Film News

ശൈലന്റെ ദുവ്വാഡ ജഗന്നാഥം അഥവാ ‘ഡിജെ’ റിവ്യൂ!!

അല്ലു അര്‍ജുന്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ദുവ്വാഡ ജഗന്നാഥം എന്ന ഡി ജെ. സംവിധാനം ഹരീഷ് ശങ്കർ. ഗുഡിലോ ബഡിലോ മഡിലോ വൊടിലോ എന്ന ഗാനം ബ്രാഹ്മണ സമുദായത്തെ ആക്ഷേപിക്കുന്നു എന്ന വിവാദത്തോടെയാണ് ചിത്രം വാർത്തകളിൽ നിറഞ്ഞത്. എന്നാൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് ചിത്രം. ഡി ജെയ്ക്ക് ശൈലൻ ഒരുക്കുന്ന റിവ്യൂ.

കണക്കുകൂട്ടലുകൾ തെറ്റിക്കില്ല..

അല്ലു അർജുൻ, മഹേഷ് ബാബു, രവി തേജ, പവൻ കല്യാൺ, എൻ റ്റി ആർ തുടങ്ങിയ തെലുങ്ക് നായകരുടെ മാസ് മസാലകൾ കാണാൻ പോകുന്നവരുടെ മനസില് ചില കണക്കുകൂട്ടലുകൾ ഉണ്ടാവും. അയ്യിരത്തൊന്നാവർത്തിച്ച കത്തിച്ചേരുവകളും അനാദികാലം മുതൽ കണ്ടുകണ്ട് മടുത്തിട്ടും മടുത്തിട്ടും മടുക്കാത്ത ക്ലീഷെകളും തന്നെയാണ് തിയേറ്ററിനുള്ളിലെ വിചിത്രലോകത്തിൽ അവർ പ്രതീക്ഷിക്കുന്നത്. പ്രതീക്ഷയിൽ നിന്നും അല്പം വേറിട്ടെന്തെങ്കിലും സ്ക്രീനിൽ സംഭവിച്ചാലാകും അവർക്ക് നിരാശയോ ദഹനക്കേടോ സംഭവിക്കാൻ പോവുക.

ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന, അല്ലു അർജുന്റെ പതിനേഴാമത്തെ സിനിമയായ ഡി.ജെ. കാണാൻ കേറുമ്പോഴും മേല്പറഞ്ഞതിൽ നിന്നും വിഭിന്നമായ എന്തെങ്കിലും പ്രതീക്ഷ ആർക്കെങ്കിലും ഉണ്ടായിക്കാണില്ല.. ഡിജെ എന്നതിന് ഡിസ്കോ ജോക്കി എന്നല്ല ദുവ്വാഡ ജഗന്നാഥം എന്നാണ് തെലുങ്കിൽ എക്സ്പാൻഷൻ.. മൊഴിമാറ്റിയ മലയാളത്തിലാകട്ടെ ധ്രുവരാജ് ജഗന്നാഥ് എന്നും.

ഒരു അല്ലു അർജുൻ സിനിമയിൽ നിന്നും ഇതുവരെ കണ്ടുപോന്ന ഐറ്റംസ് ഒക്കെത്തന്നെയാണ് ഡിജെ. അപ്പോൾ പുതുമയോ എന്ന് ചോദിച്ച് ആരും ചൊറിഞ്ഞുകൊണ്ട് വരേണ്ടതില്ല. നിങ്ങൾക്കുവേണ്ടിയാണ് കറുത്ത ജൂതൻ, ഇ, ബോബി, മണ്ണാംകട്ടയും കരിയിലയും, ഹണിബീ 2.5 പോലുള്ള സിനിമകൾ തൊട്ടടുത്തുള്ള തിയേറ്ററുകളിൽ ഉള്ളത്.. ഇത് നിങ്ങൾക്കുള്ളതേ അല്ല.

മലയാളത്തിൽ യുവതാരങ്ങളൊന്നും കാര്യമായി ക്ലച്ചുപിടിക്കാതിരിക്കുകയും തൈക്കിളവന്മാരുടെ വെറുപ്പിക്കൽ അസഹനീയമായി മാറുകയും ചെയ്ത 2004-05 കാലഘട്ടത്തിൽ ആണ് ഒരു ആൾട്ടർനേറ്റ് ഓപ്ഷൻ എന്ന നിലയിൽ നോട്ടി ബോയ് ഇമേജുള്ള അല്ലുവിനെയും ആര്യ എന്ന സിനിമയെയും ഒരു മലയാളിയെയോ മലയാളസിനിമയെയോ പോൽ കേരളീയർ നെഞ്ചേറ്റിയത്. ആദ്യം ഖാദർ ഹസനും പിന്നീട് വൈഡ് റിലീസ് ആയി ജോണി സാഗരികയും തിയേറ്ററുകളിൽ എത്തിച്ച ആര്യ ഒരു മലയാളസിനിമയെ വെല്ലുന്ന വിജയവും സ്വീകാര്യതയുമാണ് നേടിയത്.

അത് പിന്നെ വളർന്ന് വളർന്ന് അല്ലുവിന്റെ സിനിമകൾ ആന്ധ്രയിൽ റിലീസ് ചെയ്യുന്ന ദിവസം തന്നെ മലയാളം പതിപ്പും സെൻസർ ചെയ്തിറക്കുന്ന അവസ്ഥയിൽ വരെ എത്തി. കൊല്ലങ്ങൾ 12-13 ആയിട്ടും കേരളത്തിൽ യുവനായകർ ഒരുപാട് പേർ ആകാശം മുട്ടെ വളർന്നിട്ടും അല്ലുവിന് ഇപ്പോഴും ഭേദപ്പെട്ട ഫാൻ ബെയ്സ് ഉണ്ട് എന്ന് തന്നെയാണ് തീയേറ്റർ കോമ്പൗണ്ടിൽ ഉള്ള ബാനറുകളും ഫ്ലെക്സുകളും തെളിയിക്കുന്നത്.. അവർ ഉദ്ദേശ്ശിക്കുന്ന ഒരു സ്റ്റൈലിഷ് സ്റ്റാർ അല്ലു ഷോ അതുതന്നെയാണ് ഡിജെ

Trending

To Top
Don`t copy text!