Kampranthal

കുക്കരി

“””മേരി ദേശ് കി ധർത്തി ഉബല കിതനെ സോനാ “”
ഗൗരവം മാത്രo മുഖത്തുള്ള അമ്മാവന്റെ ആ പഴയ പാട്ടു പെട്ടി പാടിക്കൊണ്ടിരുന്നപ്പോൾ മിലിട്ടറി സ്റ്റൈലിലിൽ താളം പിടിച്ചു പുള്ളിക്കാരൻ മുറിയിലിരുന്നു ആ വയസൻ കുക്കരി മിനുക്കിക്കൊണ്ടിരുന്നു …..
സ്റ്റീൽ കുക്കരി , അതിനു വെള്ളിയിൽ വെൽവെറ്റ് ലേസ് വെച്ചുള്ള മനോഹരമായ ഒരു ഉടുപ്പും , അറ്റത്തു കിന്നാരം പറയുന്ന വെള്ളി മണികളും,
അതുo തേച്ചു മിനുക്കി അമ്മാവൻ ആ ചക്രം പിടിപ്പിച്ച കസേരയിൽ ഇരുന്ന് പാതിതുറന്ന ജന്നലയിൽക്കൂടെ പുറത്തേക്കു നോക്കി ഇരുന്നു ….
നാഷണൽ ഹൈവേയിൽ എവിടെയോ നികുതിയുടെ കൂടെ ജീവനും കൊടുത്ത അച്ഛനും , നിരാശ , ഉറക്കഗുളിക കുപ്പിയുമായി വെച്ചുമാറി യാത്ര പറഞ്ഞ അമ്മയും എന്നും എനിക്ക് മാന ത്ത് വിരിയുന്ന ആയിരം കോടി ലക്ഷകണക്കിന് നക്ഷത്രങ്ങളുടെ ഇടയിൽ എവിടെയോ ആയിരുന്നു ….
അന്നും തലക്കുമീതേയുള്ള ആ നിലയില്ലാ കയത്തിലേക്ക് രാത്രിയിൽ അവരെയും നോക്കി ആ തിണ്ണയിൽ ഞാൻ ഇരുന്നു ….
ഒരുപാടു ബന്ധുക്കളുടെ ആശയ കുഴപ്പങ്ങളുടെ നടുവിൽ നിന്നും അമ്മാവൻ എന്റെ കൈയിൽ മുറുകെപ്പിടിക്കുമ്പോൾ ഞാൻ ഒരു 12 കാരനായിരുന്നു .
പിന്നെ നക്ഷത്രം നോക്കിയും എണ്ണിയും ഒക്കെ കുറേനാളുകൾ .വലിയ ചരക്കു കപ്പലുകളിൽ പോയി തിര എണ്ണി ജീവിക്കുന്നതു വരെ എത്തി നിലവിൽ കാര്യങ്ങൾ …..
5 മാസം കഴിഞ്ഞുള്ള ഓരോ മടങ്ങി വരവിലും , വീട്ടിലെ കാര്യസ്ഥ ആയ സരസു ചേച്ചി മുടി കറപ്പിച്ചും , മുഖവും കയ്യും ചുളിപ്പിച്ചും ,” ഇന്ന് വിളക്ക് കൊളുത്താൻ മാലതിയെ വിളിക്കേണ്ടിവരും ” എന്നു പറഞ്ഞും , കൂടുതൽ വയസ്സ് അറിയിച്ചുകൊണ്ടിരുന്നു , പക്ഷെ അമ്മാവൻ ഇന്നും അങ്ങനെ ചെറുപ്പമായി ഇരിക്കുന്നു . ഒരിക്കൽ ഞാൻ സരസു ചേച്ചിയോട് ചോദിച്ചു, “നിങ്ങള്ക്ക് അമ്മാവനെ അങ്ങ് കെട്ടിക്കൂടെ, വർഷം കുറെ ആയില്ലേ ഇവിടെ ജോലിയെടുക്കുന്നു”
എന്ന് ,
സരസു ചേച്ചിയുടെ മറുപടി വളെരെപ്പളരെ സ്ത്രൈണ മായിരുന്നു ,
“ആഗ്രഹം ഇല്ലാത്തകൊണ്ടല്ല ,കയ്യും കാലും മൊത്തം ഉണ്ടായിരുന്നേൽ ഞാൻ നോക്കിയേനെ ഉണ്ണി , ഇത് ഇപ്പോൾ ഉള്ള ശംബളം കൂടെ പോകുന്ന ഇടപാടാ , അതാ വേണ്ടാന്ന് വെച്ചത് , എനിക്ക് എന്താ നല്ല ചെറുക്കൻ മാരെ കിട്ടില്ലേ “,
എന്നും പറഞ്ഞു ആ ചൈനീസ് നിത്യകന്യക സരസു ചേച്ചി മാറത്തു കിടന്ന തോർത്ത് ഒന്നുകൂടി ബ്ലൗസിലേക്കു കയറ്റി വെച്ചു തോളിൽ പുറംലോകത്തേക്കു എത്തി നോക്കി ശുദ്ധവായു ശ്വസിച്ചുകൊണ്ടിരുന്ന വെളുത്ത കരിമ്പൻ പിടിച്ച ജംബർ അകത്തേക്ക് തള്ളി ഒരു വളിച്ച ചിരി പാസ്സാക്കി ചമ്മലോടെ സ്ത്രീസഹജമായ ആത്മഗതം നാക്കിൽ ഉടക്കിയിട്ട് പോയി ….

