Malayalam Article

ഖൌഡിയ ദ്യോപ് : ലോകത്തിലെ ഏറ്റവും കറുത്ത സുന്ദരിയായ ഒരു മോഡൽ…

സൗന്ദര്യത്തെ നിങ്ങൾ എങ്ങനെയാണ് അളക്കുന്നത്? കൂടുതലാളുകളും നിരത്തേയും ഭംഗിയേയും അടിസ്ഥാനമാക്കിയാകും സ്ത്രീ സൗന്ദര്യത്തെ വർണ്ണിക്കുക. ലോകത്താകമാനമുള്ള മോഡലുകളിലും സിനിമാ നടിമാരിലും ഭൂരിഭാഗവും വെളുത്തവരാണ് എന്നത് ഇതിന് മികച്ച ഒരുദാഹരണമാണ്. എന്നാൽ കറുപ്പിലും ഉണ്ട് സൗന്ദര്യം എന്ന് വൈകിയാണെങ്കിലും നമ്മളിൽ ഒരു വിഭാഗം ആളുകൾക്ക് തിരിച്ചറിവുകൾ ഉണ്ടായിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും കറുത്ത സുന്ദരിയായ ഒരു മോഡലിനെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? സെനഗൽ എന്ന രാജ്യത്തെ ‘ഖൌഡിയ ദ്യോപ്’ (Khoudia Diop) എന്ന യുവതിയാണ് ലോകത്തിലെ ഏറ്റവും കറുത്ത സുന്ദരിയായ മോഡൽ.
കറുത്ത നിറമുള്ളവരെ രണ്ടാം നിര പൌരന്മാരായി പുരാതന കാലം മുതല്‍ അകറ്റി നിര്‍ത്തിയിരുന്ന ലോകത്ത് അത്തരക്കാര്‍ക്ക്‌ ആത്മവിശ്വാസവും, പ്രേരണയുമാണ് Khoudia Diop എന്ന സെനഗല്‍ സുന്ദരി.

ലോകത്ത് നിലനിന്നിരുന്ന അടിമവ്യവസായവും ,ജാതി യുടെ പേരിലുണ്ടായിരുന്ന അടിച്ചമര്‍ത്തലുകളുമൊക്കെയായി മനുഷ്യന്‍റെ തൊലിയുടെ കറുപ്പുനിറം കെട്ടുപിണഞ്ഞു കിടക്കുന്നു. കറുത്ത വര്‍ഗ്ഗക്കാരോടുള്ള അവഗണനയും ,അവജ്ഞയും ഒളിഞ്ഞും തെളിഞ്ഞും ഇന്നും ലോകത്ത് പല ഭാഗങ്ങളിലും കാണാന്‍ കഴിയുന്നുണ്ട്. ഭാരതത്തിലും പരസ്യമായി ഇല്ലെങ്കിലും കാലാകാലങ്ങളായി നിലനിന്നിരുന്ന ഉച്ചനീചത്വത്തില്‍ അടിസ്ഥാനമാക്കിയ വര്‍ണ്ണ വിവേചനം ഇന്നും ചിലപ്പോഴൊക്കെ തലപൊക്കാറുണ്ട്. മാനസികമായ പരിപക്വത ആധുനികയുഗത്തിലും മനുഷ്യന് പൂര്‍ണ്ണമായി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിന് തെളിവാണിത്.

1996 ഡിസംബർ 31 നു സെനഗൽ രാജ്യത്താണ് ഖൌഡിയയുടെ ജനനം. തൻ്റെ കറുത്ത നിറത്തെ ആളുകൾ കളിയാക്കുന്നത് ചെറുപ്പത്തിലേ ഖൌഡിയയെ വേദനിപ്പിച്ചിരുന്നു. എന്നാൽ പതിനഞ്ചാം വയസ്സിൽ പാരീസിലേക്ക് (ഫ്രാൻസ്) എത്തിപ്പെട്ടതോടെയാണ് ഖൌഡിയയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മാറ്റങ്ങൾ സംഭവിക്കുന്നത്. ഒരു മോഡൽ ആകാനുള്ള ആഗ്രഹവുമായി അവൾ കുറേ അലഞ്ഞു. അവസാനം അവൾ അതിലേക്ക് എത്തിച്ചേരുകയാണുണ്ടായത്. ഈ കറുപ്പിന്‍റെ അഴകിനെ കണ്ടെത്തിയത് ഒരു ഫോട്ടോഗ്രാഫറാണ്. ആഫ്രിക്കന്‍ വംശജനായ അദ്ദേഹമാണ് ഇവരുടെ ചിത്രങ്ങള്‍ പുറം ലോകത്തെത്തിച്ചത്. ഖൌഡിയ എന്നത് ഒരു പുരാതന ആഫ്രിക്കന്‍ ദേവതയുടെ പേരാണ്.

2016 ൽ കോളേജ് വിദ്യാഭ്യാസത്തിനായി ന്യൂയോർക്കിലേക്ക് എത്തിയ ഖൌഡിയ അവിടെ ഒരു കാംപെയിനിൽ പങ്കെടുത്തതോടെ പ്രശസ്തയായി മാറി. ഇൻസ്റ്റാഗ്രാമിൽ ഖൌഡിയയ്ക്ക് നിരവധി ഫോളോവേഴ്സ് ആണുള്ളത്. ഇന്ന് ഉയര്‍ന്ന പ്രതിഫലം പറ്റുന്ന പ്രശസ്ഥയായ മോഡല്‍ ആണ് ഖൌഡിയ ദ്യോപ്. ഒരുകാലത്ത് തന്നെ നോക്കി കളിയാക്കിയവരുടെ മുന്നിൽ ഇന്ന് അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ് ഖൌഡിയ ദ്യോപ്. തന്നെ ഈ നിലയിൽ എത്തിച്ചത് എന്തും സഹിക്കുവാനുള്ള മനോധൈര്യവും ആത്മവിശ്വാസവും ആണെന്ന് ഖൌഡിയ പറയുന്നു.

കറുത്ത നിറം മാറ്റി സ്കിന്‍ വെളുപ്പക്കാന്‍ നൈജീരിയ പോലുള്ള രാജ്യങ്ങളിലെ 59 % സ്ത്രീകളും Skin Whitening Cream കള്‍ ഉപയോഗിക്കുന്നുണ്ട്. ആഫ്രിക്ക,ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതിലും കൂടുതലാണ്. ശരാശരി കറുത്ത നിറമുള്ളവരിലെ ആത്മവിശ്വാസത്തിന്‍റെ പുതിയ പ്രതീകമാണ് ഖൌഡിയ ദ്യോപ്.

Trending

To Top
Don`t copy text!