" ടാ, ഞാന്‍ നിനക്ക് ഒരു പെണ്ണിന്റെ നമ്പര്‍ തരാം, പുല്ലു പോലെ വളയുന്ന സാധനാ" - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

” ടാ, ഞാന്‍ നിനക്ക് ഒരു പെണ്ണിന്റെ നമ്പര്‍ തരാം, പുല്ലു പോലെ വളയുന്ന സാധനാ”

” ടാ, ഞാന്‍ നിനക്ക് ഒരു പെണ്ണിന്റെ നമ്പര്‍ തരാം, പുല്ലു പോലെ വളയുന്ന സാധനാ”

ഗിരിയുടെ പ്രോത്സാഹനം കണ്ട് സന്തോഷ് സന്തോഷത്തോടെ ചോദിച്ചു

” താടാ, അവളെ കറക്കിയെടുത്ത് കാര്യവും സാധിച്ച്, അവളോടൊപ്പം നില്‍ക്കുന്ന സെൽഫി അയച്ചു തരും ഞാന്‍ നിനക്ക്”

” അതെനിക്കറിയാമല്ലോ, ആ കാര്യത്തില്‍ നീ പുലിയാണെന്ന്. പിന്നെ, ഒരു കാരണവശാലും ഞാനാണ് നമ്പര്‍ തന്നതെന്ന് ഒരിക്കലും അവള്‍ അറിയരുത്ട്ടാ. എന്റെ ഭാര്യയുടെ അടുത്ത കൂട്ടുകാരിയാണ്”

സന്തോഷ് ഗിരിയെ രൂക്ഷമായി ഒന്നു നോക്കി

” നീ എന്നെക്കുറിച്ച് അങ്ങനെയാണോ ധരിച്ചു വെച്ചിരിക്കുന്നത്, എടാ എന്റെ കഴുത്തിന്റെ മുകളില്‍ നിന്നും തല അങ്ങട് പോയാലും ഞാന്‍ നിന്റെ പേര് പറയില്ല. അതാണ്ടാ ഫ്രണ്ട്ഷിപ്”

ഗിരി സന്തോഷിനെ കെട്ടിപ്പിടിച്ചു

” സന്തോഷേ, ഇവളുടെ ഭര്‍ത്താവ് ഗൾഫിലാണ്, ഇപ്പോ അയാള് പോയിട്ട് രണ്ട് വര്‍ഷം ആവാറായി. അതിന്റെ ഒരു ഇളക്കം അവള്‍ക്കുണ്ട്”

സന്തോഷ് ആവേശത്തോടെ ഗിരിയെ നോക്കി

” നീ മുട്ടി നോക്കിയിട്ടുണ്ടോടാ”

കുറച്ച് ഗൗരവത്തോടെ ഗിരി

” ഞാന്‍ വിചാരിച്ചാൽ പുഷ്പം പോലെ വളയും അവള്‍. ഒന്നു രണ്ടു തവണ എന്നെ നോട്ടമിട്ടതാ അവള്‍. എന്റെ ഭാര്യ എങ്ങാനും അറിഞ്ഞാല്‍..? എന്റെ പൊന്നോ അത് ഓര്‍ക്കാനേ വയ്യ”

” എടാ, ഇവളുടെ വിശദ വിവരങ്ങള്‍ ഒന്ന് പറഞ്ഞേ”

” പോക്ക് കേസാടാ, വീട്ടില്‍ അവളും മൂന്നു വയസ്സുള്ള ഒരു മോനും മാത്രമേ ഒള്ളൂ. ഒരു ആക്ടീവ ഉണ്ട്. അതിലാ മുഴുവന്‍ സമയം കറക്കം. എപ്പോള്‍ നോക്കിയാലും അവള്‍ പുറത്തായിരിക്കും. കാണുന്ന ആളുകോടൊക്കെ കൊഞ്ചി കുഴഞ്ഞേ സംസാരിക്കൂ”

” മതി മോനേ, ഇത്രയും മതി. ബാക്കി കാര്യം ഞാനേറ്റു”

