Malayalam Article

എന്നെ അവയവദാന മാഫിയ എന്നു വിളിക്കുംമുമ്പ്! എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് കണ്ണുകള്‍ മാറ്റിവെയ്ക്കപ്പെട്ടത് മൊത്തം 6 തവണ.

എന്നെ അവയവദാന മാഫിയ എന്നു വിളിക്കുംമുമ്പ്!
ഇത് എന്റെ അമ്മ,
എന്റെ പ്രിയപ്പെട്ട അമ്മ!
എന്റെ നന്മകളുടെയൊക്കെ ഉറവിടം, എന്റെ തിന്മകളുടെ ഉറവിടം ഞാനും !
ഇന്ന് അവയവദാന ദിനം.
എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് കണ്ണുകള്‍ മാറ്റിവെയ്ക്കപ്പെട്ടത് മൊത്തം 6 തവണ.

എന്നെ അവയവദാന മാഫിയയുടെ പ്രധാന കണ്ണി എന്നുവിളിക്കുന്നതിനുമുമ്പ് ഈ കഥ കൂടി കേള്‍ക്കണം. അമ്മയ്ക്ക് റിമറ്റോയ്ഡ് ആര്‍ത്രൈറ്റീസ് എന്നുപറയുന്ന, ദീര്‍ഘകാലം സന്ധികളെ ബാധിക്കുന്ന രോഗമാണ്. കണ്ടുപിടക്കപ്പെട്ടത് ഏതാണ് 20 വര്‍ഷങ്ങള്‍ക്ക്മുമ്പ്. ക്രമേണ ക്രമേണ ഓരോ സന്ധികളെയും അത് ബാധിക്കുകയും, സന്ധികള്‍ അനക്കാന്‍ കഴിയാതെ നടക്കാന്‍ കഴിയാതെ പരിപൂര്‍ണ്ണമായും കിടക്കിയിലാവുകയും ചെയ്തു. മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് പലതവണ സ്‌നേഹപൂര്‍വ്വം ഞാന്‍ നിര്‍ബന്ധിക്കുമ്പോഴും, ഭയന്ന് പിന്നീടാകാം പിന്നീടാകാം എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. കിടക്കയ്ക്ക് ചുറ്റുവട്ടത്ത് മാത്രം ജീവിതം ഒതുങ്ങും എന്ന സത്യം മനസ്സിലാക്കിയ അമ്മ പിന്നീട് മുട്ടുമാറ്റിവയ്ക്കുവാന്‍ ഭയത്തോടെ സമ്മതം മൂളി. രണ്ടുമുട്ടും മാറ്റിവച്ചപ്പോള്‍ അമ്മക്ക് പുതുജീവന്‍ കിട്ടിയതുപോലെയായിരുന്നു. നടക്കാനേ കഴിയാതിരുന്ന അമ്മ നടന്ന് വാഹനത്തില്‍ കയറാനും അത്യാവശ്യം ദിനചര്യകള്‍ ചെയ്യുവാനും തുടങ്ങിയത് സന്തോഷത്തോടെ ഞാന്‍ കണ്ടുനിന്നു.

അപ്പോള്‍ അതാവരുന്നു കണ്ണുകളിലും റിമറ്റോയ്ഡ് ആര്‍ത്രൈറ്റീസിന്റെ കടന്നാക്രമണം.കണ്ണു നീരില്ലാതെ കണ്ണുകൾ ഡ്രൈ ആകുന്ന രോഗം.കണ്ണുകൾ മാറ്റിവക്കണം എന്നു നേത്രരോഗവിദഗ്ധൻ. അമ്മ മനസില്ലാ മനസ്സോടെ സമ്മതിച്ചു.പിന്നീട് നേത്രം ദാനാം കിട്ടാനുള്ള കാത്തിരിപ്പു .ശാസ്ത്രക്രിയ കഴിഞ്ഞു കാഴ്ച തിരിച്ചു കിട്ടി .ഏറെ നാളുകൾ കഴിയുമുമ്പേ ആ കണ്ണുകളെ അമ്മയുടെ ശരീരം തിരസ്‌കരിച്ചു.വീണ്ടും കണ്ണു മാറ്റിവെക്കൽ .അങ്ങനെ ആറു തവണ.!

അമ്മയുടെ കാത്തിരിപ്പ് ഞാനിന്നും ഓര്‍ക്കുന്നു. അമ്മയുടെ അടുത്തിരിക്കുമ്പോള്‍ അമ്മ ഇടയ്ക്ക് ചോദിക്കാറുണ്ട് പുതിയ കണ്ണുവല്ലതും വന്നോ ?എന്റെ കണ്ണ് മാറ്റിവയ്ക്കാറായില്ലേ. ? കണ്ണുകള്‍ കിട്ടുവാനുള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ പലപ്പോഴും ഞാന്‍ അമ്മയെ കളിയാക്കാറുണ്ടായിരുന്നു. അല്പം ക്രൂരമായ തമാശ. “കണ്ണ് കിട്ടിയില്ലെങ്കില്‍ അമ്മയ്ക്ക് ഞാനൊരു ആടിന്റെ കണ്ണ് വച്ചുപിടിപ്പിച്ചുതരാം. ” എന്റെ തലയ്ക്ക് സ്‌നേഹപൂര്‍വ്വം തട്ടിക്കൊണ്ട് അമ്മയെന്നെ ശാസിച്ചിരുന്നു, ആരോടും ഇങ്ങനെയൊന്നും പറയരുത്.