എനിക്കും അമ്മാവനും ഇടയിൽ വലിയ വർത്തമാനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല . എന്നിഷ്ടം എനിക്ക് , നിന്നിഷ്ടം നിനക്ക് എന്നാ ഒരു മട്ടായിരുന്നു. കൂടെക്കൂടിയ സമയത്തു മുതൽ എനിക്ക് ആകെ ഒരു അകൽച്ച യായിരുന്നു , പിന്നെ എന്നെപോലെ അദ്ദേഹത്തിനും അതൊരു ശീലമായപ്പോൾ അമ്മാവൻ എന്നും കുക്കരിയും മിനുക്കി ഇരുംബ് പെട്ടിയും നോക്കി ഇരുപ്പായി .

ചിതലു പിടിച്ച അമ്മാവന്റെ പട്ടാള ഓർമ്മകൾ അടങ്ങിയ ആ തകര പെട്ടി മാത്രം ആരും അവിടെ തൊട്ടിരുന്നില്ല . ആ ഒരു നോട്ടം മാത്രം മതി , നല്ല ജീവൻ പോകാൻ , തള്ള പൂച്ചയുടെ കുഞ്ഞിനെ പോലെയാണ് ആ തകരപെട്ടി അമ്മാവന് .

അങ്ങനെ കുറേനാളുകൾ , ചിന്തകൾ ഉറക്കത്തെ പുതപ്പിച്ച ഒരുരാത്രി , എന്തോചെറിയ ഞരക്കം കേട്ടാണ് ഞാൻ സപ്തർഷികൾക്ക് ഇടയിൽ നിന്നും കടലിൽ വേലിയേറ്റം വരച്ചു മേഘത്തിൽ തലവെച്ചു ഉറങ്ങുന്ന സാക്ഷാൽ ചന്ദ്രതിരുമനസ്സിന്റെ ഇടയിലൂടെ തിരിച്ചുവന്നത് . ആ ഞെരങ്ങൾ അമ്മാവന്റെ മുറിയിൽനിന്നുമായിരുന്നു, കുറ്റിയിടാൻ മറന്നു പോയ ജനൽ പാളികൾ ഒരു ചെറിയവെട്ടം എനിക്ക് തന്നപ്പോൾ വലിയ സംഭവത്തിലേക്കാണ് അതു വഴിതെളിക്കുന്നത് എന്നൊന്നും എനിക്കറിയില്ലായിരുന്നു.

അവിഹിതം പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് അനാവരണം ആണ് , അമ്മാവൻ എന്നതിലുപരി ഗോപി എന്ന മനുഷ്യൻറെ നാളുകൾ നീണ്ട മാനസിക സംഘർഷങ്ങളുടെ മുകളിൽ മുരടൻ എന്നുചാർത്തപ്പെട്ട കാലയവനികയുടെ അനാവരണം ….

