Current Affairs

കുഞ്ഞു മരിച്ചതറിയാതെ അപ്പോഴും അവൾ കുഞ്ഞിന്റെ വായിൽ ഉണക്ക ചപ്പാത്തി തിരുകുന്നുണ്ടായിരുന്നു…

തൊടുപുഴയിലെ ആ ഏഴു വയസുകാരന്റെ മരണം മലയാളികളുടെ മനസ്സിൽ ഉണ്ടാക്കിയ വിങ്ങൽ എത്ര മാത്രം ആണെന്ന് നമുക്കോരോരുത്തർക്കും അറിയാം. സ്വന്തം കൺമുന്നിൽ വെച്ച് തന്റെ മക്കളെ സുഹൃത്ത് ക്രൂരമായി മർദിക്കുമ്പോഴും നോക്കി നിന്ന അമ്മയുടെ മനസിനെ കുറ്റപെടുതാത്തവരായി ആരും ഇല്ല. അങ്ങനെ ഉള്ള ഇന്നത്തെ കാലഘട്ടത്തിൽ ഒരു ഭ്രാന്തിയായ സ്ത്രീ അവരുടെ മക്കളെ എങ്ങനെ ആയിരുന്നു നോക്കിയിരുന്നതെന്ന അനുഭവം പങ്കുവെക്കുകയാണ് ജയകുമാർ എൻ കെ എന്ന യുവാവ് ഫേസ്ബുക്കിലൂടെ. ജയകുമാറിന്റെ കുറിപ്പ് ഇങ്ങനെ,

പത്തിരുപത് വര്ഷം മുന്‍പത്തെ ഓര്‍മ്മയാണ്…

കരിയറിന്റെ ആദ്യകാലങ്ങള്‍. അന്ന് പൂനെയിലാണ് ജോലി, ഞങ്ങള്‍ക്കന്ന് ഒരു സ്ഥാപനമുണ്ട്. ഒരു തണുപ്പുകാലത്താണ് രാവിലെ സ്ഥാപനം തുറക്കാന്‍ എത്തിയപ്പോള്‍ തൊട്ടെതിരെയുള്ള കെട്ടിടത്തോട് ചേര്‍ന്ന് വഴിവക്കില്‍ ഒരു പേക്കോലം ചുരുണ്ടു കിടക്കുന്നു. ധരിച്ചിരിക്കുന്നത് സാരി പോലൊരു വസ്ത്രമായതു കൊണ്ട് അതൊരു സ്ത്രീയാണെന്ന് മനസ്സിലായി. പുലരിയുടെ തണുപ്പില്‍ നല്ലയുറക്കമാണ്, ഒരനക്കവുമില്ല. അതോ ചത്ത് കിടക്കുകയാണോ? ഞങ്ങളുടെ കെട്ടിടത്തിലെ എല്ലാവര്‍ക്കും അതൊരു മടുപ്പുളവാക്കുന്ന കാഴ്ചയായിത്തോന്നി. എന്തൊരു മാരണമാവോ? കുറേക്കഴിഞ്ഞപ്പോള്‍ അവരുടെ തുണിക്കെട്ടുകള്‍ക്കിടയില്‍ ഒരു ചലനം. ഒരു കുഞ്ഞിത്തല ഉയര്‍ന്നു വരുന്നു. ചെമ്പിച്ച തലമുടിയുമായി ഒരു പെണ്‍കുഞ്ഞ് .മൂന്നാലു വയസ്സ് പ്രായം തോന്നും. കീറിപ്പറിഞ്ഞ ചെളി പുരണ്ട ഒറ്റയുടുപ്പിട്ട മറ്റൊരു കോലം. ഉത്സാഹത്തോടെയാണവള്‍ ഉണര്‍ന്നത്. കെട്ടുകള്‍ക്കിടയില്‍ നിന്ന് ഒരു പ്ലാസ്റ്റിഗ് മഗ് എടുത്തു അവള്‍ നേരെ പോയത് തൊട്ടടുത്തുള്ള ഒരു ഹാഥ് ഗാഡി(ഉന്തുവണ്ടി)യിലേക്കാണ്. അത് ആ ഏരിയയില്‍ സ്ഥിരമായി ചായക്കച്ചവടം നടത്തുന്ന ഒരു മലയാളിച്ചേട്ടന്റെയാണ്.

