”പ്രിയ സഖി “

“ഒരു പ്രൈവറ്റ് കമ്പനിയുടെ ഫിനാൻസ്
സ്ഥാപനത്തിലേക്ക് ജോലി കിട്ടി അബു ജോയിൻ ചെയ്യാൻ പോകുമ്പോൾ ഉമ്മാക്കും ഉപ്പാക്കും ഒറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ…

ഈ ജോലിയിൽ എങ്കിലും അവൻ നില നിൽക്കണെ എന്ന് കാരണം മുമ്പ് പോയിരുന്ന ജോലിയിൽ നിന്നെല്ലാം പല കാരണങ്ങൾ പറഞ് അവർ ഒഴിവാക്കുകയോ ഇവൻ ഒഴിഞ്ഞു പോരുകയോ ചെയ്തിട്ടുണ്ട്..

അബു പുറത്തേക്കിറങ്ങുമ്പോൾ ഉമ്മ അവനോട് പറഞ്ഞു..
പടച്ചോനെ വിചാരിച്ചിട്ട് ഈ ജോലിയെങ്കിലും ഇട്ടെറിഞ് പോരരുത്..

‘അന്റെ കുട്ടികളിയൊക്കെ നിർത്താനുള്ള പ്രായമൊക്കെ ആയി നിന്റെ ഒപ്പമുള്ളവരൊക്കെ ഓരോ നിലയിലെത്തി നീ ഇപ്പോഴും കണ്ണിൽ കണ്ട ചെക്കന്മാരോടൊപ്പം കളിച്ചു നടന്നോ..

‘ആ…!
അബു അലക്ഷ്യമായി ഒന്ന് മൂളി..

‘എന്നിട്ട് ഒന്ന് കൂടി കണ്ണാടിയിൽ നോക്കി ബൈക്കും എടുത്ത് ഓഫീസിലേക്ക് തിരിച്ചു..

‘അബുവിന് ജോലി തരപ്പെടുത്തിയ അവിടെ തന്നെ ജോലി ചെയ്യുന്ന സുഹൃത്ത് അജിത്തിന്റെ കൂടെയാണ് അബു ഓഫീസിനുള്ളിലേക്ക് കയറിയത് മൂന്ന് നിലകളുള്ള വലിയ ഓഫിസ് കെട്ടിടം നഗരത്തിന്റെ ഹൃദയ ഭാഗത്ത് തന്നെയായിരുന്നു നില നിന്നിരുന്നത്..
സ്റ്റാഫുകൾ ഓരോരുത്തരായി എത്തുന്നതെയുള്ളൂ..

‘അജിത് അബുവിനെ മാനേജരുടെ റൂമിലേക്ക് കൊണ്ട് പോയി..

‘ഒരു മുപ്പത് മുപ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന വെളുത്ത് കൊലുന്നനെയുള്ള ഒരു സ്ത്രീ ആയിരുന്നു മാനേജർ..

‘അവർ അബുവിനെയും കൊണ്ട് അക്കൗണ്ടിംഗ് സെക്ഷനിലേക്ക് നടന്നു..
മാനേജർ വളരെ പതുക്കയെ സംസാരിക്കുന്നുണ്ടായിരുന്നുള്ളൂ ..

‘അത് കാരണം അവരുടെ തലയിൽ പുരട്ടിയ കാച്ചെണ്ണയുടെ സുഗന്ധം ഏതെണ്ണയുടേതാണെന്നു അറിയാൻ ശ്രമിച്ചു കൊണ്ട് അബു അവരുടെ ഒപ്പം തന്നെ നടന്നു..

‘ഒരു കട്ടി കണ്ണട വെച്ച ഒരു പെൺകുട്ടിയുടെ അടുത്ത് അബുവിനെ നിർത്തി മാനേജർ പറഞ്ഞു..

‘അസ്ന ഇത് നമ്മുടെ പുതിയ സ്റ്റാഫ് ആണ് ഇനി ഇയാളും ഉണ്ടാകും അക്കൗണ്ടിംഗ് സെക്ഷനിൽ ..

‘അതും പറഞ് മാനേജർ പോയി കാച്ചെണ്ണയുടെ മണവും…

‘അബു മാനേജർ ചൂണ്ടിയ ചെയറിൽ ഇരുന്നു..

‘അസ്ന ഒന്ന് ചിരിക്കുകയോ മിണ്ടുകയോ ചെയ്തില്ല..
ആ കട്ടി കണ്ണടയും വെച്ച് മോണിറ്ററിൽ നോക്കി അങ്ങനെ ഇരുന്നു…

‘അബു അവളെയും ഓഫിസും ആകെ ഒന്ന് വീക്ഷിച്ചു…

‘ഇപ്പൊ എല്ലാ സ്റ്റാഫുകളും എത്തി ചേർന്നിരിക്കുന്നു..
ആണും പെണ്ണുമായി കുറെ പേരുണ്ട്..
എല്ലാവരും അവരവരുടെ ജോലികളിൽ വ്യാപൃതരായിരിക്കുന്നു..

‘അതിനിടയിൽ അജിത് ഒന്ന് കൈയുയർത്തി കാണിച്ചു
അബു തിരിച്ചും..

‘അവസാനം കണ്ണുകൾ അസ്‌നയിൽ തന്നെ എത്തി നിന്നു..

‘കാണാൻ കുഴപ്പമൊന്നും ഇല്ല ഭംഗി ഒക്കെയുണ്ടാകും ആ കണ്ണട ഒന്ന് മാറ്റിയാൽ..

