ബിഹാറില്‍ 389 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച അണക്കെട്ട് ഉദ്ഘാടനത്തിന് 24 മണിക്കൂര്‍ മുമ്പ് തകര്‍ന്നു - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

ബിഹാറില്‍ 389 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച അണക്കെട്ട് ഉദ്ഘാടനത്തിന് 24 മണിക്കൂര്‍ മുമ്പ് തകര്‍ന്നു

ബിഹാറില്‍ 389 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച അണക്കെട്ട് ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യാനിരുന്നതിന്റെ 24 മണിക്കൂര്‍ മുമ്പാണ് ഡാം തകര്‍ന്നത്. ഉദ്ഘാടനത്തിന് മുമ്പായി ട്രയല്‍ റണ്‍ നടത്തുമ്പോഴായിരുന്നു സംഭവം.

ബിഹാറിലെയും അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിലെയും കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്ന ജലസേചന പദ്ധതിയായ ഗട്ടേസ്വര്‍ പാന്ത് കനാല്‍ പ്രോജക്ടാണ് ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നത്. അണക്കെട്ട് തകര്‍ന്നതിനെത്തുടര്‍ന്ന് കഹല്‍ഗോണും സമീപ പ്രദേശങ്ങളും വെള്ളക്കെട്ടിലായി. ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ സിംഗും, ഭഗല്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ്, എസ് പി എന്നിവര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് സംഭവസ്ഥലത്തുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അണക്കെട്ട് ഉദ്ഘാടനം സംബന്ധിച്ച് ഇന്നത്തെ പത്രങ്ങളിലും സര്‍ക്കാര്‍ പരസ്യം നല്‍കിയിരുന്നു. ജലവിഭവ മന്ത്രി രാജീവ് രഞ്ജന്‍ ലല്ലന്‍, എംഎല്‍എ സദാനന്ദസിംഗ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കുമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു.

ബിഹാറിലെ 22816 ഹെക്ടര്‍ കൃഷിയിടത്തിനും, ജാര്‍ഖണ്ഡിലെ 4887 ഹെക്ടറിനും ജലസേചനത്തിന് വെള്ളം ലഭിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കിയത്. 1977 ല്‍ പദ്ധതിയ്ക്ക് ആസൂത്രണ കമ്മീഷന്‍ അനുമതി നല്‍കുമ്പോള്‍ ചെലവ് 13.88 കോടിയായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ 2008 ല്‍ പദ്ധതിയ്ക്ക് പ്രാരംഭ ഭരണാനുമതി നല്‍കുമ്പോള്‍, പദ്ധതി ചെലവ് 389.31 കോടിയായി ഉയരുകയായിരുന്നു.

അണക്കെട്ട് നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയാണ് നടന്നതെന്നും, പദ്ധതി നിര്‍മ്മാണത്തിലെ ക്രമക്കേടാണ് ഡാം തകരാന്‍ കാരണമെന്നും പ്രതിപക്ഷമായ ആര്‍ജെഡി ആരോപിച്ചു. ഡാം തകര്‍ന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ജലവിഭവ മന്ത്രി രാജീവ് രഞ്ജന്‍ ലല്ലന്റെയും കോലം ആര്‍ജെഡി പ്രവര്‍ത്തകര്‍ കത്തിച്ചു.

Join Our WhatsApp Group

Trending

To Top
Don`t copy text!