ശവശരീരങ്ങളുമായി തകർന്നടിഞ്ഞ ബോട്ട് തീരത്തു....കേരള തീരത്ത് ഭീമന്‍ തിരമാലയ്ക്ക് സാധ്യത - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

ശവശരീരങ്ങളുമായി തകർന്നടിഞ്ഞ ബോട്ട് തീരത്തു….കേരള തീരത്ത് ഭീമന്‍ തിരമാലയ്ക്ക് സാധ്യത

കൊല്ലം അഴീക്കലിൽ ശവശരീരങ്ങളുമായി തകർന്ന ബോട്ട് തീരത്തു അടിഞ്ഞു . കാണാതായവർക്ക്‌ വേണ്ടിയുള്ള തിരച്ചിലുകൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് .രക്ഷപ്പെട്ട മത്സ്യ ബന്ധന തൊഴിലാളികൾ പറയുന്ന വിവരം അനുസരിച്ചു 4 ബോട്ടുകൾ മുങ്ങി പോവുന്നതായി അവർ കണ്ടു .ഓരോ വള്ളത്തിലും 3 തൊഴിലാളികൾ വീതം ഉള്ളതായിട്ടാണ് ഇതുവരെ കിട്ടിയ റിപ്പോർട്ട് .

കൊച്ചിയില്‍നിന്നു പോയ ഏഴ് മത്സ്യബന്ധന ബോട്ടുകള്‍ കവരത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി നേവി ഒരു കപ്പല്‍ കൂടി അയച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് കടലില്‍ അകപ്പെട്ട 170 മത്സ്യത്തൊഴിലാളികള്‍ക്കായും തെരച്ചില്‍ തുടരുകയാണ്. വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഹെലികോപ്ടറുകളും ബോട്ടുകളും ഉപയോഗിച്ചാണ് തെരച്ചില്‍ നടക്കുന്നത്. 300ഓളം പേരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ലക്ഷദ്വീപില്‍ ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. 165 കിലോമിറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ശക്തമായ തിരമാലയില്‍ രണ്ട് ഉരു മുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ദ്വീപുകളിലേക്കുള്ള യാത്രയും നിരോധിച്ചിരിക്കുകയാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ ദ്വീപില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുപോകുന്ന ആംബുലന്‍സ് സര്‍വീസായ ഹെലികോപ്റ്ററുകളും റദ്ദാക്കി. കവരത്തിയില്‍ ആളുകളെ പാര്‍പ്പിക്കുന്നതിനായി സ്‌കൂളുകള്‍ സജ്ജമാക്കിയതായി 2010 മുതല്‍ അവിടെയുള്ള എ ചന്ദ്രമോഹനന്‍ പറഞ്ഞു.

കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമായി വിതരണം ചെയ്യുന്ന എന്‍ഐഒടി പ്ലാന്റ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തകരാറിലായതോടെ പൈപ്പ് ജലത്തെ ആശ്രയിക്കുന്നവരുടെ കുടിവെള്ളം മുട്ടും. ജലവിതരണ സംവിധാനം ശരിയാക്കാന്‍ ഏകദേശം ഒരു മാസമെങ്കിലും വേണമെന്നാണ് വിശദീകരണം.

യന്ത്രം കേടായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഉരു കടലില്‍ ഒഴുകുന്നുണ്ട്. ഇതില്‍ എട്ട് പേരുണ്ടെന്നാണ് വിവരം. ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഉരുവിന്റെ ഭാരം കുറയ്ക്കുന്നതിനായി ചരക്കുവാഹനത്തിലെ സാധനങ്ങള്‍ കടലില്‍ തള്ളുകയാണെന്ന് കവരത്തിയിലെ വിജിലന്‍സില്‍ ജോലിചെയ്യുന്ന വടകര സ്വദേശി പി സതീശന്‍ പറഞ്ഞു.

മിനിക്കോയ്, കല്‍പ്പേനി ദ്വീപുകളിലാണ് കാറ്റും മഴയും ശക്തമായിട്ടുള്ളത്. കല്‍പ്പേനിയില്‍ അഞ്ച് ബോട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. എല്ലാ ദ്വീപുകളില്‍ നിന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിതമായ സ്ഥാനത്തേയ്ക്കു മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. കവരത്തി, അഗത്തി, മിനിക്കോയ്, അമേനി, കദ്മത്ത്, ചെത്തിലാത്ത്, ബിത്ര, ആന്ത്രോത്ത്, കല്‍പ്പേനി, കില്‍ത്താന്‍ എന്നിങ്ങനെ പത്ത് ദ്വീപുകളിലും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
കേരളതീരത്ത് തെരച്ചിലിനായി അഞ്ചു കപ്പലുകള്‍ കഴിഞ്ഞദിവസം വിന്യസിച്ചിരുന്നു. കൂടാതെ ഡോണിയര്‍ വിമാനങ്ങളും സീ കിങ് ഹെലികോപ്റ്ററുകളും നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കാര്‍വെ പറഞ്ഞു. ചുഴലിക്കാറ്റ് ഭീഷണി പൂര്‍ണമായും അവസാനിക്കുന്നതുവരെ നാവികസേന സഹായത്തിനുണ്ടാകുമെന്ന് ദക്ഷിണ നാവിക ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കേരള തീരത്തിന് പത്ത് കിലോമീറ്റര്‍ അകലെ വരെ കടലില്‍ ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍ വരെ തിരയുയരാന്‍ സാധ്യതയുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഡിസംബര്‍ രണ്ട് രാത്രി 11.30 വരെ രണ്ടു മുതല്‍ 3.3 മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടാവും.

ലക്ഷദ്വീപ്, തെക്കന്‍ തമിഴ്‌നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പില്‍ പറയുന്നു. കര്‍ണാടക തീരമേഖലയിലും കടല്‍ക്ഷോഭമുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. തീരദേശങ്ങളില്‍ കാറ്റിന്റെ വേഗത 45 മുതല്‍ 65 കിലോമീറ്റര്‍വരെയാകാനും സാധ്യതയുണ്ട്.

ബീച്ചുകളിലും തീരങ്ങളിലും കൂടുതല്‍ ജാഗ്രത വേണം. സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിക്കും. ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലയോരമേഖലയില്‍ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

Join Our WhatsApp Group

Trending

To Top
Don`t copy text!