Malayalam Article

കട്ടിൽമഹാത്മ്യം

“ടീ ത്രേസ്യേ..നീ കേറി കിടക്കടി ഇങ്ങോട്ട്…”
ദേവസ്സി മാപ്പിള സ്വന്തം കെട്യോൾ ത്രേസ്യകുട്ടിയോട് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു. പറച്ചിലിന്റെ ഇടയിലൊക്കെ കെട്യോൾക്കിട്ടു ഓരോ തോണ്ടും വെച്ചുകൊടുക്കാൻ കെട്യോനും മറന്നില്ല..
കെട്യോന്റെ തോണ്ടൽ അസഹനീയമാകുമ്പോ ത്രേസ്യകുട്ടി പറയും..”ഒന്നു അടങ്ങി കിടക്കുന്നുണ്ടോ മനുഷ്യാ.. പാതിരായ്ക്ക് തോണ്ടാൻ വന്നിരിക്കുന്നു.പ്രായായിന്നു വല്ല വിചാരമുണ്ടോ.? നിങ്ങളെക്കാളും വല്യ പിള്ളേരുള്ളപ്പഴാ നിങ്ങടെ ഒരു തോണ്ടല്…’

“നിന്നെ അല്ലാണ്ട് പിന്നെ ഞാൻ ആരെയാടീ പിന്നെ തോണ്ടുക? അപ്പുറത്തെ എൽസിയെ ഞാൻ തൊണ്ടട്ടെഡീ….” ദേവസ്സി മാപ്പിള കിട്ടിയ താപ്പിന് ചോദിക്കും..
പിന്നെ ത്രേസ്യച്ചേടത്തിയുടെ വായിലിരിക്കുന്ന ഭരണിപ്പാട്ടു കേട്ടു കെട്യോൻ ദേവസ്സി മാപ്പിള കട്ടിലിൽ കിടന്നു കുലുങ്ങി ചിരിക്കും.
വെളുപ്പാൻ കാലത്തു നോക്കിയാൽ കാണാം കിടക്കാൻ നേരം കട്ടിലിന്റെ മീതേയും കട്ടിലിൻ താഴെയുമായി സ്ഥാനം പിടിച്ചിരുന്ന രണ്ടു വൃദ്ധദമ്പതികൾ ഒന്നിച്ചു കട്ടിലിൽ കിടക്കുന്നത്.
ദേവസ്സി മാപ്പിളയും ത്രേസ്യാച്ചേടത്തിയും കൂടി നടത്തുന്ന ഈ പ്രേമ സംഭാഷണ ശകലം മുഴുവൻ ചെവി കൂർപ്പിച്ചു കേൾക്കുന്ന ഒരു മഹതി ഉണ്ട്. അവരുടെ കൊച്ചു പേരക്കുട്ടി. ആ കുട്ടിക്കാച്ചാൽ ഉറക്കം തീരെ കുറവാണ്..

പകലും രാത്രിയും സ്വപനലോകത്തു വിഹരിക്കുന്ന പെങ്കൊച്ചിന്റെ സ്വപനങ്ങൾക്കിടയിലാണ് വെടിയൊച്ച പോലെയും ചിലപ്പോ അടക്കി പിടിച്ചും തൊട്ടപ്പുറത്തെ മുറിയിൽ നിന്നും സ്വരം ഉയരുക.
അപ്പാപ്പന് ചെവി കേൾക്കാത്തത് കൊണ്ടു ബാക്കി ഉള്ളോർക്കും ചെവി കേൾക്കില്ലന്നു വിചാരിച്ചു വെടി പൊട്ടിക്കുന്ന ഉച്ചത്തിൽ സ്വതേ സംസാരിക്കുന്ന ദേവസ്സി മാപ്പിള ചിലപ്പോ സ്വകാര്യ സംഭാഷണം അതിരു കടന്നു പ്രേമസല്ലാപത്തിന്റെ വക്കോളം എത്തുന്ന അവസരത്തിൽ കൗമാരം എത്താത്ത പെങ്കൊച്ചു ചിലപ്പോ താഴെ വിരിച്ചിട്ട പായയിൽ കിടന്നു അപ്പുറത്തെ പ്രേമ സല്ലാപക്കാരെ ഒന്നു വിരട്ടും..
“മിണ്ടാതെ കിടക്കണണ്ട…. ഇവിടെ കുട്യോൾ ഉള്ള കാര്യം ഓർമയിണ്ടാ നിങ്ങക്കു?”
പിന്നെ എല്ലാം നിശ്ശബ്ദം

