അന്ന് ആദ്യമായ് ഞാനറിയുകയായിരുന്നു എനിക്കും ഒരു ഹൃദയമുണ്ടെന്ന്.

രചന:Aswathy Achus

“എന്ത് പറഞ്ഞാലും നിന്റെ തർക്കുത്തരം പറയുന്ന സ്വഭാവമുണ്ടല്ലോ. അത് നിന്റെ വീട്ടിൽ വെച്ചിട്ട് ഇങ്ങ് വന്നാൽ മതി” “അതെന്താ നിങ്ങളുടെ അടുത്ത് തർക്കുത്തരം പറഞ്ഞാൽ പറ്റില്ലേ ” “എന്റെ വീട്ടിൽ വന്ന് ഇങ്ങനെ ഒക്കെ ആരോടേലും പറഞ്ഞാൽ അടി വരുന്നവഴി നീ കാണില്ല ” പെട്ടന്ന് അപ്പുറത്ത് ഒരു നിശ്ശബ്ദത എന്താടി നിനക്കൊന്നും പറയാനില്ലേ “ഇല്ല ” “അതെന്താ ” “എനിക്കുറക്കം വരുന്നു ” “ശരിക്കും വരുന്നതാണോ അതോ….. ” “ശരിക്കും അല്ല എന്നാലും ഉറങ്ങണം ” “ഉം…. ” “ബൈ ഗുഡ് നൈറ്റ് ” ഈശ്വരാ പറഞ്ഞതൽപ്പം കൂടിപ്പോയോ. ചെ വേണ്ടായിരുന്നു.

അല്ലെങ്കില്‍ ഇപ്പോള്‍ ഞാനെന്താ ഇതിനുമാത്രം പറഞ്ഞത് എന്ന് സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചു. പക്ഷേ ഇല്ല മനസ്സ് സമ്മതിക്കുന്നില്ല. അവളെ ഒന്ന് വിളിച്ചാലോ…. ഉറങ്ങി കാണുമോ ? അറിയില്ല എന്നാലും വിളിച്ചു….. എടുത്തില്ല. നെഞ്ചിലെന്തോ ഭാരം കയറ്റി വെച്ച ഒരു ഫീൽ ബെഡില്‍ കിടന്നിട്ടും ഉറക്കം വന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും തിരഞ്ഞു കിടന്നു.

ഫോണിൽ അവളുടെ ഫോട്ടൊ നോക്കിക്കിടന്നു. അല്പം തർക്കുത്തരം പറയുന്ന അവളെയാണ് എനിക്കിഷ്ടം. ഞാൻ അല്പം ഗൗരവക്കാരനായത് കൊണ്ട് പൊതുവെ ആരും അങ്ങനെ എന്നോട് സംസാരിക്കാറില്ല. അതുകൊണ്ട് തന്നെ പ്രേമിക്കാനുള്ള ധൈര്യവും ഇല്ലായിരുന്നു. പെണ്ണ് കണ്ട് വന്നപ്പോൾ ഇനി കെട്ടാൻ പോകുന്നവളെ പ്രേമിക്കാം എന്ന് വിചാരിച്ചതാണ് പക്ഷേ….

നിശ്ശബ്ദയായിരിക്കുന്ന അവളെ എനിക്ക് പേടിയാണ്. നഷ്ടപ്പെടുമോ എന്ന് നേരം വെളുത്താല്‍ അപ്പോള്‍ തന്നെ അവളെ കാണാന്‍ പോകണം എന്നുറപ്പിച്ചു. പിറ്റേന്ന് അവളെ കാണുമ്പോള്‍ ഇന്നലത്തെ വിഷമോ പരാതിയോ കണ്ടില്ല. പകരം ഒരു കള്ളച്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ മനസ്സില്‍ തങ്ങി നിന്ന കാര്‍മേഘങ്ങള്‍ നീങ്ങിപ്പോയി. വെറുതെ ടെൻഷനടിപ്പിച്ചു സാധാരണ ഇത്തരം അവസരങ്ങളില്‍ ഞാന്‍ ദേഷ്യപെടേണ്ടതാണ്. പക്ഷേ എന്തോ എനിക്ക് ചിരിയാണ് വന്നത്. ഒരു സമാധാനവും. അന്ന് ആദ്യമായ് ഞാനറിയുകയായിരുന്നു എനിക്കും ഒരു ഹൃദയമുണ്ടെന്ന്…… ഒരു പ്രണയമുണ്ടെന്ന്..

Devika Rahul