Malayalam Article

മദ്യപിച്ച്‌ വീട്ടിൽ എത്തി വഴക്കിട്ട ഏട്ടനെ ഞാൻ തല്ലി, ഏട്ടൻ എന്നെയും… അന്ന് ആ വീടിന്റെ പടിയിറങ്ങിയ ഞാൻ പിന്നീട്‌ കേട്ടത്‌!

പിരിഞ്ഞിട്ട് ഇപ്പൊ 5 വര്‍ഷം ആയി. ഏട്ടനെ അതിന്‌ ശേഷം കണ്ടിട്ടില്ല. കാണണം എന്ന് ചിലപ്പോള്‍ ഒക്കെ തോന്നിയിട്ടുണ്ട്, പക്ഷേ അതിന്‌ പറ്റിയ സാഹചര്യം അല്ലായിരുന്നു. ഏട്ടനും എന്നെ കാണാന്‍ ശ്രമിക്കാതെ ഇരുന്നത് അതുകൊണ്ട് ഒക്കെ തന്നെ ആയിരിക്കും എന്ന് ഞാൻ വിശ്വസിച്ചു.

കല്യാണത്തിന് ശേഷം ആദ്യത്തെ 2 വര്‍ഷം ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരു കാലം ആയിരുന്നു. എപ്പോഴും കൊഞ്ചി ഏട്ടന്റെ പിന്നാലെ നടന്ന് ആ പാവത്തിനെ ശല്യപ്പെടുത്തും.

“തുടങ്ങി പെണ്ണിന്റെ കൊഞ്ചല്. ഒന്ന് അടങ്ങി ഇരിക്ക് എന്റെ പോന്നു.”

“ഏട്ടന്റെ അടുത്ത് അല്ലാതെ ഞാൻ ആരോടാ ഇങ്ങനെ കൊഞ്ചി നടക്ക?”

“ഈശ്വരാ, എനിക്ക് വയ്യാ ഇവളെ കൊണ്ട്‌.”

ഇടക്ക് എപ്പോഴോ തുടങ്ങിയ മദ്യപാനം. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം. പിന്നെ അങ്ങോട്ട് ഉള്ള കളിയും ചിരിയും ഒക്കെ കാര്യം ആയി. എന്ത് പറഞ്ഞാലും ദേഷ്യം. ചെവി പൊട്ടുന്ന വരെ ചീത്ത പറഞ്ഞ് കൊണ്ട്‌ ഇരിക്കും. പിന്നെ എനിക്കും ദേഷ്യം അടക്കാന്‍ പറ്റാതെ ആയി. അങ്ങനെ എന്നും വഴക്കും ബഹളവും ആയി കൊറേ കാലം നടന്നു.

കൊഞ്ചല്‍ ഒക്കെ നിർത്തി ഞാനും എന്റെ മാത്രം കാര്യം നോക്കി നടന്നു. ഏട്ടന്‍ ജോലി കഴിഞ്ഞ് വന്നാലും എന്നോട് മിണ്ടാതെ എവിടെയെങ്കിലും ചെന്ന് ഇരിക്കും. മിണ്ടിയാല്‍ പിന്നെയും വഴക്ക് ആവും എന്ന് ഞാനും ഒന്നിനും പോയില്ല. സത്യം പറഞ്ഞാല്‍ കുറച്ച് വാശി ഇല്ലാതില്ല. അങ്ങനെ തൊട്ടാല്‍ പൊട്ടുന്ന ബന്ധം കുറച്ച് കാലം കൂടി നീക്കി.

ഒരു ദിവസം എട്ടന്‍ നേരത്തെ വീട്ടില്‍ എത്തി. മദ്യപിച്ചിരുന്നു എനിക്ക് സംശയം തോന്നി. അലമാരിയില്‍ എന്തൊക്കെയോ അന്വേഷിക്കുന്നത് കണ്ട് ഞാൻ അങ്ങോട്ട് പോയി.

“എന്താ നോക്കുന്നത്? ഞാന്‍ എടുത്ത് തരാം.”

“എനിക്ക് അറിയാം എടുക്കാന്‍. നീ എന്തിനാ ഈ സാധനങ്ങൾ ഒക്കെ മാറ്റി വച്ചത്‌?”

എന്നും പറഞ്ഞ്‌ അവിടെ വച്ച എല്ലാ സാധനങ്ങളും തട്ടി മറിച്ച്‌ തുടങ്ങി.

“എന്ത് പ്രാന്താ ഏട്ടന്‍ കാണിക്കുന്നത്?” എന്ന് പറഞ്ഞ്‌ ഞാൻ തടുക്കാന്‍ പോയി.

