Malayalam Article

നിറം മങ്ങിയ അക്ഷരങ്ങൾ

എന്തോ ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്… മുറിയുടെ മൂലയിൽ ഒരു വൃദ്ധൻ, അരയിൽ മുഷിഞ്ഞ തോർത്തു മാത്രം ചുറ്റി ,ദയനീയ ഭാവത്തിൽ , തോളു …

ഇന്ന് രാവിലെ ഞാൻ മരിച്ചു..
ഡോക്ടർ അങ്കിൾ വല്യച്ചനോട് “കുട്ടിയുടെ ഉള്ളിൽ ചെന്ന വിഷം കോളായിൽ കലക്കിയാണ് കൊടുത്തത്..അതുകൊണ്ടു വിഷം കൂടുതൽ വേഗത്തിൽ പ്രവർത്തിച്ചതിനാൽ ഞങ്ങൾക്ക് കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല ” എന്ന് പറയുമ്പോൾ ഞാൻ അവരുടെ തൊട്ടടുത്ത് നില്പുണ്ടായിരുന്നു.
കിടക്കയിൽ വെള്ളത്തുണിയിൽ മൂടിപുതച്ച എന്നെ ആരൊക്കെയോ കെട്ടിപ്പിടിച്ചു കരയുന്നുണ്ട്..പക്ഷെ എന്റമ്മയെ കാണുന്നില്ല ഇവിടെങ്ങും..ഞാൻ ഉള്ളിലേക്ക് കയറി..അതാ ഐ സി യു വിനുള്ളിലുണ്ട് എന്റമ്മ..
മൊത്തം വയറുകളൊക്കെ ചുറ്റി വരിഞ്ഞിരിക്കുന്നു..ശ്വാസമുണ്ട് ..ഞാൻ അമ്മയുടെ കാൽക്കൽ നിന്നു..അമ്മയുടെ കാലിനിടയിൽ രക്തം ഉണങ്ങിപ്പിടിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ഞാൻ ഛർദിച്ച രക്തം..
ഇരുട്ടിലേക്ക് ഉറങ്ങിവീഴുമ്പോൾ ‘അമ്മ എന്നെ വാരിയെടുത്തു.”പൊന്നുമോളെ.ക്ഷമിക്കണെ”. എന്ന് പറഞ്ഞതാണ് അവസാനമായി കേട്ടത് ഞാൻ ..പിന്നെ ഇരുട്ടായിരുന്നു ..രാവിലെ വരെ..
ഇപ്പോൾ എല്ലാം വെളിച്ചമാണ്..എല്ലാം അറിയാം..
പക്ഷെ എനിക്കും അവർക്കുമിടയിൽ ഇരുട്ടാണ്.
എനിക്ക് മാത്രം കാണാൻ കഴിയുന്ന ഇരുട്ട്..
ഇപ്പോൾ മോർച്ചറിയുടെ ഉള്ളിൽ എന്റെ കുഞ്ഞു
ശരീരം വെട്ടികീറുന്നുണ്ട്..പുറത്തു വല്യച്ചനും
കുറച്ചു നാട്ടുകാരും..അച്ഛൻ വന്നില്ലേ?
ഇല്ല..അച്ഛനെ എവിടെയും കാണുന്നില്ല.
പോലീസ് ഉള്ളതുകൊണ്ടാവാം..’അമ്മ മരണ മൊഴി കൊടുത്തിട്ടുണ്ടത്രെ.”അച്ഛനാണ് ഞങ്ങളെ
കുടിപ്പിച്ചതെന്നു.”.അതുകൊണ്ടു അച്ഛൻ ഒളിവിൽ പോയെന്നു വല്യച്ഛൻ പറയുന്നത് കേട്ടു..
ആംബുലൻസിൽ എന്നെയും കൊണ്ട് പോകയാണ് എല്ലാരും..എനിക്ക് കാണാം..
എന്റെ മുഖമൊക്കെ കരുവാളിച്ചിരിക്കുന്നു..കാല്പാദങ്ങളും
കൈപ്പത്തികളും നീലിച്ചിരിക്കുന്നു..
എന്റെ വീട്ടിൽ എന്റെ നാടുമൊത്തം എനിക്കായ്
കാത്തുനിൽക്കുന്നുണ്ടായിരുന്നു..പന്തലിൽ..
എന്റെ സ്‌കൂളിലെ മുഴുവൻ കുട്ടികളും ടീച്ചർമാരും വരിവരിയായി എന്നെ കണ്ടു നടന്നു നീങ്ങുന്നു.