‘അബു അവളുടെ മുഖത്തേക്ക്നോക്കിയിരിക്കുന്നതിനിടയിൽ അവൾ പെട്ടെന്ന് അബുവിന്റെ നേർക്ക് തിരിഞ്ഞു..

‘എന്നെ നോക്കി യിരിക്കാനാണോ മാനേജർ പറഞ്ഞത്..

‘അതും ചോദിച്ചു അവൾ അബുവിന്റെ അടുത്തേക്ക് എണീറ്റ് വന്നു..

‘അബു അവളുടെ മുഖത്ത് നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. പക്ഷേ വിജയിച്ചില്ല

‘അവൾ ആ ഗൗരവത്തിൽ തന്നെ അബുവിന്റെ മുന്നിലുള്ള ലാപ് ഓണാക്കി അബുവിന് ചെയ്യാനുള്ളത് കാണിച്ചു കൊടുത്തു..

‘എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിച്ചാൽ മതി അതും പറഞ് അവൾ അവളുടെ സീറ്റിൽ പോയി ഇരുന്നു..

‘ഒരു ചിട്ടി കമ്പനിയുടെ അക്കൗണ്ടിങ് ആണ് ചെയ്യാനുണ്ടായിരുന്നത് അബു അതിനിടയിൽ അസ്നയോട് ഓരോ വർത്തമാനങ്ങൾ പറഞ്ഞിരുന്നെങ്കിലും അവൾ മറുപടി പറയാൻ വലിയ താത്പര്യം കാണിച്ചില്ല..

‘ഉച്ചക്ക് ഭക്ഷണം കഴിക്കാൻ അവൾ ഒന്നും പറയാതെ എണീറ്റ് പോയി ..
അജിത്ത് വന്നപ്പോഴാണ് കൃത്യം ഒന്നര മണിക്ക് എല്ലാവരും ഭക്ഷണം കഴിക്കാൻ പോയാൽ കൃത്യം രണ്ടര മണിക്ക് ചെയറിൽ തിരിച് എത്തണം അതാണ് നിയമം… എന്ന്

‘അബുവിനപ്പോൾ അവളുടെ കണ്ണാട കൂട്ടി ഒരടി കൊടുക്കാൻ തോന്നി പുതിയതായി വന്ന ആളല്ലേ പറഞ്ഞു തരണ്ടേ…

‘അന്ന് ഓഫിസ് വിട്ടു പോകുമ്പോൾ അജിത് പറഞ്ഞു തന്നു അസ്നയെ കുറിച്ചും മറ്റുള്ളവരെ പറ്റിയുമെല്ലാം..

‘അവൾ ഇങ്ങനെ തന്നെയാണ് ആരോടും ഓഫിസ് കാര്യമല്ലാതെ സംസാരിക്കില്ല ചിരിക്കില്ല..
ഇനി എല്ലാവരും കൂടി കളി ചിരിയിൽ ഏർപ്പെട്ടാലും അവൾ കുറച്ചു മാറിയിരിക്കും..

‘അവരങ്ങനെയാണ് എന്ന് എല്ലാവര്ക്കും അറിയാം അത് കൊണ്ട് ആർക്കും ഇപ്പൊൾ അതൊരു പ്രശ്നമല്ല പക്ഷേ ചെയ്യുന്ന ജോലിയിൽ ആത്മാർഥത ഉള്ളവളാണ് എല്ലാ കാര്യവും ഭംഗിയായി നിവർത്തിക്കും അത് കൊണ്ട് മുതലാളിമാർക്ക് അവളെ ഇഷ്ടമാണ്…

‘പിന്നെ മാനേജർ അത് ഞാൻ പറയുന്നില്ല ആളൊരു സംഭവമാണ്..
നോക്കീം കണ്ടു നിന്നോ നിന്നെ പോലത്തെ ചെറുപ്പക്കാരെ അവർക്കു വലിയ ഇഷ്ടമാണ് പ്രമോഷൻ ഒക്കെ പെട്ടെന്ന് കിട്ടും…

‘അതും പറഞ് അവൻ കപാലിയിൽ രജനി ചിരിച്ച പോലെ ഒരു ചിരിയും ചിരിച്ചു..
ഹാ ഹാ ഹാ…

‘പിന്നെ അസ്ന കല്യാണം കഴിയാത്ത പെണ്ണാ പക്ഷെ അന്റെ ലൈനടി ഒന്നും അവളുടെ അടുത്ത നടക്കില്ല..

‘എന്നാ ശരി നാളെ കാണാം..
യാത്ര പറഞ് അജിത് പോയി..

‘ദിവസങ്ങളും മാസങ്ങളും കടന്നു പോയി..

‘ഇപ്പോൾ ഓഫിസിൽ ഉള്ള എല്ലാവര്ക്കും അബുവിനെ അറിയാം കാരണം അബു നന്നായി പാടും…
ഒഴിവു സമയത്ത് പാട്ട് പാടിയും തമാശ പറഞ്ഞും അബു എല്ലാവരുടെയും പ്രിയങ്കരനായി..

‘അതിൽ പ്രധാനം അസ്‌നയിൽ ഉണ്ടായ മാറ്റമായിരുന്നു അവൾ അബുവിനോട് കൂടുതൽ അടുത്തിടപെഴകി തുടങ്ങി..

‘അബുവിനും അതെ ആ കട്ടികണ്ണാടകാരിയിൽ എന്തൊക്കെയോ പ്രത്യേകത അബുവിനും ഫീൽ ചെയ്തു
ഇത് അജിത്തിനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞത് ഇങ്ങനെയൊക്കെ തന്നെയാണ് പ്രേമത്തിന്റെ തുടക്കം എന്നാണ്..

