അച്ഛനിപ്പോഴുമുണ്ട്.

ഓങ്കോളജി ഡിപ്പാർട്മെൻറിൽ നിന്നൊരു മഞ്ഞ കടലാസും വാങ്ങി അച്ഛൻ മരവിച്ചിറങ്ങി വന്ന ദിവസം. ആ നശിച്ച ദിവസമാണ് പതിമൂന്ന് വർഷങ്ങൾക്കിപ്പുറവും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത്. ഒരിക്കൽ പഴുത്തൊലിച്ച മുറിവിൽ വീണ്ടും ചിരവ കൊണ്ട്…

ഓങ്കോളജി ഡിപ്പാർട്മെൻറിൽ നിന്നൊരു മഞ്ഞ കടലാസും വാങ്ങി അച്ഛൻ മരവിച്ചിറങ്ങി വന്ന ദിവസം. ആ നശിച്ച ദിവസമാണ് പതിമൂന്ന് വർഷങ്ങൾക്കിപ്പുറവും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത്.

ഒരിക്കൽ പഴുത്തൊലിച്ച മുറിവിൽ വീണ്ടും ചിരവ കൊണ്ട് കീറുന്ന രോഗം. വെറുപ്പ് തോന്നിയിരുന്നു. വിധിയെന്ന പുസ്തകത്തോടും അതെഴുതിയ മഹാനോടും.

പിന്നെയങ്ങോട്ട് ഒരു നീറ്റലായിരുന്നു. യാതൊരു മടിയുമില്ലാതെ ആർത്തിയോടെ വെളിച്ചം വലിച്ചൂറ്റി കുടിച്ച ഇരുണ്ട ദിവസങ്ങൾ. ഓർക്കാതിരിക്കാൻ ശ്രമിക്കുന്തോറും മറക്കാൻ കഴിയാത്ത നിമിഷങ്ങൾ.

വലിഞ്ഞു മുറുകുന്ന പേശികൾ കടിച്ചമർത്തി ഒരു ചെറു ചിരിയോടെ അരകല്ലിനടുത്ത് അമ്മയോട് കൊച്ചു വർത്തമാനം പറഞ്ഞു നിൽക്കുന്ന അച്ഛന് ഇന്നും എന്റെ മനസ്സിൽ ചെറുപ്പമാണ്.

വൈകിട്ട് വരുന്ന അച്ഛന്റെ കീശയിൽ അമ്മ കാണാതെ ഒളിച്ചു വെച്ചിരിക്കുന്ന മുറുക്കാൻ പൊതിയുടെ അരികിൽ ഒരു ചെറിയ പൊത്തുണ്ടാക്കി പൊതിഞ്ഞു വെക്കുമായിരുന്നു എനിക്കുള്ള ജീരകമിട്ടായി .
അതും നുണഞ്ഞ് അച്ഛന്റെ തോളിൽ “ഏതോ വാർമുകിലിൻ” കേട്ടുറങ്ങുമ്പോൾ നേരം വെളുക്കാതിരുന്നെങ്കിൽ എന്നൊരുപാട് ആശിച്ചിട്ടുണ്ട്..

ഒരിക്കൽ ആദ്യമായി അമ്മയുടെ മടിയിൽ കിടന്നച്ഛൻ മുറുക്കി തുപ്പുന്നത് ഞാൻ കണ്ടു . സാരിയിൽ വീണിട്ടും അമ്മയെന്തേ ഒന്നും പറയാത്തതെന്ന് ഞാൻ അതിശയിച്ചു. പക്ഷേ മുറുക്കി തുപ്പുന്നതിനും ചോരക്കും ഒരേ നിറമാണെന്ന് അന്നാണ് മനസിലായത്.

ഒരു നിമിഷം പോലും അടങ്ങിയിരിക്കാൻ അറിയാത്ത അച്ഛൻ പിന്നെയാ കട്ടിൽ വിട്ടിറങ്ങിയില്ല. എത്ര എഴുതിയാലും തളരാത്ത ആ വിരലുകൾ ചരിഞ്ഞു കിടക്കാനല്ലാതെ പിന്നെ അനങ്ങിയില്ല.