ഇന്നലെ ഒരു റോസാപൂവിനു വേണ്ടി ഞാൻ പിണങ്ങിയ ഭവ്യയുടെ കയ്യിലാണ് ഏറ്റവും വലിയ റോസ്..വേണ്ടെന്നു പറഞ്ഞു അവൾക്കു തിരിച്ചു കൊടുക്കണം എന്നുണ്ട്..പക്ഷെ ആർക്കും എന്നെ കാണാൻ കഴിയുന്നില്ലാലോ..വല്ല്യമ്മ എന്റെ കുഞ്ഞോളെ എടുത്തുകൊണ്ടു വരുന്നുണ്ട്..അവളും
എന്നെ “ഇച്ചേച്ചീ “എന്ന് വിളിച്ചു തൊടുന്നുണ്ട് എനിക്കവളെ ഒന്നുകൂടി തൊടണായിരുന്നു..
ഇന്നലെ ‘എന്നെ അമ്മ കൂട്ടികൊണ്ടു പോകുമ്പോൾ അവൾ ഉറങ്ങുകയായിരുന്നു.
എന്റെ അച്ഛൻ ഹിന്ദുവും ‘അമ്മ മുസ്ലിമും ആണത്രേ..ഒരിക്കലും അച്ഛൻ ഞങ്ങളെ എടുക്കുകയോ സ്നേഹത്തോടെ സംസാരിക്കുകയോ ചെയ്തതായി എന്റെ ഓർമ്മയിലില്ല..അച്ഛൻ പണ്ട് നല്ല സ്നേഹമുള്ള
ആളായിരുന്നത്രെ..എന്നാൽ എനിക്കോർമ്മ വന്നകാലം മുതൽ എന്നും കുടിച്ചുവന്നു അടിയാണ് അമ്മയെ..
ഞങ്ങൾ തടുക്കാൻ ചെന്നാൽ കുഞ്ഞോളെ എടുത്തെറിയും..
അതുകൊണ്ടു ഞാൻ കുഞ്ഞോളേയും കൊണ്ട്
പറമ്പിൽ ഒളിച്ചിരിക്കും..അച്ഛൻ ഉറങ്ങുംവരെ.
അടുത്തൊന്നും വേറെ വീടില്ല പോകാൻ
ഇന്നലെ നന്ദുട്ടന്റെ പിറന്നാൾ ആയിരുന്നു..
‘അമ്മ വന്നില്ല.എന്നെയും കുഞ്ഞോളെയും
മാത്രാണ് അയച്ചത്..വല്യച്ചനും വല്യമ്മയും
നന്ദുന്റെ വായിൽ കേക്ക് വച്ച് കൊടുക്കുമ്പോൾ
കുഞ്ഞോൾ എന്നോട് പറഞ്ഞു “നമ്മക്കും വാങ്ങണം ഇച്ചേച്ചി കേക്ക് “ഞങ്ങൾ രണ്ടാളും
തീരുമാനിച്ചതായിരുന്നു..കുഞ്ഞോളുടെ അടുത്ത പിറന്നാളിന് കേക്ക് വാങ്ങുമെന്ന്..’അമ്മ വയ്ക്കുന്ന പായസത്തിന്റെ കൂടെ കേക്കും മുറിക്കുമെന്നു..അതിനായ് ഞാൻ ഒളിപ്പിച്ച ചില്ലറ കുടുക്ക മാവിന്റെ ചോട്ടിൽ കുഴിച്ചിട്ടെന്ന് ആരാ പറയുക ഇനി അവളോട്..
രാത്രി പിറന്നാൾ ആഘോഷം കഴിയുമ്പോളേക്കും
കുഞ്ഞോൾ ഉറങ്ങിപ്പോയി.എന്നെയും നന്ദുട്ടനെയും വല്യമ്മ ഉറക്കാൻ കിടത്തിയിരുന്നു.
അപ്പോളാണ് ‘അമ്മ ഓടിവന്നത്..എന്നെയും കുഞ്ഞോളെയും കൊണ്ടോവാൻ..അമ്മയുടെ
മുഖമൊക്കെ ചുവന്നു വീങ്ങിയിരുന്നു..ചുണ്ട്
പൊട്ടി ചോര വരുന്നുണ്ടായിരുന്നു..വല്യമ്മ
എന്തൊക്കെയോ ചോദിക്കുന്നുണ്ട്..’അമ്മ ഒന്നും
മിണ്ടാതെ കുഞ്ഞോളെ എടുക്കാൻ പോയി..
