സോളോ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജന്‍ ഫേസ്ബുക്കില്‍!

അമല്‍ നീരദ് ചിത്രം സിഐഎയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രമാണ് സോളോ. മലയാളി ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സോളോ. നാല് ലഘു ചിത്രങ്ങള്‍ സമന്വയിക്കുന്ന…

അമല്‍ നീരദ് ചിത്രം സിഐഎയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രമാണ് സോളോ. മലയാളി ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സോളോ. നാല് ലഘു ചിത്രങ്ങള്‍ സമന്വയിക്കുന്ന ആന്തോളജി ചിത്രമാണ് സോളോ.


ഏറെ പ്രതീക്ഷകളോടെ തിയറ്ററിലേക്ക് എത്തിയ ചിത്രത്തിന് തുടക്കത്തില്‍ തന്നെ ഇരുട്ടടി. ചിത്രത്തിന്റെ വ്യാജന്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ വ്യാജന്‍ പുറത്ത് വന്നത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ വ്യാജനും പ്രത്യക്ഷപ്പെട്ടു. ചിത്രത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

ഒടിയന്‍ മാണിക്യന്‍ ലാലേട്ടന്‍

ഒടിയന്‍ മാണിക്യന്‍ ലാലേട്ടന്‍ എന്ന ഫേസ്ബുക്ക് പേജില്‍ നിന്നാണ് ചിത്രത്തിന്റെ വ്യാജന്‍ ഫേസ്ബുക്കില്‍ പബ്ലിഷ് ചെയ്തിരിക്കുന്നത്. ഒറ്റ ദിവസം മാത്രം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഈ ഗ്രൂപ്പ് ഇപ്പോള്‍ കാണാനില്ല. ഗ്രൂപ്പ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

മണിക്കൂറുകള്‍ക്കുള്ളില്‍

സോളോ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രത്തിന്റെ വ്യാജന്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ ദുല്‍ഖര്‍ ആരാധകരും സിനിമ പ്രേമികളും രംഗത്ത് വന്നിട്ടുണ്ട്. തിയറ്ററില്‍ പകര്‍ത്തിയ പ്രിന്റാണ് പുറത്ത് വിട്ടിരിക്കുന്നത്

ഒടിയന്‍ മാണിക്യന്‍ ലാലേട്ടന്‍ എന്ന പേജിലൂടെ വ്യാജന്‍ പുറത്ത് വിട്ടതിനാല്‍ ഇതിന് പിന്നില്‍ മോഹന്‍ലാല്‍ ആരാധകരാണെന്ന് ദുല്‍ഖര്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിക്കുന്നുണ്ട്. ഇതിന് പകരമായി ലമോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുമെന്ന വെല്ലുവിളയും ഉണ്ട്.

ആസൂത്രിത നീക്കം

ദുല്‍ഖര്‍ ചിത്രത്തിന്റെ വ്യാജന്‍ മോഹന്‍ലാല്‍ ആരാധകരുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പേജില്‍ നിന്നും പുറത്ത് വിട്ടത് ഇരു താരങ്ങളുടേയും ആരാധകരെ തമ്മില്‍ ഏറ്റുമുട്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ്. വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ വ്യാജന്‍ പുറത്ത് വന്നാല്‍ അതിന് പിന്നില്‍ ദുല്‍ഖര്‍ ഫാന്‍സ് ആണെന്ന് സംശയിക്കുകയും ചെയ്യും.

വ്യത്യസ്തമായ പരീക്ഷണ ചിത്രം

ബിജോയ് നമ്പ്യാരും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒന്നിക്കുന്ന സോളോ പരീക്ഷണ ചിത്രം എന്ന ഖ്യാതിയുമായാണ് തിയറ്ററില്‍ എത്തിയത്. വ്യത്യസ്തത നിറഞ്ഞതാണ് ഈ ആന്തോളജി ചിത്രമെങ്കിലും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന്.

തമിഴില്‍ തിരിച്ചടി

ഒരേ സമയം തമിഴിലും മലയാളത്തിലുമായി ഒരുക്കിയ സോളോയ്ക്ക് തമിഴില്‍ വന്‍ തിരിച്ചടിയാണ് ലഭിച്ചത്. ഒരു ദിവസം മാത്രമാണ് ചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചത്. തമിഴ്‌നാട് സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചതിനേത്തുടര്‍ന്ന് തിയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതാണ് ചിത്രത്തിന് തിരിച്ചടിയായത്.

ശിവനും പഞ്ചഭൂതങ്ങളും

പരമശിവനെ മുന്‍നിര്‍ത്തി പഞ്ചഭൂതങ്ങളിലെ മണ്ണ്, വായു, വെള്ളം, അഗ്നി എന്നിവയെ പ്രണയത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് സോളോ. വേള്‍ഡ് ഓഫ് ശിവ, രുദ്ര, ത്രിലോക്, ശേഖര്‍ എന്നിങ്ങനെയാണ് നാല് സിനിമകള്‍. മനോജ് കെ ജയന്‍, രണ്‍ജി പണിക്കര്‍, നാസര്‍. സുഹാസിനി, ആന്‍ അഗസ്റ്റിന്‍, നേഹ ശര്‍മ്മ, ധന്‍സിക, സൗബിന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.