കോഴി - മലയാളം ന്യൂസ് പോർട്ടൽ
Kampranthal

കോഴി

കോഴി സ്ത്രീലിംഗമാണോ പുല്ലിംഗമാണോ എന്നതിൽ ഭാഷാ പണ്ഡിതർ ഒന്നും അഭിപ്രായപ്പെട്ടുകാണുന്നില്ലാ എങ്കിലും ‘കോഴ’ എന്നത് കോഴിയുമായി ബന്ധപ്പെട്ടതല്ലെന്നതിൽ അവർക്കും അഭിപ്രായവ്യത്യാസമില്ലാ എന്നുകാണുന്നു. കോഴികൾ കാട്ടിലും നാട്ടിലുമുണ്ട്. നാട്ടിലുള്ള കോഴികളെ മനുഷ്യർ വളർത്തുന്നതാണ്. ഇതിൽ സങ്കര ഇനങ്ങളും നാടൻ ഇനങ്ങളുമുണ്ട്. ഗിരിരാജൻ, ഗ്രാമലക്ഷ്മി തുടങ്ങിയവ സങ്കരങ്ങളും കരിങ്കോഴി, അങ്കക്കോഴികൾ എന്നിവ നാടൻ ഇനങ്ങളുമാണെന്ന് മനസ്സിലാക്കുന്നു.

കോഴികളുടെ കാലിൽ ബ്ലേഡ്, നേർത്ത കത്തി തുടങ്ങിയവ പിടിപ്പിച്ച് അന്യോന്യം വാതുവച്ച് അങ്കം നടത്തുന്നത് പഴയകാലം മുതലുള്ള മനുഷ്യരുടെ ഒരു നേരംപോക്കാണ്. തോൽക്കുന്ന കോഴിക്കും ജയിക്കുന്ന കോഴിക്കും മാരകമായി മുറിവേൽക്കാറുണ്ടെങ്കിലും, അവയെ ബിരിയാണിവെച്ചുതിന്നാൻ അതൊരു തടസ്സമേയല്ലെന്നാണ് അറിയുന്നത്. സ്വാദിനും കുറവില്ലെന്ന്, തിന്നുന്നവർ അഭിപ്രായപ്പെട്ടിട്ടുള്ളതായി കാണുന്നു.

പൂങ്കോഴികളെയാണ് ഈ ക്രൂരവിനോദത്തിനായി ഉപയോഗിക്കുന്നത്. ഇക്കാര്യത്തിൽ വനിതാസംവരണം തീരെയില്ലെങ്കിലും, തിന്നുന്നതിൽ വനിതകളും പങ്കെടുക്കുന്നതിനാലാകണം, സ്ത്രീവിമോചനക്കാരൊന്നും സംവരണവിഷയത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ, ബിരിയാണി തിന്ന് എഴുന്നേറ്റുപോകുന്നതെന്ന് പുരുഷന്മാർ കരുതുന്നു.

പിടക്കോഴികൾ മുട്ടയിടുന്നു. അതുകൊണ്ട് ഓംലെറ്റ് വെക്കണോ, അതോ ബുൾസൈ വക്കണോ എന്നൊന്നും ഇതുവരെ ആരും അവയോട് ആരായാറില്ലെന്നതിൽനിന്നും, മുട്ടയിടുന്നതുവരെ മാത്രമേ അവയ്ക്കതിൽ അധികാരമുള്ളൂ എന്നുതന്നെയാണ് സിദ്ധിക്കുന്നത്. ഇതിന്നെതിരെ പ്രതിഷേധമുയർത്തി ഒന്നു കൂവാൻ പോലും ഒരു കോഴിയും ഇതുവരെ തുനിഞ്ഞിട്ടില്ലെന്നതും സ്മരിക്കേണ്ടതുണ്ട്.
കോഴികൾ ചിക്കനായി മാറാറുണ്ടെങ്കിലും ചിക്കൻ പോക്സ് അവക്കു പിടിപെടുന്നതായി ഇതുവരെയും ആരോഗ്യവകുപ്പിലെ മഹാധൈഷണികർ അഭിപ്രായപ്പെട്ടുകാണുന്നില്ല.

