Current Affairs

യക്ഷിയുടെ കയ്യിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ട അനുഭവം പങ്കുവെച്ചു യുവാവ്!

ഡിസംബറിലെ തണുപ്പ് ഓറഞ്ച് സിറ്റിയെ ഒരു ഫ്രീസർ പോലെയാക്കിയിട്ടുണ്ട്. ഹാൽ ഡി റാമിന്റെ ഷോറൂമിൽ നിന്ന് കുറച്ച് രസഗുളയും ഗുലാബ് ജാമും വാങ്ങി വിജയാനന്ദും ഞാനും റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ റോഡാകെ വി ജനമായിരുന്നു. നാഗ്പ്പൂർ വന്ന് കുറച്ച് ഓറഞ്ച് വാങ്ങണമെന്ന് വിചാരിച്ചതാണ്.,,, കുറച്ച് ഓറഞ്ച് തോട്ടങ്ങൾ കാണണമെന്നും… ഒന്നും നടന്നില്ല. മുടിഞ്ഞ തണുപ്പ് കാരണം മീറ്റിംഗ് തുടങ്ങാനും അവസാനിക്കാനും വൈകി. ഇനി ഒരു ഒന്നൊന്നര ദിവസം ട്രെയിനിലിരിക്കണം അഹമ്മദാബാദ് എത്തണമെങ്കിൽ.. ആന്വൽ മീറ്റ് ഇന്ത്യയുടെ നടുക്ക് വെച്ച് തന്നെ വേണമെന്ന് ജിഎമ്മിന് നിർബന്ധമാണെന്ന്. അല്ലേൽ കഴിഞ്ഞ വർഷത്തെ പോലെ മുംബൈയിൽ വെച്ച് മതിയായിരുന്നു. ഒറ്റ രാത്രി കൊണ്ട് എത്താം. ഇതിപ്പോ ഒന്നര ദിവസം ട്രെയിനിലിരിക്കണം. മൂടൽമഞ്ഞ് കാരണം എല്ലാ ട്രെയിനുകളും വൈകിയാണോടുന്നത്.ഇതിനിടക്ക് സൂറത്തിൽ ഒരു കാൾ അറ്റൻഡ് ചെയ്യണം. ന്യൂ പ്രൊഡക്റ്റ് ആയതോണ്ട് സ്പെഷ്യൽ ഇൻസ്ട്രക്ഷനും. യൂ മസ്റ്റ് ഗോ… പിള്ളേരെ ആരെയും പറഞ്ഞയക്കണ്ടാന്ന്. 23 വയസ്സുള്ള എന്നോടാണ് പ്രായത്തിൽ കൂടുതലുള്ളവരെ പിള്ളേരെന്ന് പറയുന്നത്. സുഖിപ്പിക്കലിന്റെ മാനേജ്മെന്റ് മൂവ്…. എന്തായായാലും നട്ടുച്ചക്ക് പോലും കണ്ണുകാണാത്ത കോടമഞ്ഞിലൂടെ ഓടിയും നിന്നും നിരങ്ങിയും സൂറത്തിലെത്തുമ്പോൾ രാത്രിയേറെയായി.

