Kampranthal

കാശുള്ള വീട്ടിലെ പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വരുമ്പോൾ ഉള്ളിൽ ഒടുങ്ങാത്ത ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ.

രചന: അമ്മു സന്തോഷ്

കാശുള്ള വീട്ടിലെ പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വരുമ്പോൾ ഉള്ളിൽ ഒടുങ്ങാത്ത ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ. വീട്ടിൽ അമ്മയുണ്ട് എന്നതായിരുന്നു ആശ്വാസവും. എല്ലാമറിഞ്ഞു കൊണ്ട് തന്നെയാണ് അവളെന്റെ കൂടെ ഇറങ്ങി തിരിച്ചത്. ബെൻസ് കാറിന്റെ പതു പതുപ്പിൽ നിന്ന് ട്രാൻസ്‌പോർട് ബസിന്റെ കുടുക്കത്തിലേക്കു ഗതി മാറുമ്പോൾ അവളുടെ കണ്ണുകളിൽ മുഷിവിനു പകരം കൗതുകം വിരിയുന്നത് കണ്ട ഞാൻ അത്ഭുതപ്പെട്ടു പോയി. എയർ കണ്ടീഷണർ ഉള്ള മുറിയിലെ തണുപ്പിൽ നിന്നും രണ്ട് മുറി മാത്രമുള്ള എന്റെ വീടിന്റെ ചോരുന്ന മച്ചിലെ മഴ പെയ്യുമ്പോൾ വീഴുന്ന മഴ തുള്ളികൾ കൈയിൽ തെറിപ്പിക്കുമ്പോളും നക്ഷത്ര കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

പുലർച്ചെ അമ്മക്കൊപ്പം അടുക്കളയിൽ അവളുടെ ശബ്ദം, ചിരി ഒക്കെ കേൾക്കുമ്പോൾ പെണ്ണ് എന്നത് വീണ്ടും എനിക്ക് ഒരു അത്ഭുതമായി മാറി. ഉണ്ടായിരുന്ന പ്രൈവറ്റ് കമ്പനിയിലെ ജോലി അവളുടെ അച്ഛനായിട്ടു കളയിച്ചെന്നു ഞാൻ അവളോട്‌ പറഞ്ഞില്ല.. പക്ഷെ ആ നഗരത്തിലെനിക്കൊരു ജോലി കിട്ടില്ല എന്നെനിക്കു മനസിലായി. കൂട്ടുകാരന്റെ സഹായത്താൽ പാസ്സ് പോർട്ടും വിസയും ശരിയായ അന്ന് മുതൽ ആ കണ്ണിന്റെ പ്രകാശം കെട്ടു തുടങ്ങിയത് ഞാൻ കണ്ടു. അവൾ കഴിക്കാതെ മാനം നോക്കി ചിന്തിച്ചിരുന്നത് കാണെ ഞാൻ അവളോട്‌ അറിയാതെ ദേഷ്യപ്പെടും പോയി.. അവൾ പൊട്ടിക്കരയുന്നതു അന്നാദ്യമായി ഞാൻ കണ്ടു അവളുടെ ഉടൽ മാറോടണയ്ക്കുമ്പോൾ എന്റെ മിഴികളും നിറഞ്ഞൊഴുകി തുടങ്ങി ഏതു കഷ്ടപ്പാടിലും നിങ്ങൾ ഒപ്പം മതി എന്ന് കരയുമ്പോൾ അവളെ തള്ളിപ്പറഞ്ഞു പോയാൽ ദൈവം പോലും ക്ഷമിക്കില്ല എന്നും തോന്നി..

എന്നെ ഒരാളെ ഓർത്ത് ജീവിതത്തിലേക്ക് വന്ന പെണ്ണാണ്. ഞാൻ മാത്രമാണവളുടെ സന്തോഷം.. അപ്പോൾ അതില്ലാതാക്കാൻ എനിക്ക് കഴിയുമായിരുന്നില്ല വീടിന്റെ പിന്നിലെ കുറച്ചു സ്ഥലം പാട്ടത്തിനെടുത്തു.. കൃഷി തുടങ്ങി… പണ്ടത്തെ പോലെയല്ല പച്ചക്കറികൾ ക്കൊക്കെ നല്ല ഡിമാന്ഡായി.. വിഷം ചേർക്കാത്തവ കിട്ടാനില്ലല്ലോ. അവൾ പണിസ്ഥലത്തു വെള്ളം കോരുന്നതും വെയിലിൽ കഷ്ടപ്പെടുന്നതും കാണുമ്പോൾ ഉള്ളു നീറാറുണ്ട്. പക്ഷെ അവൾ കൂടെയുള്ളപ്പോൾ തോന്നുന്ന ആനന്ദം അവൾ തെല്ലുനേരം മാറി നിൽക്കുമ്പോൾ പെട്ടെന്ന് സങ്കടം ആയി മാറുന്നത് അതിശയമാണ്. ഇവൾക്കെന്തു മന്ത്രവിദ്യയാണ്‌. അറിയില്ല. ഒന്നറിയാം പെണ്ണ് എന്നത് ആണിന്റെ ഊർജം ആണ്. അവളുടെ കറതീർന്ന സ്നേഹമാണ് അവന്റെ ജീവശ്വാസം…. . ഞങ്ങളാ സ്ഥലം വാങ്ങി. ഇപ്പോൾ എനിക്കൊരു റിസോർട് ഉണ്ടവിടെ. അവളുടെ വീട്ടുകാർ വരാറുണ്ട്… സ്ഥായിയായ പിണക്കങ്ങൾ വേണ്ടല്ലോ. പുതിയ വീട്ടിലേക്കു മാറിയെങ്കിലും മഴയുള്ള രാത്രികളിൽ ഞങ്ങൾ മച്ചു പൊട്ടിയ ഞങ്ങളുടെ പഴയ വീട്ടിലേക്കു പോകും… മഴ നനഞ്ഞ അവളെ കാണാനെന്തു ഭംഗി ആണെന്നോ… പുതുമഴയുടെ ഗന്ധം ആണ് അവൾക്കിപ്പോളും.. എന്നെ അടിമയാക്കുന്ന ഗന്ധം…

Trending

To Top
Don`t copy text!