ഒരുപാട് മുഖങ്ങൾ, ഭൂതകാല ജീവിതം എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ചിന്തകളിൽ മിന്നിമറഞ്ഞു

രചന : maya K കൊച്ചു വെളുപ്പാൻ കാലത്തു മൊബൈലിൽ വന്ന മെസ്സേജിന്റെ ശബ്ദം കേട്ടാണ് അന്നുണർന്നത്.. ആരാ പതിവില്ലാതെ ഈ സമയത്ത്…? അതും മെസ്സേജ് അയക്കാൻ…?? എണീറ്റ് മേശയിൽ നിന്നും മൊബൈൽ എടുത്ത്…

രചന : maya K

കൊച്ചു വെളുപ്പാൻ കാലത്തു മൊബൈലിൽ വന്ന മെസ്സേജിന്റെ ശബ്ദം കേട്ടാണ് അന്നുണർന്നത്.. ആരാ പതിവില്ലാതെ ഈ സമയത്ത്…? അതും മെസ്സേജ് അയക്കാൻ…?? എണീറ്റ് മേശയിൽ നിന്നും മൊബൈൽ എടുത്ത് നോക്കി. പരിചയമില്ലാത്ത നമ്പർ. മെസ്സേജ് വായിച്ചു. Maya…H R U…its me Deepak…. വായിച്ചതും കണ്ണുകളിൽ ഇരുട്ട് മൂടുന്നു.ആരോ ശരീരം പിടിച്ചുലക്കുന്നതായി തോന്നി.ഇപ്പൊ നിലത്ത് വീഴും എന്നവസ്ഥ..മെല്ലെ കിടക്കയിൽ ഇരുന്നു. എല്ലാം മറന്നു പുതിയൊരു ജീവിതം തുടങ്ങുകയായിരുന്നു.അതിനിടയിൽ വീണ്ടും….എന്തിനാ ഇനി അടുത്ത പുറപ്പാട്…??? ഇതുവരെ ഉണ്ടായിരുന്ന സ്വസ്ഥത നഷ്ട്ടപ്പെടുത്താനാണോ… ഒരുപാട് മുഖങ്ങൾ, ഭൂതകാല ജീവിതം എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ചിന്തകളിൽ മിന്നിമറഞ്ഞു. മറുപടി അയക്കേണ്ട….എന്തിനയക്കണം….??മറുപടി അയക്കാൻ ഞാനാരാ അയാളുടെ…?? മൊബൈൽ അതേപടി മേശയിൽ തന്നെ വച്ചു. മേശപ്പുറത്തിരിക്കുന്ന ഗണപതി വിഗ്രഹത്തിലേക്കൊന്നു കണ്ണോടിച്ചു. “എന്തിനാ…വെറുതെ എന്നെ…ഇനിയും അവസാനിച്ചില്ലേ നിന്റെ പരീക്ഷണം…സ്വസ്ഥമായൊന്നു ജീവിക്കാൻ എന്താ നീ അനുവദിക്കാത്തത്…???” എത്ര ധൈര്യം സംഭരിച്ചിട്ടുപോലും മനസ്സ് അറിയാതെ വിതുമ്പി പോകുന്നു…അതിരുകടന്നോടുന്ന ചിന്തകളെ പിടിച്ചുകെട്ടി മനസ്സിനെ വഴി തിരിച്ചുവിടാൻ ശ്രമിച്ചു…പ്രാർത്ഥിച്ചെന്നു വരുത്തി അടുക്കളയിലേക്കു നടന്നു…

ദാ മൊബൈൽ അടിക്കുന്നു….മറുപടി കിട്ടില്ലെന്നറിഞ്ഞിട്ടാകും ഈ വിളി… വേണ്ട എടുക്കണ്ട…മനസ്സും ജീവിതവും ഒരു തരത്തിൽ നിയന്ത്രിച്ചു വരികയാണ്…എല്ലാം ഒരു നിമിഷം കൊണ്ട് തച്ചുടക്കാൻ ഞാനില്ല…അവിടെ കിടന്നടിക്കട്ടെ…എന്നെ കോമാളിയാക്കിയത് മതിയായില്ലായിരിക്കും…ശല്യം…എവിടുന്നു കിട്ടി ആവോ…എന്റെ നമ്പർ… മൊബൈൽ നിശബ്ദമായി…എന്നിട്ടും ഹൃദയമിടിപ്പ് ഉയരുന്നു…ആകെ തളരുന്നതായി തോന്നി… വീണ്ടും മൊബൈലിൽ മെസ്സേജിന്റെ ശബ്ദം…എന്തായിരിക്കും എഴുതിയിട്ടുണ്ടാകുക…മൊബൈൽ നോക്കി.. പ്ളീസ് മായ…കാൾ ഒന്ന് എടുക്ക്…എനിക്ക് ഒരു കാര്യം പറയാനാ… പിന്നാലെ വീണ്ടും മൊബൈൽ ശബ്ദിക്കുന്നു…എന്താണെന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം..ഫോൺ എടുത്തു…ഹലോ എന്ന് പറയാൻ മനസ്സ് വന്നില്ല…നിശ്ശബ്ദതയോടെ നിന്നു. അപ്പുറത്തു നിന്നും കേട്ടു ആ ശബ്ദം… ഹലോ….നീ കേൾക്കുന്നുണ്ടോ…??? സുഖമാണോ നിനക്ക്….??? കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…ദേഷ്യവും വേദനയും എല്ലാം ഉരുണ്ടുകൂടി….ഒന്നും പറയാൻ മനസ്സ് വന്നില്ല… “അറിയാം നിനക്കെന്നോട് ദേഷ്യം ആണെന്ന്… എന്നാലും പറയുകയാണ്…എനിക്ക് നിന്നെ ഒന്ന് കാണണം…ഞാനും ഇപ്പോൾ ചെന്നൈയിൽ ഉണ്ട്” ഞാൻ പോലും അറിയാതെ എന്റെ നാവ് അതിന് എടുത്തടിച്ച പോലെ മറുപടി നൽകി. “ഇല്ല…എനിക്ക് ആരെയും കാണണം എന്നില്ല” പറഞ്ഞവസാനിപ്പിക്കുന്നതിനു മുന്നേ തന്നെ… “അങ്ങനെ പറയരുത്…..എന്നോടിത്തിരിയെങ്കിലും ദയവ് കാണിക്കണം. എനിക്ക് നിന്നെ കണ്ടേ പറ്റൂ…its my order, u should obey ഞാൻ വിളിക്കാം വരേണ്ട സ്ഥലവും സമയവും അറിയിക്കാം…” എന്നുമാത്രം പറഞ്ഞു കൊണ്ട് ഫോൺ വച്ചു.

ഹും….order ആണ് പോലും…അന്നും അങ്ങനെ തന്നെ ആയിരുന്നില്ലേ…എല്ലാം ആജ്ഞകൾ മാത്രം…അനുസരിക്കാൻ ഒരു കോമാളിയായി ഞാനും…എന്നിട്ടും തന്നത് അവഗണനകളും തീരാവേദനയും മാത്രം…ഇപ്പോഴും ആ ധാർഷ്ട്യത്തിന് യാതൊരു കുറവും ഇല്ല…ആരുടെയും മുന്നിൽ തോറ്റു കൊടുക്കില്ലെന്ന ധാർഷ്ട്യം…. നീണ്ട 9 വർഷങ്ങളാണ് തീ തിന്നു ജീവിച്ചത്….ചിത്തഭ്രമം സംഭവിക്കാത്തത് ജന്മം നൽകിയവരുടെ സുകൃതം കൊണ്ടൊന്നുമാത്രം…..എന്നിട്ടിപ്പോ അന്വേക്ഷിക്കാൻ വന്നേക്കുന്നു….കാണണം പോലും…. ഞാൻ ചെന്നൈയിൽ ഉണ്ടെന്നുള്ള വിവരം എങ്ങനെ അറിഞ്ഞു..അപ്പൊ എന്നെ കുറിച്ച് അന്വേക്ഷിക്കുന്നുണ്ട്…..അതൊക്കെ പോട്ടെ…വേറൊരു കുടുംബമായി ജീവിക്കുമ്പോ എന്തിനാ എന്നെ കാണണേ…??? ഒന്നല്ല, ഒരായിരം ചോദ്യങ്ങൾ ആയിരുന്നു മനസ്സിൽ കൂണുപോലെ മുളച്ചു പൊങ്ങിയത്… നീണ്ട 5 വർഷമാണ് ആത്മാർത്ഥമായി സ്നേഹിച്ചത്….എന്നിട്ടെല്ലാം ഒരൊറ്റ ദിവസം കൊണ്ട് പറിച്ചെറിഞ്ഞവനാണ് ദീപക്… “എന്റെ വിവാഹം ഏകദേശം ശരിയായിട്ടുണ്ട്…ജാതകം രണ്ടും ചേർന്നിട്ടുണ്ട്…എന്താ…നിന്റെ അഭിപ്രായം…???” എന്നോടെങ്ങനെ ആ ചോദ്യം ചോദിക്കാൻ അവനു ധൈര്യം വന്നു…പ്രതികരിക്കില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണവൻ ചോദിച്ചത്…ഒന്ന് കുറ്റപ്പെടുത്തുകപോലും ചെയ്യാതെ അനുവാദം മൂളിയത്…അവനു ഞാൻ ആരും അല്ലായിരുന്നു എന്ന തിരിച്ചറിവ് കൊണ്ടായിരുന്നു…പിടിച്ചു വാങ്ങുന്ന സ്നേഹം എനിക്ക് വേണ്ടെന്നു മനസ്സിലാക്കി തന്നെ… താന്തോന്നിയെ പ്രണയിച്ചവൾ…