കാറ്റ് വീശുന്ന കാലമായതോണ്ട് തണുപ്പ് മാത്രമേയുള്ളു.. മഞ്ഞില്ല അവിടെ. ജീതൻ ഭായിയെ (കസ്റ്റമർ) വിളിച്ചപ്പോൾ രാത്രി തന്നെ പോരെ അധികം ദൂരമില്ലെന്ന് പറഞ്ഞു. കാര്യമായ പണിയൊന്നുമില്ലായിരുന്നു. ജസ്റ്റ് സംസാരിച്ച് പുറത്തിറങ്ങിയപ്പോൾ പത്തര കഴിഞ്ഞു. ഹോട്ടലുകളും ലോഡ്ജ്കളുമൊക്കെ അടച്ചിരിക്കുന്നു. അടുത്ത ട്രെയിനാണെങ്കിൽ രാവിലെയും. വീണ്ടും ജീതൻ ഭായിയെ വിളിച്ചു. ഭാഗ്യത്തിന് പുള്ളിടെറസ്സിൽ ഒരു കട്ടിലും കിടക്കയും രജായിയും തന്നു.രണ്ടാം നിലയുടെ പകുതി ഭാഗം ഓപ്പൺ ടെറസ്സാണ്. മലയാളി വേഷമായ ലുങ്കിയും ബനിയനുമിട്ട് വേഗം കയറിക്കിടന്നു. മലർന്ന് കിടന്ന് നോക്കുമ്പോൾ ആകാശം കാണാൻ നല്ല ഭംഗിയുണ്ട്. കൂരിരുട്ടിൽ തിളങ്ങുന്ന മൂക്കുത്തിപ്പോലെ കുഞ്ഞു നക്ഷത്രങ്ങൾ. നാട്ടിൽ ഭാരതപ്പുഴയുടെ മണൽതിട്ടയിൽ കിടന്ന് സമയം പോക്കിയിരുന്ന സന്ധ്യകളോർത്തു. മനോഹരങ്ങളായ ധനുമാസരാത്രികൾ… തെളിഞ്ഞ ആകാശത്ത് നക്ഷത്രക്കുഞ്ഞുങ്ങൾ നിറഞ്ഞിരിക്കും… ഇടക്കിടെ സ്വപ്നശകലങ്ങൾ പോലെ വെള്ളമേഘങ്ങൾ ഒഴുകി നടക്കും…. ഉറങ്ങിപ്പോയതെപ്പോഴാണെന്നറിഞ്ഞില്ല. ചരല് വാരിയെറിഞ്ഞതു പോലെ നാലഞ്ച് മഴത്തുള്ളികൾ മുഖത്ത് വന്ന് വീണപ്പോളാണെണീറ്റത്…. ദൈവമേ… കാറ്റ് വീശാൻ തുടങ്ങിയിട്ടുണ്ട്…. കൊടുങ്കാറ്റുകള് ടെ തറവാടാണ് സൂററ്റ്. ദൈവാധീനം മഴ നിന്നു. പക്ഷെ കാറ്റ് ശക്തിയായിത്തുടങ്ങിയിരിക്കുന്നു. ശക്തിയായ ഒരു മൂളൽ മാത്രം കേൾക്കുന്നു. സമയം പന്ത്രണ്ടര.കറൻറ് പോയിരിക്കുന്നു. സ്ട്രീറ്റ് ലൈറ്റുകളൊന്നും കത്തുന്നില്ല. എവിടന്നോ ഒരു നായ ഓളിയിട്ടു തുടങ്ങി. പിന്നെ നഗരത്തിലെ എല്ലാ നായ്ക്കളും ഏറ്റുപിടിച്ചു. ടെറസ്സിന് മുകളിലും നായ ഓളിയിടുന്ന പോലെ.പുല്ല്.. ഇനി ഇതിനു മുകളിലും നായയുണ്ടോ… പുതപ്പ് മാറ്റി നോക്കി. ഒന്നും കാണാനില്ല. കൂരിരുട്ട് മാത്രം. എന്തെങ്കിലുമാകട്ടെ. മഴ പെയ്യാതിരുന്നാൽ മതി.

