Malayalam Article

പോവാം നമുക്ക് നക്ഷത്രങ്ങൾ പൂക്കുന്ന മഞ്ഞുറഞ്ഞ താഴ് വരയിലേക്ക്

28-ന് രാവിലെ മണാലിയിലെ ഹോട്ടൽ മുറിയിൽ ഗാഢനിദ്രയിലായിരുന്ന ഞങ്ങൾ എഴുമണിക്ക് ഉണർന്നു, ജീവിതത്തിലെ സ്വപ്നയാത്രയുടെ പരമപ്രധാനമായ ലക്ഷ്യങ്ങളിലേകോന്നിലേക്കാണ് ഞങ്ങൾ അടുക്കുന്നതെന്ന് തോന്നിയ നിമിഷം..
ലോകത്തിലെ എറ്റവും ഉയരം കൂടിയ ഹിമാലയം റോഡുകളിലൂടെ ബുള്ളറ്റിൽ ഒരു യാത്ര, അതേതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്., ആ സ്വപ്ന സാക്ഷാൽക്കാരത്തിലെക്ക് ഇനി ഒരു പകൽ ദൂരം മാത്രം..

പ്രഭാത ഭക്ഷണത്തിന് ശേഷം ഞങ്ങൾ മണാലി സിറ്റിയിലേക്കിറങ്ങി., നല്ല തിരക്കുണ്ട്., റെന്റൽ ബൈക്ക് എടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം., രണ്ട് മൂന്ന് ഷോപ്പുകളിലെല്ലാം തിരഞ്ഞു..
പഴയ ബൈക്കുകൾ മാത്രമേ അവിടെയുള്ളൂ..
Budha Monastery യുടെ അടുത്ത് വെച്ചാണ് കാക്കുവിനെ പരിചയപ്പെടുന്നത്, അദ്ദേഹത്തിന് ബൈക്ക് Rental Business ആണ്., ഒരു നല്ല മെക്കാനിക്ക് കൂടിയാണ് അദ്ദേഹം, ഒരു ദിവസത്തിന് 1100 രൂപ വാടക പറഞ്ഞെങ്കിലും 1000ന് പറഞ്ഞു ഉറപ്പിച്ചു.. ഗ്യാരണ്ടിയായി അഡ്വാൻസ്‌ 10,000 രൂപയും എന്റെ ആധാർ കാർഡും എട്ട് ദിവസത്തിന് 8,000 രൂപ റെന്റ് വകയിലും കൊടുത്തുറപ്പിച്ചു..

ഹബീബ് ആവട്ടെ മൊയ്‌ലാളീയാണ് ക്യാഷ് എല്ലാം കയ്യിലുണ്ട് പക്ഷെ ഒരു ഡ്രൈവിഗ് ലൈസൻസ് അല്ലാതെ വെറെ ഒരു രേഖയും അവന്റെ കയ്യിൽ ഇല്ല (ഓൻ അങ്ങനെയാണ് ഭായ്, അവനെ കുറിച്ച് പറയുകയാണെങ്കിൽ ഒരുപാടുണ്ട് ‘ഒരു മഹാദുരന്തം’ തൽകാലം അത്രമതി അല്ലങ്കിൽ ബ്ലോഗ് അവസാനിക്കുന്ന ലക്ഷണമില്ല അവനെന്നെ പഞ്ഞിക്കിടുകയും ചെയ്യും) അവിടെയും ഞാൻ എന്റെ പാൻകാർഡ് നൽകി മാതൃകയായി..

സിറ്റിയിലേക്ക് ഇറങ്ങി ആവശ്യസാധനങ്ങളും പാക്കിങ് കവറും ബജ്ജി റോപ്പും വെള്ളത്തിനും പെട്രോളിനുമായുള്ള ക്യാനുകളുമായി ഞങ്ങൾ തിരിച്ചെത്തി..
പാക്കിങ്ങിന് കാക്കുവും അദ്ദേഹത്തിന്റെ ഭാര്യയും ഞങ്ങളെ സഹായിച്ചു., ഷോപ്പിന്റെ തൊട്ടു പുറകിലുള്ള വീട്ടിലാണ് അദ്ദേഹവും കുടുംബവും താമസിക്കുന്നത്,
പതിനൊന്ന് മണിയോടെ ഞങ്ങൾ യാത്ര തുടങ്ങി..