ഒരിക്കലും ജീവിതത്തിൽ നടക്കില്ല എന്ന് കരുതിയ ഒരു കാഴ്ച . അമ്മാവൻ ആ കുക്കരിയും , ഒരു പേപ്പർ കഷ്ണവും ആ ഒറ്റക്കയ്യിൽ നെഞ്ചോടു ചേർത്തുപിടിച്ചു ഒരു കംബിളിയുടെ അറ്റം കടിച്ചുപിടിച്ചു വിതുംബുക യായിരുന്നു . എന്നേക്കും മുരടൻ എന്നും , ദുഷ്ടൻ എന്നും പട്ടo ചാർത്തപ്പെട്ട ഗോപിയമ്മാവൻ കരയുന്നു , എന്തോ ഒരു ഭാരം കണ്ണീരായി ഉരുകി ഒലിക്കുകയായിരുന്നു .ചിന്താശരങ്ങൾക്കു ഇടയിൽ , ചക്രവ്യൂഹത്തിലെ അഭിമന്യുവിനെ പോലെ നില്ക്കാൻ മാത്രമേ നിലതെറ്റിയ മന്സിന്റെനില എന്നേ അനുവദിച്ചുള്ളു ….. മിനിറ്റുകൾ നീണ്ട് നിന്ന ആ തീവ്രവികാര കുത്തൊഴുക്കിൽനിന്നും കരകയറി അമ്മാവൻ കുക്കരി തിരികെ വച്ച് മെല്ലെ ഉറങ്ങാൻകിടന്നു .
സത്യത്തിന്റെ ഉൾത്തളങ്ങളിലേക്ക് നയിക്കുന്ന ആ രശ്മികൾ അന്തരീക്ഷത്തിൽലയിച്ചു ….എല്ലാം ഇരുൾപോലെ
ശാന്തം, നിഗൂഡം , അന്ധം ……

പുലർച്ചകൾക്കു പറയാൻ ഉള്ളത് മോദിയും , കെജ്‌രിവാളും , രാഹുൽ ഗാന്ധിയും , കയ്യാങ്കളികളും ഒക്കെത്തന്നെയായിരുന്നു , ഉമ്മറത്തു വീൽ ചെയറിൽ ഇരുന്ന് ദേശഭക്തിഗാനം കേട്ടുകൊണ്ട് കാപ്പി നുണഞ്ഞു പട്ടാളത്താളം പിടിച്ചു കൊണ്ടു കേണൽ ഗോപി എന്ന എന്റെ അമ്മാവൻ പറഞ്ഞു , ” ഷൂട്ട് ദേം അപ്പ്‌ എല്ലാറ്റിനെയും”,എല്ലാം ഒരുപോലെ ഒരുമാറ്റവും ഇല്ല , ”

ആ കുക്കരി യിൽ നോക്കിനിന്ന ഞാൻ പറഞ്ഞു
“അതെ എല്ലാം ഒരുപോലെയാണ് , ഒരു മാറ്റവും ഇല്ല , കംബിളിയുടെ വക്കുക്കടിച്ചു ഒച്ച അടക്കി കരഞ്ഞ ഇന്നലത്തെ കരച്ചിൽപോലെതന്നെ , ഒരുപാട് വർഷങ്ങൾ അമ്മാവന്റെ ദുഃഖങ്ങൾ അതും ഒരുപോലെ , ഒന്നിനും ഒരു മാറ്റവും ഇല്ല , മെല്ലെയടുത്തുചെന്ന് അമ്മാവന്റെ തോളിൽ കൈവെച്ചുഞാൻ ചോദിച്ചു
“എന്നോട് പറഞ്ഞുകൂടെ അമ്മാവാ “??

കണ്ണുകൾക്കിടയിൽ തീക്ഷണമായ നോട്ടങ്ങൾ മാത്രം , മഞ്ഞുരുകുകയായിരുന്നു ,
അമ്മാവൻ എന്നെയും കൂട്ടി മുറിയിൽപോയി , നോട്ടം പോലും വിലക്കപ്പെട്ട ആ തകരപെട്ടി തുറന്നു …. ഒരു നിറംമങ്ങിയ ചിത്രം എടുത്തെനിക്ക് നേരെ നീട്ടി , അമ്മാവന്റെ നേപ്പാൾ ഓർമകളുടെ ഒരു മഞ്ഞുമല അവിടെ ഉരുകിയിറങ്ങുകയായിരുന്നു ….