അങ്ങനെ ഓരോ തവണയും വയ്ക്കുന്ന കോര്‍ണിയകള്‍ അമ്മയുടെ ശരീരം തിരസ്‌കരിച്ചപ്പോള്‍ വീണ്ടും വീണ്ടും കോര്‍ണിയ അല്ലെങ്കില്‍ നേത്രം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ അമ്മയുടെ ശരീരത്തില്‍ ചെയ്തു.. ഇടതുകണ്ണിന് 4 തവണയും വലതു കണ്ണിന് 2 തവണയും 6 മനുഷ്യജീവനുകളുടെ നേത്രം എന്റെ അമ്മയുടെ ശരീരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഇപ്പോള്‍ അവസാനം രണ്ടു മനുഷ്യജീവനുകളുടെ കണ്ണുകള്‍ അമ്മയുടെ ശരീരത്തിലുണ്ട്.

ഇനി എന്റെ അടുത്ത സുഹൃത്ത്, നാല്‍പതാം വയസ്സില്‍ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ബാധിച്ച് കിഡ്‌നി തകര്‍ന്ന് സകുടുംബം ജീവിതം ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്ന ചിത്രം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. രണ്ടുകൊല്ലത്തിലേറെ അവയവത്തിനായി കാത്തിരുന്ന്, അവസാനം അവയവം ലഭിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന ആ പ്ലാസ്റ്റിക് സര്‍ജ്ജന്‍ ഇന്ന് കേരളത്തിലെ ഒരു പ്രധാനപ്പെട്ട ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജ്ജറി വിഭാഗം മേധാവിയായി തുടരുന്നത് മറ്റാരുടെയോ ദാനത്തിലൂടെ മാത്രമാണതു നടന്നത്.

“എനിക്കിനി പഴയപോലെ ഓപ്പറേഷനൊക്കെ ചെയ്യാന്‍പറ്റുമോ ചേട്ടാ” എന്ന് ചോദിച്ച ചോദ്യം ഞാനൊരിക്കലും മറക്കില്ല!
നേത്രദാനം പോലെ തന്നെ എല്ലാ അവയവദാനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുതന്നെയാണ്. കെടാവര്‍ ഡോണര്‍ അഥവാ മരിച്ചുപോയ, ബ്രയിന്‍ ഡത്തായ ശരീരത്തില്‍ നിന്നും അവയവങ്ങള്‍ മറ്റൊരു ശരീരത്തിലേക്ക് മാറ്റിവയ്ക്കപ്പെടുമ്പോള്‍ പുതുജീവന്‍ കിട്ടുന്നത് ഒരു കുടുംബത്തിനാണ്. ഒരുപക്ഷെ കണ്ണുകള്‍ കാഴ്ചമാത്രം നല്‍കുമെങ്കില്‍, മറ്റവയവങ്ങള്‍ ജീവിതം തന്നെ തിരികെ നല്‍കും.

കാത്തിരിക്കുന്നത് രണ്ടായിരത്തിലേറെ രോഗികള്‍, കുടുംബാംഗങ്ങളെക്കൂട്ടിയാല്‍ അത് പതിനായിരത്തിലേറെ വരും. ജീവിതം ഉറ്റുനോക്കി, പുതുജീവിതം ഉറ്റുനോക്കി.അവയവദാന പ്രക്രിയയിലെ കുരുക്കുകള്‍ അഴിച്ചുമാറ്റപ്പെടേണ്ടതുതന്നെയാണ്. ഓര്‍ഗാന്‍ ഡൊനേഷന്‍ ആക്ട്, ഓര്‍ഗന്‍ ഡോനേഷന്‍ റൂള്‍സ് തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി കേരളത്തിലെ അവയവദാന പ്രക്രിയയെ നിയന്ത്രിക്കുന്ന നിയമാവലികളും നിയമങ്ങളും മാറ്റിക്കുറിക്കപ്പെടേണ്ടിയിരിക്കുന്നു. സംശയത്തിന്റെ നിഴല്‍ ഇല്ലാതെതന്നെ ബ്രയിന്‍ ഡത്തായ രോഗിയുടെ അവയവങ്ങളെല്ലാം സര്‍ക്കാര്‍ സംവിധാനത്തില്‍ മാത്രം നല്‍കിക്കൊണ്ട് അവയവദാന നിയമങ്ങള്‍ കൂടുതല്‍ ലളിതമാക്കാന്‍ സര്‍ക്കാരും മുന്നോട്ടുവരുന്നു എന്നുള്ളത് പ്രതീക്ഷാവഹമാണ്.

എന്റെ അമ്മയെപ്പോലെ ധാരാളം അമ്മമാരും, അച്ഛന്‍മാരും, സഹോദരന്മാരും സഹോദരിമാരും, ഭര്‍ത്താക്കന്മാരും, ഭാര്യമാരും പുതുജീവന്‍ നോക്കി കാത്തിരിക്കുന്നു. സഹായിച്ചേ മതിയാകൂ.അതുവരെ എന്നെ അവയവ ദാന മാഫിയയുടെ തലവൻ എന്നു തന്നെ വിളിച്ചോളൂ…

ഡോ. സുള്‍ഫി നൂഹു,

https://www.facebook.com/drsulphi.noohu/posts/2424169027599803

Trending

To Top
Don`t copy text!