August 4, 2020, 5:46 AM
മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

വളരെ പഴക്കമുള്ള ഒരു വാഗ്ദാനത്തിന്റെയും., അത്രതന്നെ പഴക്കമുള്ള ഒരു സ്വപ്നത്തിന്റെയും കഥയാണിത്….!

വളരെ പഴക്കമുള്ള ഒരു വാഗ്ദാനത്തിന്റെയും., അത്രതന്നെ പഴക്കമുള്ള ഒരു സ്വപ്നത്തിന്റെയും കഥയാണിത്….! കുറച്ചു ദിവസങ്ങളായി അവളവനെ ശ്രദ്ധിക്കുന്നു…., കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്പലനടയിലെക്കവൾ കടന്നു വരുമ്പോൾ അവിടെ തൊഴുകൈയോടെ അവനുണ്ട്…, കാഴ്ച്ച പതിവായതോടെ അവൾ തന്നെ ചിന്തിക്കാൻ തുടങ്ങി…., ഇവനെന്താണാവോ ദിവസവും ഇത്രമാത്രം പ്രാർത്ഥിക്കാനുള്ളത്….? ഞങ്ങൾക്കൊന്നുമില്ലല്ലൊ ദിവസവും ഇത്രമാത്രം പ്രാർത്ഥിക്കാൻ…., പെട്ടന്നവൾക്കൊരു കുസൃതി തോന്നി.., അവൾ മെല്ലെ അവനു പുറകിലൂടെ വന്ന് നിന്ന് അവന്റെ കഴുത്തിനിടയിലൂടെ മുഖമുയർത്തി ശ്രീ കോവിലിനകത്തേക്ക് എത്തി നോക്കി കൊണ്ടവൾ പറഞ്ഞു…..,

” കണ്ണാ…? ന്റെ പ്രാർത്ഥന കേട്ടിട്ട് അവന്റെത് കേട്ടാമതിട്ടോ.,…” പ്രാർത്ഥന കഴിഞ്ഞു കൺ തുറന്നത് തിരിഞ്ഞു നിൽക്കുന്ന അവന്റെയും കണ്ണന്റെയും മുഖത്തേക്ക് ഒരുമിച്ചായിരുന്നു…, ഇടം കണ്ണിൽ അവനും…, വലം കണ്ണിൽ കണ്ണനും.., ഒന്നു പരിഭ്രമിച്ചു പോയ നേരം ഉടനെ മഞ്ചുവാര്യരേ പോലെ “ഞാന്നൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന ഭാവത്തോടെ അവളവനെ ശ്രദ്ധിച്ചിട്ടേയില്ല ” എന്ന മനോഭാവത്തോടെ തിരിഞ്ഞു കണ്ണിറുക്കി ഒറ്റ നടത്തം…., തുടർന്ന് അവനിൽ നിന്ന് ഒാരോ അടി മുന്നോട്ടു വെക്കുന്തോറും അവൾ പൂക്കാൻ തുടങ്ങി മരമായും,ചെടിയായും ഒരു പൂക്കാലമായ്…, അവൾ പെയ്യാൻ തുടങ്ങി മഴയും, മഞ്ഞും, വസന്തങ്ങളും, സുഗന്ധങ്ങളും ഒത്തു ചേർന്ന പ്രണയമഴയായ്…, ഇടം കണ്ണിൽ അവനെയും, വലം കണ്ണിൽ കണ്ണനെയും കണ്ട ആ നിമിഷം അവൾ അത് തിരിച്ചറിഞ്ഞിരുന്നു…, അതായിരുന്നു എല്ലാറ്റിന്റെയും തുടക്കം…, പിന്നെ പിന്നെ അവന്റെ പ്രാർത്ഥനയെ നോക്കി നിൽക്കുന്നതും പെട്ടന്നവൻ തിരിയുമ്പോൾ…. അവനെയല്ല അവൾ നോക്കുന്നത് എന്നു കാണിക്കാനുള്ള അവളുടെ തന്ത്രപ്പാടുകളും ദിനം പ്രതി അരങ്ങേറി കൊണ്ടേയിരുന്നു….,