ഒരിക്കൽപോലും എന്നോട് ” പട്ടാളകഥകൾ പറഞ്ഞിട്ടില്ലാത്ത അമ്മാവൻ , എന്നോ ഞാൻ വാങ്ങിക്കൊടുത്ത സിംഗിൾ മാൾട് നുണഞ്ഞു കൊണ്ടു പറഞ്ഞു ,

സഞ്ജീര , അതാണ്‌ അവളുടെ പേര് , പണ്ട് നേപ്പാൾ ബോർഡറിൽ പോസ്റ്റിംഗിൽ ഇരുന്നപ്പോൾ അമ്മാവന്റെ ഉറഞ്ഞുകൂടിയ ജീവിതപന്ഥാവിൽ ഉഷ്ണശ്വാസങ്ങൾ ഏല്പിച്ചു ആത്മ പ്രണയിനി ആയി ഉരുകിയലിഞ്ഞ നേപ്പാളി സുന്ദരി ,സഞ്ജീര …

രണ്ടു വർഷക്കാലം നിറഞ്ഞുനിന്ന പ്രണയത്തിൽ ഒരു പുതുജീവൻ അവളിൽ വളർന്ന കാലം , യുദ്ധകാലത്തിൽ അസ്വസ്ഥമായ മറ്റൊരിടത്തേക്കു രായ്ക്കു രായ്മാനം പറിച്ചുനടുമ്പോൾ ” ഞാൻ തിരിച്ചു വരും , കാത്തിരിക്കണം ” എന്നുപോലും തന്നിലെ തന്നെ അടിവയറ്റിൽ ചുമക്കുന്ന തന്റെ പ്രിയപെട്ടവളോടെ പറയാൻ പറ്റാതെപോയ ഒരു പട്ടാളക്കാരന്റെ വേദന ആ കണ്ണുകളിൽ തൂവിയിറങ്ങി .

ഒടുക്കം , ലാഭം മാത്രം നോക്കി നടത്തുന്ന യുദ്ധ ഭൂമിയിൽ എവിടെയോ മഞ്ഞുകൂട്ടിൽ ഒരു കയ്യും കാലും പോയ രീതിയിൽ കണ്ടു കിട്ടുമ്പോൾ ദേശംപോലും അഭിവാദങ്ങളോടെ “ഇനി നിങ്ങളുടെ സേവനം മതി “എന്നു പറഞ്ഞു. ശേഷം ജീവിതത്തിനു കൂട്ടാളിയായി ഒരു വീൽ ചെയറും .

എന്നോ ഒരിക്കൽ സഞ്ജീര
“എന്റെ അഭിമാനമാണിത് ” എന്നുപറഞ്ഞു കയ്യിൽ കൊടുത്ത ആ കുക്കരി മാറോടു ചേർത്തുപിടിച്ചു തലകുനിച്ചു ഇരുന്നപ്പോൾ അമ്മാവന്റെ മുഖത്ത് ആ ഗൗരവം ഇല്ലായിരുന്നു മറിച്ച് കുറെ കുറ്റബോധങ്ങളുടെ , മോഹഭംഗങ്ങളുടെ ഇരുളിച്ച നിഴലായിരുന്നു ….

അമ്മാവൻ ജനലിൽക്കൂടെ നോക്കെത്താ ദൂരത്തേക്ക് നോക്കിയിരുന്നു ……

ഒച്ചയുണ്ടാക്കാതെ ഞാൻ പുറത്തിറങ്ങി പിന്നെ എന്റെ മുറിയിലേക്കു നടന്നൂ .