ഒരു കൂസലും ഇല്ലാതെ അവള്‍ ആ മഗ് ചേട്ടന്റെ നേര്‍ക്ക് നീട്ടി. പൈസയുണ്ടോ എന്നൊക്കെ ചോദിച്ചത്തിന് മറുപടിയൊന്നും കിട്ടിയില്ലെങ്കിലും ചേട്ടന്‍ ആ മഗ്ഗിലേക്കു ചായ ഒഴിച്ച് കൊടുത്തു. സൂക്ഷ്മതയോടടെ അവള്‍ ആ മഗ്ഗുമായി ചുരുണ്ടു കിടക്കുന്ന കോലത്തിനെ വിളിച്ചുണര്‍ത്തി.രണ്ടു പേരും ചൂടന്‍ ചായ ആസ്വദിച്ച് കുടിക്കുന്നതു ഞങ്ങള്‍ കണ്ടു. കുറെ നേരം കഴിഞ്ഞു ആ സ്ത്രീ എഴുന്നേറ്റപ്പോഴാണ് ഞങ്ങള്‍ ഞെട്ടിപ്പോയത്. മെലിഞുണങ്ങിയ അവളുടെ വയര്‍ മാത്രം നിറഞ്ഞു വീര്‍ത്തിരിക്കുന്നു. ‘ ഇതിന്റെ പുറത്തും പെടച്ചു കയറിയ പൂ**മോനാരാണെടാ’ എന്ന് എന്റെ ബോസ് ഒരു പറഞ്ഞപ്പോഴാണ് അത് ഒരു ഗര്‍ഭമാണ് എന്ന് മനസ്സിലായത്. അതൊരു ചോദ്യം തന്നെയായിരുന്നു. ആ സ്ത്രീയുടെ അടുത്ത് കൂടി തന്നെ പോവാന്‍ തന്നെ തോന്നില്ല, പിന്നെയല്ലേ പ്രാപിക്കാന്‍ തോന്നുക. നാറുന്നു എന്ന് തന്നെ പറയാം. എന്നിട്ടും അങ്ങനെയും ഒരാണുണ്ടായല്ലോ എന്നോര്‍ത്തു. എന്തിനേറെപ്പറയുന്നു, അവര്‍ ഞങ്ങള്‍ക്ക് ഒരു ബാധ്യതയായി, അവളും മോളും അവിടെതന്നെയങ്ങു കൂടി. അവള്‍ ഒരു ഭ്രാന്തിയായിരുന്നു. എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരിക്കും. ആ മോള്‍ തെണ്ടി നടന്നു ഭക്ഷണം സംഘടിപ്പിക്കും, അമ്മയെ ഊട്ടും. പിന്നീട് അവള്‍ സ്വയം കണ്ടു പിടിച്ച കളികളില്‍ മുഴുകും. ഞങ്ങള്‍ മഹാനഗരപാലികയെ (മുനിസിപ്പല്‍ കോര്‍പറേഷന്‍) ഇങ്ങനെ ഒരു മാരണം വന്നുപെട്ടിട്ടുണ്ടുവെന്നും എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണം എന്നുമാവശ്യപ്പെട്ടു. ഒരു ഫലവും ഉണ്ടായില്ല. എന്നിരുന്നാലും ഞങ്ങളില്‍ ചിലര്‍ ചെറിയ സഹായം ചെയ്യുകയും ചെയ്തിരുന്നു. ചിലര്‍ പഴയ തുണികള്‍ അവരുടെ മുന്‍പില്‍ ഇട്ടിട്ടു പോയി, മറ്റു ചിലര്‍ ഭക്ഷണവും. രണ്ടാഴ്ച തികയുന്നതിന് മുന്‍പ് തന്നെ അത് സംഭവിച്ചു. മറ്റൊരു പ്രഭാതത്തില്‍ അവള്‍ കിടന്നു പുളയാന്‍ തുടങ്ങി. എന്റെ ബോസ് തന്റെ ഫഌറ്റില്‍ നിന്നും ഭാര്യയുടെ വസ്ത്രങ്ങള്‍ കൊണ്ടിട്ടു കൊടുത്തു. പിന്നെയാരും അങ്ങോട്ട് ശ്രദ്ധിച്ചില്ല. എന്താണ് നടക്കുന്നത് എന്നും അതൊരു സുഖമുള്ള കാഴ്ചയല്ല എന്നും അറിയാമല്ലോ..?

