Home Kampranthal പ്രണയം

പ്രണയം

രചന : ആതിര

കോളേജിലെ ആദ്യ സെമസ്റ്റർ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് അറ്റസ്റ്റ് ചെയ്യിക്കാന്‍ ആണ് സ്റ്റഡി ലീവ് സമയത്ത് പോയത്. ടീച്ചർമാർ കുറവായതിനാല്‍ അന്നാദ്യമായി ഞാനും എന്റെ ചങ്ക് കൂട്ടുകാരി അനുവും കൂടി ഇംഗ്ളീഷ് ഡിപ്പാർട്മെന്റിലേക്ക് ലേക്ക് കയറി ചെന്നു. മറ്റൊരു ഡിപ്പാർട്മെന്റിൽ ആദ്യമായാണ് പോകുന്നത്. പല നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞ ഒരു പൂന്തോട്ടത്തിന്റെ ഇടയിലാണ് ഇംഗ്ലീഷ് ഡിപ്പാർട്ടമെന്റ്. ചെറിയൊരു പേടിയോടെ ആണ് അങ്ങോട്ടേക്ക് കയറിയത്. ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽ എല്ലാം അഹങ്കാരികളാണ് എന്നാണ് ഞങ്ങള്‍ക്ക് ഇടയിലെ പൊതുവെ ഉള്ള വിശ്വാസം. എന്ത് ചെയ്യാന്‍.. അറ്റസ്റ്റ് ചെയ്തല്ലേ പറ്റു.. രണ്ടും കല്പിച്ച് അങ്ങോട്ട് കയറിയപ്പോഴാണ് ഉച്ചത്തില്‍ ഇംഗ്ലീഷിൽ വഴക്ക് പറയുന്നത്‌ കേട്ടത്.. തിരിച്ചിറങ്ങാൻ തുടങ്ങിയപ്പോള്‍ അനു ഉന്തിത്തള്ളി എന്നെ അകത്തേക്ക് പറഞ്ഞു വിട്ടു. സർ നല്ല കലിപ്പ് മൂഡിലാണ്. അപ്പോഴാണ് സാറിന്റെ വായില്‍ ഉള്ള എല്ലാം കേട്ട് തിരിഞ്ഞ അവന്റെ കണ്ണുകളില്‍ എന്റെ കണ്ണുടക്കിയത്. കോളേജിൽ വന്നിട്ട് ഇത്രേം കാലം ആയെങ്കിലും ആദ്യമായാണ് അവനെ കാണുന്നത്. അതെങ്ങനെ.. ക്ലാസില്‍ നിന്ന് പുറത്ത്‌ ഇറങ്ങിയാലല്ലേ.. അവന്റെ കണ്ണുകള്‍ക്ക് എന്തോ ഒരു പ്രത്യേകത..

കുറച്ച് സമയം എന്റെ കണ്ണുകളെ പിന്‍വലിക്കാനായില്ല. അവന്‍ ഇതൊക്കെ എന്ത് എന്ന മട്ടില്‍ എന്നെ നോക്കി കണ്ണിറുക്കി അവിടുന്ന് ഇറങ്ങി. അനു പിന്നില്‍ നിന്ന് വിളിച്ചപ്പോഴാണ് ഞാൻ എവിടെയാ എന്നും എന്തിനാ വന്നതെന്നും ഓര്‍ത്തത്. വേഗം സൈൻ വാങ്ങി പുറത്ത് വന്നു. ആ കണ്ണുകളെ തിരഞ്ഞു എങ്കിലും കണ്ടില്ല. ഇവള്‍ക്ക് ഇതെന്താ എന്ന് അനു നോക്കുന്നുണ്ടായിരുന്നു. പരീക്ഷ എല്ലാം കഴിഞ്ഞു ക്ലാസ്സ് തുടങ്ങാനുള്ള നീണ്ട കാത്തിരിപ്പിൽ ആയിരുന്നു ഞാൻ. ക്ലാസ് തുടങ്ങിയ ദിവസം തന്നെ അവനെ കുറിച്ച് അന്വേഷിച്ചു. പേര്‌ നിവിൻ, ബി എ മൂന്നാം വർഷ വിദ്യാർത്ഥി. ആൾ ഒരു കൊച്ചു സഖാവ് ആണ്. എന്തോ പ്രശ്‌നത്തില്‍ പെട്ട് കുറച്ചു നാള്‍ ലീവ് ആയിരുന്നു. അതിനാണ് അവരുടെ സർ അന്ന് വഴക്ക് പറഞ്ഞത്. അവനോടു സംസാരിക്കാൻ ചെന്നപ്പോഴൊക്കെ ഒരു പെണ്ണിനെ അവന്റെ കൂടെ കണ്ടു. അപ്പോള്‍ എനിക്ക് ഉണ്ടായ അസൂയയും കുശുമ്പും ആണ് അവനെ ഞാന്‍ സ്നേഹിക്കുന്നു എന്ന് എനിക്ക് മനസ്സിലാക്കി തന്നത്. മരച്ചുവട്ടില്‍ അവന്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടാണ് ഞാന്‍ ചെന്നത്. പക്ഷേ അപ്പോഴേക്കും എന്നും ഞാൻ കാണാറുള്ള പെണ്ണ് അവിടെ എത്തി.