‘അങ്ങനെ ഉണ്ടോ എന്ന സംശയം ബലപ്പെട്ടത് ഒരു ദിവസം ഉച്ച ഭക്ഷണം കഴിഞ്ഞു ഒരു സിഗരറ്റിനു തീ കൊളുത്തിയപ്പോഴായിരുന്നു..

‘കുറച്ചു പുറത്തേക്കു മാറി നിന്ന് പുക വിടുമ്പോഴാണ് അസ്ന ആ വഴിയിലൂടെ വന്നത് അവൾ രൂക്ഷമായ ഒരു നോട്ടം നോക്കി കടന്നു പോയി..

‘തിരിച്ചു ഓഫിസിൽ എത്തിയിട്ടും അവളൊന്നും മിണ്ടിയില്ല
കുറച്ചു കഴിഞ്ഞപ്പോൾ അബു അവളുടെ കൈയ്യിൽ ഒന്ന് തോണ്ടി ..
എന്ത് പറ്റി എന്ന് ചോദിച്ചു..
സിഗരറ്റ് വിളിക്കുന്നവർ എന്നോട് മിണ്ടണ്ട എന്നായിരുന്നു അതിനുള്ള മറുപടി…

‘അന്ന് അബു തിരിച്ചറിഞ്ഞു താൻ അവൾക്കു വേണ്ടപ്പെട്ട ആരോ ആയിരിക്കുന്നു എന്ന്..

‘പിന്നെ അവൾ വീണ്ടും മിണ്ടാൻ തുടങ്ങി ഇനി വലിക്കരുത് എന്നും പറഞ്ഞു പിന്നീട് ഞാൻ വലി നിർത്തിയില്ലെങ്കിലും അവളെ കാണിച്ചിട്ട് വലിക്കില്ല എന്ന് തീരുമാനിച്ചു..

‘ഇപ്പൊ വീട്ടുകാർക്കും സന്തോഷമാണ് ഒരു ദിവസം പോലും ലീവ് എടുക്കാതെ ജോലിക്ക് പോകുന്നത് കൊണ്ട്..

‘അതിനിടയിൽ ഒരു ദിവസം അസ്ന ലീവ് ആയി..
അന്ന് അബു അനുഭവിച്ച ശൂന്യത വളരെ വലുതായിരുന്നു..
ഉച്ചക്ക് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ മാനേജർ ചിരിച്ചു ചോദിച്ചു
ഇന്ന് ഇണ കുരുവികളിൽ ഒന്നിനെ കാണാനില്ലല്ലോ എന്ന് അപ്പോൾ അവിടെ ഉണ്ടായിരുന്നവരെല്ലാം ഒന്നിച്ചു ആ ചിരിയിൽ പങ്ക് ചേർന്നു..

‘മാനേജർ പോകുന്നതിനിടയിൽ എന്റെ ഓഫീസിൽ ഒന്ന് വരണം എന്ന് പറഞ്ഞു പോയി..

‘അബു കുറച്ചു കഴിഞ്ഞു മാനേജരുടെ ഓഫിസിലേക്ക് പോയപ്പോൾ മാനേജർ ഒരു ഫയലും തുറന്നു വെച്ചിരിക്കുകയായിരുന്നു…

‘കാച്ചെണ്ണയുടെ മണം ആ റൂമിൽ നിറഞ്ഞു നിൽക്കുന്നത് പോലെ
അബു മാഡം എന്ന് വിളിച്ചപ്പോൾ അവർ മുഖ മുയർത്തി അകത്തേക്ക് വരാൻ ആഗ്യം കാണിച്ചു…

‘ഒരു ചുവന്ന സാരിയാണ് അവർ ഉടുത്തിരുന്നത് അബു അവരുടെ അടുത്ത് പോയി നിന്നു..

‘അലക്ഷ്യമായി ഇട്ടിരുന്ന സാരിക്കുള്ളിൽ നിന്നും അവരുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ വ്യക്തമായും കാണാമായിരുന്നു …

‘അബുവിന്റെ കണ്ണുകൾ അവിടങ്ങളിൽ അലയുമ്പോഴായിരുന്നു ഫയലിൽ നിന്നും മുഖമുയർത്തി മാനേജർ അബുവിന്റെ മുഖത്തേക്ക് നോക്കിയത്
അബു പെട്ടെന്ന് കണ്ണുകൾ മാറ്റി..

ജോലിയൊക്കെ ഇഷ്ടമായോ..

‘ഇഷ്ടായി അബു മറുപടി പറയുമ്പോൾ മനസ്സിനുള്ളിൽ അസ്നയായിരുന്നു..

‘അബുവിനെ കുറിച്ച് കമ്പനിക്കും നല്ല മതിപ്പാണ് തുടർന്നും അത് നിലനിർത്തണം..
അബു ഒന്ന് തലയാട്ടി..

‘ന്നാ പൊക്കോളൂ .. അതും പറഞ് അവർ വീണ്ടും ഫയലിലേക്ക് മുഖം താഴ്ത്തി..
അബു തിരിച്ചു പോന്നു..

‘പിറ്റേന്ന് ഓഫിസിൽ വന്നപ്പോൾ അബു ആദ്യം നോക്കിയത് അസ്ന വന്നോ എന്നായിരുന്നു അവളെ അവളുടെ സീറ്റിൽ കണ്ടപ്പോൾ അബുവിന് സന്തോഷമായി..