എല്ലാം വരുത്തി വച്ചതു നീ തന്നെ അല്ലെ….അപ്പൊ ഒക്കെ സ്വയം അനുഭവിച്ചോ….എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ഏറ്റു വാങ്ങുമ്പോ…നീറിപ്പുകഞ്ഞത് എന്നെ ഓർത്തായിരുന്നില്ല….ചവിട്ടി അരക്കപ്പെട്ട എന്റെ ആത്മാർത്ഥ സ്നേഹത്തെ കുറിച്ചോർത്തായിരുന്നു…… ഒരാളും ഉണ്ടായിരുന്നില്ല ഒന്നാശ്വസിപ്പിക്കാൻ പോലും….ഉറക്കമില്ലാതെ കരഞ്ഞു തീർത്ത രാത്രികളിൽ എന്റെ ഇടനെഞ്ച് തകരുന്നത് കാണാൻ കഴിയാത്തവനാണ് ഇന്ന് അഞ്ജാപനം കൊണ്ട് വന്നേക്കുന്നതു… ഇനി അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം…എല്ലാം ഉള്ളിലിട്ടു, വാതങ്ങളും പ്രതിവാതങ്ങളും വിസ്താരവും ഒക്കെയായി ഇതുവരെ ജീവിച്ചില്ലേ….ആ ഒരു ദുരന്തത്തിന് ശേഷവും എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായി ജീവിതത്തിൽ…അതൊക്കെ സ്വയം ഏറ്റുവാങ്ങിയില്ലേ…മനക്കരുത്ത് നേടി എന്ന് സ്വയം അഹങ്കരിച്ചതു ഒക്കെ വെറുതെയായിരുന്നോ…എന്തിനാ വീണ്ടും ആ അഴുകിയ ഭാണ്ഡത്തിന്റെ കെട്ടഴിക്കണേ…? വരുന്നിടത്തു വച്ചു കാണാം എന്ന തീരുമാനത്തോടെ ആ ദിവസത്തെ തിരക്കുകളിൽ ഏർപ്പെട്ടു…എങ്കിലും മനസ്സിൽ എവിടെയോ ഒരു തേങ്ങൽ ബാക്കി നിന്നിരുന്നു… സ്വസ്ഥമായി ഉറങ്ങിയ രാത്രികൾ വെറും ഒരു സ്വപ്നമായിരുന്നോ…ആർത്തിരമ്പുന്ന തിരമാല കണക്കെ ഓർമ്മകൾ ഓരോന്നും മനസ്സിനെ കുത്തിനോവിക്കാൻ തുടങ്ങി… വീണ്ടും അതാ മൊബൈൽ ശബ്ദിക്കുന്നു…വിറയാർന്ന കൈകളോടെ ഫോൺ എടുത്തു… “നീ ഉറങ്ങിയോ…ക്ഷമിക്കണം…ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ…നാളെ ഞായറാഴ്ചയല്ലേ…വിരോധമില്ലെങ്കിൽ നാളെ കാലത്തു 10 മണിക്ക് ചെന്നൈ സെൻട്രലിൽ വരുമോ…അവിടുന്ന് മീറ്റ് ചെയ്യാം…താൻ വരാതിരിക്കരുത്…വരും എന്ന വിശ്വാസത്തോടെ ശുഭരാത്രി…ഉറങ്ങിക്കോളൂ…” എന്റെ പ്രതികരണം എന്താ എന്ന് പോലും അറിയാൻ ആഗ്രഹിക്കാതെ ആണവൻ ഫോൺ വച്ചതു…ഇനിയും നോവിച്ചതു പോരാഞ്ഞിട്ടാണോ…അല്ലെങ്കിലും ഇനി എന്ത് നോവിക്കാൻ…ഏറ്റു വാങ്ങിയ പരീക്ഷണങ്ങളെക്കാൾ വലുതൊന്നും ഇനി വരാനില്ലല്ലോ…എന്ത് വന്നാലും നേരിടാനുള്ള പാകത ഇല്ലേ…ഇപ്പൊ ഈ മനസ്സിന്… ദീപക് തന്ന മുറിവ് എരിഞ്ഞടങ്ങും മുമ്പായിരുന്നു രാജീവുമായുള്ള വിവാഹം വീട്ടുകാർ നിശ്ചയിച്ചത്…മരവിച്ച മനസ്സുമായി ജീവിക്കുമ്പോൾ, ഒരു കളിപ്പാവ കണക്കെ വീട്ടുകാരുടെ മുന്നിൽ ചിരിച്ചു നിന്നു…