“സന്തോഷവും, ആകാംഷയും അതിലുപരി ചെറിയ ഭീതിയും നിറഞ്ഞ നിമിഷങ്ങൾ..
ചില നിമിഷങ്ങളുടെ വിവരണം വാക്കുകൾക്ക് അധീതമാണ്”
കാക്കുവിനോടും ഭാര്യയോടും യാത്രാപറഞ്ഞു ഞങ്ങളിറങ്ങി..

തണുത്തുറഞ്ഞ മണാലിയെ പിന്നിലാക്കി
“രണ്ട് വീലുകൾ കൊണ്ടുള്ള ആ മനുഷ്യനിർമ്മിത മാന്ത്രിക പറവ” പ്രൗഢിയോടെ നിലകൊള്ളുന്ന ശാന്തസുന്ദരമായ ഹിമാലയം മഞ്ഞുമലകളെ ലക്ഷ്യമാക്കി കുതിച്ച് പാഞ്ഞു തുടങ്ങി..

ലേഹ് മണാലി ഹൈവെ ഒരു സംഭവമാണ്.,
ഒരു പ്രൈവറ്റ് റോഡിന്റെ വീതിയെ അതിനൊള്ളൂ., റോത്താങ് പാസിന്റെ അടിവാരത്ത് പോലീസുകാരൻ കൈകാണിച്ചു യാത്ര രേഖകൾ പരിശോധിച്ച ശേഷം അദ്ദേഹം ഞങ്ങൾക്ക് യാത്രാ അനുമതി നൽകി., ശേഷം കിട്ടുന്ന സ്ഥലമാണ് Kothi, Gulaba ഈ രണ്ട് സ്ഥലങ്ങളും പച്ച പുതച്ച മലനിരകളാണ്..
ജൂലൈ മാസമായതിനാൽ മഞ്ഞു വീഴ്ച്ചയില്ലാത്തത് കൊണ്ട് തന്നെ നല്ല വ്യൂ ഉണ്ട്..
Gulaba viewpoint, Rahala Waterfalls, Frozen Waterfalls, Marhi, Freezing point, ഇത് എല്ലാം പിന്നിട്ടു., ചുരത്തിലെ ഹെയർപിൻ വളവുകൾ ഓരോന്ന് കയറി തുടങ്ങുമ്പോഴും തണുപ്പ് കൂടി കൂടി വന്നു തുടങ്ങി., ധരിച്ചിരിക്കുന്ന ലെതർ ജാക്കറ്റ് മതിവരാത്തത് പോലെ തോന്നി., കാക്കു തന്ന മറ്റൊരു ജാക്കറ്റു കൂടി വലിച്ച് കയറ്റി വീണ്ടും ഞങ്ങൾ മുന്നോട്ട് നീങ്ങി Rohtang pass final viewpointലെത്തി., സമുദ്രനിരപ്പിൽ നിന്നും 13,058 അടി ഉയരത്തിലാണ് റോത്താങ് ഫൈനൽ പോയിന്റ് സ്ഥിതിചെയ്യുന്നത്..

കെലോങ്, സ്പിറ്റി, ലേഹ് ലഡാക്ക് പോലുള്ള ഹിമാലയത്തിലെ മനുഷ്യവാസമുള്ള സ്ഥലങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകൂടിയാണിത്..
ഒരിക്കലും പ്രവചനാതീതമല്ലാത്ത കാലാവസ്ഥയായത് കൊണ്ട് തന്നെ സഞ്ചാരികളുടെ പേടിസ്വപ്നമാണ് റോത്താങ്..
കനത്ത ഹിമപാത മുള്ളതിനാൽ വർഷത്തിൽ അഞ്ചോ ആറോ മാസങ്ങൾ മാത്രമേ ഇവിടത്തെ റോഡുകൾ യാത്രക്കായി തുറന്നുകൊടുക്കാറുള്ളൂ..
എങ്ങും ആകാശം മുട്ടെ വളർന്നു നിൽക്കുന്ന ഹിമാലയം മഞ്ഞുമലകൾ സൂര്യ കിരണങ്ങളാൽ ജ്വലിച്ച് നിൽക്കുന്നു..
Himank Border Roads Organisation ന്റെ Signboard നടുത്ത് നിന്നും ഒരു ഫോട്ടോയുമെടുത്ത് ഞങ്ങൾ യാത്ര തുടർന്നു..
താഴ് വാരങ്ങൾ, കൂറ്റൻ പാറകൾ, ഉരുളൻ കല്ലുകൾ നിറഞ്ഞ തെളിനീർ അരുവികൾ, പച്ചപുതച്ച കുന്നുകൾക്കിടയിലൂടെ ഒഴുകുന്ന നീർച്ചാലുകൾ എല്ലാം കൂടി കാഴ്ചകളുടെ വസന്തകാലം ഒരുക്കുകയായിരുന്നു റോത്താങ്..