‘എന്തെ ഇന്നലെ ലീവ് എടുത്തേ…
എന്ത് പറ്റി..
അവളെ കണ്ടപാടെ അബു ചോദിച്ചു..

‘ഇന്നലെ ചെറിയ ഒരു വയ്യായ്ക ..

എന്ത് വയ്യായ്ക അബു വീണ്ടും ചോദിച്ചു.

‘ഇതൊക്കെ ചോദിക്കാൻ നീയാരാ എന്റെ കെട്ടി യോനോ…
അവൾ ചിരിച്ചു ചോദിച്ചു..

‘അബു ആ അവസരം ഒട്ടും പാഴാക്കിയില്ല ..

‘അതെ നിന്നെ എനിക്കിഷ്ടമാണ് അത് കൊണ്ടാണ് ചോദിച്ചത്
അബു അവളുടെ കൈയ്യിൽ അമർത്തി പിടിച്ചു..

‘അവളുടെ മുഖം ചുവന്നു തുടുത്തു..
അവൾ കൈ വലിച്ചു..
ഒന്നും മിണ്ടാതെ ഇരുന്നു..

‘അബു വീണ്ടും അവളെ കണ്ട മുതലുള്ള കാര്യങ്ങളും ഇന്നലെ കാണാഞ്ഞപ്പോൾ തനിക്കുണ്ടായ അനുഭവങ്ങളും എല്ലാം നിരത്തി തന്റെ പ്രണയം തുറന്നു പറഞ്ഞു…

‘അവൾ തന്റെ ജോലിയിൽ മുഴുകിയ മട്ടിൽ ഇരുന്നു എന്നാൽ അവൻ പറയുന്നതെല്ലാം ശ്രദ്ധിച്ചു കൊണ്ടും..

‘അന്ന് ഓഫിസ് വിട്ട് പോകുന്നത് വരെ അവൾ അവനോടൊന്നും മിണ്ടിയില്ല

‘അവൾ ബസ് കാത്ത് നിൽക്കുമ്പോൾ കുറച്ചു മാറി അവളെയും നോക്കി അബു നിൽക്കുന്നത് അവൾ കണ്ടെങ്കിലും കാണാത്ത പോലെ നിന്നു..

‘ബസ് വന്ന് അവൾ അതിൽ കയറാൻ നേരം അബുവിന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു..

‘അബുവിന്റെ മനസ്സിലപ്പോൾ ഒരായിരം വെടി മരുന്നുകൾ ഒന്നിച്ചു പൊട്ടിയ പോലത്തെ സന്തോഷമായിരുന്നു..

‘പിറ്റേന്ന് അസ്ന അബുവിനോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു ഉച്ചക്ക് പറയാമെന്നും..

‘അബു ആകാംക്ഷയോടെ ഇരുന്നു…

‘ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ അവൾ പറഞ്ഞു..
താനൊരു അനാഥ ആണെന്നും അനാഥ മന്ദിരത്തിൽ നിന്നാണ് പഠിച്ചതും ജോലി നേടിയതും ജോലിക്ക് വരുന്നതും അവിടെ നിന്നാണെന്നും..

‘അവൾ അത് പറഞ്ഞതിന് ശേഷം അബുവിന്റെ മുഖ ത്തേക്ക് നോക്കി..

‘എനിക്കും ഇഷ്ടമാണ് എന്ന് അവൾ തിരിച്ചും പറയും എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അബു..

‘ഇങ്ങനെയൊരു മറുപടി അബുവിന്റെ വിദൂര ചിന്തകളിൽ പോലും ഉണ്ടായിരുന്നില്ല..

‘അവന്റെ മുഖം ആകെ വല്ലാതായി..
അവനെന്ത് പറയണം എന്ന് അറിയാതെ വാക്കുകൾ പരതി..

‘അതിനിടയിൽ അവൾ ഭക്ഷണം കഴിച്ചു എഴുന്നേറ്റ് പോയി…

‘അബുവിന്റെ മനസ്സിലൂടെ പല ചിന്തകളും കണക്ക് കൂട്ടലുകളും കടന്ന് പോയി എല്ലാ ചിന്തകൾക്കും അവസാനം ചെന്നെത്തുന്നത് ചിരിച്ചു നിൽക്കുന്ന അസ്നയുടെ മുഖത്തും…

‘അബു ഭക്ഷണം കഴിച്ചു ചെല്ലുമ്പോൾ അസ്ന മുഖത്ത് നോക്കി ഒന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല..

‘അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി…

‘പിറ്റേന്ന് ഭക്ഷണത്തിന്റെ സമയത്ത് ഒരുമിച്ചിരിക്കുമ്പോൾ അവൾ ചിരിച്ചു ചോദിച്ചു…

‘അനാഥയാണെന്നു കേട്ടപ്പോൾ പ്രേമമെല്ലാം ഉരുകി പോയോ..?

‘മുത്ത്പൊഴിയുന്ന പോലെ ചിരിക്കുന്ന അവളുടെ മുഖത്തേക്ക്
കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുകയായിരുന്നു അബുവപ്പോൾ…

‘ഉരുകി പോയിട്ടൊന്നുമില്ല ഇന്നലെ നീ അത് പറഞ്ഞപ്പോൾ ഒരു ഷോക്കായി എന്നുള്ളത് നേരാണ് പക്ഷേ നിന്നെ എനിക്കിഷ്ടമാണ്…

‘അബു വീണ്ടും മുഖത്ത് നോക്കി അങ്ങനെ പറഞ്ഞപ്പോൾ അവൾ പുറത്തേക്ക് മുഖംതിരിച്ചിരുന്നു..

