തുലാവർഷം……

മഴദൈവമെന്തേ ശപിക്കുന്നു ഭൂമിയെ
ഉരുകിത്തിളയ്ക്കുന്നു ഭൂമണ്ഡലം
ഇടിവെട്ടിപ്പെയ്യാൻ മറന്നൂ തുലാവർഷം
സൂര്യൻറെ കനലിൽ എരിഞ്ഞു ഭൂമി .

വഴിതെറ്റിയെങ്കിലും വന്നാലൊരിത്തിരി
കനിവുള്ളമായി പെയ്തിറങ്ങാം …
കരിയുന്നഭൂമിയെ തളിരിട്ടുനാമ്പുകൾ
പച്ചപ്പുമൂടിപ്പുതച്ചിടട്ടെ !

തുടിതാളമെങ്ങോ മുഴങ്ങുന്നു പകലിലും
ഇടിമിന്നലെത്തിനോക്കുന്നപോലെ
ഒളികണ്ണുപൊത്തിക്കളിക്കുന്നു മുകിലുകൾ
വരുവാനിതെന്തേ മടിക്കുന്നു നീ ?

ജീവജാലങ്ങളും മാനവരിത്യാദി
മാഴ്കുന്നു വാനിലേക്കുറ്റുനോക്കി
വന്നൂ വരുന്നൂ യെന്നോതി മറയുന്നൂ
വർഷം തുലാവർഷമേഘങ്ങളും .

ചെയ്‌തികളെല്ലാം പിഴയ്ക്കുന്ന മർത്യരെ
തെല്ലൊരു പാഠം പഠിപ്പിച്ചാലും
പെയ്തൊഴിയാതെ നീ പോയീടൊല്ലേ മണൽ –
ക്കാടായിപ്പോകുമീ സുന്ദരഭൂമിയും!!

ജികെ പനകുളങ്ങര

 

Devika Rahul