‘ഒരു പൂ ചോദിച്ചാൽ ഒരു പൂക്കാലം
സമ്മാനിച്ചേ ഏതൊരു സഞ്ചാരിയെയും
ഹിമാലയം യാത്രയാക്കാറുള്ളൂ’

അപകടങ്ങൾ ഒന്നും ഇല്ലാതെ തന്നെ കാഴ്ചകൾ കൊണ്ട് പ്രസിദ്ധിയും മനുഷ്യ ജീവഹാനിക്ക് കുപ്രസിദ്ധിയാർജ്ജിച്ച റോത്താങ് ഞങ്ങൾ പിന്നിട്ടിരിക്കുന്നു..
അടുത്ത് ഒരു ചായകട കണ്ടപ്പോഴാണ് സുലൈമാനിയോട് മുഹബ്ബത്ത് തോന്നിയത് ഈ കൊടും തണുപ്പിൽ തണുത്തുറഞ്ഞ ശരീരത്തെയും മനസ്സിനെയും ചൂടാക്കാൻ നല്ല കടുപ്പത്തിൽ ഒരു സുലൈമാനി.. ഹാ അത് പൊളിക്കും..

സമയം അഞ്ച് ‌മണി കഴിഞ്ഞിരിക്കുന്നു., ഞങ്ങൾ രാത്രി താമസിക്കാൻ ഉദ്ദേശിക്കുന്നത് ജിസ്പ്പ യിലായിരുന്നു Khoksar, Sissu കഴിഞ്ഞു വേണം ജിസ്‍പ്പയിൽ എത്താൻ Khoksar To Jispa 67 Km സഞ്ചരിക്കേണ്ടതുണ്ട് പക്ഷെ അവിടേക്കെത്തുക പ്രയാസകരമാണ്..
മണാലിയിൽ നിന്നും പെട്രോൾ നിറച്ചതാണ്, റിസേർവ് ആയിട്ട് കുറെ സമയമായി, രണ്ട് ക്യാനുകളിലുമായി പത്ത് ലിറ്ററോളം പെട്രോളുള്ളപ്പോൾ പിന്നെ എന്തിന് ഭയക്കണം.. മണാലി ലേഹ് ഹൈവെയിൽ കെലോങിന് മുമ്പുള്ള ‘താണ്ടി’ എന്ന ചെറിയ പട്ടണത്തിലെ ഒരേ ഒരു പെട്രോൾ സ്റ്റേഷനാണ് സഞ്ചാരികൾക്ക് ആകെയുള്ള ആശ്വാസം, രണ്ട്‌ ബൈക്കുകളുടെയും ടാങ്കുകൾ നിറച്ചതിന് ശേഷം വീണ്ടും യാത്ര തുടർന്നു..

കോക്ക്സറിൽ നിന്നും 45 Km സഞ്ചരിച്ച് എഴുമണിയായപ്പോൾ ഞങ്ങൾ കെലോങ്ങിലെത്തി, (Keylong) ലേഹ് മണാലി ഹൈവേയിൽ നിന്നും താഴേയാണ് കെലോങ് സിറ്റി..
ഈ വഴിയിലെ അവസാന സിറ്റിയും ഇത് തന്നെയാണ്,
കുറച്ച് വീടുകളും ഹോട്ടലുകളും ഷോപ്പുകളുമായി ഒരു ചെറിയ ഗ്രാമം..
ബാഗുകളെല്ലാം റൂമിൽ വെച്ച് ഒരു കുളിയും കഴിഞ്ഞു വല്ലതും കഴിക്കാനായി ഗ്രാമത്തിലേക്ക് ഇറങ്ങി., ഒമ്പത് മണിവരെ അവിടെ ചുറ്റിക്കറങ്ങി ഭക്ഷണവും കഴിച്ച് തിരിച്ച് റൂമിൽ എത്തി കിടക്കാനൊരുങ്ങി,
നീണ്ട യാത്രയായതിനാൽ നല്ല ക്ഷീണമുണ്ടായിരുന്നു ഞാനറിയാതെ തന്നെ എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു..

