Current Affairs

എന്താണ് ബിറ്റ്കോയിന്‍? അതെവിടെ വാങ്ങാന്‍ കിട്ടും? അതു നിങ്ങളെ സമ്ബന്നന്‍ ആക്കുമോ? ക്രിപ്റ്റോ കറന്‍സിയുടെ പേരിലെ തട്ടിപ്പുകള്‍ എങ്ങിനെ തിരിച്ചറിയാം: ബിറ്റ്കോയിന്‍ വിപ്ലവത്തില്‍ പങ്കെടുക്കും മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ !!

ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് ബിറ്റ് കോയിന്‍ അഥവാ ക്രിപ്റ്റോ കറന്‍സി. ആഗോളതലത്തില്‍ വലിയ പ്രചാരം നേടുകയും വില വാനോളം ഉയരുകയും ചെയ്യുന്നതോടെ ഏറെപ്പേരാണ് അനുദിനം ബിറ്റ് കോയിനിലേക്ക് ആകൃഷ്ടരാകുന്നത്. അതോടൊപ്പം തന്നെ ഇതിന്റെ ഇടപാടുകള്‍ നടത്തുന്നവരെ ഇന്ത്യന്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ നിരീക്ഷിക്കുകയും ചെയ്യുന്നു. പലരും എന്താണ് ബിറ്റ് കോയിന്‍ എന്ന് പോലും കാര്യമായി അന്വേഷിക്കാതെയാണ് ഇതിലേക്ക് എത്തിപ്പെടുന്നതും. വാനോളം ഉയരുന്ന വില ഒരു സുപ്രഭാതത്തില്‍ കൂപ്പുകുത്തുമോ എന്ന ആശങ്കയും സാമ്ബത്തിക വിദഗ്ദ്ധര്‍ ഉള്‍പ്പെടെ പങ്കുവയ്ക്കുന്നു. ഈ ഘട്ടത്തില്‍ എന്താണ് ബിറ്റ് കോയിന്‍ എന്നും എങ്ങനെയാണ് ഇടപാടുകള്‍ എന്നും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഇക്കാര്യങ്ങള്‍ വിശദമാക്കുന്നതാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റസ്പോണ്‍സ്.

സാധാരണ കറന്‍സികള്‍ക്കും കറന്‍സി ഇടപാടുകള്‍ക്കുമുള്ള ദോഷങ്ങളുടെ ഒരു പരിഹാരമെന്നോണം വിഭാവനം ചെയ്യപ്പെട്ടതാണ് ബിറ്റ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സി. 2008 ല്‍ സതോഷി നാക്കാമോട്ടോ എന്ന ഒരു കക്ഷിയാണ് ആദ്യമായി ബിറ്റ് കോയിന്‍ എന്ന ആശയം ഒരു പ്രബന്ധ രൂപത്തില്‍ വിശദമായി അവതരിപ്പിച്ചത്. സതോഷി നാക്കാമോട്ടോ എന്നത് ഒരു തൂലികാ നാമമാണ്. ഈ പേരിനു പിറകില്‍ ആരാണെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. 2009 ല്‍ തന്റെ ആശയത്തിനനുസരിച്ചുള്ള ഒരു ബിറ്റ് കോയിന്‍ പ്രോട്ടോക്കോളും അനുബന്ധ സോഫ്റ്റ്വെയറുകളും സംവിധാനങ്ങളുമായി ആദ്യ ബിറ്റ് കോയിന്‍ ശൃംഖല നിലവില്‍ വന്നു.

ബിറ്റ് കോയിന്‍ എന്നതിനെ ഒരു കറന്‍സി ആയി സങ്കല്‍പ്പിക്കുക. നിങ്ങള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്ബോള്‍ കറന്‍സി നോട്ടുകള്‍ കൊണ്ടുപോകില്ലേ? 100 രൂപാ നോട്ടിനു പകരം 100 രൂപ എന്നെഴുതിയ ഒരു കടലാസു കഷണം കൊണ്ടുപോയി കടക്കാരനു കൊടുത്താല്‍ ആയാള്‍ എന്തുകോണ്ട് അത് സ്വീകരിക്കില്ല? ഒറ്റ നോട്ടത്തില്‍ തന്നെ അയാള്‍ക്കത് വിലയില്ലാത്ത ഒരു കടലാസാണെന്ന് മനസ്സിലാകും. ഇനി നൂറു രൂപ നോട്ടിന്റെ ഒരു കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പി കൊണ്ടു പോയാലോ? കടക്കാരനത് ഒന്ന് കയ്യിലെടുക്കുമ്ബോള്‍ തന്നെ മനസ്സിലാകും അത് വ്യാജനാണെന്ന്. ഇനി ശരിക്കും കൂടുതല്‍ കുറ്റമറ്റ രീതിയില്‍ പ്രിന്റ് ചെയ്തെടുത്ത ഒരു വ്യാജ നോട്ട് ആണെങ്കിലോ കടക്കാരന്‍ തിരിച്ചും മറിച്ചുമൊക്കെ നോക്കി അയാള്‍ക്ക് അറിയുന്ന രീതിയില്‍ വ്യാജനാണോ എന്ന് തിരിച്ചറിയാന്‍ ശ്രമിക്കും. തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അതെടുത്ത് പെട്ടിയിലിടും.