അവൾ കുറച്ചു വൈകിയെത്തിയ ഒരു ദിവസം ശ്രീ കോവിലിനു മുന്നിലെത്തുമ്പോഴെക്കും അന്ന് നടയടച്ചിരുന്നു…., അതൊടെ അവളുടെ മുഖം മ്ലാനമായി…, ആ സമയം അവൻ അവൾക്കരികിലെക്കു നടന്നു വന്നു കൊണ്ട് നേരം വൈകുന്നതു കണ്ട് ഞാൻ തന്റെ പേരിൽ ഒരു പുഷ്പാഞ്ചലി കഴിപ്പിച്ചിരുന്നു എന്ന് അവളോട് പറഞ്ഞു കൊണ്ട് കൈയ്യിലെ പുഷ്പാഞ്ചലി അവൾക്കു നേരെ നീട്ടി…, ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നെ അവളതു സ്വീകരിച്ചു അതിൽ നിന്നും ചന്ദനം എടുത്ത് നെറ്റിയിൽ തൊട്ടതും പെട്ടന്നാണ് അവളതോർത്തത്, തന്റെ പേരിലോ ? അപ്പോൾ തന്റെ പേരും നാളും ? ഉടനെ അവളവനോട് ചോദിച്ചു എന്റെ പേരും നാളും…? ” എന്നും കേൾക്കുന്നതല്ലെ ” അശ്വതി….! കാർത്തിക നക്ഷത്രം ” എന്നൊക്കെ അതു കേട്ടതും അവൾ ചിരിച്ചു…., കൂടെ മറ്റൊന്നു കൂടി അവൻ പറഞ്ഞു കാണാതായപ്പോൾ ഒന്നു പേടിച്ചുട്ടോയെന്ന്…” അതു കേട്ടതും അവളുടെ കണ്ണുകൾ പൂർണ്ണപ്രഭയോടെ അവന്റെ കണ്ണുകളിലെക്കു വിടർന്നു…., അവളുടെ കണ്ണുകൾ നൽകിയ പ്രഭ അതെ തിളക്കത്തോടെ അവന്റെ പുഞ്ചിരികൾ ഏറ്റു വാങ്ങി…. അതോടെ കാഴ്ച്ചകളും സംശയങ്ങളും വഴിമാറി പ്രണയം ജനിച്ചു….!! പിന്നെ ഇരുഹൃദയങ്ങളിലും പ്രണയം പ്രളയമായ് പെയ്തിറങ്ങി….,

ദിനവും ഒരു നോക്കു കാണുവാൻ നേരം വെളുത്തു കിട്ടാനായി സമയമെണ്ണിയവർ പരസ്പരം കാത്തിരുന്നു…, പ്രണയം കൊടുമ്പിരി കൊണ്ട ഒരു രാത്രിയിൽ അവൾ അവനോടു ചോദിച്ചു ദിവസവും ഇത്രമാത്രം പ്രാർത്ഥിക്കാൻ എന്താ ഉള്ളതെന്ന്….? അതിനു മറുപടിയായി അവനൊന്ന് ചിരിക്കുക മാത്രമാണ് ചെയ്തത് …, പക്ഷെ അവൾ അതറിയാതെ അവനെ വിടുന്ന ലക്ഷണമില്ലയെന്നു മനസ്സിലായതോടെ അവൻ പറഞ്ഞു…, എന്റെ കൈകൊണ്ട് നിന്റ നെറുകയിൽ സിന്ദൂരവും കഴുത്തിൽ താലിയും ചേർന്നണിഞ്ഞ നാളിലെ രാത്രി ചന്ദ്രനെ സാക്ഷിയാക്കി പറഞ്ഞു തരാമെന്ന്…, അതു കേട്ടപ്പോൾ തന്നെ അവൾക്കു മനസ്സിലായി തൽക്കാല രക്ഷക്കുള്ള ശ്രമമാണെന്ന്.., എന്തോ അവൾ പിന്നെ അതെപ്പറ്റി ചോദിച്ചില്ല…., പ്രണയം ഏറ്റവും ശക്തമായ ആഴത്തിൽ അവരിൽ വേരോടി…, മലവെള്ളം പോലെ എല്ലാം തകർത്തെറിഞ്ഞ് കടലിനെ ലക്ഷ്യം വെച്ചവ കുതിച്ചു…, അങ്ങിനെയിരിക്കെ ഒരു ദിവസം മറ്റൊരു രഹസ്യം അവൻ അവൾക്കു മുന്നിൽ വെളിപ്പെടുത്തി…, കൂട്ടുക്കാരന്റ വീട്ടിൽ ഉൽസവം കൂടാൻ വന്നപ്പോഴാണ് അവളെ ആദ്യമായി കണ്ടതെന്നും…,