പ്രഭാതസൂര്യന്റെ സഞ്ചാരപഥത്തിൽ കാര്യമായമാറ്റങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു , ഉച്ചയൂണ് ഒരുക്കി സരസുചേച്ചി പടർന്ന കണ്മഷിയൊക്കെ തുടച്ചുകൂടുതൽ സുന്ദരിയാകാനുള്ള ശ്രമം തുടർന്നുകൊണ്ടിരുന്നു …
വയറിന്റെ വിളികേട്ടു മുറിക്ക് പുറത്തേക്കു വന്ന അമ്മാവൻ ഒരുയാത്രക്ക് ഒരുങ്ങിനിൽക്കുന്ന എന്നെയാണ് കണ്ടത് , സരസുചേച്ചിക്ക് എന്തേലും ചോദിക്കുന്നതിനുമുന്പേ ഞാൻ വരാന്തവിട്ടിറങ്ങി ,. ഉമ്മറത്ത് വീൽ ചെയറിൽ ഗ്ലെൻമോറാന്ജെ( സിംഗിൾ മാൾട്ട് വിസ്‌കി ) നുണഞ്ഞു കൊണ്ടിരുന്നു അമ്മാവൻ ഉറക്കെപറഞ്ഞു ,
” പണ്ട് , ആകെ മഞ്ഞുനിറഞ്ഞ കെട്ടുപിണഞ്ഞ വഴികളായിരുന്നു ,ബോർഡറിലേക്ക് , കണ്ണുതെറ്റിയാൽ ചക്രം കൂടെത്തെന്നും. വഴിതെറ്റാതെ നോക്കണം നീ , ഉണ്ണി ”

ഇടക്ക് ഏകാന്തതയിൽ അഭയം പ്രാപിച്ച അമ്മാവന്റെ മുറിയിൽനിന്നും ഞാൻ നുഴഞ്ഞുകയറി കൈക്കലാക്കിയ ആ കുക്കരിയും , പഴയകുറെ എഴുത്തുകളും പിന്നെ നിറംമങ്ങി പോയ ആ നേപ്പാളി സുന്ദരിയുടെ പടവും പൊക്കിക്കാട്ടി ഞാൻ പറഞ്ഞു ….

“തെറ്റിയ വഴികളും , മറന്ന ഓർമകളും തെളിക്കാൻ ഇതുകൂടെയുണ്ട് , എന്റെ ലീവ് തീർന്നിട്ടില്ല കേണൽ ” ….
വണ്ടിയുടെ യാത്രാജീവൻ നോക്കി , എന്റെ ബാഗ് ഞാൻ പിന്നിൽവെച്ചു കെട്ടുമ്പോൾ അമ്മാവൻ പാതിചാരിയ ആ ജാലകം മലക്കെ തുറന്നു എന്നെയും നോക്കി ഇരിക്കുകയായിരുന്നു , ഞാൻ സംജീരയിലേക്കുള്ള യാത്ര തുടങ്ങുന്നതും നോക്കി . ആ മുഖത്ത് ഒരുപാട് പ്രതീക്ഷകൾ മാത്രമായിരുന്നു അപ്പോൾ.

വണ്ടി തുടങ്ങുംബോൾ ഞാൻ പോലുമറിയാതെ ചിലവരികൾ എന്റെ ചുണ്ടത്തു ഈണമായി ഊർന്നിറങ്ങി , അതിങ്ങനെയായിരുന്നു …

” കാതങ്ങൾ താണ്ടുമെൻ നോവിന്റെയാഴം
ഒപ്പാൻ മറന്ന നിൻ അശ്രുബിന്ദു.
അന്ധമാം കാഴ്ചകൾക്കപ്പുറം
എന്നും ഗതികിട്ടാ ദേഹിപോൽ ഇന്നുമലയുമെൻ ഓർമ്മകൾ ,
നിന്നെക്കുറിച്ചുള്ളവയായിരുന്നു …
എന്നും നിന്നെക്കുറിച്ചുള്ളവയായിരുന്നു ..
ഓർക്കുവാൻ മാത്രമേ കഴിയു പെണ്ണെ നിന്നെയോർത്തെന്നും കരയുവാൻ മാത്രമേ ആവതുള്ളൂ ….
ജീവിതം തന്ന ഈ ചക്ര സിംഹാസനം
ഉന്തിക്കറക്കി എന്നും ഇഴയുവാൻ മാത്രമേ ആവതുള്ളു ……

ഗോവിന്ദൻ

Govind kurup

Trending

To Top
Don`t copy text!