29-ന് ആറ് മണിക്ക് എഴുനേറ്റ് കുളിയും പ്രഭാത ഭക്ഷണവും കഴിഞ്ഞു യാത്ര തുടർന്നു, ഹൈവേ കയറിയതും ഒരു കൂട്ടം റൈഡേഴ്‌സിനെ ഞങ്ങൾ പരിചയപ്പെട്ടു ജിസ്‍പ്പവരെ അവരുടെ കൂടെ യാത്ര ചെയ്തു ബൈ ബൈ പറഞ്ഞു പിരിഞ്ഞു..
ജിസ്‍പ്പയിൽ നിന്നായിരുന്നു കാക്കു പറഞ്ഞ ആയിഷ ആന്റിയെ കണ്ടുമുട്ടിയത് ആന്റിയും കുടുംബവും എഴുമാസം അവിടെയുണ്ടാകും ടാർപ്പായ വലിച്ച് കെട്ടിയ ചെറിയ ചായക്കട അവിടെ തന്നെ അഞ്ച് ബെഡ്ഡുകളിലായി Night Stayയുമുണ്ട് മണാലിയിലാണ് അവരുടെ വീട്..
മകനും അനിയത്തിയും അമ്മയുമായി സന്തുഷ്ട കുടുംബം അമ്മ ഇച്ചിരി തള്ളലാണോ എന്ന് ഒരു സംശയം ഇല്ലാതില്ല പ്രായമുള്ളവവരല്ലേ അത് കേട്ടിരിക്കാനും ഒരു രസമുണ്ടായിരുന്നു..
ഈ യാത്രയിലുടനീളം നമ്മുടെ രാഷ്ട്ര ഭാഷ എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്
‘ഏത്‌ ഒരു ഗ്രാമത്തെയും അവരുടെ ജീവിത സാഹചര്യങ്ങളെയും സംസ്ക്കാരത്തെയും അടുത്തറിയാൻ ഭാഷ വളരെ അനിവാര്യമാണ് ‘..

വഴിയിൽ രണ്ടിടങ്ങളിയായി സൈക്കിൾ യാത്രികരെ കണ്ടു, ആദ്യം കണ്ടത് സായിപ്പിനെ തന്നെയായിരുന്നു., അയർലാന്റുകാരൻ വയസ് അന്പത്തി മൂന്ന്., വയസ്സ് കേട്ടപ്പോൾ തന്നെ ഞാൻ ഒന്ന് ഞെട്ടി 2016 Model Royal Enfield Classic 350 വലിച്ച് കയറാൻ മടിക്കുന്നിടത്ത് 1965 Model സായിപ്പ് കൊള്ളാം നമിച്ചു സായിപ്പേ ഇങ്ങള് പുലിയാണ്., പട്ടാള ചിട്ടയിൽ കാൽവലിച്ചൂരി ഒരു ബിഗ് സല്യൂട്ടും കൊടുത്ത് ഞങ്ങൾ യാത്ര തുടർന്നു..

ഇനി പോകേണ്ടത് Freeze Zone ലേക്കാണ് Darcha, Deepaktaal, Khardungla, Nakeela, Tanglangla, Surajtal Viewpoint, Kanglajal, Baralacha, Sarchu, Pag..
ദാർച്ചയിലെ റോഡിന്റെ രണ്ട് വശങ്ങളിലായി ഹിമപാതം കുമിഞ്ഞു കൂടിയിരിക്കുന്നു,
തണുപ്പ് അതിന്റെ ഉച്ചസ്ഥായിയിൽ തന്നെ എത്തിനിൽകുന്നു, ഫ്രീസറിൽ ഇരികുന്നപോലെ, ബൈക്ക് നിർത്തി ഞങ്ങൾ മഞ്ഞുമലയിലേക്ക് എടുത്ത് ചാടി പുറകിൽ ഐസും കൊണ്ട് ഹബീബ് ഓടിവരുന്നുണ്ട് കുട്ടിക്കാലത്തെ ചട്ടിപന്തിനെ ഓർമ്മിപ്പിക്കും വിതമായിരുന്നു പിന്നെ അവിടെ നടന്നെതെല്ലാം..
“Snow Provokes Responses That Reach Back To Childhood”
ശരിയാണ് മഞ്ഞുകണങ്ങളെ കൈയിലെടുക്കുമ്പോൾ നമ്മൾ കുട്ടിക്കാലത്തേക്ക് തിരിച്ച് പോകും..
ഇന്ന് ഖത്തറിലിരുന്ന് ഞാനീ ബ്ലോഗ് എഴുതുമ്പോഴും മനസ്സ് ഹിമാലയത്തിൽ എവിടെയോ പാറിനടക്കുന്നു, “യാത്ര ചെയ്യുമ്പോൾ മാത്രമല്ലാ യാത്രയുടെ സുഖം അനുഭവിച്ചറിയുന്നത് മറിച്ച് ആനിമിഷങ്ങളെ അയവിറക്കുമ്പോഴും മനസ്സ് വല്ലാതെ കുളിരണിയും”..