പ്രതീക്ഷയോടെ സന്തോഷ് അവള്‍ക്ക് മനോഹരമായ സന്ദേശങ്ങൾ വാട്സാപ്പിൽ അയക്കാൻ തുടങ്ങി. പക്ഷെ ഒന്നിനും മറുപടി വന്നില്ല. കുറച്ച് ദിവസം കഴിഞ്ഞാണ് തന്നെ അവള്‍ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തിതിരിക്കുകയാണെന്ന കാര്യം അവന്‍ തിരിച്ചറിയുന്നത്. ഒടുവില്‍ രണ്ടും കൽപിച്ച് അവന്‍ അവളുടെ ഫോണില്‍ വിളിച്ചു. പക്ഷെ അവള്‍ ഫോണെടുത്തില്ല. അവന്‍ നിരന്തരം വിളിച്ചുകൊണ്ടിരുന്നു. ഒരു ദിവസം അവള്‍ ഫോണെടുത്തു, പക്ഷെ അവന്‍ എന്തെങ്കിലും പറഞ്ഞ് തുടങ്ങുന്നതിന് മുന്നേ അവളുടെ ശബ്ദം അവന്റെ കാതില്‍ മുഴങ്ങി

” എടാ കോഴീ, ഭര്‍ത്താവ് നാട്ടിലില്ലാത്ത, പരസഹായത്തിന് ആരുമില്ലാത്ത, വീട്ടില്‍ തനിച്ചു താമസിക്കുന്ന, സ്വന്തം വീട്ടിലെ കാര്യങ്ങള്‍ക്ക് പുറത്തു പോകുന്ന, പരിചയക്കാരോട് ചിരിച്ച് സംസാരിക്കുന്ന എന്നെപ്പോലുള്ള പെണ്ണുങ്ങളെ മോശമായി ചിത്രീകരിച്ച് എളുപ്പത്തില്‍ വളക്കാം എന്ന് കരുതി ഇങ്ങനെ നാണവും മാനവും ഇല്ലാതെ ശല്യം ചെയ്യുന്ന നിനക്കൊക്കെ വല്ല മുരിക്ക് മരത്തിലും പോയി കയറിക്കൂടെ. ഇനി നിന്റെ ഫോണില്‍ നിന്നും എന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നാല്‍ ഞാന്‍ നിന്റെ നമ്പര്‍ പോലീസില്‍ ഏൽപ്പിക്കും”

ഇത്രയും പറഞ്ഞ് അവള്‍ ഫോണ്‍ കട്ട് ചെയ്തു. തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് കേട്ടു കഴിഞ്ഞ ഒരു ഫീല്‍ അവന് അനുഭവപ്പെട്ടു. ഉടന്‍ തന്നെ അവളുടെ നമ്പര്‍ ഡിലീറ്റ് ചെയ്തു.

ഈ സമയം ഗിരി തന്റെ ഭാര്യയെ കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു

” പൊന്നൂസേ, ഞാന്‍ കുളിച്ചിട്ട് വരാം”

ഭാര്യ നാണത്തോടെ തലയാട്ടി

കുളിക്കുന്ന സമയം മുഴുവന്‍ ഗിരിയുടെ മനസ്സിലെ ചിന്ത തന്റെ ഭാര്യയെ കുറിച്ചായിരുന്നു.

ഇത്രയും അടക്കവും ഒതുക്കവുമുള്ള, താനല്ലാതെ മറ്റൊരു പുരുഷന്റെ മുഖത്ത് പോലും നോക്കാത്ത, പുറത്തേക്ക് തന്റെയോ അല്ലെങ്കില്‍ വീട്ടിലെ ആരുടെയെങ്കിലും കൂടെ മാത്രമേ പോകുന്ന, വാട്സാപ്പും ഫേസ്ബുക്കും എന്താണ് എന്ന് പോലും അറിയാത്ത ഇത്രയും നല്ല ഒരു ഭാര്യയെ തനിക്ക് സമ്മാനിച്ച ദൈവത്തിനോട് അവന്‍ ആയിരം വട്ടം നന്ദി പറഞ്ഞു.

കുളി കഴിഞ്ഞ് വന്ന് ഭാര്യയെ വീണ്ടും കെട്ടിപ്പിടിച്ച് ഒരു ഉമ്മയൊക്കെ വെച്ച് അവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പുറത്തേക്ക് പോയി.

അവന്‍ പോയതും അലമാര തുറന്ന് തന്റെ ചുരിദാര്‍ക്കിടയിൽ ഒളിപ്പിച്ചു വെച്ചിരുന്ന സിം കാർഡെടുത്ത് അവള്‍ ഫോണിലിട്ടു. വാട്സാപ്പിലും, ഫേസ്ബുക്കിലും അവള്‍ക്ക് വന്ന മെസേജ് കൊണ്ട് ചുരിദാര്‍ക്കിടയിൽ കിടന്ന് വീർപ്പുമുട്ടുകയായിരുന്നു സിം കാർഡ് അപ്പോഴാണ്‌ ഒന്ന് നേരെ ചൊവ്വേ ശ്വാസം വിട്ടത്…..

-സിനാസ് സിനു

Join Our WhatsApp Group

Trending

To Top
Don`t copy text!