Malayalam Article

ഭദ്ര ഭാഗം 1

“അവൻ ഇവിടെ കുറച്ചീസം നിക്കട്ടെ അമ്മേ….. ആ പെണ്ണ് മരിച്ചതിനു ശേഷം ആകെ സമനില തെറ്റിയത് പോലെയാ പെരുമാറ്റം. അധികം മിണ്ടാട്ടന്നൂല്യ. ഇവിടെ നിന്നാൽ അതൊക്കെയങ്ങു മാറും.പിന്നെ ഉത്സവമൊക്കെ അല്ലെ വരുന്നേ അപ്പോളേക്കും ഞങ്ങളും വരാം…
എന്നാൽ പിന്നെ ഞങ്ങളിറങ്ങുവാ ”

‘വിഷ്ണു…… ദേ അച്ഛനും അമ്മേം ഇറങ്ങുവാന്ന് ‘ സുഭദ്രാമ്മ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. വിഷ്ണു പക്ഷേ പുറത്തേക്കിറങ്ങി വന്നില്ല.
‘അവനോടു ഞാൻ പറഞ്ഞോളാം. നിങ്ങള് നേരം വൈകിക്കേണ്ട ഒരുപാട് ദൂരം പോവാനുള്ളതല്ലേ ‘
“എന്നാൽ ശരി അമ്മേ. പോയി വരാം ” ആ കാർ ഗേറ്റ് കടന്നു പോവുന്നത് അറിഞ്ഞെന്നോണം വിഷ്ണു താഴേക്ക് ഇറങ്ങി വന്നു.

‘ന്താ ന്റെ കുട്ടിക്ക് പറ്റ്യേ. എങ്ങനെ നടന്ന കുട്ട്യാ നീയ്യ്. ഇപ്പോ മിണ്ടാട്ടം കൂടിയില്ല്യ. ‘ അവർ അവന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു.
അവൻ ഒന്നും മിണ്ടിയില്ല. ‘ഭഗവതീ….. ന്റെ ഉണ്ണീനെ കാത്തോളണേ ‘ മുകളിലേക്ക് നോക്കി ഭഗവതിയോടെന്നോണം പറഞ്ഞു അവർ അവനെ നോക്കി ഒന്ന് നെടുവീർപ്പിട്ടു.

“അല്ല സുഭദ്രാമ്മേ, വിഷ്ണു വന്നിട്ടുണ്ടെന്ന് കേട്ടൂലോ. എന്നിട്ട് ആളെ പുറത്തേക്കൊന്നും കണ്ടില്ല്യ ” പടിപ്പുര കടന്നു വന്ന് മാധവൻ ചോദിച്ചു.
‘എന്റെ മാധവാ അവനിന്നലെ വന്നേ ഉളളൂ. പുറത്തോട്ടൊക്കെ ഇറങ്ങാൻ അവന് ഈ നാടത്ര പരിചയം പോരാലോ ‘
“അതാപ്പോ കാര്യം. ഞാനുണ്ടല്ലോ ഇവിടെ. നീ വാ മോനേ, നമ്മുക്ക് ആദ്യം തന്നെ അമ്പലക്കുളത്തിൽ പോയി ഒരു കുളി അങ്ങു പാസ്സാക്കി കളയാം ” അയാൾ വിഷ്ണുവിനോടായി പറഞ്ഞു.

ഇല്ലത്തെ കാര്യസ്ഥന്റെ മൂത്ത മകൻ ‘മാധവൻ’… ഇല്ലത്തു എന്ത് കാര്യത്തിനും ഓടിയെത്താൻ അവനെ ഉള്ളു എന്ന് സുഭദ്രാമ്മ അമ്മയോട് പറയുന്നത് വിഷ്ണു കേട്ടിരുന്നു
‘ചെല്ല് മോനേ ‘ സുഭദ്രാമ്മയും പിൻതാങ്ങി.
മനസ്സില്ലാമനസ്സോടെ അവൻ അയാളോടൊപ്പം തോർത്തുമുണ്ടും എടുത്ത് ഇറങ്ങി
പണ്ട് താൻ പിച്ചവെച്ചു നടന്ന വഴികളൊക്കെ ഒരു ഗൃഹാതുരത്വത്തോടെ അവൻ വീണ്ടും അറിഞ്ഞു
വയൽ വരമ്പിലൂടെ അവൻ മാധവന്റെ കൂടെ നാട്ടുവിശേഷങ്ങൾ കേട്ട് നടന്നു. തന്റെ ഉള്ളിൽ നീറുന്ന നെരിപ്പോടിനെ ഒരു ക്ഷണ മാത്രയ്ക്ക് മറന്നെന്ന പോലെ…