കുറച്ചു കഴിഞ്ഞ് അവിടെ നിന്നും നേരിയ ഒരു കരച്ചില്‍ പുറത്തു കേട്ടു. നരകജീവിതത്തിലേക്ക് ഒരാളെക്കൂടെ വലിച്ചെറിഞ്ഞിരിക്കുന്നു, പ്രകൃതി. അവളുടെ മോള്‍ സാകൂതത്തോടെ പുതിയ ജീവനെ നോക്കി നിന്നു. അടുത്തു പുറത്തുള്ള സ്ത്രീകള്‍ ആ ഭ്രാന്തിയമ്മയെ സഹായിച്ചുവെന്നാണ് ഓര്‍മ്മ. ഇപ്പോളോര്‍ക്കുന്ന മറ്റൊരു കാഴ്ച്ച ആ ‘അമ്മ കൈക്കുഞ്ഞിന് മഗ്ഗില്‍ നിന്നും വെള്ളം ശ്രദ്ധയോടെ ഒഴിച്ച് കൊടുക്കുന്നതാണ്. മണ്ണിനടിയില്‍ പൊട്ടിക്കിടക്കുന്ന പൈപ്പില്‍ നിന്നും ഉയര്‍ന്നു വന്ന വെള്ളം ആ മോള്‍ എടുത്തു കൊടുത്തതാണ് കുഞ്ഞിന്റെ വായിലേക്ക് ഇറ്റിക്കുന്നത്. തടയാന്‍ ചെന്നവരെ അവള്‍ ആട്ടിയോടിച്ചു. പിന്നീട് അവള്‍ ആ കുഞ്ഞിന് ചായ ഇറ്റിച്ചു കൊടുക്കുന്നതും കണ്ടിരുന്നു,. അന്ന് കുഞ്ഞുങ്ങളില്ലായിരുന്ന എന്റെ ബോസ്സിന്റെ അനുജന്‍ ആ അമ്മയെയും കുഞ്ഞിനേയും നോക്കി നെടുവീര്‍പ്പിട്ടു.. അദ്ദേഹം എന്നോട് പറഞ്ഞു. ‘ ഒരു കുഞ്ഞിന് വേണ്ടി ഞങ്ങള്‍ ചെയ്യാത്ത ചികിത്സയില്ല, ചെയ്യാത്ത പൂജയില്ല, വിളിക്കാത്ത ദൈവങ്ങളില്ല. എന്നിട്ടും ഞങ്ങള്‍ക്കില്ല. പക്ഷെ ഏറ്റുനില്ക്കാന്‍ ജീവന്‍ പോലുമില്ലാത്ത ഒന്നിന് രണ്ടു തവണ അത് കിട്ടിയിരിക്കുന്നു.. പൂജയിലും ദൈവത്തിലും ഒന്നും ഒരു കാര്യവുമില്ല..’ അദ്ദേഹം അങ്ങനെ പറഞ്ഞതില്‍ ഒരദ്ഭുതവുമില്ലായിരുന്നു. അടുത്തു ചെന്ന് ഞാനും ഒരു നോക്ക് അതിനെ കണ്ടു. നല്ല മിടുക്കി/മിടുക്കനായിരുന്നു ആ കുഞ്ഞ്. മറ്റ് പലരും അത് തന്നെ പറഞ്ഞു. നമ്മുടെ ഭാര്യമാര്‍ ഗര്‍ഭിണികളായാല്‍ എന്തൊക്കെ നാടകങ്ങളാണ്, പ്രസവിച്ചാല്‍ എന്തൊക്കെ അഭിനയമാണ് എന്ന് പരസ്പരം പറഞ്ഞു ചിരിച്ചു. ഇപ്പോള്‍ മനസ്സിലാവുന്നു, എന്ത് പട്ടിണിയിലാണെങ്കിലും ഒരു ഗര്‍ഭസ്ഥശിശുവിന് കഴിയാനുള്ളത് സ്ത്രീശരീരത്തില്‍ പ്രകൃതി സൂക്ഷിച്ചിരിക്കും, അവള്‍ പ്രായപൂര്‍ത്തി ആവുന്നതോട് കൂടി. ഭ്രാന്തിയമ്മയ്ക്ക് ഓമനയായിരുന്നു ആ കുഞ്ഞ്. അതിനെ അവള്‍ കൈപ്പിടിയില്‍ നിന്ന് മാറ്റിവച്ചിട്ടേയില്ല. എപ്പോഴും ചേര്‍ത്ത് പിടിച്ചിരുന്നു. അതെ പോലെ ആ മോളെയും. കണ്‍വെട്ടത്തു നിന്ന് മറയാന്‍ അവളെ സമ്മതിച്ചിട്ടില്ല. കണ്ണുകള്‍ അവളെ തേടിക്കൊണ്ടിരിക്കും. കുറെയേറെ ദിവസം ആ പിഞ്ചിന്റെ കരച്ചില്‍ അവിടെ ഇടക്കിടെ കേട്ടിരുന്നു. ഒരു പത്തു ദിവസത്തോളം, പിന്നീടാരോ പറഞ്ഞു അവള്‍ ആ കുഞ്ഞിന്റെ വായില്‍ ഉണക്ക ചപ്പാത്തി വച്ച് കൊടുക്കുന്നുവെന്ന്. അത് കേട്ടറിഞ്ഞ തടയാന്‍ ചെന്ന ഞങ്ങളെ അവള്‍ ഭീതിയോടെ നോക്കി. അറിയാവുന്ന ഭാഷയിലൊക്കെ ഞങ്ങള്‍ അവളോട് പറഞ്ഞു നോക്കി, അങ്ങനെയൊന്നും ചെയ്യരുത് എന്ന്. ഹാഥ് ഗാഡിയില്‍ നിന്ന് പാല്‍ കുപ്പിയിലാക്കി കൊടുത്തു.

