Malayalam Article

കേരളത്തിലെ ക്ഷേത്രങ്ങളുടെയും ദൈവങ്ങളുടെയും ചരിത്രം എവിടെ നിന്ന് തുടങ്ങുന്നു എന്ന് എത്രപേർ ചിന്തിച്ചിട്ടുണ്ട് ?

kerala temple history

നിങ്ങൾ കേരളത്തിലെ ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ ചെന്ന് അതിന്റെ നടത്തിപ്പ്കാരോട് ക്ഷേത്രത്തിന്റെ പുരാതനത്വം ഒന്ന് അന്വേഷിക്കൂ. ഉടനെ വരും ഉത്തരം. “അയ്യായിരം വർഷമെങ്കിലും പഴക്കം കാണും”. അല്ലെങ്കിൽ “ഭാർഗ്ഗവരാമനാൽ പ്രതിഷ്ഠിതമായത് ” എന്നൊക്കെ.

ഈ ലേഖനം പൂർണ്ണമായും ചരിത്ര പിൻബലത്തോടെയുള്ള ഒന്നല്ല. ഒരു ചരിത്രാന്വേഷണം മാത്രം. മേൽ വിഷയത്തിൽ കൂടുതൽ പരിജ്ഞാനവും താല്പര്യവും ഉള്ളവർക്ക് അവരുടെ അറിവും അഭിപ്രായങ്ങളും രേഖപ്പെടുത്തിയാൽ അത്‌ മുതൽക്കൂട്ടാവും.

നമുക്ക് കിട്ടിയ വിവരങ്ങൾ വച്ചുനോക്കുമ്പോൾ ഉത്തര ഭാരതത്തിൽപ്പോലും നമ്മുടെ പുരാണ കഥകളിലെ ദേവന്മാരും അവതാര പുരുഷന്മാരും ദൈവങ്ങളായി മാറിയിട്ട് അത്രയധികം കാലം ആയിക്കാണില്ല. പുരാണങ്ങളും ഇതിഹാസങ്ങളും അതിലെ ദേവീദേവന്മാരെയുമൊക്ക സൃഷ്ടിച്ച വാത്മീകിയും വ്യാസനുമൊക്കെ പ്രതിഭാധനത്വം വേണ്ടുവോളമുണ്ടായിരുന്ന മഹാകവികളായിരുന്നു.സങ്കല്പമായാലും യാഥാർത്ഥ്യമായാലും അതിലെ കഥാപാത്രങ്ങൾ എല്ലാവരും വ്യക്തിത്വമുള്ളവരും ഉന്നത ജീവിതവീക്ഷണം പുലർത്തുന്നവരും ആയിരുന്നു. വേദകാലാനന്തര ഇന്ത്യൻ സമൂഹത്തിൽ വലിയ ജനപ്രീതിയും അംഗീകാരവും ഇവരുടെ കാവ്യങ്ങൾക്കും അതിലെ കഥാപാത്രങ്ങൾക്കും ലഭിക്കുവാനിടയായി. ഗ്രീക്ക് ശൈലിയിലുള്ള ദേവവിഗ്രഹങ്ങളും ക്ഷേത്രനിർമ്മാണ ശൈലിയും ഇവിടെ പ്രചാരത്തിൽ വന്നപ്പോൾ ക്ഷേത്ര നിർമ്മാതാക്കൾക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ഗൗതമ ബുദ്ധനെയും മഹാവീരനെയും മാറ്റി നിർത്തിയാൽ പിന്നെ ക്ഷേത്ര ശില്പങ്ങൾക്കും കൊത്തുപണികൾക്കും യോജിച്ചവർ വ്യാസന്റെയും വാത്മീകിയുടെയും മാതൃകാ പുരുഷന്മാരായ കഥാപാത്രങ്ങൾ തന്നെ. മാത്രമല്ല അതുവരെ വെറും തറയിലും മരച്ചുവട്ടിലും നാട്ടി ആരാധിച്ചുവന്നിരുന്ന ലിംഗരൂപത്തിൽ ഒതുങ്ങി നിന്നിരുന്ന ആദിമ നിവാസികളുടെ ദേവന്മാരും ദേവിമാരും വർണ്ണപ്പകിട്ടോടെ പുനരവതരിക്കാനും ഈ ക്ഷേത്രനിർമ്മാണ രീതി വഴിയൊരുക്കി.