സമുദ്ര നിരപ്പിൽ നിന്നും 18,380 അടി ഉയരത്തിലാണ് കർത്തുങ്ങള സ്ഥിതിചെയ്യുന്നത്,
“Top Of The World ലോകത്തിന്റെ നെറുക” ഈ വിശേഷണം കർത്തുങ്ങളക്ക് ഉള്ളതാണ്
അത് പോലെ “Highest Motorable Rode In The World” ഉള്ളതും ഇവിടെയാണ്..
നക്കീല സമുദ്ര നിരപ്പിൽ നിന്നും 15,547 അടി ഉയരത്തിലാണ്..

“പിന്നിട്ട് പോകുന്ന വഴികളിലെ ഇരുപുറവുമുള്ള കാഴ്ചകൾ കണ്ട് മുന്നോട്ടുപോകുമ്പോഴാണ് യാത്രകൾ എറ്റവും ആസ്വാദ്യകരമാവുന്നത് ”

നേരം ഇരുട്ട് മയങ്ങി തുടങ്ങിയിരിക്കുന്നു..
വെളുപ്പിന് എഴുമണിക്ക് ബൈക്കിൽ കയറി ഇരുന്നതാണ്.. നല്ല ക്ഷീണം.. ചന്തിയുടെ അവസ്ഥയാവട്ടെ പാറപ്പുറത്ത് ഇരുന്നത് പോലെയായിരിക്കുന്നു.. ഞങ്ങൾക്ക് പാങ്ങിയിൽ എത്തേണ്ടതുണ്ട് Night Stay അവിടെയാണ്.. മോബൈലിലെ റേഞ്ച് കെലോങിയിൽ നിന്നും പോയതാണ് ഫോട്ടോ എടുക്കാൻ മാത്രമുള്ള ഉപകരണമായി ഫോൺ മാറി..
എട്ട് മണിയായപ്പോൾ ഞങ്ങൾ പാങ്ങിലെത്തി..
നല്ല തണുപ്പ്, കെലോങിൽ നിന്നും 184 Km സഞ്ചരിച്ചാണ് ഞങ്ങൾ പാങ്ങിലെത്തിയത്..
നാട്ടിലേക്ക് ഒന്ന് വിളിക്കണം ‘എന്നും രാത്രി വിളിക്കണം എന്നുള്ളത് ഉമ്മച്ചിടെ ഓർഡറാണ് ‘ അടുത്തുള്ള പട്ടാള ക്യാമ്പിൽ STD കാൾ വിളിക്കാമെന്ന് അനേഷിച്ചപ്പോൾ അറിഞ്ഞു..
ഹോട്ടലുകളോട് ചേർന്ന് ടാർപ്പായകൾ കൊണ്ട് കെട്ടിയ റൂമുകളുണ്ട് അവിടെ താമസിക്കുക പ്രയാസകരമാണ്..
കോൺക്രീറ്റ് കൊണ്ടുള്ള മൂന്നോ നാലോ ഹോട്ടലുകൾ മാത്രമേ അവിയുള്ളൂ..
അഞ്ഞൂറ് രൂപക്ക് ഡബിൾ ബെഡ് റൂം പറഞ്ഞുറപ്പിച്ചു.. കറന്റ് ഇല്ലാ മൊബൈൽ ചാർജ്ജ് ചെയ്യാൻ പവർബാങ്ക് തന്നെ ശരണം., കുളിക്കാനെങ്കിൽ ‘ഐസ് ബക്കറ്റ് ചാലഞ്ചു ആയിരിക്കും നല്ലത് ‘ അങ്ങനെ അതും ഉപേക്ഷിച്ചു.. ലഘു ഭക്ഷണം കഴിച്ച് ഫോണിൽ ഗസൽ ചക്രവർത്തി റാഹത്ത് ഫത്താഹ് അലിഖാന്റെ ഗസലും കേട്ട് മയങ്ങിപ്പോയതറിഞ്ഞില്ല..
സുഖനിദ്ര ശുഭരാത്രി..