‘അബു അവളുടെ കൈയ്യിൽ ഒന്ന് തട്ടിയപ്പോൾ അവൾ അബുവിനെ ഒന്ന് നോക്കി..

‘അപ്പോൾ അബു കണ്ടു കട്ടി കണ്ണടയുടെ അടിയിൽ കൂടി വരുന്ന രണ്ട് കണ്ണ് നീർ ചാലുകൾ…

‘നീ എന്തിനാ ഇപ്പൊ കരഞ്ഞെ എന്ന് ചോദിച് അബു എണീറ്റ് അടുത്ത് ചെന്നപ്പോഴേക്കും അവൾ അവിടെ നിന്നും എണീറ്റ് പോയി..

‘അബു അവളുടെ ഒപ്പം ചെന്ന് കൈ പിടിച്ചെങ്കിലും pleas leave me alone… എന്നവൾ പറഞ്ഞപ്പോൾ അബു പതിയെ അവളുടെ കൈ വിട്ടു..

‘ദിവസങ്ങൾ കടന്നു പോയി ഓഫീസിൽ അസ്ന പഴയ പോലെ മുന്നോട്ട് പോയെങ്കിൽ അബുവിന്റെ ചില ചോദ്യങ്ങളിൽ നിന്നെല്ലാം മനപൂർവം അവൾ ഒഴിഞ്ഞു മാറി…

‘അബുവിന്റെ മനസ്സിൽ അവളോടുള്ള പ്രണയത്തിന്റെ തീവ്രത കൂടി കൂടി വരികയായിരുന്നു ഒപ്പം ചെറിയ രീതിയിൽ ഒരു ദേഷ്യവും താനിത്ര ആത്മാർത്ഥമായി അവളെ സ്നേഹിച്ചിട്ടും അവൾ തന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നു…

‘അവളുടെ ഒഴിഞ്ഞു മാറൽ എന്തിനാണെന്ന് അബുവിന് ഒരു പിടുത്തവും കിട്ടിയില്ല അവൾ പറഞ്ഞതുമില്ല..

‘അങ്ങനെയിരിക്കെയാണ് കമ്പനിയുടെ സിൽവർ ജൂബിലി ആഘോഷം വരുന്നത്…

‘അതിന്റെ ഭാഗമായി സ്റ്റാഫുകൾക്ക് മാത്രമായി ഒരു പാർട്ടിയും..

‘മറ്റ് സ്ഥാപനങ്ങളിൽ നിന്നും കൂടി ആയിരത്തോളം സ്റ്റാഫുകൾ..

‘മദ്യവും വെള്ളവും ഭക്ഷണവും ആട്ടവും പാട്ടും ഒക്കെയായി ആഘോഷിക്കാൻ എല്ലാം ഒരുക്കി മുതലാളിമാർ..

‘അസ്ന പതിവ് പോലെ എല്ലാത്തിൽ നിന്നും മാറി ഒരു ഭാഗത്ത് ഇരുന്നു..

‘അബു അവളുടെ അടുത്ത് പോയിരുന്നു..
കൂട്ടുകാരുടെ കൂടെ ചെറിയ രീതിയിൽ ഒന്ന് മിനുങ്ങാനും ആടാനും പാടാനും അബുവിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അവളുടെ കൂടി ഇരിക്കാൻ വേണ്ടി ആ ആഗ്രഹമെല്ലാം അബു ഉപേക്ഷിച്ചു..

‘താത്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ കൂട്ടുകാർ നിന്ന് പാട്ടു പാടുന്നുണ്ട്…

‘അതിനിടയിൽ അടുത്തതായി നമ്മുടെ ഭാവ ഗായകൻ അബു ഒരു പാട്ട് പാടുന്നതാണെന്ന് ഒരുത്തൻ മൈക്കിൽ വിളിച്ചു പറഞ്ഞു..

‘അധികം വൈകിയില്ല അജിത്തും മറ്റ് കൂട്ടുകാരും കൂടി അബുവിനെ സ്റ്റേജിലേക്ക് കൂട്ടി കൊണ്ട് പോയി…

‘മൈക്ക് കൈയിലെടുത്ത് അബു പാടി…
സദസ്സിലിരിക്കുന്ന തന്റെ പ്രണയിനിയെ നോക്കി കൊണ്ട്…

‘ഒളിച്ചിരിക്കാം വള്ളികുടിലൊന്നുയർത്തി വെച്ചിരുന്നേൽ..

‘തനിച്ചിരിക്കാം കഥ പറയാൻ കിളിമകൾ വന്നില്ലേ ……

‘അബു പാട്ട് പാടി കഴിഞ്ഞപ്പോൾ പലരും സ്റ്റേജിൽ കയറി അഭിനന്ദിച്ചു..അതിൽ മാനേജറും ഉണ്ടായിരുന്നു അവർ അബുവിന്റെ തോളിൽ പതിയെ തട്ടി…
അസ്നയുടെ അടുത്തെത്തിയപ്പോൾ അവൾ അവന് കൈ കൊടുത്ത് അഭിനന്ദനം അറിയിച്ചു…

‘വൈകീട്ട് ഒരാറ് മണി ആയപ്പോൾ തന്നെ അസ്ന പോകാൻ നോക്കിയപ്പോൾ എല്ലാവരും എതിർത്തു വേറെയും ലേഡീസ് സ്റ്റാഫുകൾ ഉണ്ടല്ലോ എല്ലാവരെയും കമ്പനി വാഹനത്തിൽ വീടുകളിൽ എത്തിക്കുന്നതായിരിക്കും എന്ന് മുതലാളിമാരിൽ ഒരാൾ തന്നെ പറഞ്ഞു…

‘മുതലാളി പറഞ്ഞിട്ടും പോകുന്നതെങ്ങനെ എന്ന വിഷമത്തിലായി അസ്ന..
അവൾ മുള്ളിന്മേൽ ഇരിക്കുന്നപോലെയാണ് പിന്നെ കസേരയിൽ ഇരുന്നത്..

