Malayalam Article

എന്റെ കലാലയ പ്രണയം !!!

രചന: ദിവ്യ ദിലിപ് (ദേവു ശരത്)
കാലം പുതിയ കഥകൾ എഴുതുമ്പോൾ, ഞാൻ എന്നും എന്റെ മനസ്സോടു ചേർത്തുപിടിക്കുന്ന, ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമകളെ ഇവിടെ പൊടിതട്ടിയെടുക്കുന്നു.. മറക്കാനാവാത്ത വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ സമ്മാനിച്ച ജീവിതത്തിന്റെ ഏറ്റവും വില പിടിച്ച നിമിഷങ്ങൾ പകർന്നുതന്ന എന്റെ കലാലയത്തെ ഞാൻ സ്മരിക്കുന്നു.. ഇണങ്ങിയും പിണങ്ങിയും കളി പറഞ്ഞും നടന്ന ദിനങ്ങൾ.. സ്വപ്നങ്ങള്ക്ക് നിറങ്ങളൾ പകർന്നുതന്ന നാല് വര്ഷങ്ങൾ… ആരോ കുറിച്ചിട്ട അനുപമ പ്രണയത്തിന്റെ നിഴൽ വീണ വീഥികളിലൂടെ… ഒരു വട്ടം കൂടി നമുക്കിത്തിരി നടക്കാം…

ഒന്നും അറിയാതെ നെഞ്ചിടിപ്പോടെ സീനിയര്സിനെ പേടിച്ചു ഇടറുന്ന കാലടികളോടെ ആദ്യമായ് കലാലയത്തിന്റെ പടി ചവിട്ടിയത് ഇന്നും മായാതെ ഓർമയിൽ കിടക്കുന്നു.. എന്റെ നാട്ടുകാരനായ ഒരു സീനിയർ പറഞ്ഞു ഞാൻ പാട്ടുപാടുന്ന കുട്ടിയാണെന്ന് സീനിയർസ് കുറെയൊക്കെ അറിഞ്ഞിരുന്നു.. പാട്ടുപാടിക്കൽ സീനിയർസിന്റെ പരിചയപ്പെടലിന്റെ (റാഗിങ്ങിന്റ) ഭാഗമായ ഒന്നായിരുന്നു… അങ്ങനെ ഉണ്ടായ ഒരുപാടു സൗഹൃദങ്ങൾ.. അതിൽ ഒരു സീനിയർ ആയിരുന്നു ഫൈനൽ ഇയർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ശരത്.. എന്നെ സുഹൃത്തുക്കളോടൊപ്പം വന്നു പാട്ടുപാടിച്ചും മറ്റും ഉണ്ടായ ചെറിയ ചെറിയ തമാശകൾ.. പിന്നിടങ്ങോട്ടുള്ള യാത്രയില് ഏതോ മുൻ നിമിത്തം പോലെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.. ഒന്നാം വർഷത്തിലെ ക്രിസ്മസ് അവധിക്കായി കലാലയം അടക്കുകയാരിന്നു.. 2009 ഡിസംബർ.. അന്ന് പരസ്പരം ക്രിസ്മസ് ആശംസകൾ പറഞ്ഞാണ് ഞങ്ങൾ നല്ല സുഹൃത്തുക്കളായി പിരിഞ്ഞത്..

ദിവസങ്ങൾ കഴിഞ്ഞു.. 2010 ജനുവരി 1, ആ പുതുവത്സര ദിനത്തിൽ കലാലയം വീണ്ടും തുറന്നു.. ആ സൗഹൃദത്തിൽ ഒരു വിള്ളൽ വീണത് അന്നായിരുന്നു.. ഞാൻ അറിയാതെ അവൻ എന്നെ പ്രണയിക്കുന്നു എന്ന് എന്റെ സഹപാഠിയായ ഒരു പ്രിയ വിദ്യാർത്ഥിനി പറഞ്ഞറിഞ്ഞ ആ ദിവസം .. വളരെ വേദനയോടെ ഞാൻ അറിഞ്ഞു.. അതെ “അവൻ എന്നെ പ്രണയിക്കുന്നു..” എന്റെ ഉറ്റ സുഹൃത്ത് ചിന്നു എന്നെ ആശ്വസിപ്പിച്ചു..