നേരം പുലർന്നതറിഞ്ഞില്ല.. ഞാൻ അറിഞ്ഞു.. ഹബീബ് അറിഞ്ഞില്ല.. അങ്ങനെ പറയുന്നതായിരിക്കും നല്ലത്, കുറച്ച് ദിവസമായി അവന്റെ ഭാര്യയുടെ ജോലികൂടി എനിക്കാണല്ലോ?? (അവൻ കല്യാണം കഴിച്ചിട്ടില്ലട്ടോ സുമുഖിയും, സുന്ദരിയും, സൽസ്വഭാവിയുമായ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു ഹ.. ഹ.. ഹ..) എങ്ങനെ പെണ്ണുകിട്ടാനാ കയ്യിലിരുപ്പ് അത് അല്ലെ..
മൂന്നു ബ്ലാങ്കെറ്റുകളിലായി ചുരുണ്ടു കൂടി കിടക്കുന്ന അവനെ എങ്ങിനെ വലിച്ച് പുറത്തിടും അതായിരുന്നു എന്റെ ചിന്ത ‘ഒരു വിധത്തിൽ രാജാവ് എഴുന്നള്ളി രഥത്തിൽ കയറി’..

ബൈക്ക് യാത്ര മൂന്നാം ദിവസം പിന്നിട്ടിരിക്കുന്നു ലേഹ് യിലെത്താൻ 174 Km കൂടി സഞ്ചരിക്കേണ്ടതുണ്ട്..
ക്യാനുകളിലെ പത്ത് ലിറ്ററോളം പെട്രോൾ ടാങ്കിലേക്ക് ഒഴിച്ചു, ലേഹ് ലേക്കെത്താൻ ഈ പെട്രോൾ തന്നെ ധാരാളം..
ഇനിയുള്ളത് ചെകുത്തായ ഇറക്കങ്ങളാണ് ഹെയർ പിൻവളവുകൾ ഓരോന്ന് ഓരോന്നായി ഇറങ്ങി തുടങ്ങി.. പട്ടാള ട്രക്കുകളുടെ നീണ്ടനിര പലപ്പോഴും യാത്രയെ ദുസ്സഹമാക്കുന്നുണ്ട്..
കുറച്ച് മുന്നോട്ട് നീങ്ങിയപ്പോഴാണ് Jammu & Kashmir Government ന്റെ ബോർഡ് കണ്ടത് ‘Welcome To Leh’ മനസ്സിൽ ലഡുപൊട്ടി മോനെ, തൃശൂർ പൂരത്തിന്റെ എലഞ്ഞിതറമേളം മറ്റൊരുഭാഗത്തും..
പണ്ട് പുസ്തകത്താളുകളിലും സിനിമകളിലുമായി വായിച്ചറിഞ്ഞ ഭൂമിയിലെ സ്വർഗ്ഗത്തിൽ എത്തിയിരിക്കുന്നു..
ഹിമപാതം നിറഞ്ഞ മൊട്ടകുന്നുകളിൽ നിന്നും പച്ചപുതച്ച താഴ് വാരങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു..
നാലുമണിയോടെ ഞങ്ങൾ ലേഹ് യിലെത്തി!!

(തുടരും)
മനസ്സിന്റെ ആഴങ്ങളിൽ നിന്നും
മനസ്സറിഞ്ഞ് നൽകുന്ന ശാന്തതയിൽ
സന്തോഷത്തിന്റെ കണങ്ങൾ ചേരുമ്പോൾ
യാഥാർത്ഥ്യത്തെ വിരസതയോടെ
കാണുന്നവരുടെ ലോകത്തു നിന്നും
ഒരു സ്വപ്നലോകത്തേക്ക്
നാം ചിറകടിച്ചുയരും..
കോമാളിയെന്നും ഭ്രാന്തനെന്നും
മുദ്രകുത്തപ്പെട്ടേക്കാം..
പക്ഷെ,,
“ഈ സ്വപ്നഭൂമി എനിക്കോരു ലഹരിയാണ് ” “പ്രണയമാണ് യാത്രയോട് “

Trending

To Top
Don`t copy text!