പതിയെ വീടിന്റെ പകലുകൾ അസ്തമിച്ചു. അമ്മയുടെ താലി കരി പിടിച്ചു . എന്നിട്ടും പരാതിയില്ലാതെ ചിരിച്ചുകൊണ്ട് ചേർത്തുപിടിക്കുന്ന അമ്മയെ ഈറ്റ ഒഴുകുന്ന അച്ഛന്റെ ചുണ്ടുകൾ സഹാതാപത്തോടെ നോക്കി. അമിതമായി അമർത്തിയുരച്ച് കിടന്നിട്ടാകണം
ഒരറ്റത്ത് നിന്നും എല്ലുകൾ പിണങ്ങി തുടങ്ങി. ഒടിയുന്ന
ഒച്ചകൾ… നുറുങ്ങുന്ന ഞരങ്ങലുകൾ….

നിങ്ങളുമിനിയെന്തിനെന്ന് ചോദിച്ചച്ഛൻ എല്ലാവരേയും യാത്രയാക്കി .ചലം കുടിച്ച് ദാഹം മാറ്റുന്ന പുതപ്പും തടി കട്ടിലും കാണാൻ വരുന്നവർക്ക് അസഹ്യമായി. തോളിൽ കൈയ്യിട്ട് നടന്നവരൊക്കെയും വാതിൽപാളികളിൽ വന്നൊന്നുളിഞ്ഞു
നോക്കി. രോഗത്തിലും തീവ്രമായി വേദന ചീന്തുന്ന കാഴ്ച്ച.

മടുത്തെന്ന് തോന്നി അച്ഛന് . ഉറങ്ങാൻ കഴിയാത്ത രാത്രിയുടെ നടുവിൽ വരിഞ്ഞു മുറുകുന്ന ശരീരവുമായി പാവം പുളഞ്ഞു കിടന്നു . ഉറുമ്പരിക്കാൻ കാത്ത് നിൽക്കുന്ന മുഖത്തൊന്ന് തലോടിയപ്പോൾ ചിമ്മാൻ മറന്ന് ശങ്കിച്ച് നിൽക്കുന്ന കണ്ണിണകളെ ഞാൻ കണ്ടു. എങ്ങനെയിനി ശ്വാസമെടുക്കുമെന്നറിയാതെ മരവിച്ച് നിൽക്കുന്നു മൂക്കിൻക്കുഴികൾ. എന്നെ നോക്കി തുറിച്ചു നിൽക്കുന്നു ആ കണ്ണുകൾ.

നിലവിളിച്ച് കൊണ്ട് അമ്മ അടുക്കളയിൽ നിന്നും ഓടി വന്നു. അച്ഛന് വേദനിക്കുമെന്ന് പോലും ഓർക്കാതെ ആ നെഞ്ചിൽ തല ആഞ്ഞടിച്ച് കരഞ്ഞു.
ഉണങ്ങി പറ്റിപിടിക്കാൻ കാത്തുനിൽക്കുന്ന കഷായത്തിന്റെ ബാക്കി തുള്ളികൾ. പാതിയിൽ ഉടുക്ക് കൊട്ടി നിർത്തിയ കവിതകളുടെ ദാഹം ഇനിയും തീർന്നിരുന്നില്ല.

ദ്രവിച്ചു തുടങ്ങിയ കാഷായ സഞ്ചി. പുഴുവരിച്ചു തുടങ്ങിയ ജുബ്ബയുടെ നൂലിഴകൾ. മുറ്റത്ത്
ഉയരുന്ന മുളപന്തൽ . വാക്കുകൾ തിരഞ്ഞു പിടിച്ചു കരയാൻ തയ്യാറെടുക്കുന്ന ചേച്ചിമാർ. രാമായണം ചൊല്ലിക്കൊണ്ട് ഒരു കീഴ് വഴക്കം പോലെ മൂലയ്ക്കിരിക്കുന്ന കാരണവൻമാർ. കൊള്ളി വെയ്ക്കാൻ കാത്തു നിന്നവർ നെഞ്ചത്തേക്ക് തന്നെ ആദ്യം തിരുകി കയറ്റി. ചങ്ക് തന്നെ പുകയട്ടെ എന്ന് ശപിച്ചുകൊണ്ട് ശക്തിയായി തീയുരച്ചു.

എന്ത് ചെയ്യണമെന്നറിയാതെ ഒരു അരികിൽ ഞാൻ പകച്ചു നിന്നു. കരയാൻ കണ്ണീരില്ലാതെ . ചാരാൻ തോളില്ലാതെ ഒറ്റയ്ക്കായി ഞാനും. പോയതവരുടെ അല്ലല്ലോ…….അവർക്കല്ലല്ലോ……. എനിക്കല്ലേ…. എന്റെയല്ലേ…..!!

-Jayasree Sadasivan