( അന്ന് കുട്ടി ചെയ്ത അപരാധത്തെ ഓർത്തു ഇന്ന് വേദനിക്കുന്നു കുട്ടി. എത്ര പ്രേമ പൂർവ്വമായിരുന്നു ആ വൃദ്ധ ദമ്പതികളുടെ സല്ലാപം)
ആറടിയിലധികം ഉയരമുള്ള അപ്പാപ്പനും പത്തു പ്രസവിച്ചിട്ടും ഐശ്വര്യ പോലെ ആലില പോലുള്ള വയറും ശരീരവും ഉയരവുമുള്ള അമ്മാമ്മയും പ്രായായിട്ടും അന്നും പ്രണയത്തിലായിരുന്നു.
പകൽ മുഴുവൻ രണ്ടും തമ്മിൽ ചീറി കൊത്തുന്നത് കാണാം. അമ്മാമ്മ ദേഷ്യം മൂത്ത് അങ്ങേരെ കെട്ടിയതിൽ അറുപതു വയസ്സിലും എണ്ണി പെറുക്കുന്നത് കേൾക്കാം. കെട്യോളുടെ ഗുണവതികരം മുഴുവൻ നാട്ടുകാരെ മുഴുവൻ കേൾപ്പിച്ചു പറഞ്ഞ്..ഒടുക്കം ഒരു വിളിയുണ്ട്..
“എടീ തല പൊളിച്ച പട്ടാണിച്ചി…”

(അപ്പാപ്പൻ അമ്മാമ്മയെ കെട്ടിയ കാലത്തു വാക്ക് തർക്കം മൂത്തപ്പോഴോ മറ്റോ ഏതോ പട്ടാണിച്ചിയുടെ തലക്കിട്ടു അമ്മാമ്മ നല്ലൊരു കാച്ചു കാച്ചിയിട്ടുണ്ട്. അതിൽ പിന്നെ ഇടക്കിടെ അപ്പാപ്പൻ അമ്മാമ്മയെ ചൂട് പിടിപ്പിക്കാൻ ഇടക്കിടെ വിളിക്കും..തല പൊളിച്ച പട്ടാണിച്ചി..)
ആ വിളി ഒടുക്കത്തെ വിളിയാണ് . ആ വിളി കേട്ടതും അമ്മാമ്മ രേവതി കിലുക്കത്തിൽ പറയുന്ന പോലെ കെട്യോന്റെ അപ്പൂപ്പനേം അമ്മൂമ്മനേം കുടുംബം വെളുക്കെ തെറി വിളിച്ചു കൊണ്ടു വീടിന്റെ അകത്തു നിന്നും ഒരു കോളാമ്പി കഞ്ഞിവെള്ളവും കൊണ്ടു തെങ്ങിൻചോട്ടിൽ പോയി കഞ്ഞി വെള്ളം തെങ്ങിൻ ചോട്ടിൽ ഒഴിച്ചു അവിടെ നിലയുറപ്പിച്ചു ആരോ കേൾക്കാൻ വേണ്ടി എന്തൊക്കെയോ എണ്ണി പെറുക്കും.
അമ്മൂമ്മയുടെ ഡയലോഗ് കേട്ട് അപ്പൂപ്പൻ പേരകുട്യോളെ നോക്കി ചിരിച്ചു തലയിൽ കുറെ തടവി .. പതിയെ ചോദിക്കും.
“അപ്പാപ്പനെയോ അമ്മാമ്മയെയോ നിങ്ങക്ക് ഇഷ്ടം.?അപ്പാപ്പനെയാണ് ഇഷ്ടാന്നു അമ്മാമ്മയോട് ചെന്നു പറഞ്ഞാൽ ഐസ് പ്രൂട്ടു വാങ്ങി തരാം…”
അമ്മാമ്മയെ ഒന്നൂടെ ചൂട് പിടിപ്പിക്കാൻ ഉള്ള അപ്പൂപ്പന്റെ കുസൃതി.