‘സമയം അങ്ങനെ കടന്നു പോയി ആഘോഷങ്ങളും സ്റ്റാഫുകളെ ഓരോ ട്രിപ്പായി കൊണ്ട് വിടാൻ ആരംഭിച്ചിരുന്നു..

‘കൂട്ടുകാരന്റെ കാറിന്റെ ചാവി വാങ്ങി അബുവും അസ്നയെയും മറ്റ് രണ്ട് മൂന്നു പേരെയും കയറ്റി യാത്ര തിരിച്ചു..

‘ഓരോരുത്തരായി ഇറങ്ങി അവസാനം അബുവും അസ്നയും മാത്രമായി..
അബു ഓരോ വർത്തമാനങ്ങൾ പറഞ്ഞിരുന്നെങ്കിലും തല വേദനിക്കുന്നുണ്ടെന്നു പറഞ് അവൾ മിണ്ടാതിരുന്നു..

‘കുറച്ചു ദൂരം കൂടി മുന്നോട്ട് പോയി ഒരു വലിയ വീടിന്റെ മുന്നിൽ വണ്ടി നിർത്താൻ പറഞ് അവൾ ഇറങ്ങി…

‘അബു അത്ഭുതപ്പെട്ടു..
അനാഥമന്ദിരത്തിൽ ആണെന്ന് പറഞ്ഞിട്ട് ഇവിടെ..?

‘അവൾ ശരി എന്നും പറഞ് ആ വീട്ടിലേക്ക് നടന്നു…

‘അബു പോകാതെ അവിടെ തന്നെ നിന്നു..

‘അവൾ കാളിംഗ് ബെൽ അടിച്ചു കാത്ത് നിൽക്കുകയാണ്..
ഒരു മാധ്യവയസ്ക വന്നു വാതിൽ തുറന്നു..

‘തളളയെ പോലെ മകളും ഒരുത്തന്റെ കൂടെ പോയോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞങ്ങൾ ..
റോട്ടിൽ നിൽക്കുന്ന അബു ഞെട്ടിപ്പോയി ഡോർ തുറന്ന സ്ത്രീയുടെ വാക്കുകൾ കേട്ടപ്പോൾ ..
അസ്ന ഒന്നും മിണ്ടാതെ അകത്തേക്ക് പോയപ്പോൾ അബു പതിയെ വണ്ടിയിൽ കയറി ഇരുന്നു..

‘അവന് താൻ ഒരു ഭാരമില്ലാതെ പറക്കുന്നത് പോലെ തോന്നി അപ്പോൾ
വീട്ടിൽ എത്തിയിട്ടും അവന്റെ ഉള്ളിൽ കയറിയ അങ്കലാപ്പ് വിട്ടൊഴിഞ്ഞില്ല…

‘കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അബുവിന് ഉറക്കം കിട്ടിയില്ല

‘ഒരു സ്ത്രീ ചെരിഞ്ഞ ആക്ഷേപങ്ങൾക്കു നടവിലൂടെ തലതാഴ്ത്തി പോയ അസ്ന അവന്റെ ഹൃദയത്തെ വീണ്ടും വീണ്ടും കുത്തി നോവിച്ചു…

‘നാളെ എല്ലാം അവളിൽ നിന്നറിയണം എന്ന ദൃഢ നിശ്ചയത്തോടെ അബു കണ്ണുകളടച്ചു…

‘പിറ്റേന്ന് ഓഫിസിൽ ഒരു ഭാവ വ്യത്യാസവുമില്ലാതെ അവൾ ജോലിയിൽ മുഴുകി..

‘അവൾ തന്നെ പറയട്ടെ എന്ന് കരുതി അബു ഒന്നും മിണ്ടിയില്ല അവന് ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടിയിരുന്നു..

‘പതിവുപോലെ ലഞ്ച് സമയത്ത് അബു അവളോട് ചോദിച്ചു..

‘ഏതാണ് ആ വീട്..
ആരാണ് ആ സ്ത്രീ..
അനാഥമന്ദിരത്തിൽ ആണെന്ന് പറഞ്ഞത് എന്തിന്..

‘അബുവിന്റെ ചോദ്യങ്ങൾ കുറച്ചു ദേഷ്യത്തിൽ ആയിരുന്നു…

‘കുറച്ചു നേരം മിണ്ടാതിരുന്ന് അവൾ പറഞ്ഞു…

‘എന്റെ സ്വകാര്യ കാര്യങ്ങൾ ഞാൻ ആരോടും പറയാറില്ല…
അതെന്റെ മാത്രം കാര്യമാണ്..

‘അവസാന വാക്കുകൾ പറയുമ്പോൾ അവളുടെ ശബ്ദം ഒന്ന് ഇടറി…

‘അബു ഒന്നും മിണ്ടിയില്ല എല്ലാവരും ഭക്ഷണം കഴിച്ചു പോയിരുന്നു അവർ വിശ്രമ മുറിയിൽ ഇരുന്ന് ഇന്നലത്തെ കാര്യങ്ങൾ പറഞ് പൊട്ടിച്ചിരിക്കുന്നത് കേൾക്കാമായിരുന്നു…

‘അസ്നയും കൈ കഴുകി പോകാൻ നേരം അബു അവളുടെ കൈയ്യിൽ പിടിച് അവളെ തന്നോട് ചേർത്ത് പിടിച്ചു ഒരു കൈ കൊണ്ട് അവളുടെ കണ്ണട ഊരി എടുത്തു..

