Malayalam Article

മുഹറം – ചോര കൊണ്ടൊരു വിലാപദിനം

മുഹറം – ചോര കൊണ്ടൊരു വിലാപദിനം

മുസ്ലീം കലണ്ടറായ ഹിജ്‌റ വർഷത്തിലെ ആദ്യമാസമായ മുഹറത്തിലെ പത്താമത്തെ ദിവസമാണ്‌ ഇന്ന്, (സെപ്റ്റമ്പർ 20, 2018). ‘മുഹറം 10’ അല്ലെങ്കിൽ ചുരുക്കത്തിൽ ‘മുഹറം’ എന്ന് അറിയപ്പെടുന്ന ഈ ദിവസം മത വിശ്വാസികൾക്കിടയിൽ ‘ആശുറാഹ്‌ ദിനം’ എന്ന് അറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള ഷിയാ മുസ്ലീങ്ങൾക്ക്‌ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിത്‌. മുഹറം മാസം ഒന്നു മുതൽ 10 വരെയാണ്‌ ദുഃഖാചരണ ദിവസങ്ങളായി ഷിയ വിശ്വാസികൾ ആചരിക്കുന്നത്‌. ഷിയ ഭൂരിപക്ഷ പ്രദേശങ്ങളിൽ ഘോഷയാത്രയും ശരീര പീഢയും ഈ ദിവസങ്ങളിൽ നടക്കുന്നു.

• മുഹറത്തിന്റെ പ്രാധാന്യം – സുന്നികളിൽ •

ഈജിപ്തിലെ ഫറോവയ്‌ക്കെതിരെ ഇസ്രായേലുകാർ നേടിയ വിജയമാണ്‌ ഈ ദിവസത്തിന്ന് ഇത്രയേറെ പ്രാധാന്യം വന്നതെന്നും മുസ്ലീങ്ങളിൽ ഒരു വിഭാഗം കരുതുന്നു‌. ഇസ്രയേൽ ജനതയെ ഈജിപ്‌തിലെ അടിമത്തത്തിൽ നിന്നും മൂസാ പ്രവാചകൻ മോചിപ്പിച്ച്‌ കൊണ്ടുവരികയും, അവരെ പിന്തുടർന്ന ഫറോവയും പടയാളികളും ചെങ്കടലിൽ മുങ്ങി മരിക്കുകയും ചെയ്‌ത ദിവസമായും മുഹറത്തെ കാണുന്നവരുണ്ട്‌. പിരമിഡുകൾ നിർമ്മിക്കാൻ ഫറോവ ഉപയോഗിച്ചത്‌ ഈ ഇസ്രായേലി അടിമകളെയാണെന്ന് ഇവർ വിശ്വസിക്കുന്നു. മുഹറം ഒമ്പതിനും പത്തിനും ഉപവസിക്കാൻ മുഹമ്മദ് നബി അനുവാചകരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌‌. (നിർബന്ധ വ്രതമല്ല) സുന്നി വിശ്വാസികൾ ഈ രണ്ട്‌ ദിവസം ഉപവാസമനുഷ്ഠിക്കുന്നു. ജൂതന്മാരും ഉപവാസം അനുഷ്ടിക്കാറുണ്ട്‌. മുഹറം വ്രതാനുഷ്ഠാനം പാപങ്ങൾക്ക്‌ പരിഹാരമാകുമെന്നാണ് സുന്നി വിശ്വാസം.

മുഹമ്മദ്‌ നബിയുടെ മരണശേഷം ക്രി. വ. 680 ൽ അറേബ്യൻ മുസ്ലീങ്ങൾക്കിടയിൽ നടന്ന ഒരു അഭ്യന്തര യുദ്ധമാണ്‌ കർബലാ യുദ്ധം. ഈ യുദ്ധത്തിൽ വെച്ച്‌ മുഹമ്മദ്‌ നബിയുടെ പൗത്രനായ ഇമാം ഹുസൈൻ വീര രക്തസാക്ഷിത്വം വഹിച്ചു. ഹിജ്‌റ കലണ്ടർ പ്രകാരം ആ ദിവസവും ഒരു മുഹറം മാസം 10 ആയിരുന്നു. അതിന്റെ ഓർമ്മ ദിനം കൂടിയാണ്‌ ഈ മുഹറം 10 നോട്‌ അനുബന്ധിച്ചുള്ള മറ്റ്‌ ആചാരങ്ങൾ.

