Malayalam Article

കുട്ടികൾ എല്ലാം അറിയണം

ഞായറാഴ്ച ട്യൂഷൻ കഴിഞ്ഞു മോള് എത്താറുള്ള സമയം കഴിഞ്ഞു ….. അഞ്ചു മിനിട്ടു കൂടെ നോക്കിയിട്ടു കണ്ടിലെങ്കിൽ ഇറങ്ങാം എന്നുള്ള മനസ്സിൽ ഞാൻ ഷർട്ടും ഇട്ടു പൂമുഖത്തു ഉലാത്തുമ്പോൾ , അതാ അവളുടെ സൈക്കിളിന്റെ ബെല്ലടി ….

“എന്തേടി ലച്ചു ഇത്രേം വൈകിയേ???….” എന്ന് ചോദിച്ചിട്ടും ഒരു ഭാവ വ്യത്യാസവും ഇല്ലാ …..മുഖത്ത് കടന്നല് കുത്തിയ മട്ടും…..

ബാഗും കൊണ്ട് അകത്തേക്ക് പോയ ആൾ വലത്തേ കയ്യിൽ ചായഗ്ലാസ്സും ഇടത്തെ കയ്യിൽ ഞാൻ മേടിച്ചു വച്ചിരുന്ന ബീഫ് റോളും കൊണ്ട് പുറത്തേക്കു വന്നു ….

“അച്ഛാ …ഇതെന്തിനാ മേടിച്ചേ??? ” എന്നൊരു ചോദ്യവും

ഭഗവാനെ ഇവളിനി എന്റെ ഗോമാതാവിനെ ചോദ്യം ചെയ്യാൻ പോവാണോ എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ഇടിവെട്ട് പോലെ ആയിരുന്നു ആ ചോദ്യം …..

“അച്ഛനിനി ബാങ്കിലും സൊസൈറ്റി ലും ഒക്കെ കൂടെ എത്ര ലക്ഷം കടം ഉണ്ട് ???”

ഞാൻ തെല്ലൊന്നു അമ്പരന്നു …..” എന്തെ മോളെ നിനക്കു ലോട്ടറി വല്ലോം അടിച്ചോ “എന്ന് ചോദിച്ചു ഒന്ന് ചിരിച്ചു…..( സത്യം പറഞ്ഞാൽ ഇളിച്ചു .)

“പറ അച്ഛാ ….. അച്ഛൻ ഈ വീട് പണിയാൻ പത്തു ലക്ഷം എടുത്തിട്ടുണ്ട് എന്ന് എനിക്ക് അറിയാം ………കുഞ്ഞമ്മായിയെ കല്യാണം കഴിപ്പിക്കാനും കടം എടുത്തിട്ടുണ്ട് എന്നറിയാം …. അച്ഛമ്മക്ക് ഓപ്പറേഷൻ വന്നപ്പോഴും എവിടെന്നൊക്കെയോ കടം വാങ്ങിയിട്ടുണ്ട് ല്ലേ …. ഇതൊക്കെ അടച്ചു തീരാറായോ അച്ഛാ ???”

ഓഹോ …. പഠിക്കാൻ മിടുക്കിയാണല്ലോ എന്നാലോചിച്ചാ നിന്നെ ട്യൂഷന് വിട്ടത് …നീ പഠിച്ചു പഠിച്ചു വല്യ പണിക്കത്തി ആയല്ലോ ….ഞാൻ സ്വരം അൽപ്പം കടുപ്പിച്ചു ….

“ഡീ പെണ്ണെ ..നീ ചായ കുടിച്ചു പോയിരുന്നു പഠിച്ചേ …വല്യ വല്യ കാര്യങ്ങൾ ഒന്നും അന്വേഷിക്കേണ്ട ….അച്ഛന് കടം ഉണ്ടാകും അത് അച്ഛൻ വീട്ടുകയും ചെയ്യും മക്കൾ ഈ വക കാര്യങ്ങൾ ഒന്നും ഇപ്പൊ അറിയണ്ട കേട്ടോ ….”