‘അബുവിന്റെ കൈ ക്കുള്ളിൽ പെട്ട് അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി…

‘അബു അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു..

‘അവൾ കരയുകയായിരുന്നു..
എന്നോട് പറയ് നിന്റെ വിഷമങ്ങളെല്ലാം ഇനി എന്നോട് ഒന്നും ഒളിക്കരുത്..
പറഞ്ഞാലേ ഞാനീ പിടുത്തം വിടൂ..

‘എന്നെ വിടൂ..
ഞാൻ പറയാം..
അബു അവളെ വിട്ടു..

‘അന്ന് രണ്ട് പേരും ഓഫിസിൽ നിന്ന് നേരത്തെയിറങ്ങി..

‘അടുത്തുള്ള പാർക്കിലേക്ക് നടന്നു..
അബു അവളെ ഒന്ന് നോക്കി ആ മുഖത്ത് പതിവില്ലാത്ത ഒരു ശാന്തത…

‘നടക്കുന്നിതിനിടയിൽ അവൾ പറഞ്ഞു തുടങ്ങി ഒരു പെണ്ണിനെ കാണുമ്പോൾ ആർക്കും ഒരാകർഷണം തോന്നാം..
അപ്പോൾ തന്നെ പ്രണയമാണെന്നും അവളോട് തുറന്നു പറയാനും ഉത്സാഹവും ഉണ്ടാവുകും അവൾ തിരിച്ചും ഇഷ്ടമാണെന്ന് പറയുകയും ചെയ്‌താൽ അത് ഒപ്പമുള്ളവരോട് പറയുകയും ആവേശം കൊള്ളുകയും ഒക്കെ ചെയ്യും…

പക്ഷേ ആ രസമൊക്കെ പെട്ടെന്ന് കഴിയും ചില പരുക്കൻ ജീവിതയാഥാർഥ്യങ്ങളെ കൺ മുന്നിൽ കാണേണ്ടി വരുമ്പോൾ…

‘അങ്ങനെ ഒരു സംഭവം കൂടി എന്റെ ജീവിതത്തിൽ ഉണ്ടായാൽ ഇപ്പോഴുള്ളത്തിൽ നിന്ന് ഒന്ന് കൂടി ഞാൻ ഉൾവലിയേണ്ടി വരും..
കാരണം നഷ്ടപ്പെടുന്നതെല്ലാം എനിക്ക് മാത്രമാകും…

‘അബുവിന് അന്ന് വരെ കണ്ട അസ്‌നയല്ല മുന്നിൽ നിൽക്കുന്നത് എന്ന് തോന്നി..

അസ്ന തുടർന്നു..

‘അബു ആദ്യമായി ഓഫിസിൽ വന്നപ്പോഴും പിന്നീട് നിന്റെ ഓരോ തമാശകളും കുസൃതികളും ഏതൊരു പെണ്ണിനേയും പോലെ ഞാനും ഇഷ്ടപ്പെടുന്നുണ്ടായിരുന്നു
പിന്നീട് നീ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴും ഞാൻ എത്ര സന്തോഷിചെന്നോ…

‘പക്ഷേ എന്റെ അവസ്ഥകൾ എന്റെ വിഷമങ്ങൾ എല്ലാം എന്നെ ഒരു അന്തർമുഖയായിരിക്കാൻ എന്നെ പ്രേരിപ്പിച്ചു..

‘അത് കൊണ്ട് എനിക്ക് ഇത്രയേ പറയാനുള്ളു..
അബുവിന് പറ്റിയ പെണ്ണല്ല ഞാൻ ഒരിക്കലും നമുക്ക് നല്ല സുഹൃത്തുക്കളായി തന്നെ മുന്നോട്ടു പോകാം..

‘അബു എന്തെങ്കിലും പറയാൻ തുടങ്ങുമ്പോഴേക്കും അസ്ന ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു കഴിഞ്ഞിരുന്നു…

‘അബു അവൾ പോകുന്നതും നോക്കി അങ്ങനെ നിന്നു…

‘പിറ്റേന്ന് അബു ഓഫിസിൽ പോയില്ല രാവിലെ തന്നെ കുളിച്ചു റെഡിയായി ബൈക്കുമെടുത്തു യാത്ര തിരിച്ചു…

‘അന്ന് അസ്നയെ കൊണ്ട് വിട്ട വീടിനെ ലക്ഷ്യമാക്കി കൊണ്ട്….

‘അബു അവിടങ്ങളിൽ ഒന്ന് ചുറ്റി കറങ്ങി..
അസ്നയുടെ വീടിന്റെ അടുത്ത് നിന്നും കുറച്ചു മാറി ഒരു റൈസ് മില്ലിന്റെ അടുത്ത് വണ്ടി നിർത്തി…

‘അവിടെ ഇരുന്ന തന്റെ പ്രായമുള്ള ഒരു ചെറുപ്പകാരനോട് അബു ചോദിച്ചു അസ്നയെ കുറിച്ച് ആ വീടിനെ കുറിച്ചും..

