ്പക്കാർ എന്നൊ ഒക്കെ അഭിനന്ദന സൂചകമായി സ്വയം വിളിക്കുമെങ്കിലും ഒരിക്കലും മണ്ടന്മാരായി തിരിച്ചറിയുകയേ ഇല്ല.

സംശയമുള്ളവർ ഇന്നത്തെ പത്രത്തിൽ, പ്രാദേശിക കോളത്തിൽ വന്ന ഈ വാർത്ത ഒന്ന് വായിച്ചു നോക്കൂ. ഞാൻ സഞ്ചരിച്ച വഴിയുടെ മറ്റേ അറ്റത്താണ് ആ ഫോട്ടോയിൽ കാണുന്ന വാഹനങ്ങൾ തകർക്കപ്പെട്ട് കിടക്കുന്നത്. അത് തകർത്ത ആനകൾ എന്റെ അരികിലൂടെ വെയിൽനിലത്തൂടെ കാൽ വെന്ത് നടന്നു പോയ ആനകളോ അത് പോലുള്ളവയോ ആണ്. ഇത്തരമൊരു മരണക്കളിയുടെ മുനമ്പിലൂടെ തന്നെയാണ് ഞാനടക്കം ഒരു പാട് പേർ ആനപ്രണയത്തോടെയോ അല്ലാതെയോ ജീവൻ കയ്യിൽ പിടിച്ച് കൂളായി പാട്ടും പാടി നടന്നു പോയത്. നാം എന്തൊരു ജനതയാണ്! ശരിയാണ്: ഉൽസവ സീസണുകളിൽ ലക്ഷങ്ങളുടെ കച്ചവടം നടക്കുന്ന ഒന്നാണ് ആന ബിസിനസ്. അതിന്റെ തിരതള്ളലാണ് ഉൽസവ സീസണുകളിൽ ആനകളെ സൂപ്പർ താരങ്ങളാക്കി സ്ഥാപിക്കപ്പെടുന്ന കഥകളും മാധ്യമ വാർത്തകളും ഫ്ലക്സ് ബോർഡുകളും.‌ ആ കച്ചവടം കത്തിച്ചു വിടുന്ന പടക്കങ്ങളാണ് നമ്മുടെ വിശ്വാസങ്ങളെയും ഭക്തിയെയും ആന എഴുന്നള്ളിപ്പിലേക്ക് ഇത്ര മൂർച്ചയോടെ വലിച്ചടുപ്പിക്കുന്നത്. ഉൽസവം നല്ല രസമുള്ള, സന്തോഷം തരുന്ന അനുഭവവും നമുക്ക് പിന്നെ നൊസ്റ്റാൽജിയപ്പെടാനുള്ള വമ്പൻ അവസരവുമാണ്. എന്നാലും മനുഷ്യരേ, മരിക്കേണ്ടത് നമ്മൾ തന്നെയല്ലേ?

കടപ്പാട്: Regina Noorjahan

Trending

To Top
Don`t copy text!