“വിഷ്ണു ഇനി കുറച്ചീസം ഇല്ലത്തു കാണൂലേ? ”
‘ങും ‘ അവനൊന്നു മൂളുക മാത്രം ചെയ്തു.
അവർ തമ്മിലുള്ള മൗനത്തെ ഭംഗിക്കേണമെന്നോണം മാധവൻ ഒന്നുടെ പറഞ്ഞു : “അപ്പോ ഉത്സവം നമ്മുക്ക് ഉഷാറാക്കാം. ഇത്തവണ ഗംഭീരമാണെന്നാ കേൾക്കണേ. എല്ലാറ്റിനും നീയും കൂടെ ഉണ്ടാവണംട്ടോ ”
മൗനം മാത്രമായിരുന്നു ഉത്തരം…

പാടവറമ്പത്തു നിന്ന് നോക്കിയാൽ കാണാം അങ്ങ് ദൂരെ തേവരുടെ അമ്പലക്കുളം. പണ്ട് താനും കൂട്ടുകാരും നീന്താൻ പഠിച്ചതും,പാടത്തൂടെ ചേറിൽ കളിച്ചതും, മാവിൻമുകളിൽ കേറി കുളത്തിലേക്ക് ചാടിയതുമെല്ലാം അവന്റെ മനസിലേക്ക് ഒരു നിമിഷം മിന്നിമറഞ്ഞു…
“വേഗം നടക്ക ഉണ്ണിയെ… സന്ധ്യ ആവാറായി ” മാധവൻ നടത്തത്തിന്റെ വേഗത കൂട്ടി
നീണ്ടു കിടക്കുന്ന കണ്ണെത്താ ദൂരത്തേക്ക് നോക്കി എന്തോ പിറുപിറുത്തുകൊണ്ട് മാധവൻ വീണ്ടും നടന്നു…

തേവരുടെ കുളം… നല്ല ആഴമുണ്ടെന്നു എല്ലാരും പറയും… ആ കുളത്തിന്റെ ഉള്ളിൽ നിധിയുണ്ടത്രേ! ഇതുവരെ അത് വറ്റിക്കാൻ ശ്രമിച്ചിട്ടും നടന്നിട്ടില്ല എന്നൊക്കെയാണ് കരക്കമ്പി…
അമ്പലകുളത്തിലിറങ്ങി ഒന്ന് മുങ്ങി കുളിച്ചപ്പോൾ അവനു വല്ലാത്തൊരു ഉന്മേഷം തോന്നി. തന്നിൽനിന്നും എന്തൊക്കെയോ ഒഴുകി പോയെന്ന പോലെ അവനു തോന്നി….
അവൻ പെട്ടന്ന് കുളിച്ചുകയറി കുളത്തിനു ചുറ്റുപാടുമൊന്ന് നിരീക്ഷിച്ചു. മാധവൻ അപ്പോളും കുളത്തിൽ നീന്തുകയായിരുന്നു.

പെട്ടന്ന് വിഷ്ണു ഒരു പെൺകുട്ടിയുടെ ചിരി കേട്ടു ചുറ്റും നോക്കി. പക്ഷേ ആ പരിസരത്തെങ്ങും ആരുമുണ്ടായിരുന്നില്ല. വീണ്ടും അതേ ശബ്ദം കേട്ടപ്പോൾ അവൻ ശബ്ദത്തിന്റെ ശ്രോതസ്സു തേടി നടന്നു.
ശബ്ദം അകന്നു പോവുന്നത് അവനു മനസ്സിലായി…കുളത്തിനെതിർവശമുള്ള കാടുപിടിച്ച വഴിയിലൂടെ അവൻ നടന്നു. ഇപ്പോൾ ആ ചിരിയുടെ ശബ്ദം കുറച്ചൂടെ വ്യക്തമായി കേൾക്കാനായി. അവൻ ചുറ്റും നോക്കി. ഇല്ല ആരുമില്ല..ഇനി തനിക്കു തോനിയതാണോ? വഴിയുടെ ഇരുവശങ്ങളിലും ആരോ നട്ടുപിടിപ്പിച്ചതു പോലെ ചെടികൾ വരിവരിയായി വളർന്നിരുന്നു. ഒരു ചെടിയിൽ തന്നെ വിവിധ വര്ണങ്ങളുള്ള പൂക്കൾ അവനിൽ കൗതുകമുണർത്തി. എന്തോ ഒരു കാന്തിക ശക്തി തന്നെ അടുപ്പിക്കുന്നെന്നോണം അവൻ നടന്നു… എങ്ങോട്ടെന്നില്ലാതെ