ഇവ ആത്മീയമായി വലിയ ഔന്നത്യത്തിലുള്ള ജീവികളായതിനാലാവണം, ഇടയ്ക്കിടെ ധ്യാനനിരതരായി മഹാനിർവാണം പ്രാപിക്കുന്നത്. പക്ഷേ, അരസികരായ മനുഷ്യർ തക്കസമയത്ത് പേറ്റന്റ് മരുന്നുകൾ കലക്കിക്കുടിപ്പിച്ചും, കുത്തിവെപ്പുകൾ നൽകിയും അവയുടെ ധ്യാനം കുളംതോണ്ടുന്നത് സർവ്വസാധാരണമാണ്. വാഹനങ്ങൾക്ക് ‘മുട്ടി ‘ അടവെക്കുന്നത് അവ ഉരുണ്ടുനീങ്ങാതിരിക്കാനാണെങ്കിലും, കോഴികൾക്ക് മുട്ട അടവെക്കുന്നത് അത് വിരിയിക്കുവാനാണ്.

പൂങ്കോഴികൾ അടയിരിക്കാറില്ല. ഇനി ബലമായി അടയിരുത്തിയാലും, ശീലമില്ലാത്തതിനാലാകണം, അവ അത് കൂട്ടാക്കാറുമില്ല. പാരസിറ്റമോൾ എന്ന പനിഗുളിക കൊടുത്താൽ പിടക്കോഴികളാണെങ്കിലും അവ അടയിരിപ്പ് ആദ്യ ഡോസിൽത്തന്നെ അവസാനിപ്പിച്ച്, വാഴച്ചുവടുകളിലും തെങ്ങിൻചുവടുകളിലുമെല്ലാം തനതു ഖനനപരിപാടികളുമായി, പൂങ്കോഴികളെയും കണ്ണെറിഞ്ഞു നടക്കുന്നതുകാണാം.

മറ്റു പക്ഷികളുടെ മുട്ടകളാണെങ്കിലും, അടയിരിക്കുന്ന കോഴിക്ക് അതൊരു പ്രശ്നമായി കണ്ടിട്ടില്ല. എന്നുകരുതി പരുന്തിന്റെ മുട്ടകൾ അടയിരിക്കാൻ കൊടുത്ത് ആരും ഇവയോട് കൊലച്ചതിയും കാണിക്കാറില്ല.

കോഴിക്ക് രണ്ടുകാലുകളാണുള്ളത്. പ്ലേറ്റിൽ മൂന്നാമതൊരു കാലുകണ്ടാൽ, അത് മറ്റൊരു കോഴിയുടേതാണ് എന്ന നിഗമനത്തിനാണ് കൂടുതൽ സാധുത. രണ്ടുകാലിലും മൂർച്ചയുള്ള നഖങ്ങളുണ്ട്. ചരണായുധൻ എന്ന് കോഴികളെ പൊതുവെ പറയാറുണ്ട്. കുറുക്കൻ, മരപ്പട്ടി, കാടൻപൂച്ച(കോക്കാൻ), പാമ്പുകൾ എന്നിവയും കോഴികളെ തിന്നാൻ ഇഷ്ടമുള്ളവരാണ്.

ജാതിമരത്തിൽ കയറുന്ന കോഴികൾ കൂട്ടിൽ കയറാത്ത തലതിരിഞ്ഞ വർഗമാണ്. മേൽപ്പറഞ്ഞ ജീവികളുടെ വായിലകപ്പെടുംവരെ ഇവ രാത്രികളിലുള്ള വൃക്ഷവാസം തുടരുന്നതായിട്ടാണ് കണ്ടുവരുന്നത്. വളർത്തുന്നത് ആരാണെന്നൊന്നും മുട്ടയിടാൻ നേരം ഇവ ഓർക്കാറില്ല. വല്ലവരുടെ വീട്ടിലും കയറി മുട്ടയിട്ടുകൊടുക്കും. കോഴിയെ വളർത്താത്ത അവരുടെ അടുക്കളയിൽനിന്നും ഓംലെറ്റിന്റെ മണം വരുമ്പോഴാണ് പലർക്കും ചതി മനസ്സിലാവുക!