കരയുന്ന അവളെ അവന്‍ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. അത്‌ കണ്ടപ്പോള്‍ എന്റെ ഉള്ളൊന്നു പിടഞ്ഞു. അവൻ കാണാതെ തിരിഞ്ഞ് നടന്നപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു.. അവനെ കുറിച്ച് അന്വേഷിച്ചപ്പോൾ അവന്‍ ഒരു പെണ്ണിനെ ഇഷ്ടപ്പെടുന്നത് മാത്രം ഞാൻ അറിഞ്ഞിരുന്നില്ല. അന്ന് അനു ലീവ് ആയിരുന്നു. ക്ലാസിലേക്ക് ഒറ്റയ്ക്ക് നടക്കുമ്പോള്‍ മുന്നില്‍ അവന്‍. നിറഞ്ഞ കണ്ണുകള്‍ തുടച്ചു അവനെ നോക്കാതെ നടന്നപ്പോള്‍ അവന്‍ എന്റെ മുന്നില്‍ വന്നു നിന്നു. കുറച്ച്‌ കാലമായി ഞാൻ തന്നെ ശ്രദ്ധിക്കുന്നു.. “എന്തിനാ എന്റെ പിറകെ നടക്കുന്നത്” എന്ന് അവന്റെ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ നിന്നു. ഞാൻ പ്രണയിച്ച അവന്റെ കണ്ണുകളില്‍ നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഒന്നും പറയാതെ നടക്കാൻ തുടങ്ങിയപ്പോഴേക്കും അവന്‍ എന്നെ തടഞ്ഞു. “തനെന്തിനാ നേരത്തെ ഞാൻ ഇരിക്കുന്ന സ്ഥലത്ത് വന്നിട്ട് കണ്ണ് നിറച്ച് തിരിച്ച് പോയത്”. അവന്റെ ചോദ്യങ്ങൾക്ക് ഒന്നിനും എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. ഉള്ളിൽ നിന്നും തികട്ടി വന്ന തേങ്ങൽ ഞാൻ പുറത്തേക്ക് വരാതിരിക്കാൻ ശ്രെദ്ധിച്ചു. ആദ്യമായി എനിക്ക് പ്രണയം തോന്നിയ ആ കണ്ണുകൾ കൊണ്ട് നിറഞ്ഞു നിന്നിരുന്ന എന്റെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു,

“ഞാനും കുറച്ചായി തന്നെ ശ്രദ്ധിക്കുന്നു. എനിക്ക് ഇയാളെ ഇഷ്ടാണ്. ആലോചിച്ചു മറുപടി തന്നാൽ മതി.” ഒരു ഞെട്ടലോടെയാണ് ഞാൻ അത് കേട്ടത്. അപ്പോൾ ഞാൻ കണ്ട പെണ്ണ് ആരാണ്?. തപ്പിത്തടഞ്ഞു ഞാൻ എന്തൊക്കെയോ പറഞ്ഞപ്പോൾ അവന് കാര്യം മനസ്സിലായി. പൊട്ടിച്ചിരിച്ചു കൊണ്ട്‌ അവന്‍ പറഞ്ഞു അവള്‍ അവന്റെ ഏറ്റവും നല്ല കൂട്ടുകാരി ആണ്. അവള്‍ടെ ലൗവർ അവന്റെ ക്ലാസ്സിൽ തന്നെ ആണ്. അവർ തമ്മിലുള്ള തര്‍ക്കം തീര്‍ക്കുകയായിരുന്നു അവന്‍.. ആകെ ചമ്മി നില്‍ക്കുന്ന എന്നെ കണ്ട് ചിരിച്ച് അവന്‍ “ക്ലാസ്സിലേക്ക് പോടീ, പിന്നെ കാണാം” എന്ന് പറഞ്ഞ്‌ നടന്നകന്നപ്പോൾ നടന്നത് സ്വപ്നമാണോ സത്യമാണോ എന്നറിയാതെ നില്‍ക്കുകയായിരുന്നു ഞാന്‍…

Exit mobile version