ഒക്കെ അവർക്കു വിട്ടു കൊടുത്തു…വിവാഹ നിശ്ചയം കഴിഞ്ഞിട്ടും കല്യാണത്തിന് മൂന്ന് മാസം ഉണ്ടായിട്ടു പോലും രാജീവ് ഒന്ന് വിളിക്കുകപോലും ചെയ്തിരുന്നില്ല…എന്നെ സമ്പന്ധിച്ചിടത്തോളം അതൊന്നും എനിക്കൊരു വിഷയവും ആയിരുന്നില്ല…എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി, ക്ഷണവും ആഭരണ വസ്ത്രാധികളെല്ലാം വാങ്ങി വച്ചു…കല്യാണ ദിവസം ഒരുങ്ങി നില്കുമ്പോളായിരുന്നു വിവരം ലഭിച്ചത്…രാജീവ് അവന്റെ ഓഫീസിലുള്ള ഒരു കുട്ടിയുമായി ഇഷ്ട്ടത്തിലായിരുന്നെന്നും അവളുമായി ഒളിച്ചോടി എന്നൊക്കെ…എല്ലാവരുടെയും മുമ്പിൽ പരിഹാസപാത്രമായി നിൽക്കുമ്പോളും എന്നെ ഒരു വേദനയും ബാധിച്ചില്ല…ഒന്നോർത്താൽ അവൻ ചെയ്തത് ശരിയാണ്…സ്നേഹിച്ച പെൺകുട്ടിയെ പാതി വഴിയിൽ ഉപേക്ഷിച്ചില്ലല്ലോ… ദീപകിന്റെ കൂടെ ജീവിക്കാനുള്ള മോഹം കൊണ്ട് ഉറക്കമൊഴിച്ചു പഠിച്ചെഴുതിയ upsc exam വെറുതെയായില്ല…അതല്ലെങ്കിലും അങ്ങനെ അല്ലെ…ഒരു വാതിൽ അടക്കുന്ന ദൈവം തന്നെ മറ്റൊരു വാതിൽ തുറക്കും…നിയമനം ലഭിച്ചത് ചെന്നൈയിൽ…ഒരു തരത്തിൽ ആ നിയമനം എനിക്ക് വലിയൊരു ആശ്വാസമായിരുന്നു…നാട്ടിൽ നിന്നും ഒരു മാറ്റം അതേറെ ആഗ്രഹിച്ചിരുന്നു ആ സമയത്തു…ഉറ്റവരോടും ഉടയവരോടും യാത്ര പറഞ്ഞു ഇവിടെ എത്തിയിട്ട് ഇപ്പൊ ഏകദേശം 6 വർഷത്തോളമായിരിക്കുന്നു…ഈ ഏകാന്തതയെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയതേ ഉള്ളൂ…സത്യം പറയട്ടെ…ആസ്വദിക്കാൻ സാധിക്കുമെങ്കിൽ, ഏകാന്തതയെക്കാൾ മനോഹരമായ മറ്റൊരു ലോകം വേറെ ഇല്ല… ആ സ്വർഗ്ഗത്തിലേക്കാണ് കട്ടുറുമ്പിനെ പോലെ ദീപകിന്റെ ഓർമ്മകൾ അനുവാദമില്ലാതെ വലിഞ്ഞു കേറി വന്നിരിക്കുന്നത്… എന്ത് ചെയ്യണം എന്നറിയുന്നില്ല…അവനെ കാണാൻ പോകണോ…അതോ വേണ്ടയോ…??എന്തൊക്കെ പറഞ്ഞാലും അവന്റെ മനസ്സിൽ എവിടെയൊക്കെയോ ഞാനുണ്ട്…അതുകൊണ്ടല്ലേ…വൈകിയാണേലും അവൻ എന്നെ വിളിച്ചത്…എന്റെ സ്നേഹം ആത്മാർത്ഥമായിരുന്നു എന്ന തിരിച്ചറിവും അവനുണ്ട്…അതുൾക്കൊള്ളാൻ കഴിഞ്ഞത് കൊണ്ടല്ലേ…ഈ ഒരു വിളി…അവന്റെ ഉള്ളിൽ എന്നെ കുറിച്ചങ്ങനെ ഒരു ചിന്തയെങ്കിലും വന്നിട്ടുണ്ടെങ്കിൽ, അത് എന്നെ സംബന്ധിച്ച്, അല്ല എന്റെ സ്നേഹത്തെ സംബന്ധിച്ചു ഒരു വലിയ വിജയം തന്നെ…എങ്കിലും വീണ്ടുമൊരു കൂടിക്കാഴ്ച മനസ്സ് ഒട്ടും ആഗ്രഹിക്കുന്നില്ല…ഇനി ഒരിക്കലും കാണില്ലെന്ന് തീരുമാനിച്ചുറപ്പിച്ചതായിരുന്നു…ആ തീരുമാനമാണിപ്പോൾ ലംഘിക്കപ്പെടാൻ പോകുന്നത്..

. തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോളോ ഉറങ്ങിപ്പോയി…രാവിലെ ഉണർന്നപ്പോൾ മൊബൈലിൽ വീണ്ടും അവന്റെ മെസ്സേജ്… Good Morning…Have a nice day….വരാതിരിക്കരുത് ട്ടോ… കുറച്ചു നേരം ആ മൊബൈലിലേക്ക് തന്നെ നോക്കിയിരുന്നു…മനസ്സിന് മാത്രമല്ല, അന്ന് ശരീരത്തിനും ആകെ ഒരു മരവിപ്പായിരുന്നു…ചെയ്തു തീർക്കാനുള്ള ജോലികൾ ചെയ്തെന്നു വരുത്തി ഏകദേശം 9.30 തോടു കൂടി ഫ്ളാറ്റിൽ നിന്നും പുറത്തിറങ്ങി…വേണ്ട പോകണ്ട എന്ന് മനസ്സ് ഒരു 100 ആവൃത്തി ഉരുവിട്ട് കൊണ്ടിരുന്നു…പക്ഷെ ഏതോ ഒരു അദൃശ്യ ശക്തി എന്നെ മുന്നോട്ടു നയിച്ചു…ആദ്യം കണ്ട ഓട്ടോക്ക് തന്നെ കൈനീട്ടി നിർത്തി…15 മിനുട്ടു കൊണ്ട് ലക്ഷ്യ സ്ഥാനത്തു എത്തി…ചുറ്റും കണ്ണോടിച്ചു…അവൻ എത്തിയിട്ടില്ല എന്ന് ഉറപ്പു വരുത്തി…ബസ്സ്റ്റാൻഡിലെ ഇരിപ്പിടത്തിൽ തളർന്ന മനസ്സോടെ ഇരുന്നു…ഏതാനും നിമിഷങ്ങൾക്ക് ശേഷം വശം ചേർത്ത് നിറുത്തിയിട്ടിരുന്ന ഒരു ചാര നിറത്തിലുള്ള ആൾട്ടോ കാർ എന്റെ മുന്നിൽ വന്നു നിന്നു…ഡോർ തുറന്നു പുറത്തു വന്നത് വിദ്യേച്ചിയും രമേശേട്ടനും…ഞാൻ ശരിക്കും ഞെട്ടിപ്പോയി…എന്താ സംഭവിക്കുന്നത് എന്ന് ഒട്ടും മനസ്സിലാകുന്നില്ല.. “മായ കേറ്…..ദീപക് രാവിലെ കുറച്ചു തിരക്കുകളിൽ ഏർപ്പെട്ടു…അതാ നിന്നെ സ്വീകരിക്കാൻ ഞങ്ങൾ തന്നെ വന്നത്…” മനസ്സില്ലാ മനസ്സോടെ കാറിന്റെ പിൻസീറ്റിൽ ഞാൻ ഇരുന്നു…കണ്ട ഉടനെ വിദ്യേച്ചി പറഞ്ഞു…”മായ ആകെ ക്ഷീണിച്ചു ലോ…ഭക്ഷണം ഒന്നും ശരി ആകുന്നില്ലായിരിക്കും ലെ…???” “നാട് വിട്ടുള്ള ജീവിതം അല്ലെ…???” രമേശേട്ടന്റെ പിന്താങ്ങലും… ഞാൻ ഒന്നും മിണ്ടാതെ പുറത്തുള്ള കാഴ്ചകളിലേക്ക് കണ്ണുകൾ പായിച്ചു…അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…ചോദിക്കുന്നുണ്ടായിരുന്നു…ഒന്നിനും ചെവി കൊടുക്കാതെ ഞാനും ഇരുന്നു… ഇടയ്ക്കു വീണ്ടും വിദ്യേച്ചിയുടെ ചോദ്യം…”ജോലി ഒക്കെ എങ്ങനെ പോകുന്നു…നാട്ടിലേക്കൊന്നും വരാറില്ലെ ഇപ്പൊ…???” “ഇല്ല” എന്നൊരൊറ്റ വാക്കിൽ ഞാൻ നിർത്തി… കുറച്ചു നേരത്തിനു ശേഷം അടുത്ത ചോദ്യം “മായ പിന്നെ എന്തെ വേറൊരു വിവാഹത്തെ കുറിച്ചൊന്നും ചിന്തിക്കാഞ്ഞത്…???” അവർക്കു മുഖം കൊടുക്കാതെ തന്നെ ഞാൻ അതിനുള്ള മറുപടി നൽകി…. “അതെന്റെ personal കാര്യം ആണ്…ഞാൻ തീരുമാനിച്ചോളാം എപ്പോ എന്ത് ചെയ്യണം എന്നത്…” പറഞ്ഞതിത്തിരി കടുപ്പമായി പോയി എന്നറിഞ്ഞപ്പോളേക്കും നാവ് മറുപടി നൽകിയിരുന്നു…