ഉൽസവം കണ്ടു മടങ്ങുമ്പോൾ തന്റെ മനസ്സിവിടെ ഈ അമ്പലമുറ്റത്ത് വെച്ച് നഷ്ടമായെന്നും അതു ഇവിടെ വെച്ച് നിന്റെ മനസ്സിലായിരുന്നു വീണു പോയതെന്നും പക്ഷേ അത് വീണ്ടെടുക്കാനായിരുന്നില്ല തിരിച്ചു വന്നത് അത് നെഞ്ചിൽ പേറുന്ന ആ ഹൃദയത്തെ സ്വന്തമാക്കാനാണ് അവളെയും തിരഞ്ഞ് പിന്നെയും ആ അമ്പലനടയിൽ വന്നതെന്നു കൂടി അവളോട് പറഞ്ഞപ്പോൾ…., അവൾ കോരിത്തരിപ്പിന്റെ അഗ്രതയിലും.., നിർവൃതിയുടെ പാരമ്യത്തിലുമെത്തിയിരുന്നു…, ആ നിമിഷം അവൾക്കു മനസിലായി മരണം കൊണ്ടു മാത്രമേ ഇനി തങ്ങളെ പിരിക്കാനാവൂയെന്ന്…., തുടർന്ന് അവനെയും വിട്ട് തിരിഞ്ഞു നടക്കുമ്പോൾ അവനെ എത്ര പ്രാവശ്യം തിരിഞ്ഞു നോക്കിയിട്ടും അന്നവൾക്കു മതി വന്നില്ല…, പക്ഷെ സന്തോഷങ്ങൾക്കെല്ലാം അൽപ്പായുസ്സായിരുന്നു…., പ്രണയ പ്രളയത്തിനു മേൽ ബന്ധബന്ധനങ്ങളുടെ അഗ്നിപ്പർവ്വതം പൊട്ടിച്ചിതറി…, അതുവരെ തീറ്റിപ്പോറ്റിയതിന്റെ വിലയായ് വീട്ടുക്കാർ അവളുടെ ജീവിതം ഇഷ്ടദാനം ചോദിച്ചപ്പോൾ…, മരണം കൊണ്ടെ അവസാനിക്കു എന്നു കരുതിയത് വെറും മണിക്കൂറുകൾ കൊണ്ടവസാനിക്കുന്ന അവസ്ഥയിലായി കാര്യങ്ങൾ എല്ലാം അവസാനിക്കുകയാണെന്ന് മനസ്സു പറഞ്ഞു…,

കാരണം അവളെ പോലൊരു പെണ്ണിന് വീട്ടുക്കാരുടെ കുറ്റപ്പെടുത്തലുകൾക്കും ശാസനകൾക്കും മുന്നിൽ പിടിച്ചു നിൽക്കുക അത്ര എളുപ്പമാവില്ലായെന്ന് ഇരുവർക്കും നല്ലപ്പോലെ അറിയാം…,, അടുത്തടുത്ത ഒന്നു രണ്ടു ദിവസങ്ങളിലായി അവളെക്കാൾ അവളുടെ കണ്ണീരായിരുന്നു അവനു കണി…, അവനെചതിക്കേണ്ടി വരുമോ ? എന്ന ഭയമാണവൾക്ക്…, അതൊക്കെ കണ്ടതോടെ അവളുടെ അവസ്ഥയോർത്ത് അവനു തന്നെ പാവം തോന്നി…., കാൻസറിനേക്കാൾ വേഗത്തിൽ അവളുടെ മനസ്സിനേയും ശരീരത്തേയും വേദനകൾ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു എന്നു മനസ്സിലായതോടെ…., ഇനി മറ്റൊന്നും ഒാർക്കേണ്ടെന്നും.., തന്നെ വിട്ടു പൊയ്ക്കൊള്ളാനും അവനവളോട് തീർത്തു പറഞ്ഞു…., അതു കേട്ട് അവൾ കുറച്ചു നേരം അവന്റെ കണ്ണുകളിലെക്കു തന്നെ നോക്കി…, അവന്റെ കണ്ണുകളിൽ അവന്റെ ചങ്കു പിടയുന്നത് അവൾക്കു മാത്രം കാണാനാവും എന്നറിയാവുന്നതു കൊണ്ട് നോട്ടം പിൻവലിച്ച് അവൻ താഴോട്ടു നോക്കി…., തുടർന്നവനെ നോക്കി അവൾ പറഞ്ഞു…, ശരി നമ്മുക്ക് പിരിയാം….!

