Sunday, January 29, 2023
HomeHistoryഓപറേഷൻ തണ്ടർബോൾട്ട്

ഓപറേഷൻ തണ്ടർബോൾട്ട്

“ നിലത്തു കിടക്കൂ.. നിലത്തു കിടക്കൂ.. ഞങ്ങൾ ഇസ്രായേലി സൈനികരാണ്..”ഒരു ചെറുപ്പക്കാരനൊഴികെ ഹാളിലുണ്ടായിരുന്നവർ നിലം പറ്റിക്കിടന്നു. ആ ചെറുപ്പക്കാരൻ വെടിയേറ്റു വീണു. ഫ്രഞ്ചുകാരനായിരുന്ന ഒരു യാത്രക്കാരനായിരുന്നു അത്. റാഞ്ചികളുടെ ഇടയിൽ നിന്നും തിരികെ വെടിവെയ്പ്പുണ്ടായി. എന്നാൽ ഇസ്രായേലി കമാൻഡോകളുടെ മികവിനു മുൻപിൽ അവർക്കു പിടിച്ചു നിൽക്കാനായില്ല. നാലു റാഞ്ചികൾ വീണു കഴിഞ്ഞു..“എവിടെ ബാക്കിയുള്ളവർ?” കമാൻഡോകൾ യാത്രക്കാരോട് അന്വേഷിച്ചു. അവർ ഒരു മുറിയിലേയ്ക്കു ചൂണ്ടി.. പെട്ടെന്ന് ഒരു വെടിയേറ്റ് കമാൻഡർ യോണി നിലം പതിച്ചു. നെഞ്ചിലായിരുന്നു വെടി.കമാൻഡോകൾ ആ മുറിയിലേയ്ക്ക് ഗ്രനേഡുകൾ എറിഞ്ഞു. ഏതാനും സെക്കൻഡുകൾക്കു ശേഷം അവർ അങ്ങോട്ടു കുതിച്ചു കയറി. ബാക്കിയുണ്ടായിരുന്ന മൂന്നു റാഞ്ചികൾ കൂടി കൊല്ലപ്പെട്ടു..ആറുമിനിട്ടിനു മുൻപേ തന്നെ ഓപ്പറേഷൻ അവസാനിച്ചു. യാത്രക്കാരിൽ മൂന്നു പേർ കൊല്ലപ്പെട്ടു. വെടിയേറ്റ യോണി മരിച്ചിരുന്നില്ല. പക്ഷേ അതിവേഗം രക്തം നഷ്ടമായിക്കൊണ്ടിരുന്നു. അദ്ദേഹത്തെ താങ്ങിയെടുത്ത് അവർ വെളിയിലെത്തിച്ചു, ഒപ്പം യാത്രക്കാരെയും. ഇതേ സമയം മറ്റു വിമാനങ്ങൾ ലാൻഡ് ചെയ്തിരുന്നു. അവയിൽ നിന്നും കവചിത വാഹനങ്ങൾ പുറത്തിറങ്ങി. ഉഗാണ്ടൻ സൈനികരും പാരാട്രൂപ്പേഴ്സുമായി ശക്തമായ വെടിവെയ്പ്പു നടന്നു. ഇസ്രായേലിന്റെ ആധുനിക ആയുധങ്ങൾക്കു മുന്നിൽ ഉഗാണ്ടൻ സൈനികർക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. റൺവേയിൽ കിടന്ന 11 മിഗ് യുദ്ധവിമാനങ്ങളെ കവചിത വാഹനങ്ങൾ തകർത്തു. റോക്കറ്റ് പ്രൊപ്പല്ലറുകൾ ഉപയോഗിച്ച് കണ്ട്രോൾ ടവർ തകർത്തു കളഞ്ഞു. 30 മിനിട്ടു നേരത്തെ ആ സംഹാര താണ്ഡവത്തിനൊടുവിൽ 45 ഉഗാണ്ടൻ സൈനികർ കൊല്ലപ്പെട്ടു.106 ബന്ദികളിൽ മൂന്നു പേരൊഴികെ ബാക്കിയുള്ളവരെ സുരക്ഷിതമായി വിമാനത്തിലെത്തിച്ചു. അപ്പൊഴേയ്ക്കും ചോര വാർന്ന് കമാൻഡർ യൊനാതൻ നെതന്യാഹു മരണത്തിനു കീഴടങ്ങിയിരുന്നു.53 മിനുട്ട് കഴിഞ്ഞപ്പോൾ നാലു ഹെർക്കുലീസ് വിമാനങ്ങളും, റാഞ്ചിക്കൊണ്ടു വന്ന എയർ ഫ്രാൻസ് വിമാനവും യാത്രകാരും ഇസ്രായേൽ കമാൻഡോകളും എന്റബേ വിട്ട് നെയ്റോബി ലക്ഷ്യമാക്കി പറന്നു. അവിടെ നിന്നും ഇന്ധനം നിറച്ച് അവ ഇസ്രായേലിലേയ്ക്കു മടങ്ങി.
ജൂലൈ 4 പ്രഭാതത്തിൽ ടെൽ അവീവിലെ ബെൻ ഗൂറിയൻ എയർ പോർട്ടിൽ റെസ്ക്യൂ ടീമുകളും വിമാനങ്ങളും സുരക്ഷിതമായി ലാൻഡ് ചെയ്തു. ലോകം അന്നേവരെ ദർശിച്ചിട്ടില്ലാത്ത ഒരു അസാധാരണ സാഹസിക ദൌത്യമായിരുന്നു അത്. തിരികെ എത്തിയ തങ്ങളുടെ പ്രിയപ്പെട്ടവരെ സ്വീകരിയ്ക്കാനായി ഇസ്രായേൽ ജനത അവിടെ തടിച്ചു കൂടിയിരുന്നു.ഇദി അമീന്റെ കോപം ആളിക്കത്തി. ബന്ദികളിൽ നിന്നും മോചിപ്പിയ്ക്കപ്പെട്ട ഡോറാ ബ്ലോച്ച് എന്നൊരു വൃദ്ധ ഉഗാണ്ടയിലെ ആശുപത്രിയിൽ ഉണ്ടായിരുന്നു. ആ സ്ത്രീയെ അവർ മൃഗീയമായി കൊലപ്പെടുത്തി. ഇസ്രായേലിനെ സഹായിച്ച കെനിയയ്ക്കെതിരെയും അമീന്റെ രോഷം അണപൊട്ടി. അവിടുത്തെ യഹൂദ നെതാക്കളെ കൊന്നുകളയാൻ തന്റെ സീക്രട്ട് ഏജന്റുകൾക്ക് അയാൾ ഉത്തരവു നൽകി. ഏറെ പ്പേർ കൊല്ലപ്പെട്ടു. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ അതിക്രമിച്ചു കയറിയ ഇസ്രായേലിന്റെ നടപടിയിൽ ഐക്യരാഷ്ട്ര സഭ പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ അമേരിയ്ക്കയും യൂറോപ്യൻ രാജ്യങ്ങളും ഈ ധീരമായ ഓപ്പറേഷനെ പ്രശംസിച്ചു.
ഇസ്രായേലിന്റെ എല്ലാ ബഹുമതികളോടും കൂടി യൊനാതൻ നെതന്യാഹുവിന്റെ ശവസംസ്കാരം നടന്നു. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി ഈ ഓപ്പറേഷനു “ഓപറേഷൻ യൊനാതൻ” എന്നു നാമകരണം ചെയ്തു.

Related News