ഇപ്പൊ ഇങ്ങനെ ഒക്കെ ആണ്…എന്റെ മനസ്സും ശരീരവും തമ്മിലുള്ള ഐക്യം ഒക്കെ എന്നോ നഷ്ട്ടപ്പെട്ടു പോയിരിക്കുന്നു…അതിന്റെ പ്രതിഫലനമാണ് ഇപ്പൊ കണ്ടത്… അങ്ങനെ പറഞ്ഞതിൽ കുറ്റബോധം തോന്നി…രണ്ടു പേരോടും ഇന്നേ വരെ കടുപ്പിച്ചൊരു വർത്തമാനം പറഞ്ഞിട്ടില്ല…എന്റെ സ്വന്തം സഹോദരങ്ങളായി തന്നെയായിരുന്നു അവരെ കണ്ടിരുന്നത്.. ദീപക് പോയതിനു ശേഷം അവരിൽ നിന്നും ഞാൻ അകന്നു…അതിനേക്കാൾ അവരെയും ഞാൻ വെറുത്തു എന്ന് പറയുന്നതാകും ശരി… പിന്നെ ആ കാറിൽ നിശ്ശബ്ദതയായിരുന്നു…പരിചയമില്ലാത്ത വഴികളിലൂടെ കാർ സഞ്ചരിച്ചു. അവസാനം എത്തിച്ചേർന്നത് കരസേനാ വിഭാഗത്തിന്റെ ചെന്നൈ ആസ്ഥാനത്തുള്ള ക്വാർട്ടേഴ്സിൽ. കാർ നിന്നതും താഴത്തെ ഫ്ളാറ്റിൽ നിന്നും ആരൊക്കെയോ പുറത്തേക്കു വന്നു..ദീപകിന്റെ അമ്മയെ പെട്ടന്ന് തിരിച്ചറിഞ്ഞു…ഒപ്പം അവന്റെ ഏട്ടനേയും…അവൻ പറഞ്ഞതോർക്കുന്നു രാജേഷ് ആർമിയിൽ ആണ് എന്ന കാര്യം…അമ്മക്ക് തൊട്ട് പിന്നിൽ കാണാൻ തരക്കേടില്ലാത്ത, ഏകദേശം 28,29 പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും… ഞാൻ ഡോർ തുറന്നു മുറ്റത്തേക്കിറങ്ങി… എന്നെ നോക്കി അവരൊക്കെ പുഞ്ചിരിക്കുന്നു…ഇവരിതെന്തിനുള്ള പുറപ്പാടാ…ഒന്നിനും ഒരു വ്യക്തത വരുന്നില്ല…ദീപകിന്റെ അമ്മയും ആകെ ക്ഷീണിച്ചിട്ടുണ്ട്…പണ്ടത്തെ ആ ഐശ്വര്യം ഒക്കെ എങ്ങോ പോയി മറഞ്ഞേക്കുന്നു… ‘അമ്മ എന്റെ കയ്യിൽ പിടിച്ചു…അവർക്കെന്നോട് എന്തൊക്കെയോ പറയാനുണ്ടായിരുന്നു എന്നത് ആ കണ്ണുകളിൽ പ്രകടമായിരുന്നു…അവിടെ ഒന്നും ദീപക്കിനെ കണ്ടില്ല…സ്വീകരണ മുറിയിൽ എന്നെ ഇരുത്തി രമേശേട്ടനും വിദ്യേച്ചിയും ഉള്ളിലേക്ക് പോയി…എനിക്കൊന്നും മനസ്സിലാകുന്നില്ല…’അമ്മ എന്നെ തന്നെ നോക്കി നിൽക്കുന്നു…എന്ത് പറയണം, എന്ത് ചോദിക്കണം എന്നറിയാതെ…

