Film News

ലൂസിഫർ എത്തും പൃഥ്വിക്ക് നേരെ വാളോങ്ങണ്ട ; ലാലേട്ടനും പൃഥ്വിയും നല്ല തിരക്കിലാണ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് എന്ത് സംഭവിച്ചുവെന്നുള്ള കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങു തകര്‍ക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

മുരളി ഗോപിയോടും പൃഥ്വിക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകങ്ങളിലൊന്ന് എന്ന് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ കഥയും തനിക്ക് ഇഷ്ടപ്പെട്ടു. മികച്ച രീതിയില്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്നും സൂപ്പര്‍ സ്റ്റാര്‍ വ്യക്തമാക്കിയിരുന്നു. സ്വന്തം സിനിമയുമായി മുന്നേറുകയാണ് മോഹന്‍ലാലും പൃഥ്വിരാജും.

അഭിനയത്തില്‍ നിന്നും സംവിധാനത്തിലേക്ക്

സിനിമാകുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. സൂപ്പര്‍ സ്റ്റാറിനെ നായകനാക്കി യുവ സൂപ്പര്‍ സ്റ്റാര്‍ ഒരുക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തോടും താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ പൃഥ്വി വ്യക്തമാക്കിയിരുന്നു. സിനിമയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാണ് താരം മുന്നേറുന്നത്. കേവലം അഭിനയത്തിനും അപ്പുറത്ത് സിനിമയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്താണ് പൃഥ്വി മുന്നേറുന്നത്.

തിരക്കിലാണ്

ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ മാത്രമേ സ്വന്തം സിനിമ തുടങ്ങുള്ളൂവെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. അഞ്ജലി മേനോന്‍ ചിത്രം, മൈ സ്‌റ്റോറി, തുടങ്ങിയ ചിത്രങ്ങളാണ് താരം ഇനി പൂര്‍ത്തിയാക്കാനുള്ളത്.

ലാലേട്ടനും തിരക്കിലാണ്

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നതിനിടയിലാണ് താരം അടുത്ത ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.

പ്രതീക്ഷകളോടെ ആരാധകര്‍

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകന്‍. പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്. അടുത്ത കാലത്തൊന്നും ഈ കാത്തിരിപ്പ് അവസാനിക്കുമെന്ന് തോന്നുന്നില്ലെന്ന അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിട്ടുള്ളത്.

പൃഥ്വിക്കും മോഹന്‍ലാലിനും തിരക്കോടു തിരക്ക്

മോഹന്‍ലാലും പൃഥ്വിയും നല്ല തിരക്കിലാണ്. ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇരുവരും കമ്മിറ്റ് ചെയ്തിട്ടുള്ളത്. ആര്‍ എസ് വിമലിന്റെ കര്‍ണന്‍, ബ്ലസിയുടെ ആടുജീവിതം ഇവ രണ്ടും പൃഥ്വിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്. ഇതുവരെയും ചിത്രീകരണം തുടങ്ങിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

മൈ സ്റ്റോറി ഡേറ്റ് ക്ലാഷ്

മൈ സ്‌റ്റോറിക്ക് നല്‍കിയ ഡേറ്റുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് വിശദീകരണവുമായി സംവിധായിക തന്നെ രംഗത്ത് വരികയായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചത്. പൃഥ്വിയുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും അവര്‍ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

സ്വന്തം സിനിമകളുടെ തിരക്കില്‍ നിന്നും മാറി വേണ്ടത്ര സമയമെടുത്ത് പൂര്‍ത്തിയാക്കിയാലേ ലൂസിഫര്‍ പൂര്‍ണ്ണമാവൂ. അഭിനയത്തിന്റെ തിരക്കില്‍ നില്‍ക്കുന്നതിനിടയില്‍ ധൃതിയില്‍ ചിത്രം തുടങ്ങുമെന്ന ആശങ്കയും പ്രേക്ഷകര്‍ക്കുണ്ട്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം

ആശിര്‍വാദ് സിനിമാസിന്‍രെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൂസിഫര്‍ പൊളിറ്റിക്കല്‍ ത്രില്ലറാണെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് മുരളി ഗോപി അറിയിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ചിത്രീകരണം

2018 മേയ് മാസത്തില്‍ ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് മുരളി ഗോപി പറഞ്ഞു. പൃഥ്വി തനിക്ക് സഹോദര തുല്യനാണ്, തങ്ങള്‍ ഇരുവരും ചേര്‍ന്ന് മികച്ചൊരു സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Trending

To Top
Don`t copy text!