അപ്പോൾ കേരളത്തിലെ സ്ഥിതിയോ? ഒട്ടും വ്യത്യസ്തമായിരുന്നില്ല ഇവിടെയും. പക്ഷേ കുറേ വൈകിയായിരുന്നു തുടക്കം എന്നു മാത്രം. അതായത് മേൽ പുരാണകഥകൾക്കും അതിലെ കഥാപാത്രങ്ങൾക്കും പിന്നീട് അങ്ങോട്ട് ധാരാളം അനുകരണങ്ങൾ ഉണ്ടാവാൻ തുടങ്ങിയിരുന്നു. കുറച്ചു വൈകിയെങ്കിലും കേരളത്തിലും അതിന്റെ അലയൊലികൾ എത്തിത്തുടങ്ങിയിരുന്നു. ദുഷ്ടനിഗ്രഹം ചെയ്യുക എന്ന ഉദ്ദേശത്തോടെ ദൈവങ്ങൾ അവതാരമെടുക്കുക എന്ന സങ്കല്പം ഭാരതത്തിൽ എവിടെയുമെന്നപോലെ കേരളത്തിലും വേരുറച്ചിരുന്നു.

അതായത് മേൽ സങ്കല്പങ്ങൾ അനുകരിച്ചു കൊണ്ട് തന്നെയായിരുന്നു കേരളത്തിലും ദൈവകഥകളെല്ലാം ചമയ്ക്കപ്പെട്ടത്. ഈ കർമ്മനിർവ്വഹണം കേരളത്തിൽ ഏറ്റെടുത്തിരുന്നത് ദൈവജ്ഞന്മാർ എന്നറിയപ്പെടുന്ന നാടൻജ്യോതിഷികളും സാധാരണക്കാരായ നാട്ടുകവികളും ആയിരുന്നിരിക്കണം. അതെല്ലാം സംഭവിച്ചതോ മിക്കവാറും പത്താം നൂറ്റാണ്ടിന് ശേഷവും. ഈ കാലഘട്ടങ്ങളിൽ പുരാണകഥകൾ മിക്കതും കേരള സാഹചര്യത്തിന് യോജിക്കും വിധം പുനർ രചന നടത്താൻ തുടങ്ങി. ഓരോ ക്ഷേത്രത്തിനും ദേശാനുസൃതമായി ഐതിഹ്യങ്ങളും പാട്ടുകളും തട്ടിക്കൂട്ടാൻ തുടങ്ങി. കേരളത്തിലെ ഏറെക്കുറെ എല്ലാ ദൈവകഥകളും അമ്പലക്കഥകളും വെറും ഏച്ചുകെട്ടും തട്ടിക്കൂട്ടലും നിറഞ്ഞ അസംബന്ധമായി തോന്നാൻ കാരണം അതാണ്.

ഒരു എട്ടാം നൂറ്റാണ്ടുവരേയെങ്കിലും നായാടിയും മീൻപിടിച്ചും കാട്ടുവിഭവങ്ങൾ ശേഖരിച്ചും ജീവിച്ചുപോന്ന ഒരു പ്രാകൃത ജനസമൂഹമായിരിക്കണം കേരളത്തിൽ. കുറേ കാട്ടുമൂപ്പന്മാരും അവരുടെ അനുയായികളും പരസ്പരം ശണ്ഠയും കശപിശയും അധികാരത്തർക്കവുമായി കേരളത്തിലെ ഭരണം കയ്യാളിയിരിക്കാം. ഒരു പക്ഷേ ശ്രീലങ്കയിൽ നിന്നും എത്തിയ ബുദ്ധമതക്കാരായിരിക്കാം ഇവരെ പരിഷ്കൃത ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ആദ്യം ശ്രമിച്ചിട്ടുണ്ടാവുക. ആ ശ്രമം വിജയിച്ചു എന്നു പറയാൻ മാത്രം തെളിവുകൾ ഒന്നും ഇവിടെ അവശേഷിക്കുന്നുമില്ല.