ഞാനും..ദീപകിന്റെ ഏട്ടൻ പുറത്തു തൂണും ചാരി നിൽക്കുന്നു…വാതിൽക്കൽ ആ പെൺകുട്ടിയും… ഞാൻ മെല്ലെ ചുവരിലേക്കു കണ്ണോടിച്ചു…എന്റെ കണ്ണുകൾ പെട്ടന്ന് ദീപം കൊളുത്തി വച്ചിരിക്കുന്ന ചില്ലിട്ട ആ ഫോട്ടോയിൽ ഉടക്കി…ദീപകിന്റെ അച്ഛൻ…അവന് ഈ ലോകത്തു പേടിയും ബഹുമാനവും ആദരവും ഒക്കെ ഉള്ള ഒരേ ഒരു വ്യക്തി…എന്നെ സ്വീകരിക്കാൻ അവൻ തയ്യാറാകാതിരുന്നതും ആ അച്ഛനോടുള്ള ഭയ ഭക്തി ബഹുമാനം കൊണ്ടല്ലേ…കാലം എത്ര പെട്ടന്നാണ് മാറ്റങ്ങൾ കൊണ്ട് വന്നത്…അച്ഛന്റെ വേർപാടിൽ നിന്നും ‘അമ്മ ഇനിയും മുക്തമായിട്ടില്ലെന്നു തോന്നുന്നു…അതാണ് ആ മുഖത്തിന് ഇത്ര ക്ഷീണം…മേശ പുറത്തു ഫ്രെയിം ചെയ്തു വച്ചിട്ടുള്ള ഫോട്ടോയിൽ രാജേഷും പിന്നെ ആ പെൺകുട്ടിയും..അപ്പൊ അവൾ രാജേഷിന്റെ ഭാര്യയാണ്…ആ ഫോട്ടോയിലേക്കു ദൃഷ്ടി പതിപ്പിച്ചിരിക്കുന്നതിനിടയിൽ, വിദ്യേച്ചി എന്നെ വിളിച്ചു ഉള്ളിലുള്ള മുറി കാണിച്ചു അങ്ങോട്ട് ചെല്ലാൻ പറഞ്ഞു… എന്തിനു…???ഒരായിരം ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ ഞാനലയുകയായിരുന്നു…എല്ലാവരുടെയും മുഖത്തേക്ക് നോക്കി ഞാൻ ആ മുറിയിലേക്ക് നടന്നു… അത്യാവശ്യം വലുപ്പമുള്ള ഒരു മുറി… ഒരു വശത്തു ജനലിനോട് ചേർന്ന് വിരിച്ചിട്ട ബെഡിൽ ശരീരം ശുഷ്കിച്ച് വെറും എല്ലും തോലും മാത്രമായി ചുരുങ്ങിയ, തികച്ചും അപരിചിതത്വം തോന്നിക്കുന്ന ഒരു മനുഷ്യൻ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നു… ഞാൻ സൂക്ഷിച്ചു നോക്കി…എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനാകുന്നില്ല…ഒരടി മുന്നോട്ടു വാക്കാനാകാതെ ആ മുറിയുടെ വാതിൽക്കൽ തന്നെ ഞാൻ നിന്നു…ഹൃദയമിടിപ്പിന്റെ ശബ്ദം ക്ലോക്കിലെ ടിക് ടിക് നാദം പോലെ പുറത്തേക്കു പ്രവഹിച്ചു കാതുകളിൽ അലയടിക്കാൻ തുടങ്ങി… ആ അപരിചിതനിൽ എവിടെയോ ദീപകിന്റെ പഴയ കാല രൂപം വ്യക്തമായി തെളിഞ്ഞു വരാൻ തുടങ്ങി…അതേ ദീപക് തന്നെ…അവനിതെന്ത് പറ്റി…??? ദൈവം ഇതെത്ര ക്രൂരനാണ്…കണ്ണുകൾ മുറുക്കിയടച്ച് അവിടെ നിന്നും ഓടി അകലാൻ മനസ്സ് വല്ലാതെ വെമ്പുന്നു…എന്നെ കണ്ട മാത്രയിൽ അവന്റെ ആ പുഞ്ചിരി മുഖത്ത് വിരിഞ്ഞു… “വാ… മായ…ഇവിടെ വന്നിരിക്ക്….എന്താ ഇങ്ങനെ നോക്കുന്നത്…ഇത് ഞാൻ തന്നെ ആണ്..നിന്നെ ഒരു പാട് വേദനിപ്പിച്ച ആ ദീപക്….” അവൻ കാണിച്ച ഇരിപ്പിടത്തിൽ ഞാനിരുന്നു…അന്നാദ്യമായി ഞാൻ അവന്റെ കണ്ണുകളിലേക്ക് നോക്കി…പക്ഷെ അവൻ തല താഴ്ത്തി… “നിന്റെ ചേച്ചിയാണ് നമ്പർ തന്നത്… ഞാൻ പറഞ്ഞിട്ടാണ് വിദ്യ നമ്പർ ചോദിച്ചത്…കഴിഞ്ഞ ഒരു വർഷമായി ഞാൻ അർബുദ ബാധിതനാണ്…ചികിത്സാർത്ഥം ആണിവിടെ വന്നത്…ഇനി എത്ര കാലം എന്നൊന്നും അറിയില്ല…അതിനിടയിൽ നിന്നെ കാണാൻ ഒരു അവസരം കിട്ടിയപ്പോൾ വേണ്ടെന്നു വക്കാൻ മനസ്സ് വന്നില്ല…ജീവിതം തിരിച്ചടിച്ചു തുടങ്ങി മായ…ഇപ്പൊ ഞാനറിയുന്നു നിന്റെ മനസ്സ്…ഞാൻ മൂലം തിരസ്കരിക്കപ്പെട്ട നിന്റെ ജീവിതം..