വൈക്കോൽ തുറു കേറ്റി വരുന്ന പാണ്ടി ലോറി പോലെ ഒരു ലോഡ് അലക്കിയ തുണിയും കൊണ്ട് അവളുടെ ‘അമ്മ രംഗ പ്രവേശനം ചെയ്തു …

“എന്താ ഇവിടെ അച്ഛനും മോളും കൂടെ ഒരു കിന്നാരം ….”

“ആ ‘അമ്മ വന്നാ…. ഇങ്ങു വാ … അമ്മക്ക് ഈ വെഡിങ് ആനിവേഴ്സറിക്ക് എന്താ വേണം എന്ന് പറയുന്നുണ്ടായിരുന്നേ..ഡയമണ്ട് മോതിരമോ ???…ലോക്കേറ്റോ????”

അവൾ അല്പം നാണിച്ച ചിരിയോടെ മൊഴിഞ്ഞു ….” ഈ മഞ്ജു വാരിയർടെ പരസ്യത്തിൽ കാണുന്നില്ലേ അയ്യായിരം രൂപേടെ ….”

“‘അമ്മ എന്നാ അമ്മെ ഏതേലും കടേല് പോയിട്ട് ബഡ്ജറ്റിന് താഴെ ഉള്ള സാധനം എടുത്തിട്ടുള്ളത് ???….”

ആദ്യമായിട്ട് മോളുടെ വായിൽ നിന്നും ഇത്രേം നല്ല ഒരു കാര്യം വീണത് കേട്ട് ഞാൻ വീണ്ടും ഞെട്ടി …ഇത്രയും ഒക്കെ ആയപ്പോഴേക്കും എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി …

“ലച്ചു ഇങ്ങു വാ …. മോൾ ഇപ്പൊ ഇങ്ങനെ ഒക്കെ പറയാൻ എന്താ കാര്യം ??? അച്ഛനോട് പറ …”

കുറച്ചു നേരം അവൾ മിണ്ടാണ്ട് നിന്നു…..

“അച്ഛാ ….ഷാനുന്റെ മമ്മയും ആത്മഹത്യ ചെയ്യാൻ നോക്കി …സീരിയസ്സാ …. ഷാനുവിനെ ട്യൂഷൻ ക്ലാസ്സിൽ നിന്നു വിളിക്കാൻ അവന്റെ പാപ്പൻ വന്നിരുന്നു ….”

മോളുടെ കൂടെ ക്ലാസ്സിൽ പഠിക്കുന്നതാ ഷാനു ….. അത്യാവശ്യം ആഡംബരവും അടിച്ചു പൊളിയുമായി ജീവിച്ചിരുന്ന കുടുംബമാണവരുടേത് …..പെട്ടെന്നൊരു ദിവസം ഡേവിഡ് , അവന്റെ അപ്പൻ ആത്മഹത്യ ചെയ്തപ്പോഴാണ് അവർക്കുള്ള കടങ്ങളുടെയും ലോണുകളുടെയും ഞെട്ടിക്കുന്ന കഥ പുറം ലോകം അറിഞ്ഞത്….. താഴെ രണ്ടു പെൺകുഞ്ഞുങ്ങളെയും വച്ച് എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയായിരുന്നു കുറച്ചു നാളുകളായി അവന്റെ ‘അമ്മ

“അവന്റെ അപ്പൻ മരിക്കുന്നതിന് രണ്ടാഴ്ച മുൻപാ അവൻ ഒന്നര ലക്ഷത്തിന്റെ പുതിയ ബുള്ളെറ്റ് എടുത്തത്…. ഇത്രയും കടം പപ്പക്ക് ഉണ്ടെന്നു അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഞാൻ വേടിച്ചു തരാൻ പറയില്ലായിരുന്നു എന്ന് പറഞ്ഞു അവൻ ഇന്നലെ ഒത്തിരി കരഞ്ഞു …..അച്ഛാ ..എനിക്കെന്റെ പിറന്നാളിന് പുത്തൻ സ്വർണപാദസരം വേണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഓർത്തിരുന്നില്ല എന്റെ അച്ഛനും കടം ഉണ്ടെന്ന് ….. ഞങ്ങളോട് കൂടെ പറഞ്ഞൂടെ അച്ഛന് …എത്ര കടം ഉണ്ട് … നമ്മൾ എങ്ങനെ ജീവിക്കണം …. ഒന്നും അറിയിക്കാതെ വച്ചിരുന്നിട്ടു എന്തിനാ ???”