മുന്നോട്ട് നടക്കുന്തോറും ഇരുട്ട് വീഴും പോലെ. ഇടതൂർന്നു നിൽക്കുന്ന ചെടികളുടെ അപ്പുറം വെളിച്ചത്തെ മറയ്ക്കാൻ മാത്രം വലിപ്പമുള്ള മരങ്ങൾ ഉണ്ടായിരുന്നു. കാലങ്ങളായി ആരും ആ വഴി പോയതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ അവശേഷിപ്പിക്കാത്ത ഒരു നിഗൂഢമായ വഴി…ഇരുട്ടിന്റെ ആക്കം കൂടി വഴി മറിഞ്ഞപ്പോൾ വിഷ്ണു തന്റെ മൊബൈൽ ഫോൺ എടുത്തു ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു നടന്നു… താന്നെന്തിനാണ് നടക്കുന്നത്… ഈ വഴി എങ്ങോട്ടാണ് എന്നൊന്നും ഓർക്കാതെ അവൻ ആ ചിരിയുടെ ശബ്ദത്തിനായ് കാതോർത്തു നിന്നു. പക്ഷേ പിന്നീട് അവനു ആ ശബ്ദം കേൾക്കാനായില്ല. അവൻ വീണ്ടും മുന്നോട്ട് നടക്കാനെന്നോണം കാലു വെച്ചപ്പോൾ അങ്ങകലെ നിന്നൊരു ശബ്ദം…

“വിഷ്ണു….. ” ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.
” നീയിതെങ്ങോട്ടാ ഈ പോകുന്നേ?, “മാധവൻ വെപ്രാളപ്പെട്ട് അവന്റെ കയ്യും പിടിച്ചു വന്ന വഴി മുഴുവൻ ഓടി കുളത്തിനരികെ എത്തി…
അയാൾ കിതച്ചുകൊണ്ട് നിന്നു. കിതപ്പ് മറച്ചുകൊണ്ട് അവൻ അയാളോട് ചോദിച്ചു : ‘എന്താ…. എന്തിനാ ഓടിയത് ‘
“അവിടേക്ക് പോകാൻ പാടില്ല. അത് യക്ഷിക്കാവാണ് ” തെല്ലു ഭീതിയോടെ മാധവൻ പറഞ് അവസാനിപ്പിച്ചു

‘ങേ. യക്ഷിക്കാവോ? ‘ പണ്ട് സിനിമകളിലൊക്കെ കേട്ട് തഴമ്പിച്ച സ്ഥലപ്പേരു പോലെ തോന്നി അവനു
“അതേ അവിടേക്ക് ആരും പോകാറില്ല. അതോണ്ടല്ലേ ആ വഴിയൊക്കെ കാട് പിടിച്ചു കിടക്കണത്” മാധവൻ കൂട്ടിച്ചേർത്തു
‘അതെന്താ പോയാൽ? ‘ ഒരിറ്റു സംശയം പോലുമില്ലാതെ അവൻ ചോദിച്ചു
“യക്ഷി കൊല്ലും. എത്ര പേരെ കൊന്നിട്ടുണ്ടെന്ന് അറിയാമോ?. ഇനി ഇവിടെ നിക്കണ്ട വാ പോകാം ” അയാൾ അവന്റെ കയ്യും പിടിച്ചു വേഗത്തിൽ നടന്നു. കൂടുതലൊന്നും പറയാതെ…

സംശയങ്ങൾ ബാക്കി വെച്ചു അവൻ ആ കാവിലേക്ക് തിരിഞ്ഞു നോക്കി…… ഇല്ല ഇത് പണ്ടെങ്ങോ പാടിക്കേൾക്കുന്ന യക്ഷികഥകൾ പോലെ എന്തോ ഒന്ന്… പാടവരമ്പത്തു കൂടെ തിരിച്ചു നടക്കുമ്പോൾ ഒരിക്കൽക്കൂടി വ്യക്തമായി അവൻ കേട്ടു…. ആ ചിരി

(തുടരും… )

അപർണ

Trending

To Top
Don`t copy text!