ഉറങ്ങിയ കൊച്ചിനെ എടുക്കണ്ടെന്നു വല്യച്ഛൻ പറഞ്ഞപ്പോൾ ..’അമ്മ ഒന്നും മിണ്ടാതെ എന്നെയും വലിച്ചു നടന്നു..
വീട്ടിൽ വന്നപ്പോ അച്ഛനെ എവിടെയും കണ്ടില്ല.
അതുകൊണ്ടു എനിക്ക് സന്തോഷായി..
അപ്പോളാണ് ‘അമ്മ സ്പൂണിൽ എന്തോ തന്നത്.
“വല്ലാത്ത കയ്പ്പാ”എന്ന് പറഞ്ഞപ്പോൾ അതുമൊത്തം എന്റെ കയ്യിലുണ്ടായിരുന്ന കോളയുടെ കുപ്പിയിലേക്ക് ഒഴിച്ച് ‘അമ്മ പകുതി കുടിച്ചു..ബാക്കി എന്റെ വായിൽ വച്ചു..ഞാനും
കുടിച്ചു..പിന്നെ ‘അമ്മ എന്നെ എടുത്തു കിടക്കയിൽ കിടത്തി..എന്നെ കെട്ടിപ്പിടിച്ചു
കിടന്നു.കരയുന്ന അമ്മയേം കെട്ടിപിടിച്ചു
കിടന്നു ഞാൻ..കുറച്ചു നേരം.കണ്ണടഞ്ഞുപോയി
വല്യമ്മയുടെ നിലവിളി ആണ് എന്നെ ഉണർത്തിയത് ..ഞാൻ വല്യച്ഛന്റെ ചുമലിൽ ആയിരുന്നു..ഒന്നും ശരിക്കു കാണുന്നുമില്ല..കേൾക്കുന്നുമില്ല..ആരൊക്കെയോ ഓടുന്നു..വണ്ടി വരുന്നു..അമ്മയെയും എന്നെയും എടുത്തു വണ്ടിയിൽ കേറ്റുന്നു..പെട്ടന്നാണ് ഞാൻ ഛർദിച്ചു തുടങ്ങിയത്..പാതിബോധത്തിൽ അമ്മയെന്നെ മുറുക്കെപ്പിടിച്ചു..എന്റെ ഉടുപ്പിലൂടെ അമ്മയുടെ മടിയിലേക്കു ചോര ഒഴുകുന്നതും നോക്കികിടന്നെന്റെ കണ്ണടഞ്ഞുപോയി..
എന്റെ ശവം എടുക്കാറായി..അമ്മയും അച്ഛനും ഇല്ലാതെ ഒരു യാത്ര..എല്ലാരും അച്ഛനെ പ്രതീക്ഷിക്കുന്നുണ്ട്..പക്ഷെ റോഡിലൊക്കെ പോലീസായതുകൊണ്ടു അച്ഛൻ വരില്ലെന്നും പറയുന്നു ചിലർ..എനിക്ക് മാത്രം കാണാം..
വല്യച്ഛന്റെ വിറകുപുരയുടെ ഉള്ളിലുണ്ട് അച്ഛൻ.
വെറും നിലത്തു..കരഞ്ഞുതളർന്നു..എങ്കിലും അച്ഛനെന്നെ കാണാൻ വന്നില്ലല്ലോ എന്നൊരു
ദുഃഖം ബാക്കിയാക്കി പോകയാണ് ഞാൻ,.
ഒരു പുതിയ ഉടുപ്പു പോലും ആരും എന്നെ ഉടുപ്പിച്ചില്ല.കുളിപ്പിച്ചില്ല.കൊണ്ടുപോകുകയാണത്രെ.അമ്മക്ക് ബോധം വന്നെന്നും എന്നെ കാണാൻ കൊണ്ടുവരുന്നുണ്ടെന്നും ആരോ പറയുന്നുണ്ട്..എനിക്ക് സന്തോഷായി..അവസാനം അമ്മയെ എങ്കിലും കണ്ടിട്ടു പോകാലോ..പക്ഷെ കുറച്ചുനേരം നോക്കിയിട്ടും അമ്മയെ കാണാതായതോടെ ശ്മശാനത്തിലേക്ക് കൊണ്ട് പോകയാണ് എന്നെ..ആരാണ് എന്നെ എടുക്കുക?
അതിനെപ്പറ്റി സംസാരിക്കയാണ് ..അവസാനം വല്യച്ഛൻ എടുക്കാമെന്ന് തീരുമാനമായി..