എനിക്ക് തലയ്ക്കു വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു ….ശരിയാണ് …ഒത്തിരി കടങ്ങൾ ഉണ്ട് …എങ്ങനെ വീട്ടും എന്ന് ആലോചിക്കുമ്പോൾ ഒരു പ്രയാസം തോന്നാറുണ്ട് ..എങ്കിലും എല്ലാം നടക്കും ….അല്പം പ്രാരാബ്ദം ഇല്ലാതെന്തു ജീവിതം എന്ന് കരുതി മുന്നോട്ടു ചലിക്കുമ്പോഴും ഒരിടത്തു പോലും മക്കളുടെയും ഭാര്യയുടെയും ഇഷ്ടങ്ങൾ കണ്ടില്ലാ എന്ന് നടിച്ചിട്ടില്ല ….എന്റെ കഷ്ടപ്പാടുകൾ അവർ അറിയരുത് എന്നേ കരുതിയിട്ടുള്ളു …..

“അച്ഛാ ….. എനിക്ക് പുതിയ സൈക്കിൾ വേണമെന്ന് പറഞ്ഞില്ലേ ….എനിക്ക് അതും വേണ്ട ….”

ഇളയ മോൻ ആണ് …… ഈശ്വരാ കുഞ്ഞുങ്ങൾ എല്ലാം ചേർന്ന് എന്നേ തോൽപ്പിക്കുകയാണോ ???…..ഭാര്യയെ നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പി അവളും നിൽക്കുന്നു … അവൾക്കും ഉണ്ടാകാം ..ഒന്നും വേണ്ട എന്ന് …കുഞ്ഞുങ്ങളുടെ മുൻപിൽ വേണ്ട എന്ന് പറയാനുള്ള ഈഗോ കൊണ്ട് അങ്ങനെ നിക്കുകയാണെന്ന് എനിക്ക് അറിയാം …നമ്മൾ മുതിർന്നവർക്കല്ലേ ഈഗോ ഉള്ളു അല്ലെ ??

” മോള് വീണ്ടും കയ്യിൽ പിടിച്ചിട്ട് പറഞ്ഞു …നമുക്കാദ്യം കടമൊക്കെ തീർക്കാം …എന്നിട്ട് അടിച്ചു പൊളിക്കാം ..എന്താ …”

മക്കളെ രണ്ടു പേരെയും ചേർത്ത് പിടിക്കുമ്പോൾ ഒത്തിരി അഭിമാനം തോന്നി …… ഓരോരോ ആവശ്യങ്ങൾ ചോദിക്കുമ്പോൾ നമ്മുടെ കുട്ടിക്കാലത്തു പറമ്പു കിളച്ച കഥയും അടക്ക പൊളിച്ച കഥയും പാടം കൊയ്യാൻ പോയ കഥയും ഒക്കെ പറഞ്ഞു കുട്ടികളെ നമ്മൾ പുച്ഛിക്കാറുണ്ട്…… നിങ്ങൾക്കൊക്കെ വല്ലതും അറിയണോ ??? എന്ന് …പക്ഷെ നമ്മുടെ യഥാർത്ഥ സാമ്പത്തിക സ്ഥിതി എന്താണെന്നും എങ്ങനെ ആണെന്നും അറിയാത്ത കുട്ടികളെ ഒന്നും പറഞ്ഞു മനസ്സിലാക്കാൻ മെനക്കെടാറില്ല ……

കുട്ടികൾ ഒന്നും അറിയേണ്ടാത്തവർ അല്ല …അവർ അറിയണം ….എല്ലാം…

 -silpa siju

silpa siju

Silpa Siju

Trending

To Top
Don`t copy text!