അത് കൊണ്ട് തന്നെ ഞാനനുഭവിക്കുന്ന ഈ വേദന എന്നെ ഒട്ടും ബാധിക്കുന്നില്ല…എന്റെ ഈ അവസ്ഥയെ ഞാൻ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു…ഞാനിപ്പോൾ ജീവിതത്തിന്റെ അവസാന യാത്രയിൽ ആണ്..ആ യാത്രയിൽ ഞാൻ ഏറെ കാണാൻ ആഗ്രഹിച്ചത് നിന്നെ മാത്രമായിരുന്നു…ഇപ്പൊ ഞാൻ സന്തുഷ്ടനാണ്…

ഇനിയെനിക്ക് സമാധാനത്തോടെ യാത്രയാകാം…” ഒന്നും പറയാനാകാതെ മുഖത്തിരുണ്ടു കൂടിയ കാർമേഘം കണ്ണുകളിലൂടെ പെയ്തിറങ്ങി…ആശ്വാസവാക്കുകൾ ഒന്നും തന്നെ എന്റെ പക്കൽ ഇല്ലായിരുന്നു…ഒന്നിനും നിൽക്കാതെ ഞാൻ അവിടുന്ന് ധൃതിയിൽ എഴുനേറ്റു…ആരോടും ഒന്നും മിണ്ടാതെ മുറ്റത്തേക്കിറങ്ങി… “നിൽക്ക്…ഞാൻ കൊണ്ടു വിടാം…” പിന്നിൽ നിന്നും രമേശേട്ടന്റെ സ്വരം…അപ്പൊ എനിക്കൊരു കൂട്ട് അത്യാവശ്യമായിരുന്നു…ഒറ്റയ്ക്ക് പോകാൻ ശക്തിയില്ലായിരുന്നു…മനസ്സും ശരീരവും അതുപോലെ തളർന്നിരുന്നു…കാറിൽ ഇരിക്കുമ്പോളും മനസ്സ് ഒരു ഭ്രാന്തിയെ പോലെ അലയുകയായിരുന്നു…പുറംലോകത്തെ കാഴ്ചകൾ എല്ലാം ഇരുട്ടിൽ മുങ്ങിയിരുന്നു…ചുറ്റും ദീപകിന്റെ ചിരിയും വർത്തമാനവും അവന്റെ ആ ശുഷ്കിച്ച ശരീരവും മാത്രം…ഞാൻ കണ്ണുകൾ മുറുക്കി അടച്ചിരുന്നു… ഇടയ്ക്കു രമേശേട്ടന്റെ ശബ്ദം കേട്ടപ്പോൾ ആയിരുന്നു…യാഥാർത്ഥ്യത്തിലേക്കുണർന്നത്…ഒരുപാട് കാര്യങ്ങൾ ദീപക്കിനെ കുറിച്ച് ചോദിക്കണം എന്നുണ്ടായിരുന്നു..വേണ്ടെന്നു വച്ചു. അതൊക്കെ ചോദിക്കാൻ ഞാൻ ആരാ…ഇന്നവൻ എനിക്കും ഞാൻ അവനും ആരുമല്ല… ഒന്നും മിണ്ടാതെ ഡോർ തുറന്നു ഫ്ളാറ്റിലേക്കു നടക്കുമ്പോൾ രമേശേട്ടൻ പറഞ്ഞു…”മായ നീ അവനെ ഇനിയും ശപിക്കരുത്…” നിറകണ്ണുകളോടെ ഞാൻ രമേശേട്ടനെ നോക്കി… “അവന് കൊടുക്കാവുന്ന ഏറ്റവും നല്ല ചികിത്സ തന്നെ കൊടുക്കണം…അവന്റെ ജീവിതം തിരിച്ചു പിടിക്കണം…ഇനി എന്റെ പ്രാർത്ഥനകളും അവനൊപ്പമുണ്ടാകും….” സ്റ്റെപ്പുകൾ ഓരോന്നായി കേറി ഞാൻ നടന്നകന്നു….ഞാൻ കാഴ്ചയിൽ നിന്നും മായും വരെ രമേശേട്ടൻ അവിടെ തന്നെ നിന്നിരുന്നു… ശുഭം സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…