അവസാനയാത്രക്ക് വല്യച്ഛൻ എന്നെയെടുത്തു..
പെട്ടന്നാണ് അലറിക്കരഞ്ഞുകൊണ്ടു പറമ്പിലൂടെ എന്റെ അച്ഛൻ ഓടിക്കയറി വന്നത് ..വല്യച്ഛന്റെ
കയ്യിൽ നിന്നും എന്നെ പിടിച്ചുവാങ്ങി..നെഞ്ചോടു
ചേർത്ത് പൊട്ടിക്കരഞ്ഞു അച്ഛൻ..തണുത്ത ഒരു പലകകഷ്ണം പോലെ..ഞാനെന്റെ അച്ഛന്റെ നെഞ്ചിൽ പറ്റിക്കിടക്കുന്നതു ഞാൻ കണ്ടു..
മരവിച്ചെങ്കിലും എന്റച്ഛന്റെ നെഞ്ചിൽ ചേർന്നല്ലോ.എനിക്ക് സന്തോഷമായി.വല്യച്ഛൻ
അച്ഛനെ എണീപ്പിച്ചു..പോലീസുകാർ നോക്കിനിൽക്കെ അച്ഛൻ കരഞ്ഞുകൊണ്ട് എന്നെയുമെടുത്തു ശ്മശാനത്തിലേക്ക് റോഡിലൂടെ നടന്നു.
അവസാനമായി ഞാനും ഒന്നു തിരിഞ്ഞു നോക്കി..
എന്റെ കുഞ്ഞോൾ വല്യമ്മയുടെ ഒക്കത്തിരുന്നു.കരയുന്നുണ്ട്..ഇനിയൊരിക്കലും തിരിച്ചുവരാത്ത ഇച്ചേച്ചിക്കായി..അപ്പോളാണ്
ഞാൻ കണ്ടത്..റോഡിലൂടെ വരുന്ന ആംബുലൻസ്..അതെ എന്റമ്മയും വരുന്നുണ്ട്.
എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു..
ആംബുലൻസ് നിർത്തിയെങ്കിലും..അമ്മക്ക്
സ്ട്രക്ച്ചറിൽ നിന്ന് എണീക്കാൻ പാടില്ല..പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയെന്നെ വിളിക്കുന്നുണ്ട്..അതാ അച്ഛൻ എന്റെ ശവവും കൊണ്ട് അമ്മയുടെ കാൽക്കലേക്കു വീണു പൊട്ടിക്കരയുന്നു..കൂടെ അമ്മയും രണ്ടുപേരും
എന്നെ വാരിപ്പുണർന്നു നിർത്താതെ കരയുന്നു.
ആരൊക്കെയോ ചേർന്ന് എന്നെ അവരുടെ കൈകളിൽ നിന്ന് വലിച്ചെടുത്തു..വല്യമ്മയുടെ
കയ്യിൽനിന്നും കുഞ്ഞോളും ഇറങ്ങി ഓടിവരുന്നുണ്ട് ..അവളോടി അമ്മയുടെ കയ്കളിലേക്കു പറ്റിച്ചേർന്നു..അച്ഛനും അമ്മയും അവളെയും കെട്ടിപ്പിടിച്ചു കരയുന്നതു ഞാൻ ഒന്നുകൂടെ തിരിഞ്ഞുനോക്കി,.
സന്തോഷായെനിക്ക്..കുഞ്ഞോളെങ്കിലും അച്ഛന്റെയും അമ്മയുടെയും കൂടെ സുഖായി ജീവിക്കുമല്ലോ..അതിനുവേണ്ടി ഞാൻ മരിച്ചുപോയെങ്കിലും..ഇപ്പോളെനിക്ക് വിഷമമില്ല..
പോകട്ടെ ഞാൻ ..സമാധാനത്തോടെ..
സമർപ്പണം -അച്ഛനമ്മമാരുടെ വാശിക്കും വഴക്കിനും ഇടയിൽ..ഒന്നുമറിയാതെ പൊലിഞ്ഞുപോയ ഭാർഗ്ഗവിറാണി എന്ന എന്റെ വിദ്യാർഥിനിക്കും ..ഓരോവർഷവും ഇതുപോലെ
പൊലിഞ്ഞു പോകുന്ന ആയിരക്കണക്കിന് കുരുന്നു ജീവനുകൾക്കും..
Vineetha Anil

Trending

To Top
Don`t copy text!