 

പിന്നെയും സാധനങ്ങൾ താഴെ വലിച്ച് ഇട്ടു. ഇത് കണ്ട് എനിക്ക് ദേഷ്യം വന്നു. ഞാന്‍ ഏട്ടനെ തല്ലി. അതിന്റെ ദേഷ്യം ഏട്ടന്‍ എന്റെ കവിളില്‍ തീര്‍ത്തു. അന്ന് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ തീരുമാനിച്ചു ഇനി ഇങ്ങനെ ജീവിക്കാന്‍ എനിക്ക് പറ്റില്ല എന്ന്. പിരിയുന്നത് ആണ്‌ നല്ലത് എന്ന്. എന്റെ തീരുമാനം ഏട്ടനെ ഞെട്ടിച്ചു. വക്കീല്‍ അയച്ച നോട്ടീസ് ഏട്ടന്റെ കൈയിൽ എത്തിയ ദിവസം ഏട്ടന്‍ എന്നെ വിളിച്ചു.

“പോന്നു, എന്താ ഇത്? നമ്മക്ക് സന്തോഷായി ജീവിക്കാം ഇനി. ഞാൻ പഴയ ശീലങ്ങള്‍ ഒക്കെ മാറ്റാം. നീ ഒന്ന് ക്ഷമിക്ക്.”

“ഇനി എനിക്ക് പറ്റില്ല ഏട്ടാ. എനിക്ക് മതി ആയി.”

മറുപടി കേള്‍ക്കാത്ത ഞാൻ ഫോൺ വച്ചു. എല്ലാം ഒരു വാശി. പിന്നെ എപ്പോ വിളിച്ചാലും ഒഴിവാക്കി. കാല ക്രമേണ അത് കുറഞ്ഞു. പിന്നെ വിളി നിന്നു. കോടതി കാര്യങ്ങൾ കഴിഞ്ഞ് പിന്നെ ആളെ കണ്ടിട്ടും ഇല്ല. ബാംഗ്ലൂരില്‍ ആണെന്ന് ആരോ പറയുന്നത് കേട്ടു.

ഞങ്ങളുടെ എല്ലാ വിവാഹ വാര്‍ഷികത്തിനും ഒരു റോസാപ്പൂ എന്റെ വീട്ടില്‍ എത്തും. പേര്‌ ഇല്ലാത്ത ബാംഗ്ലൂർ വിലാസം ആയിരുന്നു, അത് ഏട്ടന്‍ ആണെന്ന് എനിക്ക് അറിയാമായിരുന്നു. ജീവിതം അങ്ങനെ മുന്നോട്ട് പോകുമ്പോ ഏട്ടന്റെ ഓര്‍മ്മകളുമായി ഞാൻ ജീവിച്ചു. ആ റോസാപ്പൂ മാത്രം കണ്ട് ഏട്ടനെ ഞാൻ മനസ്സിൽ അകലാതെ വച്ചു. കുറ്റബോധത്തിന്റെ കുഞ്ഞ് കുരുക്കള്‍ മനസ്സിൽ പൂവിട്ട് തുടങ്ങിയിട്ടും ഞാൻ പിടിച്ച് നിന്നു.

ഈ വര്‍ഷം അത് മുടങ്ങിയതോടെ മനസ്സിൽ ഒരു വേവലാതി. അന്വേഷിച്ച് പിടിച്ച് ബാംഗ്ലൂർ വിലാസം കിട്ടി. അവിടെയും അലഞ്ഞ് തിരിഞ്ഞു. കൂടെ താമസിച്ച കൂട്ടുകാരന്‍ ആ വാർത്ത അറിയിച്ചു. പോയിട്ട് ഇപ്പൊ 3 മാസമായി. മദ്യപാനം തന്നെ അവസാനം ജീവൻ എടുത്തു. സങ്കടം അടക്കാന്‍ ആവാതെ ഞാൻ പൊട്ടിക്കരഞ്ഞ് തിരിക്കാന്‍ ഇറങ്ങി.

“പൊന്നു വരും ഒരു ദിവസം എന്ന് അവന്‍ എന്നും പറയാറുണ്ടായി.”

“വൈകി. വരാൻ ഞാൻ ഒരുപാട് വൈകി.”

നമ്മക്ക് എല്ലാവർക്കും സമയം കുറവ് ആണ്‌. ഈ കൊച്ച് ജീവിത്തില്‍ വാശി കാട്ടി നടന്ന് ഞാൻ എന്ത് ലാഭിച്ചു? ഏട്ടന്റെ കൂടെ ആ നല്ല ഓര്‍മ്മകളുമായി ഇനിയും ഈ ജന്മം ബാക്കി.

ഏട്ടന്‍ എന്നോട് ക്ഷമിക്കണം.

രചന: രേവതി രാധാകൃഷ്ണൻ

Trending

To Top
Don`t copy text!