‘ആദ്യം പറയാൻ വിസമ്മതിച്ചെങ്കിലും എന്റെ കൂട്ടുകാരൻ കെട്ടാൻ പോകുന്ന പെണ്ണാണ് താൻ അന്വേഷിക്കാൻ വന്നതാണെന്നും പറഞ്ഞപ്പോൾ അവൻ പറഞ്ഞു തന്നു…

‘അസ്നയുടെ ഉപ്പ ചെറുപ്പത്തിൽ മരിച്ചതും അമ്മാവന്മാർ സംരക്ഷിച്ചതും ഉമ്മ വേറെ ഒരാളുടെ കൂടെ പോയതും ലഹരിക്ക് അടിമയായ തന്റെ മകനെ കൊണ്ട് അവളെ കെട്ടിക്കാൻഅമ്മാവൻ തീരുമാനിച്ചെങ്കിലും അസ്ന സമ്മതിക്കാത്തത് കൊണ്ട്
അവളുടെ കല്യാണം നടക്കാത്തതും അങ്ങനെ നീറുന്ന പല സത്യങ്ങളും പലരിൽ നിന്നായി അബു അറിഞ്ഞു..

‘അബുവിന് അവളോടുള്ള ഇഷ്ടം കൂടി വന്നു..
തന്റെ ജീവിത ദുരന്തങ്ങൾ അറിയുന്ന ആരും തന്നെ വേൾക്കില്ല എന്നറിഞ്ഞാവും ഒരു പരുക്കൻ മൂടുപടം അവൾ മനഃപൂർവം എടുത്തണിഞ്ഞത്…

‘പിറ്റേന്ന് ഓഫിസിലെ ഒഴിവ് സമയത്ത് അബു അസ്നയോട് പറഞ്ഞു..

‘ഭൂമിയിൽ അബുവിന് ഒരു പെണ്ണുണ്ടെങ്കിൽ അത് നീ ആയിരിക്കും… നീ മാത്രം..

‘ദിവസങ്ങൾ കടന്നു പോയി..

ഒരു ഞാറാഴ്ച ദിവസം അസ്നയുടെ വീട്ടിലേക്ക് കുറച്ചു കാറുകൾ കയറി വന്നു..

‘അബുവും അബുവിന്റെ കുറച്ചു കൂട്ടുകാരും ഉപ്പയുംഉമ്മയും അബുവിന്റെ മുതലാളിമാരിൽ
ഒരാളും ആ നാട്ടിലെ പള്ളി കമ്മറ്റി പ്രസിഡണ്ടും എല്ലാം ആ സംഘത്തിൽ ഉണ്ടായിരുന്നു…

‘പള്ളി പ്രസിഡണ്ടാണ് അസ്നയുടെ അമ്മാവനോട് വന്ന വിവരം ധരിപ്പിച്ചത്..

‘അയാൾക്ക് മറുത്തൊന്നും പറയാൻ കഴിയുമായിരുന്നില്ല..

‘അസ്നയോട് ചോദിക്കാൻ പറഞ് അയാൾ തടിയൂരി..

‘അന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ചുവന്ന പോലുള്ള മുഖവും നിറഞ്ഞ കണ്ണുകളുമായി അസ്ന അവരുടെ ഇടയിലേക്ക് വന്നു…

‘ആത്മാഭിമാനത്താൽ തല ഉയർത്തി പിടിച് അവൾ തന്റെ രക്ഷകനെ ഒന്ന് നോക്കി…

‘എനിക്കിഷ്ടമാണ്……!

‘അവളുടെ മറുപടി പലവട്ടം അബുവിന്റെ ചെവിയിൽ വന്നലച്ചു…

‘അബുവിന്റെ ഉമ്മ എണീറ്റ് ഒരു bangle എടുത്ത് അവളുടെ കൈയ്യിൽ അണിഞ്ഞു…

‘കൂടി നിന്നവരെല്ലാം ഹർഷാരവം മുഴക്കി..

‘അസ്നയുടെ അമ്മാവനും ഭാര്യയും ആ ചുറ്റുവെട്ടത്ത് ഉണ്ടായില്ല…

‘അബു ഏറ്റെടുത്തിരുന്നു എല്ലാം കൃത്യമായ പ്ലാനിങ്ങോടെ ആർക്കും എതിർക്കാൻ പഴുതുകളില്ലാതെ അബു അങ്ങനെ നിറഞ്ഞു നിന്നു ആ സദസ്സിലും അസ്നയുടെ മനസ്സിലും….

‘അന്ന് തന്നെ കല്യാണത്തിന് ഒരു ദിവസം നിശ്ചയിച്ചിട്ടാണ് അവരവിടെ നിന്നിറങ്ങിയത്..

‘നിശ്ചയിച്ച ദിവസം ആരവങ്ങൾ ഒന്നുമില്ലാതെ അബു അവളെ നിക്കാഹ് ചെയ്ത വീട്ടിലേക്ക് കൊടുന്നു..

‘അന്ന് രാത്രിയിൽ അബുവിന്റെ കരവലയത്തിനുള്ളിൽ അവൾ സുരക്ഷിതയായി കിടക്കുബോൾ അബു അവളുടെ കാതിൽ പതിയെ ചോദിച്ചു…

‘നിനക്ക് ആൺകുട്ടിയെ ആണോ പെൺകുട്ടിയെ ആണോ ഇഷ്ടം എന്ന്…

‘അവൾ നാണം കൊണ്ട് മുഖം
പൊത്തി…
അബു അവളെ ഒന്ന് കൂടി മുറുകെ പിടിച്ചു….
സ്നേഹത്തോടെ Abdulla Melethil

 

Devika Rahul