കുളിമുറിയിലെ പൈപ്പ് മുതല്‍ സീറ്റ്ബെല്‍റ്റ് വരെ 24 കാരറ്റ് സ്വര്‍ണം; ഡൊണാള്‍ഡ് ട്രംപിന്റെ 680 കോടി രൂപയുടെ സ്വകാര്യ ബോയിംഗ് വിമാനത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ... - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

കുളിമുറിയിലെ പൈപ്പ് മുതല്‍ സീറ്റ്ബെല്‍റ്റ് വരെ 24 കാരറ്റ് സ്വര്‍ണം; ഡൊണാള്‍ഡ് ട്രംപിന്റെ 680 കോടി രൂപയുടെ സ്വകാര്യ ബോയിംഗ് വിമാനത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

 

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയപ്പോള്‍ തന്നെ താന്‍ ആള് ചില്ലറക്കാരനല്ലെന്ന് തെളിയിച്ചയാളാണ് ഡൊണാള്‍ഡ് ജെ ട്രംപ്. തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ സംഭാവന പിരിക്കാതിരുന്നതിന്റേയും, ഇപ്പോള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഒരു ഡോളര്‍ പോലും ശമ്പളം വേണ്ടെന്ന് പ്രഖ്യാപിച്ചതിന്റേയും എല്ലാം കാരണം പണം ട്രംപിന് പുത്തരിയല്ല എന്നത് കൊണ്ട് തന്നെയാണ്.

ഇട്ടുമൂടാനുള്ളത്രയും പണമുള്ള നിയുക്ത പ്രസിഡന്റിന് സ്വകാര്യ വിമാനം ഉണ്ടാകും എന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ ട്രംപിന്റെ വിമാനത്തില്‍ എന്തൊക്കെയാണ് ഉള്ളത് എന്നറിഞ്ഞാല്‍ എല്ലാവരും ഒന്ന് അമ്പരക്കും എന്നതില്‍ സംശയമില്ല

trump-force-one3

ഏകദേശം 680 കോടി രൂപയുടെ (10 കോടി അമേരിക്കന്‍ ഡോളര്‍) ബോയിംഗ് 757-200 വിമാനമാണ് ഡൊണാള്‍ഡ് ട്രംപിന് സ്വന്തമായുള്ളത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ ‘എയര്‍ ഫോഴ്‌സ് വണി’ന്റെ പേര് പരിഷ്‌കരിച്ച് ട്രംപിന്റെ വിമാനത്തെ ചിലര്‍ ‘ട്രംപ് ഫോഴ്‌സ് വണ്‍’ എന്നാണ് വിളിക്കുന്നത്. എന്നാല്‍ സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രിയ വിമാനത്തെ വിളിക്കുന്നത് ‘ടി-ബേഡ്’ (T-Bird) എന്നാണ്.

10 കോടി അമേരിക്കന്‍ ഡോളര്‍ എന്ന വില ബോയിംഗ് 757-200 വിമാനത്തിന്റെ മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്നതാണ്. 2011-ല്‍ വാങ്ങിയ ഈ വിമാനത്തെ തനിക്ക് ഇഷ്ടപ്പെട്ട വിധത്തില്‍ മാറ്റിയെടുത്തതിനാലാണ് ചെലവ് ‘അല്‍പ്പം’ കൂടിയത്. ട്രംപിന്റെ വിമാനത്തിന്റെ രജിസ്‌ട്രേഷന്‍ N757AF ആണ്.