അതു കേട്ടതും നിസഹായതയോടെ അവനവളെ നോക്കി തലയാട്ടി…, തുടർന്നവൾ പറഞ്ഞു എനിക്കൊരു താലി വേണം ഈ കാലത്തിന്റെ ഒാർമ്മക്കായ്….! അതിനും സമ്മതമായി തലയാട്ടി അമ്പലത്തിൽ കയറി തൊഴുത് അവനും അവിടുന്ന് പോന്നു…., പിറ്റേന്നു തന്നെ അവൾ ആവശ്യപ്പെട്ട പ്രകാരം ഒരു ചെറിയ താലിയുമായി അമ്പലനടയിൽ അവനവളെയും കാത്തു നിന്നു.., അവളെ മാത്രം കാണുന്നില്ല…., പക്ഷെ പഴയതിനേക്കാൾ ഇന്നതിൽ സങ്കടം തോന്നിയില്ല കാരണം എത്ര വൈകിയാലും അത്രയും നേരം കൂടി അവനവളുടെ ഉള്ളിൽ ജീവിക്കാലോ…., എന്നാൽ വളരെയൊന്നും കാത്തു നിൽക്കേണ്ടി വന്നില്ല അവളും എത്തി…, അവർക്കിടയിൽ യാതൊരു മുഖവുരയുടെയും ആവശ്യവും ഉണ്ടായിരുന്നുമില്ല…, മുൻകൂട്ടി തീരുമാനിച്ച പ്രകാരം അവളുമായുള്ള അവസാന സമാഗമത്തിനു അവനും തയ്യാറായി…, ഇനി കൈയ്യിലുള്ള താലി കൈമാറുന്നതോടെ എല്ലാം അവൻ മറന്നു തുടങ്ങണം…., ഇനിയുള്ള ഒരു യാത്രയിലും അവൾ കൂടെയില്ല…, ഇന്നു മുതൽ കഴിഞ്ഞതെല്ലാം പഴങ്കഥകളാണ്…, കൂടെ ഈ കാലത്തെ വെറും ഒാർമ്മകൾ മാത്രമായി സൂക്ഷിക്കാൻ അവൾക്കു വിട്ടു കൊടുക്കണം…., പിന്നെ പുതിയ ഒരു കൂട്ടിനു വേണ്ടി പുതിയ ചായ ഗ്ലാസ്സുകളും തേടി വീണ്ടും ഒാരോ വീട്ടിലും കയറി ഇറങ്ങണം.,., അത്ര എളുപ്പമല്ലെങ്കിലും എല്ലാം ഇനി ഒന്നേന്നു തുടങ്ങണം…,

സ്നേഹം പോലും…! അവളവന്റെ മുന്നിലെത്തിയതോടെ അവന്റെ ഊഴമായി താലി വിരലുകൾ കൊണ്ട് മുറുക്കി പിടിച്ച് അവന്റെ വലതു കൈ അവനവൾക്കു മുന്നിലേക്കു നീട്ടി…, എന്നിട്ട് പതിയെ അതു വരെയും മുറുക്കി പിടിച്ച കൈവിരലുകൾ അവൾക്കു മുന്നിൽ നീവരാൻ തുടങ്ങിയതോടെ അതവളെടുക്കുന്നതു കാണാനുള്ള ശക്തിയില്ലാതെ…, അവളിൽ നിന്നു മുഖം തിരിച്ച് അവനവന്റെ കണ്ണുകൾ മുറുക്കി അടച്ചു…., കുറച്ചു നേരം കഴിഞ്ഞിട്ടും അവളതെടുത്തില്ലന്നു മനസ്സിലായതോടെ അവൾക്കെതിരെ തിരിച്ചു പിടിച്ച മുഖം വീണ്ടും അവളിലെക്കു തന്നെ തിരികെ കെണ്ടു വന്ന് അവളെ നോക്കവേ…., ദൃഷ്ടി അവളിൽ പതിഞ്ഞതും അവൾക്കു മുന്നിലെക്കു നിവർത്തിയ അവന്റെ കൈയ്യിലെ താലിക്കു മേലെ അവളൊരു കറുത്ത ചരടു വെച്ചു കൊടുത്തു…., ഒരു നിമിഷം അതിശയപ്പെട്ടു നിൽക്കവേ…, അവൾ പറഞ്ഞു.., എനിക്കു ചുറ്റും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായേക്കാം…., തളർന്നു പോയേക്കാവുന്ന ഒരുപാട് നിമിഷങ്ങളും….,

വേണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ട പല ഘട്ടങ്ങളും…., അവയുടെ എല്ലാം മുന്നിൽ എന്റെ എല്ലാ പ്രശ്നങ്ങൾക്കിടയിലും എനിക്ക് സ്വയം പിടിച്ചു നിൽക്കാൻ ” എന്റെ കഴുത്തിൽ ഉറപ്പുള്ള ഒരു താലിയുടെ ബലം വേണം…” ” എതു പ്രശ്നത്തിലും കൈവിടാതെ കൂടെയുണ്ടാവുമെന്നുറപ്പുണ്ടെങ്കിൽ…, ഈ താലി എന്റെ കഴുത്തിൽ കെട്ടി തരണം…! ഒരു നിമിഷം അമ്പരന്നു പോയങ്കിലും…, ഹൃദയം നിറഞ്ഞ സന്തോഷത്തോടെ അവനവളുടെ കഴുത്തിൽ താലി ചാർത്തി…, അതിനു ശേഷം അവന്നെ വിട്ടകലുമ്പോൾ അവളവനോടായ് പറഞ്ഞു എത്രനാൾ എന്നൊന്നും എനിക്കറിയില്ല എത്ര നാളായാലും എനിക്കു വേണ്ടി കാത്തിരിക്കണം എത്ര വൈകിയാലും അവസാനം ഞാൻ നിനിലേക്കു തന്നെ മടങ്ങി വരും….!

തുടർന്നവൾ ശ്രീകോവിലിലേക്കു നോക്കി തൊഴുത് തന്റെ താലിയും അണിഞ്ഞ് പോകുന്നതും നോക്കി അവൻ നിന്നു…, അവൾ കണ്ണിൽ നിന്നു മറഞ്ഞതോടെ അവൻ നേരെ അമ്പലനടയിലെക്കു തന്നെ നടന്ന് ശ്രീ കോവിലിനു മുന്നിൽ കൈകൂപ്പി നിന്ന് എന്നും ചെല്ലാറുള്ള ആ പ്രാർത്ഥന ചൊല്ലി…, കണ്ണാ… അവളെ പോലെ എനിക്കു സ്നേഹം തോന്നിയേക്കാവുന്ന ഒരു പെണ്ണിനെ ഇനി ഒരിക്കലും കണ്ടുമുട്ടാൻ ഇട വരുത്തരുതേയെന്ന്….” !!!!

അപ്പോൾ സ്വാഭാവികമായും നിങ്ങൾക്കു ഒരു സംശയം തോന്നും പിന്നീട് അവർക്കെന്തു സംഭവിച്ചു എന്ന്….? അതിനുള്ള ഉത്തരം ഇത്രയെ ഉള്ളൂ…., ഈ കഥ എനിക്കു പറഞ്ഞു തന്നത് എന്റെ അച്ഛനാണ്…., മറ്റാരും കാണാതിരിക്കാൻ ഉള്ളു പൊള്ളയായ മറ്റൊരു ലോക്കറ്റിനുള്ളിലാണ് ആ പരീക്ഷണക്കാലം അത്രയും മറ്റാരും കാണാതെ എന്റെ അമ്മ ആ താലി സൂക്ഷിച്ചതെന്നും പറഞ്ഞു…..,!!!! . .Written By Pratheesh

Don`t copy text!