പൂവൻകോഴിയുടെ പൂവിന് നല്ല ഭംഗിയാണെങ്കിലും, കോഴിയല്ലാതെ മറ്റാരും അത് തലയിൽ ചൂടുന്നത് ഇതുവരെയും കണ്ടിട്ടില്ല. മുരിങ്ങപ്പൂവുപോലെ, ഇതുകൊണ്ട് തോരൻ വെക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച്, നിർഭാഗ്യമെന്നുപറയട്ടെ, പാചകവിദഗ്ധർ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളതായും എങ്ങും കേട്ടിട്ടുമില്ല. കുക്കുടം, മുർഗി, ഫോവുൾ, ചിക്കൻ 65, കെന്റിക്കി ചിക്കൻ, എന്നതെല്ലാം കോഴിയുടെ പര്യായങ്ങളാണ്. മുട്ടയിട്ടുകഴിഞ്ഞശേഷം കോഴി കൊക്കുന്നതിനെ പൊതുവേ ‘സെൽഫ് അപ്രൈസൽ റിപ്പോർട്ട്’ എന്നു പറയാറുണ്ട്. അതങ്ങനെയല്ലെന്നു തെളിയിക്കാൻ ഇന്നുള്ള ബുദ്ധിജീവികൾക്കൊന്നും ഇതുവരെ സാധിച്ചിട്ടുമില്ല.

കോഴികൾ കുളിക്കാറില്ല, ജീവനോടെയിരിക്കുമ്പോൾ ഡ്രെസ്സ് ചെയ്യാറുമില്ല. കോഴിമുട്ട പൊരിച്ചതിനെ ഓംലെറ്റ് എന്നുപറയാൻ കാരണം, അതുകഴിച്ച ചില ആളുകൾ നീട്ടി ഓം എന്ന് ഏമ്പക്കം വിട്ടതിനാലാണെന്ന് ചില വക്രബുദ്ധികൾ പറഞ്ഞുനടക്കുന്നുണ്ട്. ദി തിങ് വിച്ച് ലെറ്റ്സ് ഓം ഔട്ട് എന്ന സിദ്ധാന്തം വ്യാകരണബുദ്ധ്യാ ചിന്തിച്ചാൽ, അതിലെന്തോ വാസ്തവമില്ലേ എന്നു ചിന്തിക്കുന്ന ശുദ്ധഗതിക്കാരും ഇല്ലെന്നില്ല.

മുട്ട ഒരു ഏകകോശജീവിയാണെന്നു പറയുന്നു. പൌൾട്രി മുട്ടകളിൽ മഞ്ഞക്കരുവും വെള്ളക്കരുവും വേർതിരിച്ചറിയാനാവാത്തവിധം വിവർണ്ണങ്ങളാണ്. ഇവ അടവെച്ചാൽ ഇരുപത്തിയൊന്നുദിവസം കഴിഞ്ഞാൽ ഒന്നാംതരം ചീമുട്ടകൾ കിട്ടും. പാമ്പുകടിയേൽക്കുന്ന മനുഷ്യരെ രക്ഷിക്കുവാനായി കോഴിചികിത്സ ചില സ്ഥലങ്ങളില്‍ നിലവിലുണ്ട്. ഒരു ചികിത്സയ്ക്ക് മുപ്പതോ നാൽപ്പതോ നാടൻകോഴികൾ വേണ്ടിവരും.

കോഴികൾ സസ്തനികളല്ലാ എങ്കിലും, ഇവയ്ക്ക് സ്തനങ്ങൾ വളരുന്നതും കാത്ത്, ചില മടിയന്മാർ അവരെ വിശ്വസിച്ചേൽപ്പിച്ച പണികൾ ചെയ്യാൻ അവധിയെടുക്കാറുണ്ട്. ഇത് പക്ഷേ കോഴിയുടെ അറിവോടെയല്ലാത്തതിനാൽ, ഇക്കാര്യത്തില്‍ അവ തീർത്തും നിരപരാധികളുമാണ്.