ലോകത്തിൽ ഇങ്ങിനെ കുറെ വില പേശലുണ്ടെന്നു ആദ്യായിട്ടു കുട്ടി അറിഞ്ഞത് അപ്പോഴാവും. പക്ഷെ ഐസ് ഫ്രൂട്ട് കാട്ടിയുള്ള ആ വിലപേശലിന് സ്നേഹത്തിന്റെ മാധുര്യമുണ്ടായിരിന്നു.
ദേഷ്യം പൂണ്ട കെട്യോളുടെ ഭാവത്തെയും മാറി നിന്നു ആസ്വദിക്കുന്ന ഒരു ഭര്ത്താവ്. ഒടുവിൽ അന്തിക്ക് കട്ടിലിൽ മീതെയും താഴെയുമായി കിടപ്പ് . സൗന്ദര്യപിണക്കങ്ങൾ , പ്രേമ സല്ലാപം, വീണ്ടും ഒരുമിച്ചു ഒരു കട്ടിലിൽ..ഒന്നായി..
ഞാൻ ഓർമ വെച്ച കാലത്തു കണ്ട സുന്ദരമായ പ്രണയം ഇതായിരുന്നു.എത്ര വഴക്കിട്ടാലും തെറി വിളിച്ചാലും അടി കൊണ്ടാലും അവർ ഒന്നായിരുന്നു . നേരം വെളുക്കുമ്പോൾ ഒരു കട്ടിലിൽ ഒരു മനസ്സോടെ.
അമ്മാമ്മ ജീവിതത്തിൽ കരഞ്ഞു ഞാൻ കണ്ടിട്ടില്ല. കരയുന്നതു കുറച്ചിൽ ആയിരുന്നു അമ്മാമ്മക്ക്‌. കെട്യോൻ മരിച്ചപ്പഴും അമ്മാമ്മ കരഞ്ഞില്ല.. വാവിട്ടു നിലവിളിക്കുന്ന പെണ്കട്യോളെ വിലക്കി..”കരയല്ലേ! ആത്മാവ് ഇവിടം വിട്ടു പോകില്ല..”

എല്ലാം നെഞ്ചിൽ ഒതുക്കി അമ്മാമ്മ.. എന്നും നെഞ്ചു വേദനയായിരുന്നു പാവത്തിന്.
ഇന്ന് വഴക്കിടുമ്പോഴേക്കും കൂടും കിടക്കയും പെറുക്കി മുറി വിട്ടു സോഫയിലും പിന്നെ സ്വന്തം വീട്ടിലും പോകുന്നവരെ കാണുമ്പോ സഹതാപം തോന്നും.
പരസ്പരം സ്നേഹിക്കാൻ അറിയാതെ, വിട്ടു കൊടുക്കാൻ സാധിക്കാതെ, പങ്കു വെക്കാൻ അറിയാതെ, ഒരു ജീവിതം..
സ്നേഹിക്കുന്നവർക്ക് മുന്നിൽ ഒന്നു തോറ്റു കൊടുത്താൽ എന്താണ് നഷ്ടം.?പിന്നെ ആരുടെ മുന്നിലാണ് നാം സ്വയം സമർപ്പിക്കുന്നത്? ആർക്കു വേണ്ടിയാണ് ഈ ജീവിതം മാറ്റി വെക്കുന്നത്? ആരെയാണ് കൂടുതൽ സ്നേഹിക്കുന്നത്? തന്നെത്തന്നെയോ അതോ മറ്റുള്ളവരെയോ?

തന്നെ തന്നെ വിട്ടു കൊടുക്കുമ്പോൾ നേടുന്നത് ഒരു ജീവിതമാണ്. അറ്റു പോകാത്ത കുടുംബ ബന്ധങ്ങളാണ്. മൂല്യം നഷ്ടമാവാത്ത ഒരു സമൂഹമാണ്. ചിന്തിക്കുക.
നാലാൾ തന്നെ ചുമക്കാൻ വേണമെന്നു ആഗ്രഹം പറഞ്ഞ വരരുചി ഉദ്ദേശിച്ച കട്ടിൽ നിസ്സാരക്കാരൻ അല്ല.
‘നിങ്ങളുടെ കോപം സൂര്യാസ്തമയം വരെ നീണ്ടു പോകാതെയിരിക്കാൻ ശ്രദ്ധിക്കുവിൻ’. യേശുദേവന്റെ വാക്കുകൾ ദാമ്പത്യ ജീവിതത്തിൽ പ്രസക്തിയേറെയാണ്
ഒരു കട്ടിൽ …പലതിന്റെയും തുടക്കവും ഒടുക്കവുമാണ്.കട്ടിലിന്റെ ഇരുവശത്തു ആണെങ്കിൽ കൂടി വഴക്കിട്ടാൽ മുറി വിട്ടു പുറത്തു പോകാതെയിരിക്കാൻ ഓരോ ദമ്പതികളും ശ്രദ്ധിക്കട്ടെ. ദാമ്പത്യത്തിന്റെ മാജിക് അവിടെ തുടങ്ങുന്നു.

Trending

To Top
Don`t copy text!