ഓപറേഷൻ തണ്ടർബോൾട്ട്

1976 ജൂൺ 27. സമയം 12.30 ഗ്രീസിലെ ഏതൻസ് ഇന്റ്റർനാഷണൽ എയർപോർട്ടിൽ നിന്നും എയർ ഫ്രാൻസിന്റെ ഫ്ലൈറ്റ്-139 എയർബസ് വിമാനം പാരീസ് ലക്ഷ്യമാക്കി പറന്നുയർന്നു. ഇസ്രായേലിലെ ടെൽ അവീവിൽ നിന്നും 246 യാത്രക്കാരും 12…

1976 ജൂൺ 27. സമയം 12.30
ഗ്രീസിലെ ഏതൻസ് ഇന്റ്റർനാഷണൽ എയർപോർട്ടിൽ നിന്നും എയർ ഫ്രാൻസിന്റെ ഫ്ലൈറ്റ്-139 എയർബസ് വിമാനം പാരീസ് ലക്ഷ്യമാക്കി പറന്നുയർന്നു. ഇസ്രായേലിലെ ടെൽ അവീവിൽ നിന്നും 246 യാത്രക്കാരും 12 വിമാനജോലിക്കാരുമായി എത്തിയതാണു ആ വിമാനം. ഏതൻസിൽ 58 യാത്രക്കാർ കൂടി കയറിയിട്ടുണ്ട്. ജൂതന്മാരാണു യാത്രക്കാരിൽ അധികം പേരും. ഇസ്രായേലികളും അല്ലാത്തവരുമുണ്ട് അക്കൂട്ടത്തിൽ.വിമാനം നിശ്ചിത ഉയരത്തിലെത്തി പാരീസിനു നേരെ പറന്നു തുടങ്ങി. യാത്രക്കാർ സീറ്റുബെൽട്ടുകൾ അഴിച്ച് സ്വതന്ത്രരായി. എയർ ഹോസ്റ്റസുകൾ യാത്രക്കാർക്ക് കുടിയ്ക്കാനും മറ്റും നൽകാനുള്ള തയ്യാറെടുപ്പിലായി.രണ്ടു യാത്രക്കാർ ഇരിപ്പിടങ്ങളിൽ നിന്നും എഴുനേറ്റ് നേരെ കോക്പിറ്റിലേയ്ക്കു നടന്നു. അവരുടെ അസാധാരണ നീക്കം കണ്ട് വിമാന ജോലിക്കാരിൽ ചിലർ തടയാൻ നോക്കി. ഉടൻ അവരുടെ കൈയിൽ പിസ്റ്റലുകൾ പ്രത്യക്ഷപ്പെട്ടു. വിമാനജോലിക്കാർ ഭയന്നു പിന്മാറി. ഇതേ സമയം തന്നെ യാത്രക്കാരിൽ മറ്റു രണ്ടു പേർ കൂടി എഴുനേറ്റു. അവരുടെ കൈയിലും ആയുധങ്ങൾ പ്രത്യക്ഷപ്പെട്ടു..“ആരും സീറ്റിൽ നിന്നും എഴുനേൽക്കരുത്…” അവർ മുന്നറിയിപ്പു നൽകി.കോക്പിറ്റിനുള്ളിൽ കടന രണ്ടു പേരും തോക്കുകകൾ പൈലറ്റുകളുടെ തലയ്ക്കു നേരെ ചൂണ്ടി.“ഈ വിമാനം ഇനി ഞങ്ങളുടെ നിയന്ത്രണത്തിലാണ്..” അവരിലെ നേതാവ് പറഞ്ഞു..“വിമാനം ലിബിയയിലേയ്ക്കു പോകുക” എതിർത്തതു കൊണ്ട് ഫലമില്ലെന്നറിയാമായിരുന്ന പൈലറ്റുകൾ അത് സമ്മതിച്ചു. പാരീസിനു നേർക്കു പറന്നുകൊണ്ടിരുന്ന വിമാനം മെല്ലെ ഗതിമാറി ലിബിയയിലെ ബെൻഗാസി ലക്ഷ്യമാക്കി പറന്നു തുടങ്ങി..എന്താണു സംഭവിയ്ക്കുന്നതെന്നു യാത്രക്കാർക്കു മനസ്സിലായില്ല. എന്നാൽ തങ്ങളുടെ ജീവൻ ഭീകരരുടെ തോക്കിന്മുനയിലാണെന്ന കാര്യം മാത്രം ബോധ്യമായി.മെഡിറ്ററേനിയൻ കടൽ കുറുകെ കടന്ന് വിമാനം ലിബിയയിലെ ബൻ ഗാസി എയർപോർട്ടിൽ ലാൻഡ് ചെയ്തു. ലിബിയൻ ഫോഴ്സുകൾ വിമാനത്തെ വളഞ്ഞു. എന്നാൽ വിമാനത്തിലെ റേഡിയോ ബന്ധം വഴി റാഞ്ചികൾ എയർപോർട്ടുമായി ബന്ധപ്പെട്ടു. സൈന്യം വിമാനത്തിനടുത്തേയ്ക്കു നീങ്ങിയാൽ ബോംബ് സ്ഫോടനം വഴി തകർത്തുകളയുമെന്ന് അവർ ഭീഷണിപ്പെടുത്തി. അതോടെ സൈന്യം പിന്മാറി.വിമാനത്തിനു ഇന്ധനം നിറച്ചു തരാൻ അവർ ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും ഭീഷണിയെ തുടർന്ന് അതും സമ്മതിച്ചു. ഏതാണ്ട് ഏഴുമണിക്കൂർ വിമാനം ബെൻഗാസിയിൽ കിടന്നു.