ഇനി ബിറ്റ് കോയിനിലേക്ക് തിരിച്ചു വരാം. ബിറ്റ് കോയിനെയും രൂപയേയും ഡോളറിനേയുമൊക്കെ പോലെയുള്ള ഒരു കറന്‍സിയായി സങ്കല്‍പ്പിക്കണം. നിങ്ങളുടെ കൈവശം രൂപയ്ക്ക് പകരം ബിറ്റ് കോയിനാണുള്ളത്. ബിറ്റ് കോയിന്‍ നമ്മള്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിച്ചു വയ്ക്കാനുപയോഗിക്കുന്നതുപോലെയുള്ള ഒരു പേഴ്സില്‍ തന്നെയായിരിക്കും സൂക്ഷിച്ചു വച്ചിരിക്കുക (അതിന്റെ പേരാണ് ബിറ്റ് കോയിന്‍ വാലറ്റ്). നിങ്ങളുടെ പേഴ്സില്‍ 100 ബിറ്റ് കോയിനുകള്‍ ഉണ്ട്.

നിങ്ങള്‍ക്ക് വാങ്ങേണ്ടത് ഒരു കിലോ അരിയാണ്. ഒരു കിലോ അരിയുടെ വില 10 ബിറ്റ് കോയിനുകള്‍ക്ക് തുല്ല്യമായ വിലയാണെന്ന് സങ്കല്‍പ്പിക്കുക. കടക്കാരനോട് എവിടെയാണു ബിറ്റ് കോയിന്‍ നിക്ഷേപിക്കാനുള്ളതെന്ന് ചോദിക്കുക. അയാള്‍ ബിറ്റ് കോയിന്‍ നിക്ഷേപിക്കാനുള്ള അയാളുടെ സ്വന്തം പേഴ്സ് കാണിച്ച്‌ തരും. നിങ്ങള്‍ നിങ്ങളുടെ പേഴ്സ് തുറന്ന് അതില്‍ നിന്നും 10 ബിറ്റ് കോയിനുകള്‍ എടുത്ത് കച്ചവടക്കാരന്റെ പേഴ്സിലേക്ക് നിക്ഷേപിക്കുന്നു. ഇനി നിങ്ങള്‍ നല്‍കിയത് യഥാര്‍ത്ഥ ബിറ്റ് കോയിന്‍ ആണെന്ന് എങ്ങിനെ ഉറപ്പിക്കും? ബിറ്റ് കോയിന്‍ സമ്ബ്രദായത്തെ പറ്റി വിശദമായി അറിഞ്ഞാലേ ഇത്തരംകാര്യങ്ങളില്‍ കരുതലെടുക്കാന്‍ കഴിയൂ.

നിങ്ങളുടെ കൈവശമുള്ള പേഴ്സില്‍ എത്ര ബിറ്റ് കോയിനുകള്‍ ഉണ്ടെന്നും അവ യഥാര്‍ത്ഥത്തിലുള്ളതാണോ എന്നുമെല്ലാം ലോകത്ത് ആര്‍ക്കും എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയുന്ന ഒരു സംവിധാനമൊരുക്കിയിട്ടുണ്ട്. അതായത് എല്ലാ ബിറ്റ് കോയിന്‍ ഇടപാടുകളും ക്രമമായി അക്കമിട്ട് സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു ഭീമന്‍ കണക്ക് പുസ്തകം. കറന്‍സി നോട്ടുകള്‍ തിരിച്ചും മറിച്ചും നോക്കി വ്യാജനാണോ അല്ലയോ എന്ന് ഉറപ്പ് വരുത്തുന്നതുപോലെയുള്ള ബുദ്ധിമുട്ടുകളൊന്നും ഇവിടെ ഇല്ല. ഓരോ പേഴ്സിലും എത്ര പണം ബാക്കിയുണ്ടെന്നും ഇടപാടുകള്‍ നടന്നോ എന്നും എളുപ്പത്തില്‍ ഈ കണക്ക് പുസ്തകം നോക്കി മനസ്സിലാക്കാനാകും. ഈ കണക്കു പുസ്തകത്തിന്റെ പേരാണ് ബ്ലോക് ചെയിന്‍.