കോഴിപ്പനി മനുഷ്യർക്ക് കോഴികളിൽനിന്നും പകരുന്നു. താറാവ് ജലാശയങ്ങളിൽ നീന്താറുണ്ടെങ്കിലും, അത്തരം ആശയങ്ങളിൽ കോഴികൾക്കു വലിയ ആഭിമുഖ്യമൊന്നുമില്ല. മഹാകവി വള്ളത്തോൾ, കടമ്മനിട്ട രാമകൃഷ്ണൻ തുടങ്ങിയ പ്രശസ്തരും, പേരറിയാത്ത കുറേ അപ്രശസ്തരും കോഴിയെപ്പറ്റി കവിതകൾ എഴുതിയിട്ടുണ്ട്. കോഴിയിറച്ചിയും കോഴിമുട്ടയുംപോലെ രസികൻ കവിതകൾ!

മന്ത്രവാദികൾ ചുട്ട കോഴിയെ പറപ്പിക്കുമെന്നു പറയുന്നു. ആരും കാണാതെ ശാപ്പിട്ട്, അതിനെ പറപ്പിച്ചുകളഞ്ഞതാണെന്ന് അവകാശപ്പെടുന്നതാവാനും മതി. ചുട്ട കോഴിയുടെ മണം അവഗണിച്ച് അതിനെ പറപ്പിച്ചുകളയാൻ മാത്രം ഭക്ഷണപ്രിയരല്ലാത്ത മന്ത്രവാദികൾ ഇതുവരെയും ജനിച്ചിട്ടില്ലെന്ന് പഞ്ചായത്തുകളിലേയും കോർപ്പറേഷനുകളിലെയും ജനനമരണ രജിസ്റ്ററുകൾ സാക്ഷ്യം പറയും.

കോഴികൾ മനുഷ്യർക്ക് എന്നും മാംസഭക്ഷണത്തിനുള്ള ആശ്രയമാണ്. ഒരു വീട്ടിൽ വിരുന്നുകാർ വരുമ്പോൾ, ആശങ്കപ്പെടുന്നത് ഈ സാധു ജീവികളാണ്. പണ്ടൊരു വീട്ടിൽ വിരുന്നുകാർ വന്നപ്പോൾ, അവിടത്തെ ഗൃഹനാഥ ഒരു കോഴിയെപ്പിടിച്ച് അതിനെ കറിവെക്കാനായി അതിന്റെ കഴുത്തുമുതൽ തൂവലുകൾ പറിച്ചെടുക്കാൻ തുടങ്ങി. എന്നാൽ, നോമ്പ് ആയതിനാൽ ഇറച്ചി വേണ്ടാ എന്ന് വിരുന്നുകാരൻ പറഞ്ഞപ്പോള്‍, ഗൃഹനാഥ കോഴിയെ വിട്ടുകളഞ്ഞു. ഈ കോഴിയുടെ പിൻമുറക്കാർ ഇന്നും കഴുത്തില്‍ പൂടയില്ലാത്ത കോഴികളായിത്തന്നെ ജീവിച്ചുപോരുന്നു. ‘നേക്കഡ് നെക്ക്’ എന്ന കോഴികളുടെ ഉത്ഭവം ഇങ്ങനെയാകുന്നു.

കോഴി വെറും ഭക്ഷ്യവസ്തുവാണ് എന്ന നിലയിലോളവും മനുഷ്യകുലം ചിന്താപായത്തിലെത്തിനിൽക്കുന്നു എന്നുപറഞ്ഞാൽ, അതിനെ വിരോധിക്കാൻ ഒട്ടനവധി ആളുകളുണ്ടായേക്കുമെന്നതിനാൽ, എന്തായാലും അതിനു മുതിരാതെ വിരമിക്കുന്നു.
ജയ് ഹനുമാൻ!

Trending

To Top
Don`t copy text!