Mums and Babies

അത് കുഞ്ഞിന് അവള്‍ കൊടുക്കുമായിരുന്നുവെങ്കിലും ഇടയ്ക്കിടെ അവള്‍ ചപ്പാത്തി വായില്‍ വച്ച് കൊടുക്കാന്‍ നോക്കും. ഒരു പക്ഷെ ആ അമ്മയുടെ കണ്ണില്‍ അവള്‍ വളരുകയായിരിക്കും. അധികം ദിവസം അത് പോയില്ല. ഒരു പകല്‍ പുലര്‍ന്നതില്‍പ്പിന്നെ ആ കുഞ്ഞിന്റെ കരച്ചില്‍ ഞങ്ങള്‍ കേട്ടില്ല. ഉച്ചയാകാറായപ്പോഴേക്കും ഞങ്ങള്‍ക്ക് കാര്യം മനസ്സിലായി. അപ്പോഴും അവള്‍ ഭ്രാന്തമായ ആവേശത്തോടെ കുഞ്ഞിന്റെ വായിലേക്ക് ചപ്പാത്തിക്കഷണം തിരുകുകയായിരുന്നു. ഇടക്കിടെ ആ കുഞ്ഞിനെ കുലുക്കി വിളിക്കും. കുഞ്ഞു മരിച്ചു പോയി എന്ന് ഞങ്ങള്‍ പറഞ്ഞത് ഭ്രാന്തിക്ക് മനസ്സിലാകാഞ്ഞിട്ടാണോ അതോ വിശ്വസിക്കാനുള്ള മടിയാണോ, അവള്‍ വീണ്ടും വീണ്ടും പകപ്പോടെ കുഞ്ഞിനെ വിളിച്ചു കൊണ്ടിരുന്നു. അവളുടെ മകള്‍ അന്ന് ഞങ്ങളുടെ നേര്‍ക്ക് കൈ നീട്ടിയില്ല. അവളും അനിയത്തിയോട് ചേര്‍ന്നിരുന്നു. ഇത്തവണ ഞങ്ങളുടെ വിളി മഹാനഗരപാലിക കേട്ടു. ഒരു മണിക്കൂറിനുള്ളില്‍ അവര്‍ വാഹനവുമായി വന്നു. കുഞ്ഞിന്റെ ജഡം ആ ഭ്രാന്തിയമ്മയുടെ കൈയ്യില്‍ നിന്നും വാങ്ങിയെടുക്കാന്‍ അവര്‍ ഏറെ പണിപ്പെട്ടു. ഒരാള്‍ പിന്നില്‍ നിന്നും അവളെ ബലമായി പിടിച്ചു നിര്‍ത്തിയാണ് അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പെടുത്തിയെടുത്തത്. അവളുടെ മകള്‍ അമ്മയുടെ കാലില്‍ കെട്ടിപ്പിടിച്ചു നിന്ന് ഉറക്കെക്കരഞ്ഞു. അവളുടെ കരച്ചിലും ഭ്രാന്തിയമ്മയുടെ ശാപവാക്കുകളും കൂടിനിന്നവരുടെയെല്ലാം മുകളില്‍പ്പതിഞ്ഞു. കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ അവളുടെ ജഡവുമായി അമ്മയില്‍ നിന്ന് രക്ഷപെട്ടു വാഹനത്തിലേക്ക് ഓടിക്കയറുകയായിരുന്നു . കുഞ്ഞുജഢം വണ്ടിയില്‍ എത്തിച്ചതിനു ശേഷമാണ് അവളുടെ മേലുള്ള പിടി വിട്ടത്.

വാഹനം കുതിച്ചതിന്റെ പിന്നാലെ അവളും പാഞ്ഞു, വാഹനവും അവളും ദൂരെ മറഞ്ഞു. കുറച്ചു കഴിഞ്ഞ് അവള്‍ കരഞ്ഞു കൊണ്ട് തിരിച്ചു വന്നു ,ചുരുണ്ടുകിടന്നു. ഇടയ്ക്കിടെ വീണു കിടക്കുന്ന തുണികള്‍ കെട്ടിപിടിച്ച് ഏങ്ങലടിക്കുന്നത് കണ്ടു. അത് കണ്ട ഒരു സ്ത്രീ പറഞ്ഞു. ‘ ഭ്രാന്തിയാണെങ്കിലും അതും ഒരമ്മയല്ലേ…’ അന്ന് രാത്രി ഞങ്ങള്‍ അവളുടെ മുന്‍പില്‍ കൊണ്ട് വച്ച ഭക്ഷണം പിറ്റേന്ന് അവിടെ അങ്ങനെ തന്നെയിരിപ്പുണ്ടായിരുന്നു. ഭ്രാന്തിയെയും അവളുടെ മകളെയും മാത്രം കണ്ടില്ല. വാല്‍ക്കഷണം: പിന്നീട് ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ഒരു ചൊവ്വാഴ്ച ഭിക്ഷയെടുക്കാന്‍ വന്ന കുട്ടികളുടെ ഇടയില്‍ ഒരു മുഖം കണ്ടു പരിചയം തോന്നി. ആ മുഖവും പകപ്പോടെ ആ സ്ഥലം മാറി മാറി നോക്കുന്നുണ്ടായിരുന്നു. ഏതോ ഓര്‍മ്മ വീണ്ടെടുക്കുന്നത് പോലെ. ആ മോളല്ലേയത് …? ഉറപ്പില്ല….എന്തായാലും ഇപ്പോള്‍ അവളും ഒരമ്മയായിട്ടുണ്ടാവും. എന്തായാലും തൊടുപുഴയിലെ അമ്മയെപ്പോലെയാവില്ല. അതുറപ്പ്.

കടപ്പാട്: Jaikumar NK 

Trending

To Top
Don`t copy text!