ഈ കണക്ക് പുസ്തകത്തിനൊരു പ്രത്യേകതയുണ്ട്. ഇത് കേന്ദ്രീകൃത സ്വഭാവമുള്ള ഒരു കണക്ക് പുസ്തകം അല്ല. അതായത് ഒരു വ്യക്തിയോ സംഘടനയോ സ്ഥാപനമോ പരിപാലിക്കുന്ന കണക്ക് പുസ്തകം അല്ല. ബിറ്റ് കോയിന്‍ ഇടപാടുകള്‍ നടത്തുന്നവര്‍ തന്നെയാണ് പൊതു സമ്മതമായ രീതിയില്‍ ഈ പുസ്തകത്തില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുന്നത്. അതിനാല്‍ ഒരു വ്യക്തിക്കോ ഒരു കൂട്ടം വ്യക്തികള്‍ക്കോ ഒന്നും ഇതില്‍ യാതൊരു വിധ കയ്യാങ്കളികളും നടത്താന്‍ കഴിയില്ല.

ബിറ്റ് കോയിന്‍ എങ്ങിനെ ഇരിക്കും എന്ന് നോക്കാം. ബിറ്റ് കോയിന്‍ എന്നത് ഒരു ക്രിപ്റ്റോ കറന്‍സി ആണെന്ന് പറഞ്ഞല്ലോ. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം 3GtmDuwLfZJsLgVjV7tKwH3N4paYXR56dT ഇത് ഒരു ബിറ്റ് കോയിന്‍ അഡ്രസ് ആണ്. ഈ ബിറ്റ് കോയിന്‍ അഡ്രസ്സുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബ്ലോക് ചെയിന്‍ എന്ന രജിസ്റ്ററിലൂടെ അറിയാന്‍ കഴിയും. ബ്ലോക്ക് ചെയിന്‍ ഡാറ്റാബേസില്‍ നിന്നും വിവരങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കുന്ന രീതിയില്‍ തയ്യാര്‍ ചെയ്ത ധാരാളം സോഫ്റ്റ് വെയറുകളും അപ്ലിക്കേഷനുകളും വെബ് സൈറ്റുകളുമൊക്കെ ലഭ്യമാണ്.

ബിറ്റ് കോയിന്‍ വാലറ്റ് പ്രത്യേകിച്ച്‌ ചെലവൊന്നുമില്ലാതെ ആര്‍ക്കും ഉണ്ടാക്കിയെടുക്കാമെന്ന് പറഞ്ഞല്ലോ. ഇത്തരത്തില്‍ ബിറ്റ് കോയിന്‍ വാലറ്റ് ഉണ്ടാക്കുമ്ബോള് അതിനു രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരിക്കും . ഒന്ന് പ്രൈവറ്റ് കീ രണ്ട് പബ്ലിക് കീ. ഇതില്‍ പ്രൈവറ്റ് കീ ആണ് നിങ്ങളുടെ താക്കോല്‍ – അത് രഹസ്യമായി സൂക്ഷിക്കുക. പ്രൈവറ്റ് കീ എന്‍ക്രിപ്റ്റ് ചെയ്ത് പാസ് വേഡ് ഉപയോഗിച്ച്‌ മറ്റുള്ളവര്‍ക്ക് കിട്ടിയാലും ഉപയോഗിക്കാന്‍ കഴിയാത്ത രീതിയില്‍ സുരക്ഷിതമാക്കി വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇനി പ്രൈവറ്റ് കീ എന്‍ക്രിപ്റ്റ് ചെയ്യാതെയും സൂക്ഷികാവുന്നതാണ്. കമ്ബ്യൂട്ടറുകള്‍ എന്തെങ്കിലും കാരണവശാല്‍ നഷ്ടപ്പെട്ട് പോയാലോ നാശമായാലോ ബിറ്റ് കോയിന്‍ വാലറ്റുകള്‍ തുറക്കാന്‍ കഴിയാത്ത അവസ്ഥ വരുന്നതിനാല്‍ പ്രൈവറ്റ് കീ പ്രിന്റ് ചെയ്ത് സുരക്ഷിതമായ ഇടങ്ങളില്‍ സൂക്ഷിക്കുന്നതും നല്ലതാണ്. ചുരുക്കം പറഞ്ഞാല്‍ പ്രൈവറ്റ് കീ രഹസ്യമായി സൂക്ഷിക്കുക പബ്ലിക് കീ ആര്‍ക്ക് വേണമെങ്കില്‍ പണം സ്വീകരിക്കാന്‍ നല്‍കാവുന്നതാണ്.

souerce : daily haunt

Trending

To Top
Don`t copy text!