വീണ്ടും ദിവസങ്ങൾ കഴിഞ്ഞു.. എന്നെ കാണാനായി അവൻ കോളേജ് ബസ്സിലെ യാത്ര പതിവാക്കി.. ഞാൻ ട്യൂഷൻ പോകുന്ന സ്ഥലത്തു വന്നു ഞാൻ അറിയാതെ അവൻ എന്നെ കണ്ട ദിനങ്ങൾ… അവൻ കാണാതെ കോളേജ് ബസ്സിൽ പതുങ്ങിയിരുന്ന എന്നെ ഓർക്കുമ്പോൾ എനിക്കിന്ന് ചിരിയാണ് വരുന്നത്.. ഒരു ദിവസം ഞാൻ കലാലയത്തിന്റെ ഇലക്ട്രോണിക്സ് സമുച്ചയത്തിന്റെ താഴെ തനിച്ചു നിൽക്കുന്നത് കണ്ടു ധൈര്യം സംഭരിച്ചു അവൻ എന്റെ അടുത്ത് വന്നു.. അത് വരെ ഒതുക്കി വെച്ചിരുന്ന ആഗ്രഹം അവൻ ഒറ്റവാക്കിൽ തുറന്നു പറഞ്ഞു.. ‘എനിക്ക് നിന്നെ വളരെ ഇഷ്ടമാണ്’.. എന്റെ ഉത്തരം അറിയാനായി അവൻ എന്റെ മുഖത്തേക്ക് നോക്കി.. ഒരു മുഖവുര കൂടാതെ ഞാൻ പറഞ്ഞു.. “നമ്മളെ കഷ്ടപ്പെട്ട് വളർത്തി പഠിപ്പിച്ച അച്ഛനെയും അമ്മയെയും ധിക്കരിച്ചു നമ്മൾ കാണുന്ന ഒരു പുരുഷനെ വിവാഹം കഴിക്കുന്നത് എത്ര തെറ്റാണ്..? ഞാൻ അത് ചെയ്യില്ല.. എനിക്ക് നിങ്ങളെ ഇഷ്ടപ്പെടാൻ കഴിയില്ല!”

കുറച്ചുനാൾ അവൻ പിന്നെ എന്റെ കണ്മുന്നിൽ വന്നില്ല .. ആഴ്ചകൾ കഴിഞ്ഞു… മനസിൽ എന്തെന്നില്ലാത്തൊരു നീറ്റൽ… അവനെ കാണാത്തതിലും അവനോടു മിണ്ടാൻ പറ്റാത്തതിലും എനിക്ക് അതിയായ വിഷമം.. എന്റെ മനസ്സിന് ഇതെന്തുസംഭവിച്ചു എന്നറിയാതെ ഞാൻ നീറുകയായിരുന്നു .. പതിയെ ഞാനും മനസിലാക്കി.. അതെ, അവൻ എനിക്കും പ്രിയപ്പെട്ടവൻ ആണെന്ന്.. അവനോടു എനിക്കും പ്രണയം തോന്നിത്തുടങ്ങിയിരുന്നു… അകന്നു നിക്കുമ്പോഴാണ് നാം മനസ്സിലെ സ്നേഹം തിരിച്ചറിയുന്നത്.. നല്ല ഒരു സുഹൃത്തായതുകൊണ്ടു മാത്രമാണ് അവനു എന്നോടുള്ള പ്രണയം എനിക്ക് തള്ളിക്കളയാൻ പറ്റാതെയിരുന്നത്.. പിന്നീട് അവനോടു ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞു… പക്ഷെ അപ്പോഴേക്കും അവന്റെ കലാലയ ജീവിതത്തിന്റെ അവസാന നാളുകൾ എത്തിച്ചേർന്നിരുന്നു.. അവന്റെ അവസാന വർഷ പരീക്ഷകൾ പൂർത്തിയാക്കി, മധുരപ്രണയത്തിന്റെ ഓർമ്മകൾ മനസ്സിലേറ്റി അവൻ കലാലയത്തിന്റെ പടിയിറങ്ങി..

കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല എനിക്ക്.. എന്റെ സുഹുത്തുക്കൾ എന്നെ ആശ്വസിപ്പിച്ചു… അവൻ കലാലയത്തിൽനിന്നു പടിയിറങ്ങിപ്പോയെങ്കിലും ഒരിക്കലും അത് അവനു എന്നോടുള്ള പ്രണയത്തിന്റെ അവസാനം ആയിരുന്നില്ല.. ഞാൻ ആ സുന്ദര പ്രണയം നെഞ്ചിലേറ്റി 2013 ൽ എന്റെ കലാലയ ജീവിതവും പൂർത്തിയാക്കി.. ഞങ്ങൾ പരിചയപ്പെട്ടതും ഞങ്ങളുടെ പ്രണയം പൂവിട്ടതിനുമെല്ലാം സാക്ഷ്യം വഹിച്ചത് ഞങ്ങളുടെ കോളേജ് ബസ്സും അതിലെ വിദ്യാർത്ഥി സുഹൃത്തുക്കളുമാണ്… കോളേജ് ബസ്സിലെ കളിയാക്കലും, ചിരികളും, സന്തോഷം നിറഞ്ഞ നിമിഷങ്ങളും, മെക്കാനിക്കലിലെ എന്റെ സ്വന്തം ആങ്ങളമാരെയും, എന്റെ സ്വന്തം ക്ലാസ്സിലെ സുഹൃത്തുക്കളെയും ഞാൻ എന്നും നന്ദിയോടെ ഓർക്കുന്നു..