• മുഹറം ആചാരങ്ങൾ – ഷിയാക്കളിൽ •

മുഹറത്തിന്റെ ആദ്യ നാളുകളിൽ ഷിയാ മേഖലകളിൽ നാടെങ്ങും തണ്ണീർ പന്തലുകൾ ഒരുക്കാറുണ്ട്‌. എല്ലാവർക്കും സൗജന്യമായി വെള്ളവും പഴച്ചാറുകളും നൽകുന്നു. ഷിയാ വിശ്വാസികൾ മുഹറം ഒന്നു മുതൽ കറുത്ത വസ്ത്രം ധരിച്ചു തുടങ്ങും. വൈകുന്നേരങ്ങളിൽ മജ്‌ലിസുകൾ നടത്തും. മുസ്ലിങ്ങളിലെ ഒരു ചെറിയ വിഭാഗമായ ഷിയാക്കൾ ഈ ദിവസങ്ങളിൽ ദുഃഖസ്മരണയിൽ സ്വയം പീഡനം നടത്തും. യസീദ്‌ രാജാവിന്റെ പടയാളികളാൽ (ഏഴാം നൂറ്റാണ്ടിൽ) ജീവത്യാഗം ചെയ്യേണ്ടി വന്ന ഇമാം ഹുസൈന്ന് അന്ന് ജീവൻ നൽകാൻ, ചോര നൽകാൻ ഞങ്ങളുണ്ടായിരുന്നില്ല എന്ന് പറഞ്ഞ്‌ വിലപിച്ചാണ്‌‌ ഷിയാക്കൾ ഇന്ന് ദേഹ പീഢ ചെയ്യുന്നതും.

സ്ത്രീ പുരുഷ പ്രായ വ്യത്യാസമന്യേ കൊച്ചു കുട്ടികളും പങ്കെടുക്കുന്ന പത്ത്‌ ദിവസത്തെ ദുഃഖാചരത്തിന്റെ സമാപനമാണ്‌ മുഹറം പത്തിന്ന് നടക്കുന്നത്‌. ഒരു മാസം പ്രായമായ കൊച്ചു കുഞ്ഞിൽ നിന്ന് പോലും മൊട്ടു സൂചി വഴി ഒരു തുള്ളി രക്തമെങ്കിലും പൊടിയണം എന്നാണ്‌ ആചാരം. ഇത്തരം ദേഹപീഢകളെ സുന്നീ വിശ്വാസികൾ അനുകൂലിക്കുന്നുമില്ല എന്നത്‌ ശ്രദ്ധേയമാണ്‌.

ഇങ്ങനെ സമ്മേളിക്കാനായി ഒത്ത്‌ ചേരുന്ന ഷിയാ പള്ളികളെ ‘മാതം’ എന്ന് വിളിക്കുന്നു. പള്ളികളിലെ ഇത്തരം ചടങ്ങുകൾ നടക്കുന്ന ഹാളിനെ ‘ഹുസൈനിയാ’ എന്നും. ഹുസൈനിയ എന്ന ഹാളിനെ ഇന്ത്യയിൽ ‘ഇമാം വാഡ’ എന്നും ‘ആശുറഖാനാ’ എന്നും പറയാറുണ്ട്‌. ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ഷിയാ വിശ്വാസികളും ഈ ആചാരങ്ങളുമുണ്ട്‌. അറേബ്യൻ ഗൾഫിലെ ബഹറൈൻ ഒഴിച്ച്‌ മറ്റു ഗൾഫ്‌ രാജ്യങ്ങളിൽ ഇത്തരം ‘ആഘോഷ പരിപാടികൾ’ നടത്താൻ അനുവാദവുമില്ല. ബഹറൈനിൽ മുഹറം 1, ഒമ്പത്‌, പത്ത്‌ ദിവസങ്ങൾ പൊതു അവധിദിനങ്ങൾ കൂടിയാണ്‌.
▪️സിദ്ദീഖ്‌ പടപ്പിൽ ▪️
ചിത്രം : മുംബൈയിലെ തെരുവകളിൽ നിന്ന് മുഹറം വിലാപയാത്ര.

Trending

To Top
Don`t copy text!