ഇതേസമയം എയർഫ്രാൻസിന്റെ വിമാനം തട്ടിയെടുത്ത വിവരം ഫ്രാൻസിലും ഇസ്രായേലിലും അറിഞ്ഞിരുന്നു. ഇസ്രായേൽ ലിബിയയുമായി നല്ല ബന്ധമല്ലാത്തതിനാൽ ഫ്രാൻസിന്റെ സഹായം തേടി. ഫ്രഞ്ച് അധികൃതർ ലിബിയൻ ഗവണ്മെന്റുമായി ബന്ധപ്പെട്ടു. റാഞ്ചികളുടെ ഡിമാൻഡുകളെപ്പറ്റി അന്വേഷിച്ചു. പക്ഷേ കാര്യമായൊന്നും ലഭ്യമായില്ല.ഇതിനിടെ റാഞ്ചികളെപറ്റി ചില വിവരങ്ങൾ അറിയാൻ സാധിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ദ ലിബറേഷൻ ഓഫ് പലസ്തീൻ (PELP )എന്ന സംഘടനയിൽ പെട്ട രണ്ടു പലസ്തീനികളും, ജർമ്മൻ റെവലൂഷനറി സെൽസ് എന്ന സംഘടനയിൽ പെട്ട രണ്ടു ജർമ്മൻകാരുമായിരുന്നു റാഞ്ചികൾ. ഏതൻസിൽ നിന്നുമാണവർ വിമാനത്തിൽ കയറിയത്.
യാത്രക്കാർക്കിടയിൽ ഒരു ഗർഭിണിയുണ്ടായിരുന്നു. ബ്രിട്ടീഷ് ജൂതയായ പട്രീഷ്യ മാർട്ടെൽ. വിമാന ഹൈജാക്കിംഗിനും റാഞ്ചികളുടെ ഭീഷണിയുമൊക്കെ ആയപ്പോൾ ആ സ്ത്രീയ്ക്ക് കലശലായ അസ്വാസ്ഥ്യമുണ്ടായി. കുറെയൊക്കെ അവരുടെ അഭിനയമായിരുന്നു. എന്തായാലും ആ അവസ്ഥ കണ്ട് ഭീകരർ പട്രീഷ്യയെ മോചിപ്പിച്ചു.ഇന്ധനം നിറച്ച ഉടൻ വിമാനം ബൻ‌ഗാസിയിൽ നിന്നും ഉയർന്നു. ആഫ്രിയ്ക്കയുടെ തെക്കു ദിശ ലക്ഷ്യമാക്കി അതു പറന്നു തുടങ്ങി. 28 ആം തീയതി ഉച്ചയ്ക്ക് 3.15 ഓടെ അത് ഉഗാണ്ടയിലെ എന്റബേ ഇന്റർനാഷണൽ എയർപോർട്ടിൽ ചെന്നിറങ്ങി. ഇദി അമീനാണ് അപ്പോൾ ഉഗാണ്ടയുടെ പ്രസിഡണ്ട്. പലസ്തീൻ തീവ്രവാദികൾക്കു ഇദി അമീന്റെ മാനസിക പിന്തുണയുണ്ടായിരുന്നു. അതിന്റെ പിൻബലത്തിലാണു റാഞ്ചപ്പെട്ട വിമാനം ഉഗാണ്ടയിലെത്തിയത്.