ക് ലും ക് ലും…. ചെറുതായൊന്ന് ഞെട്ടി. പാദസരത്തിന്റെ കിലുക്കം പോലെ. തോന്നിയതായിരിക്കുമോ… പുതപ്പ് മാറ്റി നോക്കി .ഒന്നുമില്ല. ക് ലും .. ക് ലും… ക് ണിം.. ക് ണിം… വീണ്ടും… തോന്നലല്ല. താഴേക്ക് ള്ള സ്റ്റെപ്പിന്റെ നേർക്കാണ് കിടക്കുന്നത്. ഇരുട്ടിൽ ഒരു വെള്ള രൂപം പൊങ്ങി വരുമ്പോലെ… കാറ്റിന്റെ ശക്തി കൂടി…. എന്തെല്ലാമോ പറന്ന് വരുന്നു. നായ്ക്കളുടെ ഓരിയിടൽ ഉച്ചത്തിലായി…. കാലിന്റെ പെരുവിരലിൽ നിന്ന് ഭയം ഒരു നിമിഷം കൊണ്ട് ഉച്ചിയിലെത്തി. രോമങ്ങളെല്ലാം എണീറ്റ് നിൽക്കുന്നു. തലമുടി പോലും കുത്തനെ മേലോട്ടുയർന്നു…. ഇരുട്ടിൽ വെളുത്ത രൂപം വലുതായി വലുതായി അടുത്തേക്ക് വരുന്നു. ക് ലിം ക്ണിം ശബ്ദം നന്നായി കേൾക്കുന്നുണ്ട്. കണ്ണുകൾ ഇറുക്കിയടച്ച് പുതപ്പ് മുഖത്തേക്കിട്ടു. അമ്മേ നെം അപ്പൂനെം ബാക്കിയെല്ലാരെയും ഒരു നിമിഷം ഓർത്തു. പനിച്ച് വിറക്കാൻ തുടങ്ങിയിട്ടുണ്ട്. കഴുത്തിൽ തൂക്കിയെടുക്കുന്ന നിമിഷം പ്രതീക്ഷിച്ച് കിടന്നു. ഒന്നും സംഭവിക്കുന്നില്ല.പ്രകൃതി ഉച്ചത്തിൽ അലറിക്കൊണ്ടേയിരുന്നു. പുതപ്പിനിടയിലൂടെ നോക്കുമ്പോൾ കാൽക്കൽ നിൽക്കുന്നു വെളുത്ത സാരിയുടുത്ത ഒരു സ്ത്രീരൂപം. കണ്ണുകൾ ഇറുക്കിയടച്ചു. വീണ്ടും പാദസര ശബ്ദം. തലക്കലോട്ട് നീങ്ങിവരുന്ന ഒരു രൂപത്തിന്റെ സാന്നിദ്ധ്യം ജീവകോശങ്ങൾ മുഴുവനുമറിയുന്നു…. ദൈവമേ… ഡ്രാക്കുള ക്കോട്ടയിലെ പിശാചിനിയെപ്പോലെ… പള്ളിവേട്ടയിലെ യക്ഷിയെപ്പോലെ കഴുത്തിൽ തന്നെ തുടങ്ങും. ചെറിയൊരു മൂളിച്ച യോടെ കട്ടിലിന് ചുറ്റും നടക്കുന്ന സ്വരം മാത്രം. പിന്നെ അകന്നകന്ന് പോകുന്ന കൊലുസിന്റെ ശബ്ദം. വീണ്ടും പുതപ്പിനിടയിലൂടെ നോക്കിയപ്പോൾ വെള്ള സാരിയുടുത്ത ഒരു സ്ത്രീരൂപം ഇരുട്ടിൽ മാഞ്ഞ് ഇല്ലാതാകുന്നു….. മെല്ലെ മെല്ലെ കാറ്റിന്റെ ശക്തി കുറഞ്ഞ് ഇല്ലാതായി…. നായ്ക്കളും നിശ്ശബ്ദരായി. ദൈവമേ… നാട്ടിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരെ… സാമൂഹ്യപാഠം പുസ്തകത്തിൽ പേര് മാത്രം കണ്ട് പരിചയമുള്ള നഗരത്തിൽ… ഒരു യക്ഷിയുടെ കൈയ്യിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ആര് ചെയ്ത പുണ്യമാണെന്നറിയില്ല. ഒരു കരച്ചിൽ വരണ്ടതൊണ്ടയിൽ വന്ന് മുട്ടി വിളിക്കുന്നുണ്ട്. പെട്ടെന്ന് സ്ട്രീറ്റ് ലൈറ്റുകളെല്ലാം കത്തി. വെളിച്ചം…. ചാടിയെണീറ്റു.. നിൽക്കാൻ പറ്റുന്നില്ല. നല്ല പനിയുണ്ട്. ഡ്രസ്സെല്ലാം ബാഗിലാക്കി. ഇവിടന്ന് നടന്നായാലും വേണ്ടില്ല നാട്ടിൽ പോണം.ബാഗെടുത്ത് തോളിലിട്ട് കോണിയിറങ്ങാൻ തുടങ്ങുമ്പോൾ… ഒരു നിമിഷം ഞെട്ടിത്തെറിച്ചു. പനിയെല്ലാം പമ്പ കടന്നു. താഴെ ജീതൻ ഭായുടെ വാതിലിന്നടുത്ത് വെള്ള സാരിയുടുത്ത ഒരു സ്ത്രീ…. കൂടെ പുള്ളിക്കാരനും ഭാര്യയുമുണ്ട്.

ഊപ്പർ കുത്താ ഥാ ഹമാരാ.. വോ ചില്ലാ ത്താ ഥാ നാ.. ഇസ് ലിയേ മാജി ഉധർ ആയാ… ആപ് സോ ജായി യേ… അബ് ബാരിസ് നഹി ഹോഗാ.. ത്രേ ള്ളൂ സംഭവം.അവര്ടെ ഒരു പോ മറേനിയൻ പട്ടി ടെറസ്സിലുണ്ടായിരുന്നു. കാറ്റടിച്ചപ്പോ അത് നിലവിളിക്കൻ തുടങ്ങി. അതിനെ എടുത്തോണ്ട് പോകാനാണ് പുള്ളിക്കാരി കേറി വന്നത്. ഭർത്താവ് മരിച്ചു പോയ അവർ വെള്ള വസ്ത്രം മാത്രമേ ഉപയോഗിക്കാറുള്ളൂ… എന്തായാലും ഏത് പാതിരാത്രിയിലും ഏത് സെമിത്തേരിയിൽ പോകാനും പേടിയില്ലാതായി.. അതാണ് ഒരു ഗുണമുണ്ടായത്.പിന്നെ പേടിച്ചാൽ കൈയ്യിലേം കാലിലേം രോമം മാത്രമല്ല തലയിലെ മുടി പോലും എണീറ്റ് നിൽക്കുമെന്നും മനസ്സിലായി….

കടപ്പാട്: Bijudas Thrithala

Trending

To Top
Don`t copy text!