പിന്നീട് നീണ്ട 6 വർഷത്തെ പ്രണയത്തിനു ശേഷം 2015 ൽ ഞങ്ങളുടെ പ്രണയം ഞാൻ എന്റെ വീട്ടിൽ അവതരിപ്പിച്ചു .. ഹൈസ്കൂൾ അധ്യാപികയായ എന്റെ അമ്മക്ക് ഒരിക്കലും മകളുടെ വിവാഹം ഒരു പ്രണയവിവാഹം ആകുന്നതു സങ്കൽപ്പിക്കാൻ പോലും പറ്റില്ലായിരുന്നു.. അച്ഛൻ എന്നും എന്നോട് മൗനം പാലിച്ചു.. അമ്മയുടെ കരച്ചിലും, വഴക്കും, പരിഭവങ്ങളും കണ്ട നീണ്ട 1 വർഷം.. കുടുംബക്കാരുടെ ഉപദേശം കേട്ടു മനസ്സ് മടുത്തുപോയ നാളുകൾ… വിവാഹം നടത്തിക്കൊടുക്കണമെന്ന അഭ്യർത്ഥനയുമായി എന്റെ മാതാപിതാക്കളുടെ മുന്നിൽ വന്ന അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തുക്കൾ..

ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ആ നീണ്ട നാളുകൾക്കുശേഷം അദ്ദേഹം വിദേശത്ത് ജോലി നേടിയ കത്തുമായി എന്റെ അച്ഛനെ വന്നുകണ്ടു.. അതുവരെ മൗനം പാലിച്ചിരുന്ന എന്റെ അച്ഛൻ അന്ന് അദ്ദേഹത്തോട് ധൈര്യമായി പോയിവരാൻ പറഞ്ഞു.. “എന്റെ മകൾ എന്നും നിന്റേതു മാത്രം ആയിരിക്കും..” എന്റെ അച്ഛൻ ആ വാക്കുകൾ പാലിച്ചു.. ഇന്ന് ഞാൻ അദ്ദേഹത്തിന്റെ പത്നിയാണ്.. എന്റെ ശരത്തേട്ടന്റെ ഭാര്യയാണ്.. പ്രണയത്തിന്റെ ഒൻപതാം വാർഷികം പിന്നിടുമ്പോൾ ഞങ്ങൾ വിവാഹ ജീവിതത്തിലേക്ക് കടന്നിട്ട് 1 വർഷം കഴിഞ്ഞിരിക്കുന്നു… ഞങ്ങൾ സന്തുഷ്ടരാണ്…

ഞങ്ങളുടെ പ്രണയത്തിൽ എന്നും താങ്ങായി കൂടെ നിന്ന എന്റെ പ്രിയ സുഹൃത്തുക്കളെയും ശരത്തേട്ടന്റെ സുഹൃത്തുക്കളെയും ഞാൻ എന്നും ഓർക്കുന്നു.. എല്ലാത്തിലുമുപരി എന്റെ പ്രണയം സാക്ഷാത്കരിച്ചുതന്ന എന്റെ അച്ഛനെയും അമ്മയെയും ഞാൻ ജീവനു തുല്യം സ്നേഹിക്കുന്നു.. അവരെ കുറച്ചുനാളെങ്കിലും വിഷമിപ്പിക്കേണ്ടിവന്നതിൽ ഞാൻ ദുഖിക്കുന്നു.. ഇന്നവർ ഞങ്ങളുടെ വിവാഹജീവിതമോർത്തു സന്തോഷിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.. എല്ലാത്തിനും ഒപ്പം നിന്ന എന്റെ കുഞ്ഞു സഹോദരനോടും മറ്റു സഹോദരങ്ങളോടും മനസ്സുതുളുമ്പുന്ന സ്നേഹം മാത്രം… എല്ലാത്തിലുമുപരി ഈശ്വരനോട് നന്ദി.. എഴുതാൻ ഇനിയും ഒരുപാടു ഉണ്ട്.. ഒരിക്കലും തീരാത്ത അത്രയും.. ഇതിനിടയിൽ ഉണ്ടായ മറക്കാനാവാത്ത പരിഭവങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം.. എഴുതി തീർക്കാൻ വാക്കുകള് പോരായ്ക വരും… അതുകൊണ്ട് ഇത്രയും എഴുതി നിർത്തുന്നു.. എന്റെ കലാലയ പ്രണയം….

Trending

To Top
Don`t copy text!