trump-force-one4

മുന്‍പ് പറഞ്ഞതുപോലെ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ട്രംപിന്റെ സ്വകാര്യ വിമാനത്തില്‍ ഒരുക്കി വെച്ചിട്ടുള്ളത്. റോള്‍സ്-റോയ്‌സ് എന്‍ജിനാണ് ടി-ബേഡിന് കരുത്തേകുന്നത്. സീറ്റ് ബെല്‍റ്റുകളും ഫിനിഷിംഗുമെല്ലാം 24 കാരറ്റ് സ്വര്‍ണത്തിലാണ് തയ്യാറാക്കിയത്. പ്രധാന സ്വീകരണമുറിയില്‍ വളരെ മൃദുവയ സോഫകളും മികച്ച സൗണ്ട് സിസ്റ്റത്തോടു കൂടിയ 57 ഇഞ്ച് ടെലിവിഷനും ഉണ്ട്. ഹോളിവുഡിലെ സ്‌ക്രീനിംഗ് റൂമുകളെ അനുസ്മരിപ്പിക്കുന്നതാണ് ഇത്. 1,000 സിനിമകള്‍ സംഭരിക്കാന്‍ കഴിയുന്ന ഡിവിഡി സിസ്റ്റവും എപ്പോള്‍ വേണമെങ്കിലും പ്ലേ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ 2,500 സിഡികളും സജ്ജമാണ്.

ടച്ച് സ്‌ക്രീനില്‍ പ്രത്യേകം ഒരു ‘ടി’ (T) ബട്ടണ്‍ ഘടിപ്പിച്ചിട്ടുണ്ട്. ട്രംപിന് തന്റെ പ്രിയപ്പെട്ട ചലച്ചിത്രങ്ങള്‍ ലഭ്യമാക്കാനാണ് ഈ ബട്ടണ്‍. അതിഥികള്‍ക്കായുള്ള മുറി നിര്‍മ്മിച്ചിരിക്കുന്നത് മരം കൊണ്ടാണ്. ഇവിടെയുള്ള രണ്ട് സോഫകള്‍ വലിയ കട്ടിലാക്കി മാറ്റാന്‍ പറ്റുന്ന തരത്തിലുള്ളവയാണ്.

trump-force-one5

ഡൊണാള്‍ഡ് ട്രംപിന്റെ സ്വന്തം മുറിയിലാകട്ടെ, ചുവരു നിറയെ സ്വര്‍ണ്ണപ്പട്ട് കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. കട്ടില്‍ പലകയുടെ ഫിനിഷിംഗ് പോലും സ്വര്‍ണം കൊണ്ടാണ്. പ്രധാന കുളിമുറിയിലെ വിശേഷങ്ങളും ബഹു കേമമാണ്. പൈപ്പുകള്‍ 24 കാരറ്റ് സ്വര്‍ണം കൊണ്ടുള്ളവയാണ്. സ്വയം പ്രവര്‍ത്തിക്കുന്ന ഷവറാണ് കുളിമുറിയില്‍ ഉള്ളത്.

‘സ്‌പെഷ്യല്‍ ഗസ്റ്റു’കള്‍ക്കായി വിമാനത്തില്‍ പ്രത്യേക ‘വിഐപി ഏരിയ’ ഉണ്ട്. 43 പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ് ‘ട്രംപ് ഫോഴ്‌സ് വണ്‍’. മണിക്കൂറില്‍ 500 മൈല്‍ (മണിക്കൂറില്‍ 805 കിലോമീറ്റര്‍) വേഗതയിലാണ് ട്രംപിന്റെ ബോയിംഗ് 757-200 പറക്കുക.

അടുത്ത വര്‍ഷം ജനുവരി 20-ന് പ്രസിഡന്റായി ചുമതലയേറ്റ ശേഷവും ട്രംപ് തന്റെ പ്രിയപ്പെട്ട ‘പക്ഷി’യുടെ ചിറകിലേറി തന്നെയാണ് പറക്കുക എന്നാണ് അറിയുന്നത്. അതുപോലെ തന്നെ വൈറ്റ്ഹൗസിലുള്ളതിനേക്കാള്‍ കൂടുതല്‍ സമയം തന്റെ ട്രംപ് ടവറിലായിരിക്കുമെന്നും ട്രംപ് സൂചന നല്‍കിയിരുന്നു.

വിമാനത്തിനകം കാണാം – വീഡിയോ 1:

https://youtu.be/8N6sjoN5V38

ട്രംപിന്റെ വിമാനം  ടേക്ക് ഓഫ് ചെയ്യുന്നു – വീഡിയോ 2:

https://youtu.be/74FgKmRpS6c

Join Our WhatsApp Group

Trending

To Top
Don`t copy text!