പിന്നീട് വന്ന ബ്രാഹ്മണരായിരുന്നു ഈ വിഷയത്തിൽ വിജയം കൈവരിച്ചു കാണുന്നത്. പ്രാദേശികവാസികളുമായും അവരുടെ മൂപ്പന്മാരും ആയിയുള്ള തന്ത്രപൂർവ്വമായ ഇടപെടലിലൂടെ അവരുടെ കാവുകളും തറകളും ഓരോന്നായി സ്വന്തം അധീനതയിൽ കൊണ്ടുവരുകയും പുതിയ പൂജാവിധികളും ആചാരങ്ങളും പ്രചരിപ്പിക്കുകയും ചെയ്തതായി അനുമാനിക്കാം. അന്ന് വരെ വിചിത്രനാമങ്ങളിൽ അറിയപ്പെട്ടിരുന്ന കേരളത്തിലെ ദേവീ ദേവന്മാർ ക്രമേണ പുരാണ കഥകളിലെ ദൈവങ്ങളായി പുനഃപരിവർത്തനം ചെയ്‌യപ്പെടാൻ തുടങ്ങി. പിതൃ ദേവതകളായ അപ്പന്മാർ ശിവനും വിഷ്ണുവും അവരുടെ അവതാരങ്ങളും അമ്മദൈവങ്ങൾ ദുർഗയും പാർവ്വതിയും ലക്ഷ്മിയും ഒക്കെ ആയി പുതു രൂപം കൈക്കൊണ്ടു.

ചിത്രത്തിൽ കാണുന്ന തറയിലെ ദൈവങ്ങളെ നോക്കൂ. ക്ഷേത്രങ്ങളും ദൈവങ്ങളും ആചാരങ്ങളും വികസിച്ചുവരുന്ന ഒരു പ്രോസസ്സ് നിങ്ങൾക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും. കേരളത്തിലെ ഇന്നത്തെ ആദിവാസികളുടെ മലക്കാരി, കരിമ്പിലി, കണ്ടനാർ തുടങ്ങി വിചിത്രനാമമുള്ള പഴയ ഏതൊക്കെയോ വനദേവതകൾ പുതു രൂപം കൈക്കൊള്ളുന്നത് നിരീക്ഷിക്കാം.ഈ ദൈവത്തറയിലെ മലക്കാരി ശ്രീരാമനും കണ്ടനാർ ശിവനുമാണ്. കരിമ്പിലി സാക്ഷാൽ ദേവീ പാർവ്വതിയല്ലാതെ മറ്റാരുമില്ല. ശ്രീരാമൻ സീതയെ അന്വേഷിച്ചു നടന്നപ്പോൾ വിശ്രമിച്ച മരവും ഉണ്ട് തൊട്ടടുത്ത്. ഇപ്പോൾത്തന്നെ പുതിയ ആചാരങ്ങളും നിയമങ്ങളും എല്ലാം നിലവിൽ വന്നു കഴിഞ്ഞു. ഇനി ക്ഷേത്രം ഉയരേണ്ട താമസമേ ഉള്ളൂ.

ഈ കുറിപ്പിന്റെ ഉദ്ദേശം വിശ്വാസികളെ പരിഹസിക്കുകയോ മതനിഷേധം പ്രോത്സാഹിപ്പിക്കുകയോ അല്ല. കേരളത്തിൽ ആരാധനാലയങ്ങളുടെ ഉത്ഭവം എങ്ങനെയൊക്കെ ആയിരുന്നിരിക്കണം എന്ന വിഷയം ഒന്ന് വിശകലനം ചെയ്തു നോക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കാൻ ഒരു ശ്രമം. അത്രമാത്രം.

Trending

To Top
Don`t copy text!