യാത്രക്കാരോട് പുറത്തിറങ്ങാൻ റാഞ്ചികൾ ആവശ്യപ്പെട്ടു. 24 മണിക്കൂർ നീണ്ട യാത്രയിൽ ക്ഷീണിതരായിരുന്നു എല്ലാവരും. തോക്കിൻ മുനയിൽ യാത്രക്കാർ വെളിയിലിറങ്ങി. അവരെക്കാത്ത് മറ്റു നാലു ഭീകരർ കൂടി പുറത്തു നിൽക്കുന്നുണ്ടായിരുന്നു.എന്റെബേ എയർപോർട്ടിലെ പഴയ ടെർമിനൽ കെട്ടിടം അപ്പോൾ ഉപയോഗമില്ലാതെ കിടക്കുകയാണ്. റാഞ്ചികൾ യാത്രക്കാരെ അങ്ങോട്ടേയ്ക്ക് നടത്തി. ടെർമിനലിലെ വലിയ ട്രാൻസിസ്റ്റ് ഹാളിലേയ്ക്കാണവർ യാത്രക്കാരെ എത്തിച്ചത്. ഹാളിൽ തോക്കുധാരികളുടെയും സ്ഫോടകവസ്തുക്കളുടെയും നടുവിൽ 248 യാത്രക്കാരും 12 വിമാന ജോലിക്കാരും തടവിലാക്കപ്പെട്ടു.അവിടെ വച്ച് റാഞ്ചികൾ വിശദമായ ഒരു പ്രഖ്യാപനം പുറത്തിറക്കി.ഇസ്രായേൽ ജയിലിൽ കഴിയുന്ന 40 പലസ്തീനികളുടെയും ജർമ്മൻ ജയിലിലുള്ള 13 ജർമ്മൻകാരുടെയും മോചനം, കൂടാതെ 50 ലക്ഷം അമേരിയ്ക്കൻ ഡോളർ മോചന ദ്രവ്യം. ഇത്രയും സാധ്യമായാൽ മാത്രം വിമാനവും യാത്രക്കാരെയും വിട്ടുകൊടുക്കും.. ജൂലൈ 01 -നകം ആവശ്യങ്ങൾ അംഗീകരിയ്ക്കപ്പെടാത്ത പക്ഷം യാത്രക്കാരെ കൊന്നു തുടങ്ങുന്നതാണ്. ഇതായിരുന്നു പ്രഖ്യാപനത്തിന്റെ ചുരുക്കം.അന്നു വൈകിട്ട് സാക്ഷാൽ ഈദി അമീൻ തടവുകാരെ പാർപ്പിച്ച ടെർമിനൽ കെട്ടിടത്തിലെത്തി. യാത്രക്കാർ ശാന്തരായിരിയ്ക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. തന്നാൽ കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തി അവരെ ഉടനെ മോചിപ്പിയ്ക്കുന്നതാണെന്നും അദ്ദേഹം അവർക്ക് ഉറപ്പു നൽകി.ജൂൺ 29.ഒരു സംഘം ഉഗാണ്ടൻ പട്ടാളക്കാർ ടെർമിനൽ കെട്ടിടത്തിലെത്തി. ഹാളിനോട് ചേർന്നുള്ള ഒരു മുറിയെ വേർതിരിച്ചിരുന്ന ഭിത്തി അവർ സ്ഫോടനത്തിലൂടെ തകർത്തു. രക്ഷാദൌത്യമാണെന്നാണു യാത്രക്കാർ കരുതിയത്. എന്നാൽ ഭിത്തി തകർത്ത പട്ടാളക്കാർ തിരികെ പോയി. ഹാളിലെ തിരക്കു കുറയ്ക്കാനുള്ള ഒരു സൂത്രവിദ്യ ആയിരുന്നു അത്.റാഞ്ചികൾ യാത്രക്കാരെ വേർതിരിയ്ക്കാൻ തുടങ്ങി. അവരുടെ പാസ്പോർട്ടുകൾ പരിശോധിച്ച്, ഇസ്രായേലികളെ മാറ്റി നിർത്തി. മറ്റു രാജ്യക്കാരെ ഹാളിൽ തന്നെ നിർത്തിയിട്ട് ഇസ്രായേലികളെ അടുത്ത മുറിയിലേയ്ക്കു മാറ്റി. പ്രതിഷേധിയ്ക്കാൻ ശ്രമിച്ചവർക്കു നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനിയിൽ യഹൂദരെ ഗ്യാസ് ചേംബറിലേയ്ക്കു തള്ളിവിട്ടതിന്റെ ചെറിയൊരു പതിപ്പായിരുന്നു ഇതും. യാദൃശ്ചികമെന്നോണം, നാസി കാലത്ത് ഗ്യാസ് ചേംബറിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ട ഒരാൾ ഈ കൂട്ടത്തിലുണ്ടായിരുന്നു. അയാളുടെ ചുമലിൽ കോൺസെൻട്രേഷൻ ക്യാമ്പിലെ രജിസ്റ്റ്രേഷൻ നമ്പർ പച്ച കുത്തിയിട്ടുണ്ടായിരുന്നു. അയാൾ അതു കാണിച്ചുകൊണ്ട്, റാഞ്ചികളിലെ ജർമ്മൻകാരനു നേരെ ആക്രോശിച്ചു..”നാസി..!“എന്നാൽ ജർമ്മൻ റാഞ്ചി നിഷേധിച്ചു..” ഞാൻ നാസിയല്ല..പോരാളിയാണ്..!“
യാത്രക്കാർക്കിടയിൽ ഒരു മുൻ ഇസ്രായെലി മിലിട്ടറി ഓഫീസർ ഉണ്ടായിരുന്നു. എന്നാൽ ഇയാൾക്കു ഫ്രഞ്ച് പൌരത്വവും ഉണ്ടായിരുന്നതിനാൽ ഫ്രഞ്ച് പാസ്പോർട്ടായിരുന്നു ഉണ്ടായിരുന്നത്. ഇയാൾ ഇസ്രായേലി ആണെന്നു റാഞ്ചികൾക്കു മനസ്സിലാകാതിരുന്നതിനാൽ മറ്റു യാത്രക്കാരോടൊപ്പം അയാളെയും ഹാളിൽ നിർത്തിയിരുന്നു.

Leave a Reply